LiveTV

Live

Cricket

വിരാട് കോഹ്‌ലിക്ക് വീണ്ടും റെക്കോഡ്; 18000 റണ്‍

29കാരനായ കോഹ്‌ലി 382 ഇന്നിംങ്‌സുകളില്‍ നിന്ന് 18000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം അതിവേഗം നേടുന്ന കളിക്കാരനായി മാറിയത്

വിരാട് കോഹ്‌ലിക്ക് വീണ്ടും റെക്കോഡ്; 18000 റണ്‍

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ടീം മോശം പ്രകടനം തുടരുമ്പോഴും ക്യാപ്റ്റന്‍ കോഹ്‌ലി അസാധ്യഫോമിലാണ്. അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വെച്ച് പുറത്തായപ്പോഴും കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും കഴിഞ്ഞ ദിവസം പുതിയ റെക്കോഡ് പിറന്നിരുന്നു. ഏറ്റവും വേഗത്തില്‍ 18000 റണ്‍ നേടുന്ന താരമെന്ന റെക്കോഡ് ബ്രയന്‍ ലാറയില്‍ നിന്നും കോഹ്‌ലി സ്വന്തം പേരിലാക്കി.

കെഎല്‍ രാഹുലിനെ ഇംഗ്ലീഷ് ബൗളര്‍ സാം കറന്‍ പുറത്താക്കിയപ്പോഴാണ് അഞ്ചാം ടെസ്റ്റില്‍ കോഹ്‌ലി ബാറ്റിംങിനിറങ്ങിയത്. ചേതേശ്വര്‍ പുജാരക്കൊപ്പം കോഹ്‌ലി 31 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. പുജാര(37)ക്ക് പിന്നാലെ രഹാനെ(0) വേഗത്തില്‍ മടങ്ങിയെങ്കിലും അരങ്ങേറ്റക്കാരന്‍ ഹനുമ വിഹാരിക്കൊപ്പം ചേര്‍ന്ന് കോഹ്‌ലി 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ കരകയറുന്നുവെന്ന തോന്നലുണ്ടായ ഘട്ടത്തിലാണഅ ബെന്‍ സ്‌റ്റോക് അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വെച്ച് കോഹ്‌ലിയെ പുറത്താക്കിയത്. 70 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളോടെ 49 റണ്‍സാണ് കോഹ്‌ലി നേടിയത്.

29കാരനായ കോഹ്‌ലി 382 ഇന്നിംങ്‌സുകളില്‍ നിന്ന് 18000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം അതിവേഗം നേടുന്ന കളിക്കാരനായി മാറിയത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയുടെ പേരിലായിരുന്നു നേരത്തെ റെക്കോഡ്. 411 ഇന്നിംങ്‌സുകളില്‍ നിന്നാണ് ലാറ 18000 റണ്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ 412 ഇന്നിംങ്‌സുകളില്‍ നിന്നാണ് 18000 റണ്‍ പൂര്‍ത്തിയാക്കിയത്.

സമകാലീന ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍ ആരെന്ന് ബ്രയാന്‍ ലാറയോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. റീഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലിയുടേയും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റേയും പേരുകളാണ് ലാറ പറഞ്ഞത്.