LiveTV

Live

Cricket

2018ല്‍ ജയിച്ചത് ഒറ്റ ഏകദിനം; ദുരന്തമായി ഓസീസ്

പ്രകടനം ഐ.സി.സി റാങ്കിലും പ്രതിഫലിച്ചു. മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങിലാണ് അഞ്ചുവട്ടം ലോകകപ്പ് നേടിയ ടീം.

2018ല്‍ ജയിച്ചത് ഒറ്റ ഏകദിനം; ദുരന്തമായി ഓസീസ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കടന്നുപോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ. അഞ്ചുതവണ ലോക കിരീടം നേടിയ ഓസീസ് പഴയ പ്രതാപത്തിന്റെ നിഴലാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴു തോല്‍വികള്‍. കിരീടമില്ലാതെ തുടര്‍ച്ചയായി അഞ്ചു പരമ്പരകള്‍. ആറാമത്തെ പരമ്പരയിലും തുടക്കം തോല്‍വിയോടെ. ലോകക്രിക്കറ്റിലെ അപരാജിതര്‍ തോല്‍വി വഴങ്ങല്‍ ശീലമാക്കി. ആരാധകര്‍ ടീമിനെ കൈവിട്ടു. സിഡ്‌നിയിലും പെര്‍ത്തിലും മെല്‍ബണിലും കളി കാണാന്‍ ആളില്ല.

2018ല്‍ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഈ വര്‍ഷം ആകെ കളിച്ച 11 മല്‍സരങ്ങളില്‍നിന്നാണ് ഓസീസ് ഒരേയൊരു ജയം നേടിയത്. തോറ്റത് 10 മല്‍സരങ്ങളാണ്. കഴിഞ്ഞ 12 മാസത്തെ കണക്കാണ് ഇതെങ്കില്‍ കൂടുതല്‍ ദയനീയമാണ് കഴിഞ്ഞ 20 മാസത്തെ ഓസീസിന്റെ പ്രകടനം. ഈ കാലയളവില്‍ കളിച്ച 21 മല്‍സരങ്ങളില്‍ അവര്‍ ആകെ ജയിച്ചത് രണ്ടു മല്‍സരങ്ങള്‍ മാത്രം! 17 എണ്ണത്തിലും തോല്‍വി രണ്ടെണ്ണം ഫലമില്ലാതെ പോയി.

പ്രകടനം ഐ.സി.സി റാങ്കിലും പ്രതിഫലിച്ചു. മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങിലാണ് അഞ്ചുവട്ടം ലോകകപ്പ് നേടിയ ടീം. ഏറ്റവും ഒടുവിലെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ആറാമതാണ് കംഗാരുക്കള്‍. ഇതിനുമുമ്പ് 1984ലാണ് അവര്‍ ആറാം സ്ഥാനത്തേക്ക് പതിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും തോറ്റുതന്നെ തുടങ്ങി. 20 ഓവര്‍ ബാക്കിനില്‍ക്കെയാണ് പൊരുതാന്‍പോലും ശേഷിയില്ലാതെ കങ്കാരുപ്പട കൂടാരംകയറിയത്. ഓസീസിന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയായിരുന്നു ഇത്.

വെള്ളിയാഴ്ച അഡ്‌ലെയ്ഡില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഓസീസിനു മുന്നില്‍ ലക്ഷ്യം ഒന്നേയുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറു തുടര്‍ തോല്‍വികള്‍ക്ക് ശേഷമുള്ള ഒരു വിജയം.

ദക്ഷിണാഫ്രിക്കയ്ക്കുശേഷം ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഓസീസ് ഇന്ത്യയോടും പരുങ്ങും. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിലെ പന്തുചുരണ്ടല്‍ വിവാദത്തിന്റെ കളങ്കമാണ് ഓസീസിനെ വേട്ടയാടുന്നത്. നായകനായിരുന്ന സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം കള്ളക്കളി കളിച്ച ബാന്‍ക്രോഫ്റ്റും പടിക്കുപുറത്തായി. പരിശീലകന്‍ ഡാരന്‍ ലേമാന്‍കൂടി രാജിവച്ചതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദുരന്തം പൂര്‍ണം. ലോകത്തിനു മുന്നില്‍ തലകുനിച്ച ഓസീസിന് പിന്നീട് കരകയറാന്‍ സാധിച്ചിട്ടില്ല.