LiveTV

Live

Cricket

എവിടെയാണ് പിഴച്ചത്? ഐ.പി.എല്‍ ലേലത്തില്‍ ആരും വിളിക്കാത്തതിനെതിരെ തിവാരി 

കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു തിവാരി 

എവിടെയാണ് പിഴച്ചത്?  ഐ.പി.എല്‍ ലേലത്തില്‍ ആരും വിളിക്കാത്തതിനെതിരെ തിവാരി 

2019 ഐ.പി.എല്ലിലേക്ക് ചൊവ്വാഴ്ച നടന്ന ലേലത്തില്‍ ആരും ടീമിലെടുക്കാത്തതിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി രംഗത്ത്. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു തിവാരി. എന്നാല്‍ മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ പശ്ചിമബംഗാളുകാരനായ തിവാരിക്കായിരുന്നില്ല. ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് താരത്തിന്റെ വിമര്‍ശം.

എവിടെയാണ് പിഴച്ചത് എന്നത് അത്ഭുതപ്പെടുത്തുന്നു, രാജ്യത്തിനായി സെഞ്ച്വറി നേടുകയും ആ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു, എന്നാല്‍ പിന്നീടുള്ള പതിനാല് മത്സരങ്ങളില്‍ നിന്നും തന്നെ പുറത്തിരുത്തി, 2017 ഐ.പി.എല്ലില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ എവിടെയാണ് പിഴച്ചത് എന്നത് സംബന്ധിച്ച് അത്ഭുതം തോന്നുന്നുവെന്നും താരം ട്വിറ്ററില്‍ കുറിക്കുന്നു.

ഇതാദ്യമായാണ് തിവാരി ഐ.പി.എല്‍ ലേലത്തില്‍ നിന്നും പുറത്താകുന്നത്. ആദ്യം മുതല്‍ വിവിധ ടീമുകള്‍ക്കൊപ്പം തിവാരിയുണ്ട്. 2011ല്‍ കൊല്‍ക്കത്തയിലെ കാലമാണ് തിവാരിയെ അംഗീകരിക്കുന്നത്.15 മത്സരങ്ങളില്‍ നിന്നായി അന്ന് 359 റണ്‍സാണ് താരം നേടിയത്. 2017ല്‍ റൈസിങ് പൂനെയിലായിരുന്നപ്പോഴും മനോജ് തിവാരിയുടെ ബാറ്റ് ശബ്ദിച്ചിരുന്നു. അന്ന് 15 മത്സരങ്ങളില്‍ നിന്നായി 324 റണ്‍സാണ് ഈ മധ്യനിര ബാറ്റ്‌സ്മാന്‍ നേടിയത്. ഈ രഞ്ജി സീസണില്‍ മധ്യപ്രദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടി തന്റെ ഫോമിന് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു.

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഐപിഎല്‍ ലേലക്കാരാരും തിവാരിയെ കണ്ടില്ല. അല്ലെങ്കില്‍ തിവാരിയില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. ഐ.പി.എല്ലിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുക്കാത്തതില്‍ ആദ്യമായാണ് ഒരു താരം സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുന്നത്.