LiveTV

Live

Cricket

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; കിവികള്‍ 157 ന് പുറത്ത്

പതർച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്‍ഡ് നിരയിൽ, നായകൻ കെയിൻ വില്ല്യംസ് ഒഴികെ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; കിവികള്‍ 157 ന് പുറത്ത്

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ആഥിതേയര്‍ക്ക് 38 ഓവറില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും, മുഹമ്മദ് ഷമ്മി മൂന്നും വിക്കറ്റുകളെടുത്തു.

ബാറ്റിംഗ് തുടങ്ങി ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമ്മി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ച ശേഷം, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പറഞ്ഞയച്ച ഷമ്മി, ‌മിച്ചൽ സാന്റനറെ വിക്കറിനു മുന്നിൽ കുടുക്കി. ഇന്ത്യക്ക് മുന്നില്‍ ചെറുത്തു നില്‍പ്പിന് ശ്രമിച്ച ക്യാപ്റ്റന്‍ കെയ്ൻ വില്ല്യംസിനെ പുറത്താക്കി വിക്കറ്റ് കൊയ്തു തുടങ്ങിയ കുല്‍ദീപ്, കിവികളെ ചെറിയ സ്കോറിന് ചുരുട്ടി കെട്ടുകയായിരുന്നു.

യൂസ്‍‍‍വേന്ദ്ര ചാഹൽ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, കേദാർ ജാദവ് ഒരു വിക്കറ്റുമെടുത്തു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റ് തികക്കുന്ന താരമായി മുഹമ്മദ് ഷമ്മി.

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; കിവികള്‍ 157 ന് പുറത്ത്

പതർച്ചയോടെ ബാറ്റിംഗ് തുടങ്ങിയ കിവീസ് നിരയിൽ, നായകൻ കെയിൻ വില്ല്യംസ് ഒഴികെ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. കെയ്ൻ വില്ല്യംസിനെ (64) വിജയ് ശങ്കറിന്റെ കെെകളിലെത്തിച്ച കുൽദീപ്, അതേ ഓവറിൽ തന്നെ ഗൂഗ്ലിയിലൂടെ ബ്രാക്കിവെല്ലിന്റെ (7) കുറ്റി തെറിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ ഫെർഗൂസനെയും തന്റെ തൊട്ടടുത്ത ഓവറിൽ തന്നെ നിലയുറപ്പിക്കും മുമ്പേ കുല്‍ദീപ് പറഞ്ഞയച്ചു. ഒടുവില്‍, അവസാനമായെത്തിയ ട്രെന്റ് ബൌള്‍ട്ടിനെ രോഹിത്തിന്റെ കെെകളിലെത്തിച്ച് ന്യൂസിലന്‍ഡ് ഇന്നിംഗ്സിന് അന്ത്യം കുറിക്കുകയായിരുന്നു കുല്‍ദീപ്.

റോസ് ടെയ്ലറെയും (24) ടോം ലാദമിനേയും (11) ചാഹൽ സ്വന്തം ബൗളിൽ തന്നെ പിടിച്ചു പുറത്താക്കിയപ്പോള്‍, 12 റൺസെടുത്ത ഹെന്റി നിക്കോളാസിനെ (12) കുൽദീപ് യാദവിന്റെ കെെകളിലെത്തിച്ച് കേദാർ ജാദവും മടക്കി.

താരതമ്യേന ചെറിയ ഗ്രൗണ്ടിൽ ബാറ്റ്സ്മാൻമാർ നിറഞ്ഞാടി റൺസ് ഒഴുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കിവികൾക്ക് അടി തെറ്റുകയായിരുന്നു. മിക്ക മത്സരങ്ങളിലും മുന്നൂറിന് മേലെ റണ്‍സ് പിറന്ന നേപ്പിയറില്‍, മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‍‍ലി, രോഹിത് ശര്‍മ, എം.എസ് ധോണി ത്രയത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; കിവികള്‍ 157 ന് പുറത്ത്