LiveTV

Live

Cricket

ഇംഗ്ലണ്ടിനെ 77 ല്‍ ചുരുട്ടിക്കെട്ടി വിന്‍ഡീസ്

ഓപ്പണര്‍മാരും മധ്യനിരയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാലറ്റം പൂര്‍ണ പരാജയമായതാണ് വിന്‍ഡീസിന്റെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. 

ഇംഗ്ലണ്ടിനെ 77 ല്‍ ചുരുട്ടിക്കെട്ടി വിന്‍ഡീസ്

ബ്രിഡ്ജ്ടൌണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ച് കരീബിയന്‍ പടയുടെ ആക്രമണം. ആദ്യം ബാറ്റിങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ ഉയര്‍ത്തിയത് 289 റണ്‍സ്. ജെയിംസ് ആന്‍ഡേഴ്സന്റെ 5 വിക്കറ്റ് പ്രകടനവും ബെന്‍ സ്റ്റോക്സിന്റെ 4 വിക്കറ്റ് പ്രകടനവും വിന്‍ഡീസിന് അനുവദിച്ചത് ചെറു സ്കോര്‍. ബ്രാത്‍വെയ്റ്റ് (40), കാംബെല്‍(44), ഹോപ്പ്(57), ചേസ്(54), ഹിറ്റ്‍മെയര്‍(81) എന്നിവരായിരുന്നു വിന്‍ഡീസിന്റെ സ്കോറര്‍മാര്‍. ഓപ്പണര്‍മാരും മധ്യനിരയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാലറ്റം പൂര്‍ണ പരാജയമായതാണ് വിന്‍ഡീസിന്റെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്.

പക്ഷേ ഈ ചെറു സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാന്‍ വിന്‍ഡീസ് ബോളര്‍മാര്‍ ഒരു ഘട്ടത്തിലും സമ്മതിച്ചില്ല. ഇംഗ്ലീഷ് നിരയില്‍ കേവലം നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 17 റണ്‍സെടുത്ത ജെന്നിങ്സാണ് ടോപ് സ്കോറര്‍. വെറും 30.2 ഓവറില്‍ ഇംഗ്ലീഷ് നിരയെ വിന്‍ഡീസ് ബോളര്‍മാര്‍ കൂടാരം കയറ്റി. 11 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരുടെ അന്തകനായ കെമര്‍ റോച്ചായിരുന്നു വിന്‍ഡീസ് നിരയിലെ ഏറ്റവും വിനാശകാരി. ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‍ത്തി.

ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ മുതല്‍ വാലറ്റം വരെയുള്ള താരങ്ങള്‍ ഒരുപോലെ അടിയറവ് പറഞ്ഞതോടെ വിന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ വിന്‍ഡീസ് വമ്പന്‍ ലീഡ് പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഒന്നാം ഇന്നിങ്സിലെ മികവ് രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിന് പുറത്തെടുക്കാനായിട്ടില്ല. ഓപ്പണര്‍മാരായ ബ്രാത്‍വെയ്റ്റും (24) കാംബെല്ലും(33) മികച്ച കൂട്ടുകെട്ട് ഉയര്‍ത്താനാകാതെ പുറത്തായി. പിന്നാലെ വന്ന ഹോപ്പും(3) ബ്രാവോ(1)യും ചേസും(0) വന്നതു പോലെ മടങ്ങിയതോടെ വിന്‍ഡീസ് സമ്മര്‍ദത്തില്‍ മുങ്ങി. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോററായ ഹിറ്റ്‍മെയര്‍ 31 റണ്‍സുമായി മടങ്ങിയതോടെ വാലറ്റത്തിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷകള്‍. നിലവില്‍ വിന്‍ഡീസിന് നാല് വിക്കറ്റ് ശേഷിക്കെ 339 റണ്‍സിന്റെ ലീഡുണ്ട്.