LiveTV

Live

Cricket

വീണ്ടും ബാറ്റ് ചുഴറ്റി രവീന്ദ്ര ജഡേജ, ഇത്തവണ പ്രതികാരത്തിന്റേതോ? 

അര്‍ദ്ധ ശതകമോ, ശതകമോ നേടിയാല്‍ ജഡേജ ഡ്രെസിങ് റൂമിലേക്ക് നോക്കി ഇങ്ങനെ കാണിക്കും. 

വീണ്ടും ബാറ്റ് ചുഴറ്റി രവീന്ദ്ര ജഡേജ, ഇത്തവണ പ്രതികാരത്തിന്റേതോ? 

രവീന്ദ്ര ജഡേജയുടെ സെലബ്രേഷന്‍ ശൈലിയാണ് ബാറ്റ് ചുഴറ്റല്‍. അര്‍ദ്ധ ശതകമോ, ശതകമോ നേടിയാല്‍ ജഡേജ ഡ്രെസിങ് റൂമിലേക്ക് നോക്കി ഇങ്ങനെ കാണിക്കും. പക്ഷേ നീണ്ട ഇടവേളക്ക് ശേഷം ഒരിക്കല്‍ കൂടി ജഡേജ ബാറ്റ് വീശി. ഓവല്‍ ടെസ്റ്റിലെ മൂന്നാം ദിനമായ ഇന്ന്. അതൊരു പ്രതികാരത്തിന്റേത് കൂടിയായിരിക്കാം. അതിന് കാരണവുമുണ്ട്. ഈ പരമ്പര ഇംഗ്ലണ്ട് കൊണ്ടുപോയി, 3-1ന്. കളിച്ച നാല് മത്സരങ്ങളിലും ജഡേജക്ക് അവസരം ലഭിച്ചിരുന്നില്ല. ഗ്യാലറിയിലിരുന്ന് കളി കാണാനായിരുന്നു വിധി.

രവിചന്ദ്ര അശ്വിനായിരുന്നു സ്പിന്‍ റോളില്‍ അവസരം ലഭിച്ചിരുന്നത്. എന്നാല്‍ അശ്വിന് കാര്യമായി തിളങ്ങാനായിരുന്നില്ല. സതാപ്ടണ്‍ ടെസ്റ്റോടെ അശ്വിനെ പുറത്തിരുത്തണമെന്ന വാദം ശക്തമായി. ഇതാണ് ജഡേജക്ക് അവസരം ലഭിച്ചത്. കിട്ടിയ അവസരം ജഡേജ മുതലെടുത്തു. പലപ്പോഴും ജഡേജ അശ്വിന്‍റെ നിഴലിലായിരുന്നു. ഏകദിനത്തില്‍ രണ്ട് പേരും ഇപ്പോള്‍ പുറത്താണ്. ടെസ്റ്റിലാകട്ടെ സ്പിന്നിനെ അധികം പിന്തുണക്കാത്ത വിദേശത്ത് രവിചന്ദ്ര അശ്വിനെയായിരിക്കും ആദ്യ ഇലവനിലേക്ക് പരിഗണിക്കുക. അതെല്ലാം പൊളിക്കുന്നതായിരുന്നു ഓവല്‍ ടെസ്റ്റിലെ ജഡേജയുടെ പ്രകടനം.

നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങില്‍ ഇന്ത്യയുടെ ടോപ് വിക്കറ്ററായി. ബാറ്റിങ്ങിലും ജഡേജ പിന്നാക്കം പോയില്ല. 86 റണ്‍സ് നേടി പുറത്താകാതെ നിന്നു. 156 പന്തില്‍ നിന്നായിരുന്നു ജഡേജയുടെ 86 റണ്‍സ്. ഏഴാം വിക്കറ്റില്‍ ഹനുമ വിഹാരിക്കൊപ്പം 77റണ്‍സിന്റേത്, അവസാന വിക്കറ്റില്‍ ജസ്പ്രീത് ഭുംറക്കൊപ്പം 32 റണ്‍സിന്റേത് എന്നിങ്ങനെ ഇന്ത്യക്ക് ഒരു പക്ഷേ നിര്‍ണായകമായേക്കാവുന്ന കൂട്ടുകെട്ടുകളാണ് ജഡേജ കെട്ടിപ്പൊക്കിയത്. കളിക്കാനും കളിപ്പിക്കാനുമറിയാമെന്ന് ചുരുക്കം. പതിനൊന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. അതിനിടെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴായിരുന്നു ജഡേജയുടെ സെലബ്രേഷന്‍ മാര്‍ക്കായ ബാറ്റ് വീശല്‍. അടുത്ത ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാവാനിരിക്കെ പുറത്തിരിക്കേണ്ടവനല്ലെന്ന് തെളിയിക്കുകയാണ് ആരാധകരുടെ സ്വന്തം ജഡു.

Also read: ജഡേജയും വിഹാരിയും പൊരുതി; ഇന്ത്യ 292ന് പുറത്ത്, ഇംഗ്ലണ്ടിന് ലീഡ്