പശ്ചിമേഷ്യൻ സമുദ്ര മേഖലയിൽ വീണ്ടും സംഘർഷം കനക്കുന്നു
അതേസമയം ഹൂതികൾക്ക് വൻതോതിൽ ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്ന ഇറാൻ നടപടിക്കെതിരെ യെമനും രംഗത്തുവന്നു

പശ്ചിമേഷ്യൻ സമുദ്ര മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം. മേഖലയിൽ ഇസ്രായേലും മറ്റും ഉയർത്തുന്ന സുരക്ഷ ഭീഷണിക്കെതിരെ അന്തർദേശീയ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. അതേസമയം ഹൂതികൾക്ക് വൻതോതിൽ ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്ന ഇറാൻ നടപടിക്കെതിരെ യെമനും രംഗത്തുവന്നു. ഇറാൻ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം നടന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി തെഹ്റാൻ രംഗത്ത് വന്നത്.
യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണമുണ്ടായതെന്ന് ഉടമസ്ഥരായ ഇറാനിയൻ സർക്കാർ കമ്പനി സ്ഥിരീകരിച്ചു. കപ്പലിൽ ചെറിയ അഗ്നിബാധ ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. രണ്ടാഴ്ച മുമ്പ് ഹെലിയോസ് റേ എന്ന ഇസ്രായേൽ ചരക്ക് കപ്പൽ ഒമാൻ കടലിൽ ആക്രമണത്തിനിരയായിരുന്നു. പിന്നിൽ ഇറാനാണെന്നാണ് ഇസ്രായേൽ ആരോപണം.
കഴിഞ്ഞ ആഴ്ചകളിൽ മാത്രം മൂന്ന് ഇറാൻ ചരക്ക് കപ്പലുകൾ ചെങ്കടലിലും ആക്രമണത്തിനിരയായി. ഒരു ഡസനിലേറെ ഇറാൻ കപ്പലുകൾക്കു നേരെ ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രായേൽ ഇതു നിഷേധിച്ചിട്ടില്ല. സമുദ്ര മാർഗമുള്ള ഇറാന്റെ എണ്ണക്കടത്ത് തടയാൻ സാധ്യമായ എല്ലാ നീക്കവും നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ യുദ്ധക്കപ്പലുകളും അഞ്ച് അന്തർവാഹിനികളും മെഡിറ്ററേനിയനിലും ചെങ്കടലിലും സജീവമാണ്.
അതിനിടെ, ഹൂതികൾക്ക് നവീന ആയുധങ്ങൾ സമുദ്ര മാർഗം എത്തിച്ചുകൊടുക്കുന്ന ഇറാനെതിരെ കടുത്ത നടപടി വേണമെന്ന് യെമൻ വാർത്താവിതരണ വകുപ്പ് മന്ത്രി മുഅമ്മൽ അൽ ഇർയാനി ആവശ്യപ്പെട്ടു. ഇറാൻ ഉയർത്തുന്ന സുരക്ഷ ഭീഷണിക്കെതിരെ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും രംഗത്തുണ്ട്.
Adjust Story Font
16