LiveTV

Live

Cricket

ആര്‍ച്ചിയെ സന്തോഷിപ്പിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് കയ്യടിച്ച് ആസ്‌ട്രേലിയ

സ്വപ്‌നതുല്യമായ ദിവസങ്ങള്‍ ആര്‍ച്ചിക്ക് സമ്മാനിച്ചാണ് ബോക്‌സിംങ് ഡേ ടെസ്റ്റ് സമാപിച്ചത്.ഇന്ത്യന്‍ താരങ്ങള്‍ ആര്‍ച്ചിക്ക് നല്‍കിയ കരുതലിനും സ്‌നേഹവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു

ആര്‍ച്ചിയെ സന്തോഷിപ്പിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് കയ്യടിച്ച് ആസ്‌ട്രേലിയ

മെല്‍ബണ്‍ ടെസ്റ്റിലെ ജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരിക്കുകയാണ്. 137 റണ്‍സിന്റെ വിജയം ആസ്‌ട്രേലിയക്കെതിരെ നേടിയതിന് ശേഷം ഇരുടീമുകളിലേയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിയുന്നതിനിടെ ഏവരുടേയും ശ്രദ്ധ ഏഴുവയസുകാരനായ ആര്‍ച്ചി ഷില്ലറിലായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ 'സഹക്യാപ്റ്റന്‍' സ്ഥാനത്തുണ്ടായിരുന്ന ആര്‍ച്ചിയെ ഏറെ സന്തോഷത്തോടെയാണ് ഇന്ത്യന്‍ ടീമംഗങ്ങളും സ്വീകരിച്ചത്.

ആര്‍ച്ചിയെ സന്തോഷിപ്പിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് കയ്യടിച്ച് ആസ്‌ട്രേലിയ

ഏഴ് വയസേ ആയിട്ടുള്ളൂവെങ്കിലും ഇതുവരെ 13 തവണയാണ് ആര്‍ച്ചി ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ഹൃദയവാല്‍വിന്റെ ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയെന്നത്. മെയ്ക് എ വിഷ് ആസ്‌ട്രേലിയ ഫൗണ്ടേഷനാണ് ആര്‍ച്ചി ഷില്ലറെ ഓസീസ് ക്രിക്കറ്റ് ടീമിലെത്തിച്ചുകൊണ്ട് ഈ സ്വപ്‌നം സഫലമാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കൂട്ടുകാര്‍ക്കൊപ്പം സ്ഥിരമായി ആര്‍ച്ചിക്ക് കളിക്കാന്‍ സാധിക്കാറില്ല.

ആര്‍ച്ചി ഷില്ലര്‍ കുടുംബത്തോടൊപ്പം
ആര്‍ച്ചി ഷില്ലര്‍ കുടുംബത്തോടൊപ്പം

പിതാവിനോടാണ് ആര്‍ച്ചി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകണമെന്ന ആഗ്രഹം പറഞ്ഞിരുന്നത്. മേക്ക് എ വിഷ് ഫൗണ്ടേഷന്‍ പിന്നീട് ഇക്കാര്യം അറിയുകയും ആര്‍ച്ചിയുടെ ആഗ്രഹം ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ തന്നെ അറിയിക്കുകയും ചെയ്തു. യു.എ.ഇയില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴായിരുന്നു ഇക്കാര്യം ലാംഗറെ അറിയിച്ചത്. ലാംഗര്‍ ബോക്‌സിംങ് ഡേ ടെസ്റ്റില്‍ ആര്‍ച്ചിയെ ഉള്‍പ്പെടുത്താമെന്ന് ഡിസംബര്‍ ആദ്യത്തില്‍ ആര്‍ച്ചിയെ തന്നെ വിളിച്ചറിയിക്കുകയും ചെയ്തു. ജീവിതത്തില്‍ ഏറെ വേദനകള്‍ അനുഭവിച്ച ആര്‍ച്ചിക്ക് സ്വപ്‌ന സമാനമായ ക്രിസ്തുമസ് ആഴ്ച്ചയാണ് കഴിഞ്ഞുപോയത്.

അഡലെയ്ഡില്‍ നടന്ന പരിശീലന സെഷനിലും ആര്‍ച്ചി ആസ്‌ട്രേലിയന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഡ്രസിംങ് റൂമിലും ആര്‍ച്ചിക് ഈ ദിവസങ്ങളില്‍ വരാന്‍ അനുമതിയുണ്ടായിരുന്നു. ഇരു ടീമിലേയും താരങ്ങളുടെ പ്രിയപ്പെട്ടവനായി ആര്‍ച്ചി മാറുകയും ചെയ്തു. ബോക്‌സിംങ് ഡേ ടെസ്റ്റിനു ശേഷം ആര്‍ച്ചി ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുന്ന വീഡിയോയാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ പുറത്തുവിട്ടത്. ആര്‍ച്ചി അടുത്തെത്തുമ്പോഴേക്കും ഓരോ ഇന്ത്യന്‍ താരങ്ങളുടേയും ഓഫീഷ്യലുകളുടേയും മുഖത്ത് ചിരി വിരിയുന്നത് വീഡിയോയില്‍ കാണാം. സ്വപ്‌നതുല്യമായ ദിവസങ്ങള്‍ ആര്‍ച്ചിക്ക് സമ്മാനിച്ചാണ് ബോക്‌സിംങ് ഡേ ടെസ്റ്റ് സമാപിച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ ആര്‍ച്ചിക്ക് നല്‍കിയ കരുതലിനും സ്‌നേഹവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മുന്‍ ആസ്‌ട്രേലിയന്‍ താരമായ ഗില്‍ ക്രിസ്റ്റ് തന്നെ ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി. ടെസ്റ്റിലെ പ്രകടനത്തിനൊപ്പം മനുഷ്യസ്‌നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടു കൂടിയാണ് ടീം ഇന്ത്യ ആസ്‌ട്രേലിയയില്‍ കയ്യടി നേടുന്നത്.