LiveTV

Live

Opinion

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

വേണം, വീട്ടമ്മമാര്‍ക്കും ഒരു വരുമാനമെന്ന മുദ്രാവാക്യം ഉയര്‍ന്ന് തുടങ്ങിയിട്ട് കാലങ്ങളായി. അത് ശമ്പളമാണോ, കൂലിയാണോ, പെന്‍ഷനാണോ ക്ഷേമനിധിയാണോ ആരാണ് അത് നല്‍കേണ്ടത് എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

''ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചു കൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും...''- നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തിയ ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയായാണ് വീട്ടമ്മമാര്‍ക്കും പെന്‍ഷനെന്ന, വാഗ്ദാനത്തെ കേരളം കൂട്ടിവായിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഇത് നടപ്പാക്കുന്നതെങ്ങനെയെന്ന് തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാര്‍ തീരുമാനിക്കും.

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

കഴിഞ്ഞില്ല, യുഡിഎഫ് പ്രകടനപത്രികയും പുറത്തുവന്നിട്ടുണ്ട്. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍ രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കുമെന്നാണ് യുഡിഎഫിന്‍റെ വാഗ്ദാനം. ഇത് പെന്‍ഷനാണോ ശമ്പളമാണോ എന്നൊന്നും യുഡിഎഫ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടില്ല.

തമിഴ്‍നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കും ശമ്പളം നല്‍കുമെന്ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കമല്‍ഹാസനും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വീട്ടുജോലി ഓഫീസ് ജോലിയായി പരിഗണിച്ച് മാസം 1000 രൂപ വീട്ടമ്മമാര്‍ക്ക് നല്‍കുമെന്ന് ഡിഎംകെയുടെ പ്രകടനപത്രികയിലൂടെ എം.കെ സ്റ്റാലിനും വാഗ്ദാനം ചെയ്തു. തമിഴ്നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു സ്റ്റാലിന്‍റെ വാഗ്ദാനം. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ ഇട്ട ട്വീറ്റ് ട്വീറ്ററില്‍ വന്‍ വിവാദത്തിനും വഴിവെച്ചു.

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമെല്ലാം വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് മുന്നണികള്‍. വീട്ടമ്മമാരും 'വോട്ടുബാങ്കാ'ണ് എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പ്രകടപത്രികയിലെ ഈ വാഗ്ദാനങ്ങള്‍.

വീട്ടമ്മ, കുടുംബിനി, ഗൃഹനാഥ എന്നൊക്കെ നമ്മുടെ ഭാഷയിലും ഹൗസ് വൈഫ്, ഹോം മെയ്ക്കര്‍ എന്നൊക്കെ സായിപ്പിന്‍റെ ഭാഷയിലും വിളിക്കപ്പെടുന്നവര്‍. എന്താണ് ആ വാക്കിന് നാം നല്‍കുന്ന നിര്‍വചനം? വീട്ടിലെ അംഗങ്ങള്‍ക്കെല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ഉണ്ടാക്കാനുള്ള ഒരാള്‍ എന്നാണോ? ആ ജോലി ആ ഒറ്റ വാക്കില്‍ ഒതുങ്ങുന്നതാണോ? കറിക്കരിയുന്നത് മുതല്‍ പാത്രം കഴുകി, അടുക്കള വൃത്തിയാക്കുന്നതുവരെ നീളുന്ന ഒരു പ്രക്രിയയാണത്. എല്ലാ ദിവസവും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞില്ല, വീട് വൃത്തിയാക്കല്‍, തുണിയലക്കല്‍, കുഞ്ഞുങ്ങളെ നോക്കല്‍, അവരെ പഠനത്തില്‍ സഹായിക്കല്‍, പ്രായമായവര്‍ ഉണ്ടെങ്കില്‍ അവരുടെ പരിചരണം. വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍, പൂന്തോട്ടമുണ്ടെങ്കില്‍ കാണാജോലികള്‍ പിന്നെയും കൂടും... ഇങ്ങനെയാണ് ഒരു ശരാശരി വീട്ടമ്മയുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഒറ്റ പൈസ കൂലിയില്ലെങ്കിലും ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ഒരു വിഭാഗം. രാവിലെ നേരം വെളുക്കുന്നതിന് മുമ്പ് എഴുന്നേറ്റാല്‍ തുടങ്ങുന്ന പണി, പാതിരാത്രി ഒന്നുചെന്ന് കിടന്നുകഴിഞ്ഞാലും പിറ്റേന്ന് രാവിലേക്കുള്ള വല്ലതും മറന്നോ എന്ന ചിന്തയില്‍ വീണ്ടും അടുക്കളയിലേക്കുള്ള വാതില്‍ തുറക്കുന്നതിലേക്കാണ് നീളുന്നത്.

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

വേണം, വീട്ടമ്മമാര്‍ക്കും ഒരു വരുമാനമെന്ന മുദ്രാവാക്യം ഉയര്‍ന്ന് തുടങ്ങിയിട്ട് കാലങ്ങളായി. അത് ശമ്പളമാണോ, കൂലിയാണോ, പെന്‍ഷനാണോ ക്ഷേമനിധിയാണോ എന്നും, ആരാണ് അത് നല്‍കേണ്ടത് എന്നും ഒക്കെയുള്ള ചര്‍ച്ചകളും സജീവമായിരുന്നു. വീട്ടമ്മമാര്‍ക്ക് മാസശമ്പളമെന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റേതാണ്. 2012 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്‍റെ കാലത്ത് വനിതാ-ശിശുക്ഷേമ വികസന വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ തിരാത്താണ് ഈ ആശയം മുന്നോട്ടുവെച്ചത്. 2012 സെപ്തംബര്‍ 17,18 തീയതികളിലായി സംസ്ഥാന മന്ത്രിമാരുടെ യോഗത്തിലായിരുന്നു ഈ ആശയം അവര്‍ പ്രഖ്യാപിച്ചത്. അതുപ്രകാരം വീട്ടമ്മമാരുടെ വേതനം നിശ്ചയിക്കാനായി ഒരു സര്‍വേ നടത്തിയിരുന്നു. സര്‍വേയുടെ അടിസ്ഥാനത്തില്‍ കരടുരേഖ തയ്യാറാക്കി പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും അതുപ്രകാരം നിലവില്‍ വരുന്ന നിയമപ്രകാരം ഭാര്യക്ക് ഭര്‍ത്താവ് തന്‍റെ വരുമാനത്തിന്‍റെ 10-20 ശതമാനം വരുന്ന തുക മാസ ശമ്പളമായി നല്‍കണമെന്നുമായിരുന്നു അന്നത്തെ പദ്ധതി.

'ഭര്‍ത്താവ് ഭാര്യയ്ക്ക് മാസ ശമ്പളം കൊടുക്കുക' എന്ന ആ പദ്ധതി പ്രകാരം അന്ന് ഉയര്‍ന്ന് സംശയങ്ങള്‍ ഒരുപാടാണ്... വീട്ടിലെ ജോലി മുഴുവന്‍ പേറുന്ന സ്ത്രീ, ഭാര്യ തന്നെ ആയിരിക്കുമോ?, അവള്‍ അമ്മയായിക്കൂടെ? അമ്മക്ക് മക്കള്‍ മാസം ശമ്പളം കൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ? വിവാഹം അകന്നുമാറിനിന്ന അമ്മായിക്ക് ആര് ശമ്പളം കൊടുക്കും? അവരല്ലേ വീട്ടുജോലി മുഴുവനും എടുക്കുന്നത്? ഭര്‍ത്താവു മരിച്ച് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പെങ്ങളാണ് വീട്ടുജോലി ചെയ്യുന്നതെങ്കില്‍ അവള്‍ക്കാര് ശമ്പളം നല്‍കും? ഭര്‍ത്താവ് അസുഖബാധിതനായി ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലുള്ളവനാണെങ്കില്‍ ഭാര്യക്ക് ആര് ശമ്പളം കൊടുക്കും? എത്ര മണിക്കൂറാണ് ജോലി സമയം? വേതനത്തിനൊപ്പം ലീവ്, ഒഴിവു ദിവസം എന്നിവകൂടി ലഭിക്കുമോ? ഭാര്യയെ തൊഴിലാളിയും ഭര്‍ത്താവിനെ മുതലാളിയുമാക്കുന്ന നിയമം വിവാഹമെന്ന കരാറിനെ പരിഹസിക്കുക കൂടിയല്ലേ? ഇനി ഇങ്ങനെ ഭാര്യക്ക് ഭര്‍ത്താവ് ശമ്പളം കൊടുക്കുകയാണെങ്കില്‍, അവള്‍ വെച്ചുണ്ടാക്കിയ ആഹാരം അവള്‍ക്ക് കഴിക്കണമെങ്കില്‍ അങ്ങോട്ട് കാശു കൊടുക്കേണ്ടി വരില്ലേ? ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്, അയാള്‍/അവള്‍ ചെയ്യുന്ന ജോലിക്കുള്ള കൂലി ലഭിക്കും. പക്ഷേ, ആ ഫാക്ടറിയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഉല്‍പന്നം കാശ് കൊടുത്ത് വാങ്ങേണ്ടിവരുമെന്നു മാത്രം. ഈ അവസ്ഥയാവില്ലേ നമ്മുടെ കുടുംബങ്ങളിലും?

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു വിധി പ്രസ്താവിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഒരു നിശ്ചിത വരുമാനം നല്‍കുന്നത് വളരെ പ്രധാനമാണെന്നും അത് സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2014ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് 40.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിന്മേല്‍ ഡല്‍ഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചു. വാഹനാപകടത്തില്‍ മരിച്ച പൂനം-വിനോദ് ദമ്പതികളില്‍ പൂനം വീട്ടമ്മയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചത്. എന്നാല്‍ കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയര്‍ത്തി. വീട്ടിലെ ഒരു സ്ത്രീയുടെ ജോലിയുടെ മൂല്യം ഭര്‍ത്താവിന്‍റെ ഓഫീസ് ജോലിയേക്കാള്‍ ഒട്ടും കുറവല്ലെന്നായിരുന്നു സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതിനിടെ നിരീക്ഷിച്ചത്.

1920-കളില്‍ തന്നെ 'വീട്ടമ്മക്ക് വേതനം' എന്ന ചര്‍ച്ചക്ക് ഓസ്‌ട്രേലിയയില്‍ തുടക്കം കുറിച്ചിരുന്നു. പക്ഷേ, വീട്ടുജോലിയെ ഒരു സാമ്പത്തിക പ്രവര്‍ത്തനമായി പരിഗണിച്ചത് വെനിസ്വലേയാണ്. വെനിസ്വലേയുടെ പ്രസിഡണ്ട് ഹ്യൂഗോ ചാവേസാണ് 2006 ഫെബ്രുവരി 13-ന് ഈ ചരിത്രപ്രധാനമായ തീരുമാനമെടുത്തത്. മിനിമം കൂലിയുടെ 80 ശതമാനമാണ് അന്ന് അവിടെ വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയത്.

ആഗോളതലത്തില്‍ ഗ്ലോബല്‍ വിമന്‍സ് സ്‌ട്രൈക്ക് എന്ന സംഘടന ഈ ആവശ്യമുയര്‍ത്തി കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം കാലമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. വീട്ടുജോലിക്ക് കൂലികൊടുക്കുന്ന മുതലാളിയായി സര്‍ക്കാരിനെ കാണാന്‍ നിയമത്തില്‍ വകുപ്പില്ല എന്നാണ് കേന്ദ്രതലത്തിലെ വീട്ടമ്മമാരുടെ യൂണിയന്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രേഡ് യൂണിയന്‍ രജിസ്ട്രാറെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി. വീട്ടമ്മമാരെയും തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യമുയര്‍ത്തി കേരളത്തില്‍ 2012 മാര്‍ച്ചില്‍ രൂപീകൃതമായ സംഘടനയാണ് 'വുമന്‍സ് വോയ്‌സ്'. വീട്ടുവേലക്ക് മിനിമം കൂലി ബില്ലു കൊണ്ടുവരിക, സ്ത്രീകളുടെ വീട്ടുജോലി ഒരു തൊഴിലായി ദേശീയതലത്തില്‍ അംഗീകരിക്കുക, വീട്ടമ്മ തൊഴിലാളി- സര്‍ക്കാര്‍ തൊഴിലുടമ എന്ന വസ്തുതയും അംഗീകരിക്കുക, കാലാനുസൃതമായ മിനിമം വേതനം വീട്ടമ്മമാര്‍ക്കും നല്‍കുക, 60 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരിക എന്നൊക്കെയാണ് ഈ സംഘടനയുടെ ആവശ്യങ്ങള്‍.

പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?

വനിതാകമ്മീഷന്‍ നിയമപ്രകാരം വീട്ടമ്മമാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഭരണഘടന ആര്‍ടിക്ക്ള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശവും ആര്‍ടിക്ക്ള്‍ 15 (3) പ്രകാരം വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രത്യേകം ആനുകൂല്യം നല്‍കാനും ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും കേരള വനിതാ കമ്മീഷന്‍ ആക്ട് 16 പറയുന്നു. നാഷണല്‍ വനിതാ കമ്മീഷന്‍ ആക്ട് വകുപ്പ് 10 പ്രകാരം വീട്ടമ്മമാരുടെ സേവനത്തിന് പ്രതിഫലം നല്‍കാന്‍ ഭരണഘടന നിര്‍ദേശിക്കുന്നു. ജീവിക്കാനുള്ള അവകാശവും വീട്ടമ്മമാര്‍ക്ക് പ്രത്യേക ആനുകൂല്യവും ഭരണഘടന ഉറപ്പുനല്‍കുന്നു.

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന വിഷയത്തില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജി വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ നയ തീരുമാനങ്ങളാണ്, അതിനാല്‍ കോടതിക്ക് ഇടപെടാന്‍ പരിമിതി ഉണ്ട്, ഈ ആവശ്യമുന്നയിച്ച് സാമൂഹ്യക്ഷേമ വകുപ്പിനെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു കേസിന്‍റെ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം. എന്നാല്‍ ഈ വിഷയത്തില്‍ 'എല്ലാ വീട്ടമ്മമാര്‍ക്കും അവരുടെ ജോലിഭാരം പരിഗണിച്ച് പ്രത്യേകമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഇക്കാര്യം തത്ക്കാലം പരിഗണനയിലില്ല' എന്നായിരുന്നു 2012 ല്‍ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്നു എം.കെ മുനീര്‍ നല്‍കിയ മറുപടി.

ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീകളാണ്. വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നതിലേറെയും അവരാണ്. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വരെ സര്‍ക്കാര്‍ പെന്‍ഷനും ക്ഷേമനിധികളുമുണ്ട്. വാര്‍ധക്യകാല പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, വിധവ പെന്‍ഷന്‍ പോലെയുള്ള ക്ഷേമപദ്ധതികളിലൊന്നും ഇനിയും ഉള്‍പ്പെടാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകും വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ എന്ന തീരുമാനം. വീട്ടമ്മയെന്നാല്‍ ഭാര്യ, കുടുംബനാഥ എന്നീ പരിഗണനകള്‍ മാറ്റിവെച്ച് മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്ലാത്ത സ്ത്രീകളെയെല്ലാം പെന്‍ഷന്‍ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഭരണത്തിലേറിയാല്‍ ഇടതുപക്ഷത്തിന്‍റെ ശ്രദ്ധ പതിയേണ്ട പ്രധാന കാര്യം.

60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാര്‍ധക്യ പെന്‍ഷന്‍ ലഭ്യമാക്കിയ സംസ്ഥാനമാണ് കേരളം. 60 വയസ്സുവരെയുള്ള വീട്ടമ്മമാര്‍ക്കാണ് പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ പെന്‍ഷന്‍ ലഭ്യമാകുക എന്ന് ചുരുക്കം. ഇനി ഇത് നേടിയെടുക്കാന്‍ അടുക്കള പണിമുടക്ക് പോലുള്ള സമരങ്ങള്‍ ഒക്കെ കാണേണ്ടിവരുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.