LiveTV

Live

Cricket

രഞ്ജിയില്‍ പഞ്ചാബിനെതിരെ കേരളം തിരിച്ചുവരുന്നു

രണ്ടിന് 137 എന്ന ശക്തമായ നിലയില്‍ നിന്നാണ് പഞ്ചാബ് തകര്‍ന്നടിഞ്ഞത്.

രഞ്ജിയില്‍ പഞ്ചാബിനെതിരെ കേരളം തിരിച്ചുവരുന്നു

രഞ്ജി ട്രോഫിയില്‍ സന്ദീപ് വാര്യരുടെ ബൗളിംങ് മികവില്‍ കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്തായ കേരളം പഞ്ചാബിനെ 217 റണ്‍സിന് പുറത്താക്കി. രണ്ടിന് 137 എന്ന ശക്തമായ നിലയില്‍ നിന്നാണ് പഞ്ചാബ് തകര്‍ന്നടിഞ്ഞത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം രണ്ടാം ഇന്നിംങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്.

83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരാണ് യുവരാജ് സിംങും ശുഭ്മാന്‍ ഗില്ലും അടക്കമുള്ള പഞ്ചാബ് ബാറ്റിംങ് നിരയെ തകര്‍ത്തത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. 132ന് രണ്ട് എന്ന ശക്തമായ നിലയിലാണ് പഞ്ചാബ് രണ്ടാം ദിനം ബാറ്റിംങ് തുടങ്ങിയത്. ഓപണര്‍ ജിവന്‍ജോത് സിംങിനെ(69) സന്ദീപ് വാര്യര്‍ മുഹമ്മദ് അസ്ഹറുദീന്റെ കൈകളിലെത്തിച്ചതോടെ പഞ്ചാബിന്റെ തകര്‍ച്ച ആരംഭിച്ചു. ജിവന്‍ജോതിനെ കൂടാതെ ക്യാപ്റ്റന്‍ മന്ദീപ് സിംങ്(89) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

എട്ട് റണ്‍സ് മാത്രമെടുത്ത യുവരാജ് സിംങിനെ സന്ദീപ് വാര്യര്‍ കീപ്പറുടെ കൈകളിലെത്തിച്ചു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ പഞ്ചാബിന് 80 റണ്‍സ് മാത്രമാണ് അവസാന ഏഴ് വിക്കറ്റില്‍ കൂട്ടിചേര്‍ക്കാനായത്. നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ് കൗളാണ് കേരളത്തെ തകര്‍ത്തത്.