Top

നേമത്ത് ആര് ജയിക്കും?

ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

മുഹമ്മദ് അസ്‍ലം

  • Published:

    21 March 2021 3:51 PM GMT

  • Updated:

    2021-03-21 15:51:41.0

നേമത്ത് ആര് ജയിക്കും?
X

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലത്തിലാണ്. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. അതുതന്നെയാണ് നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. നേമം പിടിച്ചെടുക്കാന്‍ യു.ഡി.എഫിന് വേണ്ടി കെ മുരളീധരന്‍ പറന്നിറങ്ങി. ബി.ജെ.പിയുടെ ഏക സീറ്റ് നിലനിർത്താന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാൻ വി ശിവന്‍കുട്ടിയുമുണ്ട്. നേമം ബി.ജെ.പി പിടിച്ച ശേഷം ഒരു പൊതു തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമായിരുന്നു അന്ന് നടന്നത്. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോൾ ഏറെക്കുറെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് നേമത്ത് ഉരുത്തുരിയിരുന്നത്.

എന്നാൽ 2016 ലെയും 2011 ലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകൾ വ്യത്യസ്തമാണ്.

2016

BJP - 67,813

CPM - 59,142

Cong - 13,860

2011

CPM - 50,076

BJP - 43,661

Cong - 20,248

ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ജെ.ഡി.യു എന്ന ഘടകക്ഷിയുടെ സ്ഥാനാർഥിത്വം മുതല്‍ മണ്ഡലത്തിലെ സംഘടനാ ദൗർബല്യം ഉള്‍പ്പെടെ പലതും കോണ്‍ഗ്രസിന്‍റെ പിന്നോട്ടുപോക്കിന് കാരണമാണ്.

ഇതിൽനിന്ന് വ്യത്യസ്തമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍. കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ച 2014 ലെയും 2019 ലെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ വോട്ട് വിഭജനം ഇങ്ങനെയാണ്.

2019

BJP - 58,513

Cong - 46,472

CPM - 33,921

2014

BJP - 50,685 42%

Cong - 32,63927%

CPM - 31,643 26 %

ബി.ജെ.പിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിച്ചപ്പോള്‍ കേഡർ വോട്ട് മാത്രം നേടി എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. 2014 ല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില് 18,046 വോട്ടിന്‍റെ വ്യത്യാസമുണ്ടായിരുന്നു. 2019 ആയപ്പോള്‍ ബി.ജെ.പിയും കോണ്‍‌ഗ്രസും തമ്മിലെ വ്യത്യാസം 12,041 ആയി കുറഞ്ഞു.

ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ മാറ്റം

ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കുന്ന മതേതര സ്ഥാനാർഥിയിലേക്ക് ന്യൂനപക്ഷങ്ങളുടേതടക്കം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ മാറുന്നതായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മനസിലാക്കാന്‍ കഴിയും. ഇത്തവണയും ഇതില്‍ മാറ്റമുണ്ടാകില്ല. കെ മുരളീധരന്‍ നല്ല പ്രകടനം കാഴ്ച വെച്ചാല്‍ മുരളിയിലേക്കും ശിവന്‍കുട്ടി നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ മാറും.

നോക്കേണ്ടത് ലോക്സഭാ കണക്കുകള്‍

കെ മുരളീധരിനിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസ് തയാറാടെക്കുമ്പോള്‍ പരിഗണിക്കേണ്ടത് ലോക്സഭാ കണക്കുകളാണെന്ന് പറയേണ്ടിവരും. അങ്ങനെനോക്കുമ്പോള്‍ 12000 മുതല്‍ 18000 വരെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലെ വോട്ടു വ്യത്യാസം. അതായത് ബി.ജെ.പിക്ക് ലഭിച്ചതില്‍ നിന്ന് 6000 മുതല്‍ 9000 വരെ വോട്ട് ആകർഷിക്കാന്‍ മുരളീധരനായാല്‍ നേമത്ത് മുരളിക്ക് വിജയിക്കാനാകുമെന്ന് ചുരുക്കം.

ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളില്‍ വിഭജനമുണ്ടാകുമോ?

2016 ല്‍ ഒ രാജഗോപാലിന് ലഭിച്ചത് ബി.ജെ.പി അനുകൂല വോട്ട് മാത്രമല്ല. ഏറെക്കാലമായി മത്സരിച്ച് ഒ രാജഗോപാലിനോട് തോന്നിയ സഹതാപമായി ലഭിച്ച വോട്ടുകളുമുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ കെ മുരളീധരന് ബി ജെ പിക്ക് ലഭിച്ച തീവ്രസ്വഭാമല്ലാത്ത ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഹിന്ദു വോട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് സ്വാധീനിക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനോ വി ശിവന്‍കുട്ടിക്കോ കഴിയണമെന്നില്ല. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ മതേതര ക്യാമ്പില്‍ നേരിയ മുന്‍തൂക്കം മുരളീധരന് നേമത്തുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല

വെല്ലുവിളിയാവുക സംഘടനാ ശേഷി

ബൂത്ത് കമ്മിറ്റികള്‍പോലുമില്ലാതിരുന്ന നേമത്തെ സംഘടനാ ശേഷിയാകും മുരളിക്ക് വെല്ലുവിളിയാവുക. പ്രചരണത്തിലൂടെ സ്വാധീനിക്കുന്ന വോട്ട് പോളിങ് ബൂത്തിലെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പ്രവർത്തിച്ചില്ലെങ്കില്‍ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിയും. നേമത്തെ 22 കോർപറേഷന്‍ വാർഡുകളില്‍ 14 ഉം ബി ജെ പിക്കാണ്. ബാക്കിയുള്ള 8 എണ്ണം എല്‍ ഡി എഫിനും. ഒരു വാർഡുപോലും കോണ്‍ഗ്രസിനില്ല എന്നത് കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗർബല്യം വ്യക്തമാക്കുന്നതാണ്. മുരളി-ശിവന്‍കുട്ടി മത്സരത്തില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം കൂടി ഉണ്ടായാലും ബി ജെ പി ക്കാകും ഗുണം ലഭിക്കുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story