LiveTV

Live

Cricket

ദക്ഷിണറെയില്‍വേ ക്രിക്കറ്റ് ടീമില്‍ പത്തുപേരുടെ പ്രായം 45ലേറെ

അടുത്ത നവംബറില്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന 59കാരനെ വരെ ഉള്‍പ്പെടുത്തി എന്തിനായിരിക്കും ദക്ഷിണ റെയില്‍വേ ടീമുണ്ടാക്കിയത്. റെയില്‍വേയുടെ അവധിക്കുള്ള നിയമാവലി തന്നെയാണ് അതിനുള്ള ഉത്തരം.

ദക്ഷിണറെയില്‍വേ ക്രിക്കറ്റ് ടീമില്‍ പത്തുപേരുടെ പ്രായം 45ലേറെ

30 വയസിന് മുകളിലുള്ള ഒമ്പത് കളിക്കാരെ ഐപിഎല്‍ ടീമിലെടുത്ത ചെന്നൈ സൂപ്പര്‍കിംങ്‌സ് കുറച്ചൊന്നുമല്ല കഴിഞ്ഞ സീസണില്‍ പഴി കേട്ടത്. സിഎസ്‌കെയുടെ പ്രായമൊന്നും ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ദക്ഷിണറെയില്‍വേയുടെ ക്രിക്കറ്റ് ടീം. 45 വയസിന് മേല്‍ പ്രായമുള്ള 10 പേരാണ് ദക്ഷിണ റെയില്‍വേ ടീമിലുള്ളത്. അതില്‍ ഒരാളുടെ പ്രായം 59!

അടുത്ത നവംബറില്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന 59കാരനെ വരെ ഉള്‍പ്പെടുത്തി എന്തിനായിരിക്കും ദക്ഷിണ റെയില്‍വേ ടീമുണ്ടാക്കിയത്. റെയില്‍വേയുടെ അവധിക്കുള്ള നിയമാവലി തന്നെയാണ് അതിനുള്ള ഉത്തരം. സാധാരണ ഉദ്യോഗസ്ഥന് പ്രതിവര്‍ഷം 30 ദിവസമാണ് നിയമപരമായ സ്‌പെഷല്‍ കാഷ്വല്‍ ലീവുള്ളത്(എസ്‌സിഎല്‍). അതേസമയം 'കളിക്കാര്‍ക്ക്' 90 ദിവസം എസ് സിഎല്‍ എടുക്കാം. വെറുതെയല്ല ദക്ഷിണ റെയില്‍വേ ക്രിക്കറ്റ് ടീമില്‍ 30 വയസില്‍ താഴെയുള്ള രണ്ട് പേര്‍ മാത്രമായി ചുരുങ്ങിയതെന്ന് വ്യക്തം.

അമ്പയര്‍മാരെയും കളിക്കാരായാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന വിശദീകരണവും പുറത്തുവരുന്നുണ്ട്. അമ്പയര്‍മാര്‍ക്ക് കിട്ടാത്തതും കളിക്കാര്‍ക്ക് കിട്ടുന്നതുമായ സ്‌പെഷല്‍ കാഷ്വല്‍ ലീവ് തന്നെയാണ് ഇവിടെയും ‘സീനിയേഴ്‌സിനെ’ മോഹിപ്പിക്കുന്നത്. ഐപിഎല്ലില്‍ വരെ കളി നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

റെയില്‍വേയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഈ വിചിത്ര വിവരങ്ങള്‍ പരസ്യമായിരിക്കുന്നത്. ഇന്ത്യയിലും യുഎഇയിലുമായി നടന്ന 2014ലെ ഐപിഎല്ലിന് പോകാന്‍ വരെ ഒരു റെയില്‍വേ ജീവനക്കാരന്‍ ലീവെടുത്തിട്ടുണ്ട്. റെയില്‍വേയില്‍ നിന്നും ലീവെടുക്കുന്ന ജീവനക്കാര്‍ മറ്റു ജോലികള്‍ക്ക് പോകരുതെന്ന വ്യക്തമായ നിയമമുള്ളപ്പോഴാണ് ജീവനക്കാരുടെ ഈ കൈവിട്ട കളികള്‍.

ദക്ഷിണ റെയില്‍വേ ടീമിലെ മുതിര്‍ന്ന കളിക്കാരനായ ആര്‍ രവിശങ്കറിന് ഈ വിവാദങ്ങള്‍ക്കൊക്കെ മറുപടിയുണ്ട്. പുതിയ കളിക്കാരെ എടുക്കുന്നത് കുറവായതിനാലാണ് അമ്പയര്‍മാരെ കളിക്കാരായി കൂട്ടുന്നതെന്നാണ് രവിശങ്കര്‍ പറയുന്നത്. 'പ്രായം നോക്കണ്ട, ഞങ്ങളങ്ങനെ ആര്‍ക്കും എളുപ്പം കളി വിട്ടുകൊടുക്കില്ല. ഞങ്ങളൊരുപക്ഷേ 45 വയസിനും മുകളിലുള്ളവരാകും. എങ്കിലും എളുപത്തില്‍ ആര്‍ക്കും കീഴടങ്ങുന്നവരല്ല ഞങ്ങളുടെ ടീം' എന്നാണ് ആര്‍ രവിശങ്കര്‍ വിശദീകരിക്കുന്നത്.