20 ലക്ഷത്തില്‍ നിന്ന് അഞ്ച് കോടിയിലേക്ക്; ബാംഗ്ലൂര്‍ റാഞ്ചിയ ആ താരത്തെ അറിയുമോ?
കോടികളെറിഞ്ഞ് ശിവത്തെ സ്വന്തമാക്കിയത് വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്.

ശിവം ദുബെ, 20 ലക്ഷമായിരുന്നു മുംബൈക്കാരനായ താരത്തിന്റെ അടിസ്ഥാന വില. അതാണിപ്പേള് ഉയര്‍ന്ന് അഞ്ച് കോടിയിലെത്തിയത്. കോടികളെറിഞ്ഞ് ശിവത്തെ സ്വന്തമാക്കിയത് വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. ഇത്രയും തുക മുടക്കി സ്വന്തമാക്കിയെങ്കില്‍ ആരാണ് ശിവം ദുബെ? 2019ലേക്കുള്ള ഐ.പി.എല്‍ ലേലം തുടങ്ങും മുമ്പെ ശിവം കോടിപതിയാവുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ഈ രഞ്ജി സീസണിലെ മിന്നല്‍ പ്രകടനമാണ് താരത്തെ തുണച്ചത്. ബറോഡക്കെതിരായ മത്സരത്തില്‍ ശിവം ദുബെ ഒരോവറില്‍ പായിച്ചത് അഞ്ച് സിക്സറുകള്‍. അതും വാങ്കഡെയില്‍. ഈ അഞ്ച് സിക്സറുകളാണ് താരത്തിന്റെ തലവര മാറ്റിയത്.
ആ മത്സരത്തില്‍ 60 പന്തില്‍ 76 റണ്‍സാണ് ദുബെ നേടിയത്. അതിന് മുമ്പും ദുബെ, മുംബൈ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പുലിയാണ്. മുംബൈ ടി20 ലീഗിലും താരം ഓരോവറില്‍ അഞ്ച് സിക്സറുകള്‍ നേടിയിരുന്നു!. പിന്നാലെ വന്ന വിജയ് ഹസാരെ ട്രോഫിയിലും കഴിവ് തെളിയിച്ചു. ശേഷമാണ് രഞ്ജിയിലെത്തുന്നത്. ഇതുവരെ 489 റണ്‍സ് താരം സ്വന്താമക്കിക്കഴിഞ്ഞു. രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. ബാറ്റിങ് മാത്രമല്ല പന്തെറിയാനും താരത്തിനാവും. 17 വിക്കറ്റുകളും പേരിലുണ്ട്. ചുരുക്കത്തില്‍ ബാംഗ്ലൂര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ലക്ഷണമൊത്തൊരു കളിക്കാരനാണ് ഈ 25കാരന്.