LiveTV

Live

Cricket

ധവാന്‍ പുറത്ത്, കരുണിന് അവഗണന; വെസ്റ്റ് ഇന്‍ഡീസിനെതിരെ യുവസംഘമൊരുക്കി ഇന്ത്യ

ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന കരുണ്‍ നായരെ ഇത്തവണയും അവഗണിച്ചു. മായങ്ക് അഗര്‍വാളും മുഹമ്മദ് സിറാജുമാണ് ഇന്ത്യന്‍ സംഘത്തിലെ പുതുമുഖങ്ങള്‍.

ധവാന്‍ പുറത്ത്, കരുണിന് അവഗണന; വെസ്റ്റ് ഇന്‍ഡീസിനെതിരെ യുവസംഘമൊരുക്കി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ധവാന്‍ പുറത്തായി അതേസമയം ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന കരുണ്‍ നായരെ ഇത്തവണയും അവഗണിച്ചു. മായങ്ക് അഗര്‍വാളും മുഹമ്മദ് സിറാജുമാണ് ഇന്ത്യന്‍ സംഘത്തിലെ പുതുമുഖങ്ങള്‍.

കഴിഞ്ഞ കുറച്ചു മാസങ്ങളിലെ തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ കണക്കിലെടുത്ത് പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചു. ഫലത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ മുഹമ്മദ് ഷാമിക്കാണ് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ ചുമതലയുണ്ടാവുക.

മറക്കാനാഗ്രഹിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടില്‍ ധവാന്റേത്. എട്ട് ഇന്നിംങ്‌സുകളില്‍ നിന്നും വെറും 162 റണ്‍സ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. രഞ്ജി ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 1160 റണ്‍സ് വാരിക്കൂട്ടിയതാണ് മായങ്ക് അഗര്‍വാളിനെ ടീമിലെത്തിച്ചത്.

മുംബൈയുടെ യുവതാരം പൃഥ്വി ഷായും ടീമിലിടം നേടിയിട്ടുണ്ട്. കെഎല്‍ രാഹുലിനൊപ്പം പൃഥ്വി ഷായോ മായങ്ക് അഗര്‍വാളോ ആയിരിക്കും ഓപണറായി ഇറങ്ങുക. അവസാന ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് ലോകേഷ് രാഹുലിന്റെ ടീമിലെ സ്ഥാനം ഉറപ്പിച്ചത്.

ഓവല്‍ ടെസ്റ്റില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അര്‍ധ സെഞ്ചുറി നേടിയ ഹനുമ വിഹാരി ടീമിലിടം നേടിയപ്പോള്‍ കരുണ്‍ നായര്‍ പുറത്തായി. ആസ്‌ത്രേലിയ എക്കും ദക്ഷിണാഫ്രിക്ക എക്കുമെതിരെ നടത്തിയ മികച്ച ബൗളിംങാണ് മുഹമ്മദ് സിറാജിന് പിന്തുണയായത്. അശ്വിന് പുറമേ ജഡേജക്കും കുല്‍ദിപിനുമായിരിക്കും സ്പിന്നിന്റെ ചുമതല.

പരിക്ക് ഭേദമാകാത്തതിനാല്‍ ഇഷാന്ത് ശര്‍മ്മയേയും ഹാര്‍ദിക് പാണ്ഡ്യയേയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. രാജ്‌കോട്ടില്‍ ഒക്ടോബര്‍ നാലിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതലാണ് രണ്ടാം ടെസ്റ്റ്.

ഇന്ത്യ, ടെസ്റ്റ് ടീം- വിരാട് കോഹ്ലി(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പുജാര, രഹാനെ(വൈസ് ക്യാ.), ഹനുമ വിഹാരി, പന്ത്(കീപ്പര്‍), അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ്, ഷാമി, ഉമേഷ് യാദവ്, സിറാജ്, ശാര്‍ദുല്‍ ഥാക്കൂര്‍