LiveTV

Live

Cricket

പാണ്ഡ്യ, രാഹുല്‍ വിവാദത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം

കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയിലെ വിവാദ പ്രസ്താവനകളെ തുടര്‍ന്ന് പുലിവാലു പിടിച്ച പാണ്ഡ്യയേയും രാഹുലിനേയും ക്രിക്കറ്റ് ബോര്‍ഡ് നല്ല നടപ്പിന് വിധിച്ചിരിക്കുകയാണ്.

പാണ്ഡ്യ, രാഹുല്‍ വിവാദത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടേയും കെ.എല്‍ രാഹുലിന്റേയും ജീവിതം മാറിമറിഞ്ഞത് രണ്ടാഴ്ച്ച മുമ്പ് സംപ്രേക്ഷണം ചെയ്ത ഒരു ടിവി പ്രോഗ്രാമിലൂടെയാണ്. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയിലെ വിവാദ പ്രസ്താവനകളെ തുടര്‍ന്ന് പുലിവാലു പിടിച്ച പാണ്ഡ്യയേയും രാഹുലിനേയും ക്രിക്കറ്റ് ബോര്‍ഡ് നല്ല നടപ്പിന് വിധിച്ചിരിക്കുകയാണ്. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ന്യൂസിലെന്റിനെതിരെ നടക്കുന്ന ഏകദിനങ്ങളിലും ഇതോടെ ഇരുവരും ടീമിന് പുറത്തായി. ഇതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മാന്യതയുടെ പ്രതിരൂപമായ രാഹുല്‍ ദ്രാവിഡ് വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.

പാണ്ഡ്യ, രാഹുല്‍ വിവാദത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം

ഇപ്പോഴും പാണ്ഡ്യക്കും രാഹുലിനുമെതിരായ ശിക്ഷയുടെ കാര്യത്തില്‍ ബി.സി.സി.ഐയുടെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുല്‍ ദ്രാവിഡ് താരങ്ങളെ പിന്തുണച്ചുകൊണ്ട് വന്നിരിക്കുന്നത്. നേരത്തെ ദ്രാവിഡിന് കീഴില്‍ പാണ്ഡ്യയും രാഹുലും ഇന്ത്യ എ ടീമില്‍ കളിച്ചിട്ടുണ്ട്. വിഷയത്തെ അമിതമായി വിവാദമാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ദ്രാവിഡ് എടുത്തിരിക്കുന്നത്.

'മുന്‍കാലങ്ങളില്‍ കളിക്കാര്‍ ഇത്തരം വിവാദങ്ങളില്‍ പെട്ടിട്ടില്ലെന്നോ ഭാവിയില്‍ പെടില്ലെന്നോ നമുക്ക് പറയാനാകില്ല. കടുത്തശിക്ഷക്ക് പകരം യുവതാരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയണം. ഓരോ കളിക്കാരും ഓരോ ജീവിതസാഹചര്യങ്ങളില്‍ നിന്നുംവരുന്നവരാണ്. ഇത്തരം വിഷയങ്ങള്‍ അമിതമായി വിവാദമാക്കരുത്' നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനായ ദ്രാവിഡ് പറയുന്നു.

'മുതിര്‍ന്ന താരങ്ങളില്‍ നിന്നാണ് യുവാക്കള്‍ പഠിക്കുക. കര്‍ണ്ണാടകയിലെ സീനിയേഴ്‌സില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പരിശീലകരില്‍ നിന്നുമാണ് ഞാന്‍ പലതും പഠിച്ചത്. ആരും പിടിച്ചിരുത്തി എനിക്ക് ക്ലാസെടുത്തു തന്നിട്ടില്ല. നിരീക്ഷിച്ചാണ് പല കാര്യങ്ങളും മനസിലാക്കിയത്. ഡ്രസിംങ് റൂമില്‍ സീനിയേഴ്‌സില്‍ നിന്നാണ് പലകാര്യങ്ങളും നമ്മള്‍ അറിയാതെ തന്നെ പഠിക്കുന്നത്'' ദ ഹിന്ദുവിനോട് ദ്രാവിഡ് പറഞ്ഞു. കളിക്കാരെ അമിതമായി സമ്മര്‍ദ്ദത്തിലാക്കുന്ന രീതി ഒഴിവാക്കണമെന്ന രീതിയിലുള്ള ദ്രാവിഡിന്റെ പ്രതികരണം പാണ്ഡ്യക്കും രാഹുലിനും ഗുണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.