LiveTV

Live

Opinion

ഇന്ത്യയിൽ കൊടുങ്കാറ്റിളക്കിയ ഈ റിഹാന ആരാണ്?

ഇന്ത്യൻ സെലിബ്രിറ്റികൾക്ക് സ്വപ്‌നം കാണാവുന്നതിനും ഉയരത്തിലാണ് റിഹാനയുടെ റീച്ച്‌

ഇന്ത്യയിൽ കൊടുങ്കാറ്റിളക്കിയ ഈ റിഹാന ആരാണ്?

കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങിയ കർഷകരെ പിന്തുണച്ച് രംഗത്തെത്തിയ പോപ് ഗയിക റിഹാനയെ ഗൂഗിളിൽ തിരയുകയാണ് ഇന്ത്യക്കാർ. കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക് പുറമെ ഇൻറർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയാണ് റിഹാന ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ''എന്തുകൊണ്ടാണ് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്'' കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെ ചിത്രങ്ങളോടൊപ്പം രഹാന ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കകം റീട്വീറ്റുകളും സ്‌ക്രീൻഷോട്ടുകളുമായി വാർത്ത സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.

ട്വീറ്റിന് പിന്നാലെ വന്നു, ബോളിവുഡ് മുതൽ ക്രിക്കറ്റ് വരെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾ.

'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം'- സചിൻ ടെൻഡുൽക്കർ പ്രതികരിച്ചതിങ്ങനെയായിരുന്നു.

ഇതും വലിയ വാർത്തയായി. കർഷകരെ പിന്തുണച്ചുള്ള റിഹാനയുടെ ട്വീറ്റിന് പിന്നാലെ ബോളീവുഡ് നടി കങ്കണയടക്കമുള്ള ബി.ജെ.പി അനുഭാവികൾ രൂക്ഷ പ്രതികരണവുമായാണ് രംഗത്തെത്തിയത്.

ഇന്ത്യയിൽ കൊടുങ്കാറ്റിളക്കി വിട്ട ഈ റിഹാന ആരാണ്? പാശ്ചാത്യ ഗായികയായ അവർക്ക് ഇന്ത്യയിലെ കർഷകരുടെ പ്രശ്‌നത്തിൽ എന്താണിത്ര താൽപര്യം?

ഇന്ത്യയിൽ കൊടുങ്കാറ്റിളക്കിയ ഈ റിഹാന ആരാണ്?

റോബിൻ റിഹാന ഫെൻറി എന്നാണ് രിഹാനയുടെ മുഴുവൻ പേര്.

കരീബിയൻ ദ്വീപായ ബാർബഡോസിൽ 1988-ൽ ജനിച്ച അവർ ഇന്നിപ്പോൾ അറിയപ്പെടുന്നത് ഗായിക എന്ന പേരിൽ മാത്രമല്ല. ഗായിക, അഭിനേത്രി, സംരഭക, നയതന്ത്രജ്ഞ അങ്ങനെ വിശേണങ്ങളേറെയുണ്ട് ഈ 32 കാരിക്ക്.

ലോകമെമ്പാടുമായി 20 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള റിഹാന, ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാൾ കൂടിയാണ്. എട്ട് ഗ്രാമി അവാർഡുകളും 12 അമേരിക്കൻ സംഗീത പുരസ്‌കാരങ്ങളും അവർ നേടി. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും റിഹാനയെ ലോകത്തെ ഏറ്റവും ശക്തരായസെലിബ്രിറ്റികളുടെ പട്ടികയിലും, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തി.

റിഹാന അവര്‍ കരുതിയ ആളല്ല

പോപ്പ് ഗായികയായി കോടിക്കണക്കിന് സംഗീത പ്രേമികളുടെ മനംകവർന്ന റിഹാനക്ക്, ഗവൺമെന്റിനു വേണ്ടി ട്വീറ്റ് ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികൾക്ക് സ്വപ്‌നം കാണാൻ പോലും കഴിയാത്തത്ര ആരാധക പിന്തുണയും വിപണി മൂല്യവും സമ്പത്തുമുണ്ട്. സച്ചിൻ ടെണ്ടുൽക്കറോ കങ്കണ റണാവട്ടോ പറഞ്ഞാൽ കേൾക്കുന്നതിന്റെ പതിൻമടങ്ങാണ് അവരുടെ റീച്ച്.

സെലിബ്രിറ്റി പദവി വെറും സുഖലോലുപതയ്ക്കും സ്വന്തം കാര്യത്തിനും വേണ്ടിയല്ലാതെ, മനുഷ്യത്വത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് അവരുടെ ഹൈലൈറ്റ്. ഗവൺമെന്റ് പറഞ്ഞാൽ മുട്ടിലിഴയുന്ന ഇന്ത്യൻ സെലിബ്രിറ്റികൾക്ക് അത്ര പരിചയമില്ലാത്ത ആ ക്ലബ്ബിൽ അവർ ഒറ്റയ്ക്കല്ല താനും.

2006 ൽ, റിഹാനയ്ക്ക് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ക്യാൻസർ, എയ്ഡ്‌സ്, രക്താർബുദം തുടങ്ങിയ മാരകമായ രോഗങ്ങളുള്ള കുട്ടികളെ സഹായിക്കുന്നതിനായി ബിലീവ് ഫൗണ്ടേഷൻ എന്നൊരു സംഘടനക്ക് അവർ രൂപം നൽകി. ഇതിലൂടെ ലക്ഷക്കണക്കിന് നിരാലംബരായ കുട്ടികൾക്കാണ് രിഹാന ആശ്രയമായത്.

സെലിബ്രിറ്റി പദവി വെറും സുഖലോലുപതയ്ക്കും സ്വന്തം കാര്യത്തിനും വേണ്ടിയല്ലാതെ, മനുഷ്യത്വത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് അവരുടെ ഹൈലൈറ്റ്. ഗവൺമെന്റ് പറഞ്ഞാൽ മുട്ടിലിഴയുന്ന ഇന്ത്യൻ സെലിബ്രിറ്റികൾക്ക് അത്ര പരിചയമില്ലാത്ത ആ ക്ലബ്ബിൽ അവർ ഒറ്റയ്ക്കല്ല താനും.

ലോകമെങ്ങുമുള്ള ദരിദ്രരായ ജനങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സഹായം നൽകുന്നതിനായി 2012-ൽ അവർ സാറ ലയണൾ ഫൗണ്ടേഷൻ രൂപീകരിച്ചു. സ്വയം സംഭാവന നൽകുന്നതിനൊപ്പം ഓരോ വർഷവും മറ്റു സെലിബ്രിറ്റികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. 2018-ൽ ആഫ്രിക്കൻ രാജ്യമായ സെനഗലിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺഫറൻസിനായി 200 കോടി ഡോളറാണ് അവർ സമാഹരിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളെ കൂടി ഇതിന്റെ ഭാഗമാക്കാൻ അവർക്ക് കഴിഞ്ഞു.

യുദ്ധം കാറ്റാടി യന്ത്രത്തോടോ?

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നാലാമത്തെ വ്യക്തിയാണ് രിഹാന. 101 മില്യൺ ആളുകളാണ് ട്വിറ്ററിൽ അവരെ ഫോളോ ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് 35 മില്യണും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 65 മില്യണും ഫോളോവേഴ്‌സ് മാത്രമേ ട്വിറ്ററിലുള്ളൂ എന്നോർക്കണം.

റിഹാനയുടെ ആരാധർ ലോകമെങ്ങും പരന്നു കിടക്കുന്നതായതിനാൽ, അവർ പറയുന്ന വാക്കുകൾ കേൾക്കുന്നത് ലോകം മുഴുക്കെയാണ്. അതുകൊണ്ടുതന്നെ, സർക്കാർ വിലാസം സെലിബ്രിറ്റികളെ രംഗത്തിറക്കി റിഹാനയോട് യുദ്ധം ചെയ്യുന്ന ബി.ജെ.പി ഗവൺമെന്റ്, കാറ്റാടി യന്ത്രത്തോട് യുദ്ധം ചെയ്യാൻ പോയ കഥാപാത്രത്തെ മാത്രമാണ് ഓർമിപ്പിക്കുന്നത്.