LiveTV

Live

Cricket

കളിച്ച് കളിച്ച് പന്ത് ബേബി സിറ്ററായി!

പന്ത് പെയ്‌നിന്റെ കുട്ടിയേയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പെയിനിന്റെ ഭാര്യ ബോണി പെയ്‌നാണ് പുറത്തുവിട്ടത്.

കളിച്ച് കളിച്ച് പന്ത് ബേബി സിറ്ററായി!

കളിച്ച് കളിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഒടുവില്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ 'ബേബി സിറ്ററായി'. പന്ത് പെയ്‌നിന്റെ കുട്ടിയേയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പെയിനിന്റെ ഭാര്യ ബോണി പെയ്‌നാണ് പുറത്തുവിട്ടത്. വൈകാതെ സോഷ്യല്‍മീഡിയയില്‍ പന്തിന്റെ ബേബി സിറ്റിംങ് ചിത്രം വൈറലാവുകയും ചെയ്തു.

എതിര്‍ ടീം ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാനായി പ്രകോപനപരമായി സംസാരിക്കുന്ന രീതി ആസ്‌ട്രേലിയയാണ് കൂടുതലായി ടെസ്റ്റില്‍ ഉപയോഗിച്ചിരുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മാന്യന്മാരുടെ സംഘമായി മാറിയ ആസ്‌ട്രേലിയ ഇത്തവണ കളിയാക്കുന്ന രീതിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പ്രയോഗിച്ചത്. വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയ്‌നിന്റെ നേതൃത്വത്തിലായിരുന്നു ഓസീസ് കളിയാക്കലുകള്‍.

മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു പന്തും ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പെയ്‌നും തമ്മില്‍ കൊമ്പുകോര്‍ത്തത്. ആസ്‌ട്രേലിയന്‍ പരമ്പരക്കിടയിലെ ഒഴിവുവേളയില്‍ വീട്ടിലേക്കു വരുന്നോ. ജലാശയത്തിന് അഭിമുഖമായ സുന്ദരമായ വീടാണ്. നിങ്ങള്‍ കുട്ടികളെ നോക്കിയാല്‍ എനിക്കും ഭാര്യക്കും ഒരു സിനിമ കാണാന്‍ പോകാമായിരുന്നു. എന്നൊക്കെയായിരുന്നു തമാശയുടെ മേമ്പൊടിയിട്ട പെയ്‌നിന്റെ പന്തിന് നേരെയുള്ള വാക് പ്രയോഗങ്ങള്‍. ഇതില്‍ ബേബി സിറ്റര്‍ പ്രയോഗം സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുകയും ചെയ്തു.

പെയ്ന്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ കീപ്പര്‍ സ്ഥാനത്തുണ്ടായിരുന്ന പന്ത് ഇതിന് മറുപടി നല്‍കുകയും ചെയ്തു. താത്കാലിക ക്യാപ്റ്റനെന്ന് പെയ്‌നെ വിശേഷിപ്പിച്ചായിരുന്നു പന്തിന്റെ മറുപടി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ് പെയ്ന്‍ നായക സ്ഥാനത്തെത്തിയത്. എന്തായാലും പെയ്‌നിന്റെ 'ബേബി സിറ്റിംങ്' ആഗ്രഹം കുറച്ച് സമയത്തേക്കെങ്കിലും പന്ത് സാധിച്ചുകൊടുത്തിരിക്കുകയാണ്.

ടിം പെയ്‌നിന്റെ രണ്ട് മക്കളില്‍ ഒരാളെ എടുത്തുകൊണ്ട് പന്ത് നില്‍ക്കുന്ന ചിത്രമാണ് പെയ്‌നിന്റെ ഭാര്യ ബോണി പെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. കളിക്കളത്തില്‍ എതിരാളികളാകുമ്പോഴും കളത്തിന് പുറത്ത് ഊഷ്മള ബന്ധം സൂക്ഷിക്കാന്‍ കളിക്കാര്‍ക്ക് കഴിയുന്നുവെന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് പന്തിന്റെ 'ബേബി സിറ്റിംങ്' ചിത്രം.