ഗണേശപുരമായി തുടരുമോ പത്തനാപുരം?
വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോള്‍ പത്തനാപുരത്തെ പോര്ക്കളത്തിനും ചൂട് പിടിക്കുകയാണ്

കഴിഞ്ഞ തവണ താരപോരാട്ടം നടന്ന മണ്ഡലമാണ് പത്തനാപുരം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റില്‍ എം.എല്‍.എ ഗണേഷ് കുമാറും, കോണ്‍ഗ്രസിന് വേണ്ടി നടന് ജഗദീഷും ബി.ജെ.പിക്കായി ഭീമന് രഘുവുമാണ് പോരാടിയത്. മൂന്ന് നടന്മാരും മണ്ഡലത്തിന്റെ നായകനാകാന്‍ മത്സരിച്ച ദിനങ്ങള്‍. പക്ഷെ ജനവിധിയുടെ റിലീസ് ദിനത്തില്‍ ബോക്സോഫോസില്‍ ഹിറ്റായത് കെ.ബി ഗണേഷ് കുമാറിന്റെ ഓട്ടോറിക്ഷയാണ്. കാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗണേഷ് പത്തനാപുരത്തിന്റെ സൂപ്പര്‍സ്റ്റാറായത്. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോള്‍ പത്തനാപുരത്തെ പോര്ക്കളത്തിനും ചൂട് പിടിക്കുകയാണ്.

കൊടി പറത്താന്‍ ഗണേഷ്
കെ കരുണാകരന്റെ ആശിര്‍വാദത്തോടെ 2001-ലാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലെത്തിയ ഗണേഷിന് ഓരോതവണയും വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാനായി. ഓരോ തവണയും വ്യക്തമായ ഭൂരി പക്ഷത്തോടെ വിജയം. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഗണേഷ് അല്ലാതെ മറ്റൊരാളെ പത്തനാപുരത്ത് ഇടതുമുന്നണിക്ക് ചിന്തിക്കാനില്ല. ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവായ കെ.എന്‍ ബാലഗോപാലിനെ പത്തനാപുരത്തേക്ക് നിർത്തി ഗണേഷ് കുമാറിനെ കൊട്ടാരക്കരയിലേക്ക് മാറ്റുന്നതായ അഭ്യൂഹങ്ങള്‍ പരന്നുവെങ്കിലും ഗണേഷിന് പത്തനാപുരം വിട്ടൊരു ചിന്തയില്ല. പത്തനാപുരത്തെ ചുമരുകളില്‍ കെ.ബി ഗണേഷ് കുമാറെന്ന പേര് തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ തന്നെയാണ് വോട്ടര്‍മാരുടെ മുഖത്ത് നോക്കാനുള്ള ഗണേഷിന്റെ ആത്മവിശ്വാസം.

ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ജീവിത മേഖലകളിലെല്ലാം കാര്യമായി മുന്നോട്ട് പോകാനായെന്ന് എം.എല്‍.എ പറയുന്നു.
ഗണേശന്റെ വിഘ്നങ്ങള്‍
ഗണേഷ് കുമാറിനോട് മമതയിലായിരുന്ന സി.പി.ഐ പ്രാദേശിക നേതൃത്വം ഇപ്പോള്‍ അത്ര രസത്തിലല്ല. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ഗണേഷിനോട് പിണങ്ങിയ സി.പി.ഐ, എം.എല്‍.എക്ക് കൊട്ടു കൊടുക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. കഴിഞ്ഞ മാസം പത്തനാപുരത്ത് പൊതുയോഗം വിളിച്ച് സി.പി.ഐ രൂക്ഷ വിമര്‍ശനമാണ് ഗണേഷ് കുമാറിനെതിരെ ഉന്നയിച്ചത്.

ഗണേഷ് കുമ്പിടി രാജാവാണെന്നും എം.എല്‍.എയുടെ പലപ്രവര്‍ത്തനങ്ങളും മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്നതായും സി.പി.ഐ നേതാക്കള്‍ തുറന്നടിച്ചു. എം.എല്‍.എയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലും സി.പി.ഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഈ ഭിന്നത ഇതുവരെ പരിഹരിക്കപ്പെടാത്തതിനാല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളാനുമാകില്ല.
കൈപ്പത്തിയില്‍ ആര്?
യു.ഡി.എഫ് സാരഥിയായി ആരാകും പത്തനാപുരത്ത് എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. സ്ഥാനാര്‍ത്ഥി കുപ്പായം ഇതിനോടകം തന്നെ പലരും തുന്നിക്കഴിഞ്ഞു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവുടെ എണ്ണം അനവധിയാണ്. ചാണ്ടി ഉമ്മന്‍ മത്സരിക്കണമെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പത്തനാപുരത്തുണ്ട്. മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പത്തനാപുരം നിയമസഭാ മണ്ഡലം ചാണ്ടി ഉമ്മന്റെ മനസ്സിലുണ്ട്. രണ്ടാഴ്ച്ച മുമ്പ് പത്തനാപുരം തലവൂരിലെത്തിയ ചാണ്ടി ഉമ്മന്‍ ഗണേഷനെതിരെ രാഷ്ടീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചതും ഗണേഷ് കുമാറിനെ ചവറയില്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ വക്കീല്‍ കുപ്പായം അണിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ജ്യോതികുമാര്‍ ചാമക്കാലയുടെ പേരാണ് രണ്ടാമതായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതിനോടകം തന്നെ സീറ്റിനായുളളചരടുവലികൾ ചാമക്കാല തുടങ്ങി കഴിഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ജ്യോതികുമാര്‍ കൊല്ലം ജില്ലക്കാരനും മണ്ഡലത്തോട് അടുത്തുള്ള ആളും ആണ്. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങളില്‍ തന്റെ സാന്നിധ്യം ചാമക്കാല ഉറപ്പാക്കുന്നതും ശ്രദ്ധേയമാണ്. ചാമക്കാല വന്നാല്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. എന്നാല്‍ പുറത്ത് നിന്ന് ഒരാള്‍ സ്ഥാനാര്ത്ഥിയാകണ്ടെന്ന അഭിപ്രായമാണ് പ്രാദേശിക കോണ്‍ഗ്രസ് നേത്യത്വത്തില്‍ ഉയര്‍ന്ന് വരുന്നത്.

തനിക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും 40 വര്‍ഷത്തില്‍ അധികമായി മണ്ഡലത്തില്‍ സജീവ രാഷ്ടീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പത്തനാപുരത്തുകാരനായ കെ.പി.സി.സി മെമ്പര്‍ സി.ആര് നജീബിന്റെ തുറന്നു പറച്ചിലും. കെ.എസ്.യു മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ആയ സാജു ഖാനും സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹമുണ്ട്. അതുകൊണ്ട് തന്നെ പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് മുന്നില്‍ അത്ര എളുപ്പമാകില്ല. താലൂക്ക് ആശുപത്രി നിര്‍മ്മാണം വൈകുന്നതും ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മാണത്തിലൂടെ സ്ഥലം നഷ്ടമായ ചെറുകിട കച്ചവടക്കാരുടെ വിഷയങ്ങളും, നടിയെ അക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ എം.എല്‍.എയുടെ സെക്രട്ടറിയുടെ അറസ്റ്റുമൊക്കെ മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ വിഷയമായി ഉയർന്നുവരും.