LiveTV

Live

Cricket

സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്ത് വരുന്ന ഈ നേപ്പാളുകാരന്‍ ചില്ലറക്കാരനല്ല 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും തകര്‍ത്ത് നേപ്പാളില്‍ നിന്ന് രോഹിത് പൗദേല്‍ വരുന്നു.

സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്ത് വരുന്ന ഈ നേപ്പാളുകാരന്‍ ചില്ലറക്കാരനല്ല 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും തകര്‍ത്ത് നേപ്പാളില്‍ നിന്ന് രോഹിത് പൗദേല്‍ വരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടാണ് ഈ നേപ്പാളുകാരന്‍ സ്വന്തം പേരിലാക്കിയത്. യുഎഇക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പൗദേലിന്റെ അര്‍ദ്ധ സെഞ്ച്വറി. 58 പന്തില്‍ 55 റണ്‍സാണ് പൗദേല്‍ നേടിയത്. സ്കോര്‍ നോക്കിയാല്‍ അറിയാം വേഗത്തില്‍ റണ്‍സ് നേടുന്ന പ്രകൃതക്കാരനാണെന്ന്.

16 വയസും 146 ദിവസവും എന്നതായിരുന്നു അര്‍ദ്ധ സെഞ്ച്വറി നേടുമ്പോഴുള്ള പൗദേലിന്റെ പ്രായം. പാകിസ്താനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അര്‍ദ്ധ സെഞ്ച്വറി നേടുമ്പോള്‍ പ്രായം 16 വയസും 213 ദിവസവും എന്നതായിരുന്നു. അന്ന് സച്ചിന്‍ 59 റണ്‍സാണ് സ്വന്തമാക്കിയത്. നേപ്പാളിന്റെ ഭാവി താരം എന്നാണ് പൗദേലിനെ വിശേഷിപ്പിക്കുന്നത്. അതേസമയം ആദ്യമായല്ല പൗദേല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2016ല്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്പീഡ് സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച കമലേശ് നാഗര്‍ഗോട്ടിക്കെതിരെ അഞ്ച് പന്തില്‍ 24 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു.

താനൊരു പവര്‍ഹിറ്റാറാണെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേപ്പാള്‍ ഏകദിന പദവി നേടുമ്പോഴും പൗദേല്‍ ടീമിനൊപ്പമുണ്ടായിരുന്നു. സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയും നേപ്പാളില്‍ നിന്ന് ക്രിക്കറ്റ് ലോകത്തേക്ക് നേരത്തെ വരവറിയിച്ചിരുന്നു. ഐപിഎല്ലിലും താരം കളിക്കുന്നുണ്ട്. അതേസമയം പൗദേല്‍, ലാമിച്ചാനെ എന്നിവരിലൂടെ ക്രിക്കറ്റ് ലോകത്തൊരു മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍.