LiveTV

Live

Cricket

കോഹ്‍ലിയാട്ടം;  ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം   

54 പന്തിൽ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 55 റൺസുമായി കളം നിറഞ്ഞ് കളിക്കുകയായിരുന്നു മിസ്റ്റര്‍ കൂള്‍

കോഹ്‍ലിയാട്ടം;  ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം   

അഡ്‌ലയ്ഡ് ഏകദിനത്തില്‍ കോഹ്‍ലിയുടെ മിന്നും പ്രകടനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് ഒപ്പത്തിനൊപ്പമായി. വെള്ളിയാഴ്ച്ച മെല്‍ബണിലാണ് പരമ്പരയിലെ അവസാന മത്സരം.

കോഹ്‍ലിയുടെ 112 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 104 റൺസിന്റെ സുന്ദരമായ ഇന്നിംങ്സിനാണ് അഡ്‌ലയ്ഡ് സാക്ഷ്യം വഹിച്ചത്. കോഹ്‍ലിയുടെ മാസ്മരിക കരിയറിലെ 39ാമത്തെ ഏകദിന സെഞ്ചറിയാണ് കങ്കാരുക്കളുടെ മണ്ണില്‍ പിറന്നിരിക്കുന്നത്. അതോടെ ആസ്ട്രേലിയയില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് കോഹ്‍ലി. കോഹ്‍ലിക്കു പുറമെ 55 റൺസുമായി ധോണിയും ഫോമായതോടെ ജയം അനായാസമാവുകയായിരുന്നു.

കോഹ്‍ലിയാട്ടം;  ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം   

299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ധവാന്‍–രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റിങ് ആരംഭിച്ച ഇവരുടെ സഖ്യം ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ത്തടിച്ചു മുന്നേറിയ ധവാനെ ഖ്വാജയുടെ കൈകളിലെത്തിച്ച് ബെഹ്‌റെന്‍ഡ്രോഫാണ് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 28 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 32 റണ്‍സോടെയാണ് ധവാന്‍ മടങ്ങിയത്.

തുടർന്ന് ധോണിയും കോഹ്‍ലിയും കുടെയാണ് വിജയത്തിലേക്ക് അടുപ്പിച്ചത്. നാലാമത്തെ വിക്കറ്റില്‍ ഇരുവരും കൂടെ നിര്‍ണായകമായ 82 റണ്‍സാണ് അടിച്ചുകൂട്ടിയത്. തനിക്കെതിരെയുള്ള എല്ലാ ആരോപങ്ങള്‍ക്കും ബാറ്റ്കൊണ്ട് മറുപടി പറയുന്നതായിരുന്നു ധോണിയുടെ ബാറ്റിംങ്. 54 പന്തിൽ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 55 റൺസുമായി കളം നിറഞ്ഞ് കളിക്കുകയായിരുന്നു മിസ്റ്റര്‍ കൂള്‍. സെഞ്ച്വറി തികച്ച ഉടനെ കോഹ്‍ലി ഔട്ടായെങ്കിലും എന്നത്തേയും പോലെ ആ ഫിനിഷറുടെ റോളിലേക്ക് ധോണി ഉയർന്നതോടെ ഒരുവേള കൈവിട്ട് പോകുമോയെന്ന് ഭയന്ന മത്സരം വരുതിയിലാവുകയായിരുന്നു.

ഇന്ത്യക്കായി റോഹിത് 43ഉം ദവാൻ 32ഉം അമ്പാടി റായിഡു 24ഉം ദിനേഷ് കാർത്തിക് ഔട്ടാവാതെ 25 റൺസും നേടിയിരുന്നു.

നേരത്തെ ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറിക്കരുത്തില്‍ അഡ്‌ലയ്ഡ് ഏകദിനത്തില്‍ ആസ്‌ട്രേലിയ അടിച്ചെടുത്തത് 298. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ആസ്‌ട്രേലിയ 298 റണ്‍സെടുത്തത്. 123 പന്തില്‍ നിന്ന് പതിനൊന്ന് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 131 റണ്‍സാണ് മാര്‍ഷ് നേടിയത്. ഈ പരമ്പരയില്‍ തന്നെ ഒരു ആസ്‌ട്രേലിയന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചില്ല. 26 റണ്‍സെടുക്കുന്നതിനിടയ്ക്ക് ഓപ്പണര്‍മാരെ ഇന്ത്യ മടക്കി. ആരോണ്‍ ഫിഞ്ച്(6)ഒരിക്കല്‍ കൂടി ഭുവനേശ്വറിന് മുന്നില്‍ വീണപ്പോള്‍ 18 റണ്‍സെടുത്ത അലക്‌സ് കാരിയെ ഷമി ധവാന്റെ കൈകളിലെത്തിച്ചു. പിന്നീട് പിറന്ന കൂട്ടുകെട്ടുകളാണ് ആസ്‌ട്രേലിയക്ക് അടിത്തറ ലഭിച്ചത്. ഉസ്മാന്‍ ഖവാജ(21) പീറ്റര്‍ ഹാന്‍ഡ്‌സകോമ്പ്(20) മാര്‍ക്കസ് സ്റ്റോയിനിസ്(29) എന്നിവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകളിലൂടെ ടീം സ്‌കോര്‍ ചലിപ്പിക്കാനായി. എന്നാല്‍ മാക്‌സ് വല്‍ ക്രീസിലെത്തിയതോടെ കംഗാരുപ്പടയുടെ സ്‌കോറിങ് വേഗത കൂടി.

കോഹ്‍ലിയാട്ടം;  ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം   

37 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 48 റണ്‍സാണ് മാക്‌സ് വല്‍ നേടിയത്. അതിനിടെ ഷോണ്‍ മാര്‍ഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. അവസാന മൂന്ന് ഓവറുകളില്‍ മാക്‌സ്‌വലും ഷോണ്‍ മാര്‍ഷും പുറത്തായതോടെ ആസ്‌ട്രേലിയക്ക് വമ്പന്‍ സ്കോര്‍ നേടാനായില്ല. ഭുവനേശ്വറാണ് രണ്ട് പേരെയും മടക്കിയത്. എന്നാല്‍ ഭുവനേശ്വര്‍ എറിഞ്ഞ അവസാന ഓവറില്‍ നഥാന്‍ ലയോണ്‍ വമ്പന്‍ അടികളുമായി സ്‌കോര്‍ 300ന് അടുത്ത് എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറിയ സിറാജ് നിരാശപ്പെടുത്തി. വിക്കറ്റ് ലഭിച്ചില്ല എന്ന് മാത്രമല്ല 10 ഓവറില്‍ വിട്ടുകൊടുത്തത് 76 റണ്‍സ്.