LiveTV

Live

Cricket

കൊഹ്‍ലിക്ക് പരിക്ക് , ഫീല്‍ഡില്‍ ഇറങ്ങാതെ നായകന്‍; നെഞ്ചിടിപ്പോടെ ഇന്ത്യ

പുറംവേദനയെ തുടര്‍ന്നാണ് കൊഹ്‍ലി ഫീല്‍ഡിന് പുറത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മുതല്‍ പുറംവേദനയുടെ ലക്ഷണങ്ങള്‍ കൊഹ്‍ലി പ്രകടിപ്പിച്ചിരുന്നു. 

കൊഹ്‍ലിക്ക് പരിക്ക് , ഫീല്‍ഡില്‍ ഇറങ്ങാതെ നായകന്‍; നെഞ്ചിടിപ്പോടെ ഇന്ത്യ

ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യയുടെ നെഞ്ചിടിപ്പുയര്‍ത്തി നായകന്‍ വിരാട് കൊഹ്‍ലിക്ക് പരിക്ക്. ഇംഗ്ലീഷ് മണ്ണില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ആരാധകരുടെ ഏക പ്രതീക്ഷയായ കൊഹ്‍ലിയുടെ പരിക്ക് ടീമില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് നാലാം ദിനം കൊഹ്‍ലി ഫീല്‍ഡില്‍ ഇറങ്ങിയില്ല. പകരക്കാരനായി രവീന്ദ്ര ജഡേജയാണ് മൈതാനത്ത് എത്തിയത്.

പുറംവേദനയെ തുടര്‍ന്നാണ് കൊഹ്‍ലി ഫീല്‍ഡിന് പുറത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മുതല്‍ പുറംവേദനയുടെ ലക്ഷണങ്ങള്‍ കൊഹ്‍ലി പ്രകടിപ്പിച്ചിരുന്നു. 396 റണ്‍സ് എടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചതോടെയാണ് ടീം ഇന്ത്യ കൂടുതല്‍ പ്രതിസന്ധിയില്‍ ആയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിന്റെ തനിപ്പകര്‍പ്പ് പോലെയാണ് രണ്ടാം ഇന്നിങ്സിന്റെ തുടക്കവും. റണ്ണൊന്നുമെടുക്കാതെ മുരളി വിജയ് മടങ്ങിയപ്പോള്‍ പത്തു റണ്‍സുമായി കെ.എല്‍ രാഹുലും ബാറ്റ് താഴെ വച്ചു കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് കളത്തിന് പുറത്തിരിക്കുന്ന കൊഹ്‍ലി ടീമിന്റെ രക്ഷകനായി ബാറ്റേന്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കൊഹ്‍ലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് നായകന്റെ ചുമതല വഹിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഫോമിലുള്ള ഏകതാരം കൊഹ്‍ലിയാണ്. നായകന്‍ കൂടി വീണാല്‍ ടീം ഇന്ത്യയുടെ വരുനാളുകള്‍ പരിതാപകരമാകും. അതേസമയം, പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ഏതായാലും കൊഹ്‍ലി രക്ഷകനായി അവതരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.