LiveTV

Live

Cricket

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഏകദിന പുരസ്‌ക്കാരങ്ങള്‍ സ്മൃതി മന്ദാനക്ക്

വനിതാ ടി 20 ലോകകപ്പിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് സ്മൃതി മന്ദാന നടത്തിയത്.

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഏകദിന പുരസ്‌ക്കാരങ്ങള്‍ സ്മൃതി മന്ദാനക്ക്

ഐ.സി.സിയുടെ ഈവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനും ഈവര്‍ഷത്തെ മികച്ച ഏകദിന താരത്തിനുമുള്ള പുരസ്‌ക്കാരങ്ങള്‍ ഇന്ത്യയുടെ സ്മൃതി മന്ദാന നേടി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് മികച്ച താരമായി ഇന്ത്യയുടെ ഇടംകൈ ബാറ്റ്‌സ്‌വുമണ്‍ സ്മൃതി മന്ദാന തെരഞ്ഞെടുക്കപ്പെട്ട വിവരമുള്ളത്. വനിതാ ടി 20 ലോകകപ്പിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് സ്മൃതി മന്ദാന നടത്തിയത്.

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഏകദിന പുരസ്‌ക്കാരങ്ങള്‍ സ്മൃതി മന്ദാനക്ക്

2018ല്‍ കളിച്ച 12 ഏകദിനങ്ങളില്‍ നിന്നും 66.90 റണ്‍സ് ശരാശരിയില്‍ ആകെ 669 റണ്ണാണ് സ്മൃതി അടിച്ചുകൂട്ടിയത്. 25 ടി20 മത്സരങ്ങളില്‍ 622 റണ്‍സും സ്മൃതി നേടി. 130.67 പ്രഹരശേഷിയിലായിരുന്നു സ്മൃതിയുടെ ട്വന്റി 20യിലെ ബാറ്റിംങ്. ടി 20 ലോകകപ്പില്‍ അഞ്ച് കളിയില്‍ നിന്നും 178 റണ്‍ സ്മൃതി മന്ദാന നേടിയിരുന്നു. ഏകദിന ബാറ്റിംങ് റാങ്കിംങില്‍ നാലാമതും ടി 20യില്‍ പത്താമതുമാണ് നിലവില്‍ സ്മൃതി.

'കളിക്കാരിയെന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടുക ടീമിനെ വിജയിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് മനസിലുണ്ടാവുക. പ്രകടനങ്ങളുടെ പേരില്‍ അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്. കൂടുതല്‍ കഠിനമായി പരിശ്രമിച്ച് മികച്ച പ്രകടനം ടീമിനായി നടത്താന്‍ ശ്രമിക്കും'എന്നായിരുന്നു സ്മൃതി മന്ദാന പുരസ്‌ക്കാരവിവരത്തോട് പ്രതികരിച്ചത്.

ടി 20 ലോകകപ്പില്‍ സെമിയില്‍ പുറത്തായെങ്കിലും ഇന്ത്യന്‍ ടീംക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌറാണ് ഐ.സി.സി ടി20 ടീമിനേയും നയിക്കുക. 2018ലെ മികച്ച വനിതാ ടി20 താരമായി ആസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് വുമണ്‍ അലീസ ഹീലി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണാണ് മികച്ച യുവതാരം.