LiveTV

Live

Cricket

ടി.വി ഷോക്കിടെ ലൈംഗിക പരാമര്‍ശം; ഹര്‍ദിക്കിനോടും രാഹുലിനോടും വിശദീകരണം തേടി ബി.സി.സി.ഐ

ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് താരങ്ങളെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബി.സി.സി.ഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്

ടി.വി ഷോക്കിടെ ലൈംഗിക പരാമര്‍ശം; ഹര്‍ദിക്കിനോടും രാഹുലിനോടും വിശദീകരണം തേടി ബി.സി.സി.ഐ

'കോഫി വിത്ത് കരണ്‍' എന്ന സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലുകള് വിവാദമായതോടെ ക്ഷമാപണവുമായി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ രംഗത്ത്. ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തില്‍, കരണ്‍ ജോഹറിന്റെ അഭിമുഖത്തിനിടെ ആവേശം കൂടിപ്പോയപ്പോള്‍ നടത്തിയതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന് ഹാര്‍ദിക് വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് ബി.സി.സി.ഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു. ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് താരങ്ങളെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബി.സി.സി.ഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

'കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. ആ ഷോയുടെ സ്വഭാവം എന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു അര്‍ഥത്തിലും ആരേയും വേദനിപ്പിക്കുവാനോ, അധിക്ഷേപിക്കുവാനോ ഉദ്ദേശിച്ചിട്ടില്ലെന്നും പാണ്ഡ്യ പ്രസ്താവനയില്‍ പറയുന്നു.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലും ഒന്നിച്ച 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. ഹാര്‍ദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചില്‍.

തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാര്‍ദിക് പറഞ്ഞു. ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും– ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ലൈംഗിക ജീവിതത്തെ കുറിച്ച് കെ.എല്‍ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകള്‍ ഉണ്ടായി.

18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചു. എന്നാല്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. ക്ലബുകളില്‍ പാര്‍ട്ടികള്‍ക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ പേര് ചോദിക്കാത്തത് എന്തെന്നായിരുന്നു ഹര്‍ദിക്കിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഹര്‍ദിക്കിന്റെ മറുപടി.