കുറ്റ്യാടിയില്‍ അടിയൊഴുക്ക് ഭീതിയില്‍ സി.പി.എം
മണ്ഡലത്തിലെ പ്രചാരണം മുതല്‍ വോട്ടിംഗ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുക്കേണ്ടത് സി.പി.എം പ്രവര്‍ത്തകരാണ്.

കുറ്റ്യാടി സീറ്റിനെ ചൊല്ലിയുണ്ടായ പരസ്യ പ്രതിഷേധത്തിന് ശമനമുണ്ടായെങ്കിലും മണ്ഡലത്തില്‍ അടിയൊഴുക്കുണ്ടാകുമെന്ന ആശങ്കയില്‍ സി.പി.എം. പ്രതിഷേധം സമീപ മണ്ഡലങ്ങളെ ബാധിക്കുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്കിയ നേതൃത്വത്തോടുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.
ഏറാമല പഞ്ചായത്ത് ഭരണം മുന്നണി മര്യാദയുടെ പേരില്‍ ജനതാദളിന് നല്‍കിയതാണ് ആര്.എം.പിയുടെ പിറവിക്ക് കാരണമായത്. സമീപ നിയമസഭാ മണ്ഡലമായ കുറ്റ്യാടിയില്‍ സാഹചര്യം സമാനമായിരുന്നെങ്കിലും പ്രതിഷേധം ആ തലത്തിലേക്ക് നീങ്ങിയില്ല. പക്ഷേ അടിയൊഴുക്കുകുകള് കുറ്റ്യാടിയില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമോയെന്ന ആശങ്ക സി.പി.എമ്മിനും എല്‍.ഡി.എഫിനുമുണ്ട്.
പ്രതിഷേധം വോട്ടിന്റെ രൂപത്തില്‍ പ്രതിഫലിച്ചാല്‍ ഇടതു മുന്നണിക്ക് പ്രശ്നമാകും. ജില്ലാ നേതൃത്വത്തോടുള്ള പ്രതിഷേധം സമീപ മണ്ഡലങ്ങളായ നാദാപുരത്തേയും വടകരയേയും ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് എമ്മിന് കാര്യമായ സ്വാധീനമില്ല. അതു കൊണ്ട് പ്രചാരണം മുതല്‍ വോട്ടിംഗ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുക്കേണ്ടത് സി.പി.എം പ്രവര്‍ത്തകരാണ്. അതു കൊണ്ട് തന്നെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം തണുത്ത ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മതിയെന്ന നിര്‍ദേശം കേരളാ കോണ്‍ഗ്രസ് എം മുമ്പാകെ സി.പി.എം വെച്ചത്.
ഇതിനിടെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നതിന്റെ സാഹചര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നേതൃത്വം ബ്രാഞ്ച് തലങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച്ച മണ്ഡലം കണ്‍വെന്‍ഷനും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും വൈകാതെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ഇതോടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനാകുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
Adjust Story Font
16