ആ സത്യസന്ധതക്ക് രാഹുലിന് നല്‍കണം ഫുള്‍ മാര്‍ക്ക്
ഒറ്റ നോട്ടത്തില്‍ ഔട്ടെന്ന് തോന്നിച്ച ആ ക്യാച്ചില്‍, ടീമംഗങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിച്ച് തുടങ്ങിയെങ്കിലും ഉടനെ തന്നെ രാഹുല്‍ അത് ഔട്ടല്ലെന്ന് വ്യക്തമാക്കുകയാണുണ്ടായത്

ആസ്ത്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേട്ടിരുന്നു എങ്കിലും, സിഡ്നിയിലെ നാലാം ടെസ്റ്റിലെ താരമായി മാറിയിരിക്കുകയാണ് ഓപ്പണര്‍ കെ.എല്‍ രാഹുല്‍. കളിയിലെ സത്യസന്ധതയുടെ പേരിലാണ് ഇത്തവണ രാഹുല്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.

സിഡ്നി ടെസ്റ്റിലെ മൂന്നാമത്തെ ദിവസം സ്കോര്‍ 34ല്‍ നില്‍ക്കേയാണ് സംഭവമുണ്ടായത്. മാര്‍ക്കസ് ഹാരിസ് നീട്ടിയടിച്ച പന്ത് മിഡ് ഓണില്‍ വെച്ച് രാഹുല്‍ മനോഹരമായി കൈപിടിയിലൊതുക്കുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ ഔട്ടെന്ന് തോന്നിച്ച ആ ക്യാച്ചില്‍, ടീമംഗങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിച്ച് തുടങ്ങിയെങ്കിലും ഉടനെ തന്നെ രാഹുല്‍ അത് ഔട്ടല്ലെന്ന് വ്യക്തമാക്കുകയാണുണ്ടായത്. ഇതിന് അംപയറുടെ വക രാഹുലിന് കിട്ടി ഒരു തംസ് അപ്.
വ്യക്തഗത സ്കോര്‍ 24 നില്‍ക്കെ, ജീവന് നീട്ടി കിട്ടിയ ഹാരിസ് 120 പന്തില്‍ നിന്നും 79 റണ്‍സെടുത്താണ് പിന്നീട് മടങ്ങിയത്. ഉസ്മാന് ഖ്വാജയുമായി ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയര്‍ത്തിയ ഹാരിസ്, ഓസീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ച ശേഷം സ്കോര്‍ 128ല്‍ നില്‍ക്കെ ജദേജക്ക് മുന്നില്‍ വീഴുകയായിരുന്നു.