Top

കൂവിത്തോൽപിക്കാനാവാത്ത രാഷ്ട്രീയവുമായി ഒരാൾ

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഴുവൻ പരിമിതികളുടെയും അകത്ത് നിന്ന് കൊണ്ടാണ് ചെന്നിത്തല തന്റെ ആക്രമണോൽസുകത കാണിക്കുന്നത് എന്നത് കൂടിയാണ് പ്രധാനം

MediaOne Logo

ഡോ.ബദീഉസ്സമാൻ

  • Published:

    4 April 2021 12:43 PM GMT

  • Updated:

    2021-04-04 12:43:20.0

കൂവിത്തോൽപിക്കാനാവാത്ത രാഷ്ട്രീയവുമായി ഒരാൾ
X

ഒരാൾ ഉന്നയിക്കുന്ന ഗൗരവതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് മറുപടിയില്ലെങ്കിൽ അയാളെ നിശബ്ദനാക്കാൻ നിങ്ങൾക്കുള്ള എളുപ്പ വഴി അയാളെ വിഡ്ഢിയും ബുദ്ധി കുറഞ്ഞവനുമായി ചിത്രീകരിച്ച് പരിഹസിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് നേരെ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന പപ്പു വിളി മികച്ച ഉദാഹരണമാണ്. രാഹുലിന്റെ കഴിഞ്ഞ കുറെ വർഷത്തെ പ്രവർത്തനങ്ങളെ എടുത്ത് നോക്കൂ. ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളുടെ നാഡി ഞരമ്പുകളെ ഇത് പോലെ തൊട്ടറിഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ സമീപ കാല ഇന്ത്യയിൽ കാണാനാവില്ല. നോട്ട് നിരോധം, ആര്‍.എസ്.എസിന്റെ വർഗീയ വിഭജന ശ്രമം എന്നിവ തൊട്ട് കോവിഡ് കാലത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിന്റെ പാളിച്ചകൾ എന്നിവയിലൊക്കെ കൃത്യമായ വിശകലനങ്ങളും പരിഹാര മാർഗങ്ങളുമാണ് രാഹുൽ മുന്നോട്ട് വെച്ചിരുന്നത്. പക്ഷെ അവയെയൊക്കെ കൂവിത്തോൽപിക്കാനാണ് മോദിയും കൂട്ടരും ശ്രമിച്ചത്. ഒരു വേള, ആര്‍.എസ്.എസിന്റെ നിരന്തരമായ പപ്പു വിളികൾ കേട്ട് കോൺഗ്രസുകാർ പോലും ചിലപ്പോൾ പറയും, ആ ചെക്കൻ അത്ര പോര എന്ന്.

അവിടെ രാഹുൽ; ഇവിടെ രമേശ്

കേരളത്തിൽ ഈ തന്ത്രം പയറ്റുന്നത് രമേശ് ചെന്നിത്തലക്കെതിരെയാണ്. കേന്ദ്രത്തിൽ മോദിയാണെങ്കിൽ ഇവിടെ പിണറിയാണെന്ന വ്യത്യാസം. കേന്ദ്രത്തിൽ ബി.ജെ.പി മോദിയെ ബ്രാന്റ് ചെയ്തത് പോലെ തന്നെ കേരളത്തിൽ പിണറായി വിജയനെ നിരന്തര പരസ്യങ്ങളിലൂടെ ഒരു കൾട്ട് ഫിഗറായി പ്രതിഷ്ഠിച്ച് കൊണ്ടിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി മാത്രം ദൃശ്യപ്പെടുകയും ബാക്കിയുള്ളവർ ആ ഹൈപ്പർ വിസിബിലിറ്റിയിൽ അപ്രസക്തരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ മുമ്പ് കാണാത്ത തരത്തിലുള്ള വിഗ്രഹ വൽക്കരണം ഇരട്ടച്ചങ്കൻ മുതൽ ക്യാപ്റ്റൻ വരെയുള്ള നിരവധി വിളിപ്പേരുകളിലൂടെ ഉറപ്പിക്കപ്പെടുന്നു. മോദിയുടെ നയങ്ങളോടുള്ള വിയോജിപ്പുകൾ രാജ്യദ്രോഹ പ്രവർത്തനമാക്കി പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് തന്ത്രം പോലെ പിണറായിയുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരുദ്ധരും ക്ഷേമ പദ്ധതി മുടക്കികളുമായി ചിത്രീകരിച്ച് മൂലക്കിരുത്താൻ ശ്രമിക്കുന്നു.

ഇങ്ങനെയുള്ള കേരളത്തിലാണ് രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് പടയ്ക്കിറങ്ങുന്നത്.

പ്രതിപക്ഷ നേതാവെന്നാൽ

ഭരണകൂടത്തിന്റെ നയനിലപാടുകളെ കൃത്യമായി പിന്തുടർന്ന് അവയിലെ ക്രമക്കേടുകളെയും സ്വാർഥ താൽപര്യങ്ങളെയും ചൂണ്ടിക്കാണിക്കുകയും, ഉന്നയിക്കേണ്ട പ്രശ്നങ്ങളെ കൃത്യതയോടെ ജനസമക്ഷം കൊണ്ടുവന്ന് ഭരണം സുതാര്യതയോടെയാണ് നടക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണല്ലോ ഒരു പ്രതിപക്ഷത്തിന്റെ റോൾ. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ദൗത്യം.

അങ്ങനെയെങ്കിൽ, കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് പറയാവുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

സാധാരണ പ്രതിപക്ഷമുതിർക്കുന്ന ഉണ്ടയില്ലാ വെടികൾക്ക് പകരം തെളിവുകളോടെയും കാര്യകാരണങ്ങളോടെയും താൻ ഉയർത്തുന്ന പ്രശ്നങ്ങളെ ഉന്നയിക്കാൻ കഴിഞ്ഞ അഞ്ച് വർഷവും ചെന്നിത്തല കാണിച്ച ശുഷ്ക്കാന്തിയിൽ കൂടിയ എന്താണ് ഒരു പ്രതിപക്ഷ നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത്? കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഴുവൻ പരിമിതികളുടെയും അകത്ത് നിന്ന് കൊണ്ടാണ് ചെന്നിത്തല തന്റെ ആക്രമണോൽസുകത കാണിക്കുന്നത് എന്നത് കൂടിയാണ് പ്രധാനം.

കൂവിത്തോൽപിക്കാൻ സൈബർ പോരാളികൾ

ചെന്നിത്തല പ്രശ്നങ്ങൾ ഉന്നയിച്ചാൽ ഉണ്ടാകുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കൃത്യമായ ഒരു പാറ്റേൺ ഉണ്ട് അവയ്ക്ക്:

ചെന്നിത്തല ഒരു പുതിയ പ്രശ്നമുയർത്തിയാൽ ഉടനെ സൈബർ പോരാളികൾ പാഞ്ഞെത്തും. ഒരിക്കലും വിഷയത്തിന്റെ മർമത്തിലേക്ക് കടക്കുകയേ ചെയ്യില്ല. "വിഡ്ഢിത്തം പറഞ്ഞേ, ഹാ ഹാ" എന്ന് ആർത്ത് ചിരിക്കും. ഇരട്ടപ്പേര് ഉച്ചത്തിൽ വിളിച്ച് പരിഹസിക്കും. തങ്ങളുടെ ബഹളത്തിനിടയിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന പ്രശ്നങ്ങൾ ജനങ്ങൾ കേൾക്കാതെ പോകും എന്നാണ് അവരുടെ പ്രതീക്ഷ.

സാധാരണ പ്രതിപക്ഷമുതിർക്കുന്ന ഉണ്ടയില്ലാ വെടികൾക്ക് പകരം തെളിവുകളോടെയും കാര്യകാരണങ്ങളോടെയും താൻ ഉയർത്തുന്ന പ്രശ്നങ്ങളെ ഉന്നയിക്കാൻ കഴിഞ്ഞ അഞ്ച് വർഷവും ചെന്നിത്തല കാണിച്ച ശുഷ്ക്കാന്തിയിൽ കൂടിയ എന്താണ് ഒരു പ്രതിപക്ഷ നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത്

പക്ഷെ പതറിയിട്ടില്ല ചെന്നിത്തല. അലസ രാഷ്ട്രീയത്തിനും ഗ്രൂപ്പുകളി വെട്ടു തടകൾക്കും മാത്രം പ്രസിദ്ധമായ കോൺഗ്രസിൽ നിന്ന് കൊണ്ട് സുസജ്ജരായ സൈബർ അക്ഷൗഹിണിപ്പടകൾക്ക് നടുവിൽ നിന്ന് തേര് തെളിക്കുന്ന സ്വയം പ്രഖ്യാപിത ക്യാപ്റ്റനെ നേരിടാൻ കാണിക്കുന്ന തളരാത്ത ആത്മവിശ്വാസമാണ് ചെന്നിത്തലയെന്ന പ്രതിപക്ഷ നേതാവിന്റെ ഹൈലൈറ്റ്.

അതിനാൽ ഉന്നയിക്കപ്പെട്ട ഓരോ സന്ദർഭങ്ങളിലും, രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയങ്ങൾ ഗൗരവതരമാണെന്നും സർക്കാറിന് ഒളിക്കാനും മറയ്ക്കാനും ഒരു പാടുണ്ട് എന്നും ജനങ്ങൾ മനസ്സിലാക്കുന്നു. അന്വേഷണം വരുന്നു... കോടതി ഇടപെടലുണ്ടാവുന്നു... അവർ പറഞ്ഞ അത്രയില്ല എന്ന് സൈബർ പോരാളികൾ പരസ്പരം ആശ്വസിപ്പിക്കുന്നു...

സ്പ്രിങ്ക്ളർ മുതൽ ഇരട്ട വോട്ട് വരെ

കഴിഞ്ഞ ഒരൊറ്റ വർഷത്തെ പ്രതിപക്ഷ നേതാവെന്ന നിലയിലെ ചെന്നിത്തലയുടെ പ്രകടനം ഒന്ന് ഓഡിറ്റ് ചെയ്ത് നോക്കൂ.

കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് രോഗികളുടെ ഡാറ്റ കൈകാര്യം ചെയ്യാൻ സ്പ്രിങ്ക്ളറുമായി കരാർ ഒപ്പിട്ടതിൽ ചെന്നിത്തല അഴിമതിയും ഡാറ്റാ ചോർച്ചാ സാധ്യതയും ആരോപിച്ചപ്പോൾ ചെന്നിത്തലയ്ക്കെന്ത് ഡാറ്റ എന്ന ധാർഷ്ട്യം കലർന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ന്യായീകരണക്കാരെ മുഴുവൻ നിരാശപ്പെടുത്തി മെയ് അവസാനത്തോടെ സർക്കാർ കരാറിൽ നിന്ന് പിൻവാങ്ങി.

ഇത്തരത്തിൽ പതിനഞ്ചോളം വിഷയങ്ങളിലാണ് ചെന്നിത്തലയുടെ ഇടപെടൽ മൂലം സർക്കാറിന് പിന്തിരിയേണ്ടി വന്നത്. ഇവയിലൊക്കെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല ഉയർത്തിയ പ്രതിരോധത്തെ കേരളം മാനിച്ചേ പറ്റൂ.

ആഴക്കടൽ മൽസ്യബന്ധനത്തിന് EMCC എന്ന അമേരിക്കൻ കമ്പനിയുമായി കരാറിലേർപ്പെട്ട് വിവാദമായപ്പോൾ അങ്ങനെയൊന്ന് അറിയുകയേ ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ വിശദാംശങ്ങൾ ചെന്നിത്തല പുറത്ത് വിട്ടപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനായി ശ്രമം. എന്തായാലും ചെന്നിത്തല ഉയർത്തിയ പ്രശ്നം ഗൗരവതരമായിരുന്നു എന്ന് മനസ്സിലായി.

ഏറ്റവും അവസാനം ഇരട്ട വോട്ട് പ്രശ്നം ചെന്നിത്തല ഉയർത്തിയപ്പോൾ അങ്ങനെയൊരു പ്രശ്നമേ ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്. കമ്മീഷനും കോടതിയുമൊക്കെ ഇടപെട്ടപ്പോഴാണ് ജനാധിപത്യ അട്ടിമറിയുടെ ആഴം ജനമറിയുന്നത്.

ഇത്തരത്തിൽ പതിനഞ്ചോളം വിഷയങ്ങളിലാണ് ചെന്നിത്തലയുടെ ഇടപെടൽ മൂലം സർക്കാറിന് പിന്തിരിയേണ്ടി വന്നത്. ഇവയിലൊക്കെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല ഉയർത്തിയ പ്രതിരോധത്തെ കേരളം മാനിച്ചേ പറ്റൂ.

ഭരണപരമായി തികഞ്ഞ പരാജയമായിട്ടും പണം വാരിയെറിഞ്ഞ പി.ആർ. പ്രവർത്തനവും നിർലോഭമായിക്കിട്ടിയ മാധ്യമ പിന്തുണയും ആധാരമാക്കി ഭരണത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന കേരളത്തിലാണ് ഇത് രണ്ടുമില്ലാതെ ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കുന്നത്.

ഇത്ര നല്ല പ്രതിപക്ഷ നേതാവാണെങ്കിൽ ഇനിയും പ്രതിപക്ഷനേതാവായിത്തന്നെ ഇരുന്നോട്ടെ എന്നാണ് ഇപ്പോഴത്തെ പരിഹാസം. കാലാകാലം മുഖ്യമന്ത്രി പദവിയിലിരിക്കും എന്ന് കരുതുന്ന ചിലരെ പ്രതിപക്ഷത്തിരുത്തി, പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാൻ വേണ്ട കോപ്പ് തന്റെ കയ്യിലുണ്ട് എന്ന് ചെന്നിത്തല ഇതിനകം തെളിയിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story