LiveTV

Live

Opinion

കൊടി മാറുമോ കുമ്പളങ്ങിയില്‍

74 വയസ്സായിട്ടും കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണന കിട്ടാത്തതിന്റെ 'വേദന' കൊണ്ട് നീറുകയാണ് തോമസ് മാഷിന്റെ മനസ്.

കൊടി മാറുമോ കുമ്പളങ്ങിയില്‍

നിയമസഭാ അങ്കം അടുത്തിരിക്കെ ഇടതുപക്ഷത്തേക്ക് ചേക്കേറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ്. തോമസിനിപ്പോള്‍ ശനിദശയാണ് എങ്കിലും യുഡിഎഫ് രാഷ്ട്രീയത്തില്‍ അതു മറികടക്കുമോയെന്ന് ശനിയാഴ്ച കെ വി തോമസ് പറയും. 74 വയസ്സായിട്ടും കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണന കിട്ടാത്തതിന്റെ 'വേദന' കൊണ്ട് നീറുകയാണ് തോമസ് മാഷിന്റെ മനസ്.

പാര്‍ട്ടിയോട് ഇടഞ്ഞ കെ. വി

1984, 1989, 1991, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ എറണാകുളത്ത് നിന്ന് എംപി. രണ്ടു തവണ നിയമസഭാംഗം. 2001 ല്‍ ആന്റണി മന്ത്രിസഭയിലും 2004 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗം. മൂന്നു തവണ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി പിഎസ്‌സി ചെയര്‍മാന്‍, ഈ പദവികളിലൂടെ വിശ്രമം ഇല്ലാതെ ഓടി അവസാനം റിട്ടയര്‍മെന്റ് കാലത്താണ് കോണ്‍ഗ്രസ് തന്നെ പരിഗണിക്കുന്നില്ലയെന്ന ചിന്തയും വ്യാധിയും തോമസ് മാഷിന്റെ ഉളളിലുണര്‍ന്നത്.

മരണം വരെ അധികാരക്കസേരയില്‍ ഇരിക്കാനുള്ള നേതാക്കളുടെ ആഗ്രഹത്തിന് യുക്തി തിരയുന്നതില്‍ അര്‍ത്ഥം ഒന്നും ഇല്ലെന്ന് അറിയാം. അല്ലെങ്കില്‍ തന്നെ ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും ഒക്കെ നിറഞ്ഞു കളിക്കുന്ന കോണ്‍ഗ്രസില്‍ തോമസ് മാഷിന്റെ മാത്രം തലയില്‍ അത്യാഗ്രഹത്തിന്റെ ലേബല്‍ വെച്ചു കൊടുക്കുന്നത് ശരിയുമല്ലല്ലോ. അതുകൊണ്ടാണ് എറണാകുളം ജില്ലയില്‍ എവിടെയെങ്കിലും തനിക്കും കൂടി ഒരു സീറ്റ് തരണമെന്ന് തോമസ് മാഷ് വാശി പിടിക്കുന്നത്. തനിക്ക് തരാന്‍ പ്രയാസമാണെങ്കില്‍ മകള്‍ക്ക് എങ്കിലും അത് കിട്ടിയേ തീരൂവെന്ന ഇളവും നേതൃത്വത്തിന്റെ മുന്നില്‍ അദ്ദേഹം വയ്ക്കുന്നുണ്ട്.

2019ല്‍ യുവനേതാവ് ഹൈബി ഈഡനെ എറണാകുളത്തു നിന്ന് മത്സരിപ്പിച്ചതു മുതല്‍ തോമസ് മാഷിന് പാര്‍ട്ടിയോട് അത്ര ഇഷ്ടമൊന്നും ഇല്ല. ഇടഞ്ഞ മാഷിന് ഇന്ദിരാഭവനിലെ ഏതെങ്കിലുമൊരു കസേര കൊടുക്കാമെന്ന് രമേശും ഉമ്മന്‍ ചാണ്ടിയും പറഞ്ഞെങ്കിലും തോമസ് മാഷ് ആ വഴിക്കു പോയില്ല.

അകല്‍ച്ച കുറയ്ക്കാന്‍ സാക്ഷാല്‍ ഹൈക്കമാന്‍ഡില്‍ നിന്ന് കെസി വേണുഗോപാല്‍ തന്നെ ഇടപെട്ടു എങ്കിലും അതൊന്നു ഫലം കണ്ടില്ല. ഇനിയിപ്പോള്‍ മുതിര്‍ന്ന നേതാവിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ ഇടപെടുമെന്ന് പ്രതീക്ഷിച്ചാലും രാഹുല്‍ ഗാന്ധിയുമായുള്ള പിണക്കം അതിനു വിലങ്ങ് തടിയാകും.

സിഗ്‌നല്‍ ഇടത്തേക്കോ ?

ഇടത്തോട്ട് തിരിയാന്‍ എറണാകുളത്ത് സിഗ്‌നല്‍ കാത്ത് കെവി തോമസ് ലൈനില്‍ നില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത ഇതിനോടകം തന്നെ സിപിഎം സംസ്ഥാന നേതൃത്വവും എറണാകുളം ജില്ലാ നേതൃത്വവും അറിഞ്ഞതാണ്. കോണ്‍ഗ്രസിലെ മത നിരപേക്ഷ വാദിയായ ഒരാള്‍ ഇടതു മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കൊടി മാറുമോ കുമ്പളങ്ങിയില്‍

തങ്ങള്‍ക്കൊപ്പം എത്തിയാല്‍ ജില്ലയില്‍ സീറ്റ് നല്‍കാന്‍ നേതൃത്വം മടി കാണിക്കാന്‍ സാധ്യതയില്ല. ലത്തീന്‍ വിഭാഗത്തിനിടയില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലത്തില്‍ സഭയുടെ പിന്തുണയുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുക സിപിഎമ്മിന് എളുപ്പമല്ല. തോമസ് എത്തുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ചു നടക്കേണ്ടി വരില്ല. പാര്‍ട്ടിയുടെ വോട്ടും വ്യക്തിപരമായി പിടിക്കുന്ന വോട്ടും കൂടിയാകുമ്പോള്‍ എറണാകുളം പിടിക്കാമെന്നാണ് ഇടതിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ കെവി തോമസിന്റെ ഇടതു പ്രവേശത്തെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എം എം ലോറന്‍സ് വിമര്‍ശിക്കുകയാണുണ്ടായത്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കേണ്ട തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ വി തോമസിനല്ല പരിഗണന നല്‍കേണ്ടതെന്നുമായിരുന്നു എംഎം ലോറന്‍സിന്റെ പ്രതികരണം.

സാധ്യതയുടെ കലയാണ് രാഷ്ട്രിയമെന്നതിനാല്‍ കാത്തിരിക്കാം, കാതോര്‍ക്കാം കെ.വിയുടെ വാര്‍ത്താ സമ്മേളനത്തിനായി...