മക്കുല്ലത്തിന്റെ ചാട്ടം നിയമം തെറ്റിച്ചോ?
ബൗണ്ടറിക്ക് മുകളിലൂടെ രണ്ട് തവണ ചാടി മക്കുല്ലം നടത്തിയ രക്ഷപ്പെടുത്തല്‍ നിയമപരമാണോയെന്നാണ് ഉയരുന്ന ചോദ്യം.
മുപ്പത്തിയേഴാം വയസിലും ശാരീരികക്ഷമതയുടേയും മെയ്വഴക്കത്തിന്റേയും കാര്യത്തില്‍ ബ്രണ്ടന്‍ മക്കുല്ലം മറ്റു താരങ്ങള്‍ക്ക് മാതൃകയാണ്. ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ മക്കുല്ലത്തിന്റെ ഒരു ഫീല്‍ഡിംങ് പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തര്‍ക്ക വിഷയമായിരിക്കുന്നത്. ബൗണ്ടറിക്ക് മുകളിലൂടെ രണ്ട് തവണ ചാടി മക്കുല്ലം നടത്തിയ രക്ഷപ്പെടുത്തല്‍ നിയമപരമാണോയെന്നാണ് ഉയരുന്ന ചോദ്യം.
സിഡ്നി സിക്സേഴ്സിന്റെ ബാറ്റിംങിനിടെയാണ് വിവാദ സംഭവം. 46 പന്തില്‍ നിന്നും 75 റണ്ണുമായി കുതിക്കുന്നതിനിടെ ജെയിംസ് വിന്‍സിന്റെ ഷോട്ട് ലോങ് ഓണിന് മുകളിലൂടെ പോവുകയായിരുന്നു. തലക്കു മുകളിലൂടെ പോയ പന്ത് പറന്നുപിടിച്ച മക്കുല്ലം ബൗണ്ടറിക്ക് പുറത്താണെന്ന് മനസിലായതോടെ പന്ത് ബൗണ്ടറിവരക്കുള്ളിലേക്കിടാന് ശ്രമിച്ചു. ഈ ശ്രമത്തിനിടെ ബാലന്‍സ് തെറ്റിയതോടെ പന്ത് വീണ്ടും ബൗണ്ടറിക്ക് പുറത്തേക്ക് തന്നെ വീഴാന്‍ പോയി. അവസാന ശ്രമമെന്ന നിലയില്‍ വീണ്ടും ചാടിയുയര്‍ന്ന് മക്കുല്ലം പന്ത് തട്ടി വിജകരമായി മൈതാനത്തേക്ക് ഇട്ടു.
ഇത് നിയമപരമാണോയെന്നാണ് ഉയരുന്ന ചോദ്യം.
ബൗണ്ടറി ലൈനില്‍ പുറത്ത് നിന്നും ചാടി പന്ത് തൊടുന്നത് ബൗണ്ടറിയായി കണക്കാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഐ.സി.സി മുന്‍ നിയമം അതാണ് പറഞ്ഞിരുന്നതെങ്കിലും 2013ല്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നതാണ് മറുവാദക്കാര്‍ ഉയര്‍ത്തുന്നത്. ഫീല്‍ഡറുടെ പന്തുമായുള്ള ആദ്യ സ്പര്ശനത്തിന് മുമ്പ് ഫീല്‍ഡര്‍ ബൗണ്ടറിക്കുള്ളിലായിരിക്കണം. വായുവില്‍ വെച്ച് പന്ത് പിടിച്ച് ബൗണ്ടറിക്കുള്ളിലേക്കിടാം. ഇങ്ങനെ ഇടുന്ന പന്ത് നിലം തൊടുന്നതിന് മുമ്പ് ബൗണ്ടറിക്കുള്ളില്‍ കടന്ന് അതേയാള്‍ക്ക് ഫീല്‍ഡ് ചെയ്യാനോ സഹഫീല്ഡര്ക്ക് നല്‍കാനോ കഴിയും. രണ്ടാമത്തെ ടച്ചിന്റെ സമയത്തും മക്കുല്ലം വായുവിലായതിനാല് നിയമപരമായി തെറ്റില്ലെന്നാണ് കരുതപ്പെടുന്നത്.