ആ നിഗൂഢ സ്പിന്നറെ പഞ്ചാബ് പൊക്കിയത് കോടികളെറിഞ്ഞ്
ഇതുവരെ മികച്ച കളിക്കാരെയാണ് ബോളിവുഡ് നടി പ്രീതിസിന്റക്ക് കൂടി ഉടമസ്ഥാവകാശമുള്ള പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്.

ഐ.പി.എല്‍ 2019ല്‍ കിങ്സ് ഇലവന് പഞ്ചാബ് ഒരുങ്ങിതന്നെയാണ്. ഇതുവരെ മികച്ച കളിക്കാരെയാണ് ബോളിവുഡ് നടി പ്രീതിസിന്റക്ക് കൂടി ഉടമസ്ഥാവകാശമുള്ള പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായൊരു കരാറാണ് തമിഴ്നാട്ടുകാരനായ വരുണ്‍ ചക്രവര്ത്തിയുടെത്. 20ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ പൊരിഞ്ഞ ലേലത്തിനൊടുവില്‍ പഞ്ചാബ് സ്വന്തമാക്കിയത് 8.40 കോടിക്ക്! അതെ നീഗൂഢ സ്പിന്നറാണ്, രവിചന്ദ്ര അശ്വിന്റെ നാട്ടുകാരനായ വരുണ്‍. 2018ലെ മികച്ച പ്രാദേശിക മത്സരങ്ങളിലെ മികവാണ് താരത്തിന് തുണയായത്.
2017 വരെ നാലാം ഡിവിഷനിലെ കളിക്കാരനായിരുന്നു വരുണ്‍. ഈ വര്‍ഷം ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരത്തിന്റെ രഞ്ജി അരങ്ങേറ്റം തന്നെ. ലിസ്റ്റ് എ മച്ചുകളില് താരം ഇതുവരെ 22 വിക്കറ്റും സ്വന്തമാക്കി കഴിഞ്ഞു. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാവാനും ഈ ലെഗ് സ്പിന്നര്‍ക്കായി. വ്യത്യസ്തമായ ഏഴ് രീതികളില്‍ ഈ താരത്തിന് പന്തെറിയാനാവുമെന്നതാണ് നിഗൂഢ സ്പിന്നറെന്ന് വിളിക്കാന്‍ കാരണം. ഓഫ് ബ്രേക്ക്, ലെഗ് ബ്രേക്ക്, ഗൂഗ്ളി, കാരം ബോള്‍ തുടങ്ങി ബാറ്റ്സ്മാനെ വെള്ളം കുടിപ്പിക്കാന്‍ പാകത്തിലുള്ളത് വരുണിന്റെ ആവനാഴിയിലുണ്ട്. ഏത് നിമിഷവും വരുണിന്റെ പന്തുകളില്‍ മാറ്റം വരും. ബാറ്റ്സ്മാന്മാര് ഒരുങ്ങിതന്നെ നില്ക്കേണ്ടിവരും.
പ്രത്യേകിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന ഇന്ത്യന്‍ പിച്ചുകള്‍ കൂടിയാവുമ്പോള്‍ താരത്തെ പിടിച്ചാല്‍കിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി നെറ്റ്സില്‍ പന്തെറിഞ്ഞ് തുടങ്ങിയപ്പോഴാണ് താരത്തെ ശ്രദ്ധിക്കുന്നത് തന്നെ. തുടര്‍ന്ന് വരുണിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തമിഴ്നാട് പ്രീമിയര്‍ലീഗിലും താരം മികവ് തെളിയിച്ചിരുന്നു. അന്ന് ആസ്ട്രേലിയന്‍ താരം മൈക്ക് ഹസി, വരുണിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. നിഗൂഢ സ്പിന്നര്‍ എന്ന് തന്നെയാണ് ഹസിയും വരുണിനെ വിശേഷിപ്പിച്ചിരുന്നത്. ചെന്നൈയും വരുണിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കോടികളെറിഞ്ഞ് പഞ്ചാബ് താരത്തെ സ്വന്തമാക്കുകയായിരുന്നു.