ബി.സി.സി.ഐ എന്താ ജലജ് സക്സേനയെ കാണാത്തത്? ഈ റെക്കോര്‍ഡുകള്‍ നോക്കൂ...
എന്നാല്‍ കേരളക്രിക്കറ്റില് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ഭുതപ്രകടനങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ സക്സേനയെ കാണാം. സക്സേനയെ മാത്രമെ കാണാനാകൂ.

റിഷാദ് അലി മണക്കടവന്‍
ജലജ് സക്സേന എന്ന മധ്യപ്രദേശുകാരനെ ക്രിക്കറ്റ് ലോകത്ത് അധികമറിയില്ല. എന്നാല്‍ കേരളക്രിക്കറ്റില് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അല്ഭുതപ്രകടനങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ സക്സേനയെ കാണാം. സക്സേനയെ മാത്രമെ കാണാനാകൂ. ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് കോഹ്ലി എപ്രകാരമാണോ അതാണ് കേരളത്തിന് ജലജ് സക്സേന(നായകനല്ലെന്ന് മാത്രം). കോഹ്ലി തിളങ്ങിയാല്‍ ഇന്ത്യ ജയിക്കും. അല്ലെങ്കില്‍ തോല്‍ക്കും. അതാണ് സക്സേനയിലൂടെ കേരള ക്രിക്കറ്റിലും സംഭവിക്കുന്നത്. രഞ്ജിയില്‍ ഈ സീസണില്‍ കേരളം മൂന്ന് മത്സരങ്ങള്‍ ജയിച്ചു. മൂന്നിലും നിര്‍ണായകമായത് സക്സേനയുടെ ഓള്‍റൗണ്ട് പ്രകടനം.രണ്ട് മത്സരങ്ങളില്‍ തോറ്റു. ആ മത്സരങ്ങളില്‍ സക്സേനക്ക് തിളങ്ങാനായതുമില്ല.
അടുത്തിടെ സക്സേനയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റായിരുന്നു ‘കേരള ക്രിക്കറ്റ് ടീമില്‍ ബംഗാളിയെപ്പോലെ പണിയെടുക്കുന്നവന്’ എന്ന്. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാണ് താനും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മേല്‍ വിവരിച്ചത്. മറ്റൊന്ന് കൂടിയുണ്ട്, ഈ മൂന്ന് മത്സരങ്ങളിലെ മാന്‍ഓഫ് ദ മാച്ച് പുരസ്കാരവും സക്സേനക്കാണ്. അതിലൊന്ന് ഒരു ഇന്നിങ്സില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ അമ്പരപ്പിക്കുന്ന പ്രകടനമാണ്. ആന്ധ്രാപ്രദേശിനെ തിരായ മത്സരത്തിലായിരുന്നു അത്.133 റണ്‍സെടുത്ത് ബാറ്റ്കൊണ്ടും അന്ന് തിളങ്ങിയിരുന്നു സക്സേന. കഴിഞ്ഞ അഞ്ച് വര്‍ഷം രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് സക്സേന.
193 വിക്കറ്റാണ് ഡല്‍ഹിക്കെതിരായ ഒമ്പത് വിക്കറ്റ് പ്രകടനത്തോടെ താരം വീഴ്ത്തിയത്. ഈയൊരു സേവനം മുന്നില്‍ കണ്ട് കേരളക്രിക്കറ്റ് അസോസിയേഷന് അദ്ദേഹത്തിന് പണം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, അംഗീകരിക്കേണ്ടവര്‍ അത് ചെയ്യുന്നില്ല എന്നതാണ് വിഷമം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിസരത്തേക്ക് എത്തിപ്പെടാന്‍ ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഴിവൊത്തൊരു ഓള്‍റൗണ്ടര്‍ ഇന്ത്യ തിരയുന്ന നേരമാണെന്ന് കൂടി ഓര്‍ക്കണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിലേക്ക് പരിഗണിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതും സംഭവിച്ചിട്ടില്ല. പരിക്കേറ്റ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, രഞ്ജിയിലെ ഒരു അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ പേരില്‍ തിരിച്ചെത്തുകയും ചെയ്തു.

എന്താണ് ഈ ക്രിക്കറ്റര്‍ക്ക് സംഭവിക്കുന്നത്. ഇനി എന്ന് വിളിക്കാനാണ്. വസിം ജാഫറിനെപ്പോലെ(ജാഫറിന് പിന്നെയും അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്തുപോയി പിന്നെ തിരിച്ചുവിളിച്ചില്ല, അതും രഞ്ജിയില്‍ ബാറ്റ് കൊണ്ട് മികവ് തെളിയിച്ച സമയത്തും) ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങാനാണോ ഈ 32കാരന്റെ വിധി.