അവർ അന്യോന്യം കണ്ട് ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ, ലവ് ജിഹാദിന് പിന്നിൽ രാഷ്ട്രീയം മാത്രം: മാർ മിലിത്തിയോസ്
ലവ് ജിഹാദിനെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തീരുമാനിച്ച സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രസ്താവന

തൃശൂർ: കേരളത്തിൽ ലവ് ജിഹാദ് ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. പരസ്പരം കാണാനും ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങൾ കേരളത്തിൽ ധാരാളം ഉണ്ടെന്നും അവർ അന്യോന്യം കണ്ട് ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
'രാഷ്ട്രീയം ആണ് ഇതിനു പിന്നിലുള്ളത് എന്ന് ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. രാഷ്ട്രീയ താതപര്യത്തിന് അനുസരിച്ച് ഒരു സംജ്ഞയുണ്ടാക്കുകയും അതിന്റെ ലേബലിൽ കുറെ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തിന് യോജിച്ച കാര്യമല്ല' - മെത്രാപ്പോലീത്ത വ്യക്തമാക്കി.
'ലവ് ജിഹാദ് വിഷയത്തെ രണ്ട് തലത്തിൽ കാണേണ്ടതുണ്ട്. ഒന്നാമതായി ഇതൊരു സാമൂഹിക വിഷയമാണ്. രണ്ടാമതായി രാഷ്ട്രീയമാണ്. സാമൂഹ്യ വിഷയത്തിൽ, നമ്മൾ ഒരു പേരുണ്ടാകുന്നു. പിന്നീട് നടക്കുന്ന എല്ലാറ്റിനെയും ആ പേരിനുള്ളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇതൊരു സാമൂഹിക പ്രതിഭാസമാണ്. വാസ്തവത്തിൽ അപ്രസക്തമായ ഒരു വിഷയമായാണ് ഇതിനെ മനസ്സിലാകുന്നത്. മാറിയ ലോകത്ത് പെൺകുട്ടികളും ആൺകുട്ടികളും ധാരാളം പരിചയപ്പെടാനും ഇടപെടാനും സാധ്യതയുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. സ്കൂൾ തലം മുതലേ ഇതുണ്ട്. ആ ഒരു സാഹചര്യത്തിൽ അവർ കാണുകയും ഇഷ്ടപ്പെടുകയും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്' - അദ്ദേഹം ചൂണ്ടിക്കാട്ടി.
പെൺകുട്ടികളും ആൺകുട്ടികളും അന്യോന്യം കാണട്ടെ. അവർക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാൻ തീരുമാനിക്കട്ടെ. അത് ഏതെങ്കിലും ഒരു മതത്തിൽ ചേരണമെന്ന് രണ്ടു കൂട്ടർക്കും തോന്നിയാൽ അങ്ങനെ ചെയ്യട്ടെ. അല്ല, ധാരാളം മനുഷ്യർ മതമില്ലാതെ ജീവിക്കുന്നവരുണ്ട്. അവർ അങ്ങനെ ജീവിക്കട്ടെ.യൂഹാനോൻ മാർ മിലിത്തിയോസ്
'എന്നാൽ കേരളത്തിലെ മത സാമൂഹിക പശ്ചാത്തലത്തിൽ ഒരു പ്രത്യേക സാഹചര്യമുണ്ട്. ഏതെങ്കിലും ഒരു കുടുംബത്തിൽ ആകുക എന്നുള്ളത് മാതാപിതാക്കളുടെ, സഹോദരങ്ങളുടെ എല്ലാം തുണ കിട്ടാൻ ആവശ്യമായ ഒരുകാര്യമാണ്. ചിലയിടങ്ങളിൽ അതു വേണ്ടാന്ന് വയ്ക്കും. ചിലർ അതു വേണമെന്ന് നിർബന്ധം പിടിച്ചാൽ ഒന്നുകിൽ പെൺകുട്ടി പുരുഷന്റെ മതത്തിലേക്ക മാറുകയോ അല്ലെങ്കിൽ പുരുഷൻ പെൺകുട്ടിയുടെ മതത്തിലേക്ക് മാറുകയോ ചെയ്യും. ഇതിനെ ഒരു കാരണവശാലും ലവ് ജിഹാദ് എന്ന പൊതു സംജ്ഞയ്ക്ക് അകത്ത് കൊണ്ടുവരാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല' - മെത്രാപ്പോലീത്ത പറഞ്ഞു. ലവ് ജിഹാദിനെ കുറിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ സമുദായമായിട്ട് പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലവ് ജിഹാദിനെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തീരുമാനിച്ച സാഹചര്യത്തിലാണ് തൃശൂർ മെത്രാപ്പോലീത്തയുടെ പ്രസ്താവന. ലവ് ജിഹാദ് തടയാൻ യുപി മാതൃകയിൽ പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് ബിജെപി പറയുന്നത്. പ്രകടനപത്രികയിൽ ഇതുൾപ്പെടുത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16