LiveTV

Live

Opinion

എന്തുകൊണ്ടാണ് കെ.എം മാത്യു ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

മനോരമ നിരോധിക്കപ്പെട്ട കാലത്തെ സംഭവവികാസങ്ങളെല്ലാം കെ.എം മാത്യു ആത്മകഥയിൽ എഴുതിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്കാവശ്യമുള്ള ലഘുലേഖകളും മറ്റും അച്ചടിക്കാൻ സഹായിച്ച ഹലീമ ബീവിയെ അദ്ദേഹം മറന്നു.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

മലയാളത്തിലെ ആദ്യകാല പത്രാധിപ എം. ഹലീമാബീവിയുടെ ജീവചരിത്രം പുറത്തിറങ്ങി. ജീവചരിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട് ജെ. ദേവിക എഴുതിയ അവതാരിക. അതൊരു ആചാരക്കുറിപ്പ് മാത്രമല്ല. ചിലപ്പോൾ പുസ്തകങ്ങൾക്ക് അവതാരിക അത്യാവശ്യമാണെന്ന് ഓർമിപ്പിക്കുകയുമാണ് ദേവിക.

"ലിംഗനീതി ഭാവനയുടെ ഒടുങ്ങാത്ത മാറ്റൊലി '' എന്നതാണ് അവതാരികയുടെ തലക്കെട്ട്. ഒരിക്കലും നിലക്കാത്തൊരു മാറ്റൊലി തന്നെയാണീ ജീവചരിത്രം. 1990 കളിൽ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന കാലത്ത്, ഹലീമാ ബീവിയെക്കുറിച്ചുള്ള ലേഖനങ്ങൾ വായിച്ചത് ദേവിക ഓർമിക്കുന്നുണ്ട്:

" ഹലീമാബീവി ആരെന്നറിയാനുള്ള കൗതുകത്തിൽ ഞാൻ സമീപിച്ച പല മുതിർന്ന മുസ്ലിം പുരുഷബുദ്ധിജീവികളും തങ്ങൾ അവരുടെ സഹായത്തോടെയാണ് എഴുത്തിലേക്കും ബൗദ്ധിക ജീവിതത്തിലേക്കും പ്രവേശിച്ചതെന്ന് എന്നോട് സമ്മതിച്ചു. പിന്നെന്തുകൊണ്ട് അവരുടെ ജീവചരിത്രം എഴുതിക്കൊണ്ട് ആ സ്മരണയെ നിലനിർത്തിയില്ല എന്ന എൻ്റെ ചോദ്യത്തിന്, പക്ഷേ, അവർക്ക് കാര്യമായ ഉത്തരമുണ്ടായിരുന്നില്ല"

- ആ വിടവ് തിരുത്തപ്പെട്ടിരിക്കുന്നു എന്ന സന്തോഷ പ്രഖ്യാപനത്തോടെയാണ് ദേവിക അവതാരിക അവസാനിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

ദേവിക ചൂണ്ടിക്കാണിച്ചതു പോലെ ഒരു മാറ്റൊലി തന്നെയാണീ ജീവചരിത്രം. ലിംഗനീതിയുടെ മാറ്റൊലിയും ഭാവനയുടെ മറ്റൊലിയും മാത്രമൊന്നുമല്ല. ചരിത്രത്തിൻ്റെ തന്നെ മറ്റൊലിയാണ്. ഒരു ജീവചരിത്രം ഒരു കാലഘട്ടത്തിൻ്റെ ചരിത്രവുമാകുകയാണ്.

അങ്ങനെ പറയുമ്പോൾ, സ്വാഭാവികമായും ഹലീമാബീവിയുടെ ജീവിതകാലം ഏതെന്നും പറയേണ്ടി വരും. ഏറ്റവും എളുപ്പവും പ്രസക്തവുമായ ഉത്തരം വക്കം മൗലവിയുടെ കാലം എന്നു പറയുന്നതാണ്. കേരളത്തിൽ പൊതുവിലും മുസ്ലിം സമുദായത്തിൽ വിശേഷിച്ചും സാമൂഹിക നവോത്ഥാനം സംഭവിച്ചുകൊണ്ടിരുന്ന കാലഘട്ടം.

1918 ലാണ് ഹലീമാ ബീവി ജനിച്ചത്. മരിച്ചത് 2000ത്തിൽ. എന്നു വെച്ചാൽ, സാമൂഹികമായും രാഷ്ട്രീയമായും ഒരു ജനത പരിവർത്തനത്തിന് വിധേയമായതിന് അവർ സാക്ഷിയാണ്. ആ ചരിത്രത്തിൽ പങ്കാളിയുമാണ്.

അതു കൊണ്ടു തന്നെ ഹലീമാ ബീവിയുടെ ജീവചരിത്രം വായിക്കുമ്പോൾ മറ്റു പല ജീവചരിത്രങ്ങളും ആത്മകഥകളും ഓർമവരും. ചിലതൊക്കെ ഒത്തുനോക്കേണ്ടതായും വരും.

അതിലൊന്ന് വക്കം അബ്ദുൽഖാദർ മൗലവിയുടെ ജീവചരിത്രമാണ്. പത്രപ്രവർത്തക, സാമൂഹിക പ്രവർത്തക, എന്നീ നിലകളിൽ വക്കം മൗലവിയുടെ അനുയായിയാണ് ഹലീമാബീവി. എന്നാൽ എല്ലാ അർത്ഥത്തിലും ഗുരുവിൻ്റേതിനേക്കാൾ തിളക്കമുണ്ട് ശിഷ്യയുടെ നേട്ടങ്ങൾക്ക്. അത് മനസ്സിലാക്കാനാണ് മൗലവിയുടെ ജീവചരിത്രം ഒത്തുനേക്കേണ്ടി വരുന്നത്.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

ഡോ. ടി. ജമാൽ മുഹമ്മദ് എഴുതിയ 'സ്വദേശാഭിമാനി വക്കം മൗലവി' എന്ന ജീവചരിത്രത്തിൽ അക്കാലത്തെ വിദ്യാഭ്യാസത്തിൻ്റെ അവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട്:

"തിരുവിതാംകൂറിൽ മുസ്ലിംകുട്ടികൾക്ക് നൽകിയിരുന്ന മതവിദ്യഭ്യാസം തികച്ചും യാന്ത്രികമായ ഒരു രീതിയിലൂടെ ആയിരുന്നു. ഖുർആൻ പഠനം പൂർത്തിയാക്കി മദ്രസാ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ആ ഗ്രന്ഥം അർത്ഥമറിയാതെ വായിക്കുവാൻ കഴിയുമെന്നുള്ളതിൽ കവിഞ്ഞ് മറ്റൊന്നും പഠിക്കാനുള്ള അവസരം ലഭിച്ചില്ല " - അത് മത വിദ്യാഭ്യാസം.

പൊതുവിദ്യാഭാസമോ? "വിദ്യാഭ്യാസം സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിൽ പെട്ടവർക്കും ഉന്നത ജാതികളിൽ പെട്ടവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. താഴെക്കിടയിൽപ്പെട്ട ജനവിഭാഗങ്ങൾ മാനുഷിക പരിഗണന പോലും ലഭിക്കാതെ സാമൂഹികമായി ബഹിഷ്ക്കരിക്കപ്പെട്ടിരുന്നു. കായികാധ്വാനം മാത്രം ചെയ്ത് ഉപജീവനം കഴിക്കേണ്ട ജനങ്ങൾക്ക് വിദ്യാഭ്യാസത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. ഹരിജനങ്ങൾ, ഈഴവർ തുടങ്ങിയവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും സാമൂഹ്യമായ നിരോധനം ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാകട്ടെ സ്വന്തമായി സ്ക്കൂളുകൾ സ്ഥാപിക്കുകയും വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിക്കുകയും ചെയ്‌തു. മുസ്ലിംകൾക്ക് ആ രംഗത്ത് നേതൃത്വപരമായ ഒരു സംവിധാനമില്ലാത്തതുകൊണ്ട് വളരെയേറെ പിന്നോക്കാവസ്ഥയിലായിരുന്നു.... പൊതു സ്കൂളുകളിൽ ഈഴവർക്കും ഹരിജനങ്ങൾക്കും പ്രവേശനം ലഭിച്ചിരുന്നില്ല. മുസ്ലിംകൾക്ക് പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും സ്ക്കൂളുകളിൽ മുസ്ലിംകുട്ടികൾ കുറവായിരുന്നു."

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

- ആ കുറവിൻ്റെ കാരണം, ഹലീമാ ബീവിയുടെ ജീവചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കേട്ട ഒരു മതപ്രഭാഷണത്തെപ്പറ്റി അവരെഴുതിയ ഒരു ലേഖന ഭാഗം എടുത്തു ചേർത്തിരിക്കുന്നു:

"മുസ്ലിം സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കരുത്. അവരെ മാളികമുകളിൽ താമസിപ്പിക്കരുത്. അവർ സൂറത്തന്നൂറും നൂൽനൂൽപ്പും പഠിച്ചാൽ മതി. ഇതാണ് ഇസ്ലാമിൻ്റെ വിധി. ഇതിന് വിപരീതമായി പ്രവർത്തിക്കന്നവർ, ഇസ്ലാമിൻ്റെ കൽപന ബഹുമാനിക്കാതെ കാഫിറിച്ചികളെപ്പോലെ പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്ന പഹച്ചികൾ, എല്ലാം നരകത്തിലാണ്. അവർക്ക് ഫാത്തിമാബീവി നാച്ചിയാരുടെ ഷഫാഅത്ത് കിട്ടുകയോ അവർ സുബർക്കത്തിൽ കടക്കുകയോ ഇല്ല." -ഇത്തരത്തിൽ നരകത്തീ കാട്ടി മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കാലത്താണ് ഉമ്മ അവരെ സ്ക്കൂളിൽ അയക്കുന്നത്. ഉപ്പ അതിനു മുമ്പേ മരിച്ചു പോയിരുന്നു!

അങ്ങനെയുള്ള കാലത്ത് ഒരു വിധവ വളർത്തി വലുതാക്കി, പഠിപ്പിച്ചെടുത്ത് പതിനേഴാം വയസ്സിൽ കല്യാണം കഴിപ്പിച്ചു വിട്ട പെൺകുട്ടിയാണ് മുസ്ലിംവനിത, വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തിയിരുന്നത്. ആഴ്ചപ്പതിപ്പായും പത്രമായും എല്ലാം. അതിലൊക്കെ പത്രാധിപയായും പ്രസാധകയായും പ്രവർത്തിച്ചത്. അതിനൊക്കെ വേണ്ടി പ്രസ്സ് നടത്തിയിരുന്നത്. അതിനും പുറമെ പൊതുരംഗത്ത് പ്രവർത്തിച്ചിരുന്നത്. വനിതാ സംഘടനകൾക്ക് രൂപം നൽകിയിരുന്നത്. നഗരസഭാ കൗൺസിലർ ആയിരുന്നത്.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

സർവ്വസൗഭാഗ്യങ്ങളും തികഞ്ഞ കുടുംബത്തിലാണ് വക്കം മൗലവി ജനിച്ചുവളർന്നത്. ഗുരുനാഥന്മാരെ വീട്ടിൽ വരുത്തി പഠിപ്പിക്കാൻ അദ്ദേഹത്തിൻ്റെ രക്ഷിതാക്കൾക്ക് കഴിയുമായിരുന്നു. എന്നാൽ ശിഷ്യ, ഇടത്തരക്കാരിലും താഴെ നിന്ന് വന്നാണ് ഇതൊക്കെയും സാധിച്ചത്. അതുകൊണ്ടാണ് ശിഷ്യക്ക് ഗുരുവിനെക്കാൾ തിളക്കം.

ഹലീമാ ബീവിയുടെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ പിന്നീട് ഓർമ വരിക മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഒരു അതികായൻ്റെ ആത്മകഥയാണ്. കെ.എം. മാത്യുവിൻ്റെ ആത്മകഥ. എട്ടാമത്തെ മോതിരം.

ചരിത്രഘട്ടമാണിവിടെ കടന്നു വരുന്നത്. സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ അടക്കിവാണിരുന്ന കാലത്താണ് ഹലീമാബീവി പത്രം നടത്തിയിരുന്നത്. ഭാരതചന്ദ്രിക. അതിനായി തിരുവല്ലയിൽ പ്രസ്സും നടത്തിയിരുന്നു. ഭാരതചന്ദ്രികാ പ്രസ്സ്.

ആ കാലഘട്ടത്തിൽ തിരുവിതാംകൂർ രാഷ്ട്രീയത്തിൽ അരങ്ങേറിയ പ്രധാന സംഭവങ്ങളിലൊന്നാണ് മലയാള മനോരമയുടെ നിരോധനം. നിരോധിക്കുക മാത്രമല്ല പ്രസ്സും ആപ്പീസും അടപ്പിച്ചു മുദ്രവച്ചിരുന്നു. പത്രം മാത്രമല്ല ബാങ്ക് അടക്കം മനോരമ കുടുംബത്തിൻ്റെ സകല ജീവനോപാധികളും ചവിട്ടിപ്പിടിച്ച് പാഠം പഠിപ്പിക്കാനായിരുന്നു സർ സി.പി യുടെ പുറപ്പാട് - അത് ചരിത്രത്തിൻ്റെ വേറൊരു വേദി.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

അക്കാലത്ത് നടന്ന സംഭവവികാസങ്ങളെല്ലാം കെ.എം മാത്യു ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഒരു തിരക്കഥയിലെന്ന മട്ടിൽ ദൃശ്യമികവോടെ വിശദീകരിക്കുന്നുണ്ട്. കുന്ദംകുളത്തുനിന്ന് പത്രം അച്ചടിച്ച് പുലരുംമുമ്പ് കോട്ടയത്ത് എത്തിച്ച് വിതരണം നടത്തിയതൊക്കെ വീറോടെത്തന്നെ പറയുന്നുണ്ട്.

എന്നാൽ, കെ.എം മാത്യുവിൻ്റെ ആത്മകഥയിൽ കാണാത്ത ഒരു സംഭവം ഹലീമാ ബീവിയുടെ ജീവചരിത്രത്തിൽ കാണുന്നുണ്ട്:

"സർ സി.പി. തനിക്ക് വഴങ്ങാതിരുന്ന മലയാള മനോരമ പ്രസ്സ് അടച്ചുപൂട്ടിയിരുന്നു അന്ന്. ഹലീമാ ബീവിയുടെ ധീരതയും സ്വാതന്ത്ര്യാഭിവാഞ്ഛയും കണ്ട് കെ.എം മാത്യു തങ്ങൾക്കാവശ്യമുള്ള ലഘുലേഖകളും മറ്റും അച്ചടിക്കാൻ ഭാരത ചന്ദ്രികാ പ്രസ്സിലെത്തും. വളരെ രഹസ്യമായി രാത്രിയിലായിരുന്നു അച്ചടിച്ചിരുന്നത്. തെളിവുകളൊന്നും ബാക്കിയാകാതിരിക്കാൻ മഷിപുരണ്ടു പാഴായിപ്പോയ കടലാസുകൾവരെ അവർ നശിപ്പിക്കും. സംശയം തോന്നി പലതവണ പ്രസ്സ് പരിശോധിക്കുന്ന പോലീസിൽ നിന്ന് രക്ഷപ്പെടാൻ ഈ സൂക്ഷ്മതകൊണ്ട് സാധിച്ചു" - ഹലീമാ ബീവിയുടെ ജീവചരിത്രത്തിൽ ഇത്രയും വിശദമായി പറയുന്ന സംഭവത്തിൻ്റെ സൂചനപോലും കെ.എം മാത്യുവിൻ്റെ ആത്മകഥയിലില്ല.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

എന്നാൽ, ഹലീമാ ബീവിയുടെ ജീവചരിത്രത്തിൽ അതിൻ്റെ പ്രത്യാഘാതങ്ങളുമുണ്ട്: "സർ സി.പിയുടെ ഏകാധിപത്യ ഭരണവുമായി അധികകാലം പിടിച്ചു നിൽക്കാൻ ഹലീമാബീവിക്ക് സാധിച്ചില്ല. എന്നാൽ തൻ്റെ ആത്മാഭിമാനം ബലികഴിച്ച് ദിവാന് വഴങ്ങാനും അവർ തയ്യാറായില്ല. നിരന്തരമായ പോലീസ് റെയ്ഡുകളും ഭീഷണികളും അവരെ തേടിയെത്തി. മുഹമ്മദ് മൗലവിയുടെ (ഭർത്താവ്) ടീച്ചിങ്ങ് ലൈസൻസ് സർക്കാർ റദ്ദാക്കി. കടുത്ത ദാരിദ്യമായിരുന്നു ഫലം. പ്രസിദ്ധീകരണങ്ങൾ നഷ്ടത്തിലാവുകകൂടി ചെയ്ത് ഇരട്ടി ആഘാതമേറ്റപ്പോൾ അവരും കുടുംബവും പെരുമ്പാവൂരിലേക്ക് പ്രവർത്തന മണ്ഡലം മാറ്റി."

പ്രത്യാഘാതം അറിയാതെ പോയെങ്കിലും ലഘുലേഖ അച്ചടിച്ച കാര്യം കെ.എം മാത്യുവിന് അറിയുമല്ലോ. അതെന്തുകൊണ്ടൊകാം അദ്ദേഹം രേഖപ്പെടുത്താതെ പോയത്?

പുസ്തകങ്ങളുടെ വലുപ്പം വെച്ച് നോക്കുകയാണെങ്കിൽ, 136 പേജുള്ള 'പത്രാധിപ'യേക്കാൾ വലുതാണ് 512 പേജുള്ള 'എട്ടാമത്തെ മോതിരം'. ഓർത്തിരുന്നെങ്കിൽ, ചേർക്കണം എന്നുണ്ടായിരുന്നെങ്കിൽ സ്ഥലക്കുറവ് ഒരു പ്രശ്നമല്ല എന്നർത്ഥം. പിന്നെന്തുകൊണ്ടാവാം കെ.എം മാത്യു ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

കെ.എം മാത്യു ഇന്നില്ല. എങ്കിലും ആ ചരിത്രത്തിൻ്റെ നേരവകാശികൾ ഉണ്ടല്ലോ. എന്തുകൊണ്ട് അത് രേഖപ്പെടുത്തിയില്ലാ എന്നു പറയാൻ അവരുടെ പൈതൃക രേഖാശേഖരം അവരെ സഹായിച്ചെങ്കിൽ നന്നായിരുന്നു.

അങ്ങനെ പല പല കൗതുകങ്ങളും മുന്നോട്ടു കൊണ്ടുവരുന്നുണ്ട് 'പത്രാധിപ'.

മുസ്ലിം വനിത, ആധുനിക വനിത, ഭാരത ചന്ദ്രിക എന്നീ പ്രസിദ്ധീകരണങ്ങളൊക്കെ വിസ്മൃതിയിലേക്ക് മറഞ്ഞുവെങ്കിലും 'വനിത' എന്ന പ്രസിദ്ധീകരണം ഇന്നും തിളങ്ങിയിറങ്ങുന്നുണ്ട്. അത് മനോരമയിൽ നിന്നാണ്താനും. 1938 ലൊക്കെ 'വനിത'യുടെ അവകാശം ഹലീമാബീവിക്കാണ്. പിന്നെപ്പേഴാണാവോ അതേ പേര് ഇപ്പോഴത്തെ ഉടമകളിലെത്തുന്നത്?

ഇങ്ങനെ കുറേ അന്വേഷണ സാധ്യതകളും തുറന്നിടുന്നുണ്ട് നൂറ, നൂർജഹാൻ എന്നീ അദ്ധ്യാപികമാർ ചേർന്ന് രചിച്ച ഈ ജീവചരിത്രം.

ഈ പുസ്തകം വായിച്ചു തീരുമ്പോൾ മറ്റൊരു പുസ്തകം കൂടി ഓർമയിലെത്തുന്നു.

അതൊരു ജീവിതരേഖാ സമാഹാരമാണ്. മലയാള പത്രപ്രർത്തന രംഗത്തെ ഒരു പറ്റം കുലപതികളെക്കുറിച്ച് രണ്ട് വനിതാ പത്രപ്രവർത്തകർ തയ്യാറാക്കിയത്. ഗീതാ ബക്ഷിയും കെ.എ ബീനയും ചേർന്ന് എഴുതിയ 'ഡേറ്റ്ലൈൻ - ചരിത്രത്തെ ചിറകിലേറ്റിയവർ'.

പത്രാധിപന്മാരും റിപ്പോർട്ടർമാരുമായ പതിനാറ് പ്രശസ്തർ അണിനിരക്കുന്നുണ്ട് അതിൽ. ആ താരാവലിയിൽ രണ്ടു പേർ മാത്രമാണ് സ്ത്രീകൾ. ലീലാ മേനോനും ഉദയ് താരാ നായരും.

എന്തുകൊണ്ടാണ് കെ.എം മാത്യു
ചരിത്രത്തിലെ ആ രാത്രികളെ വിട്ടുകളഞ്ഞത്?

ജീവിച്ചിരിക്കുന്ന താരങ്ങളെ നേരിൽ കണ്ട് സംസാരിച്ച് അനുഭവങ്ങൾ അവരവരുടെ വാക്കുകളിൽ തന്നെ വിവരിക്കുന്ന രീതിയാണ് ആ പുസ്തകത്തിന്. ഗീതയും ബീനയും ആ അന്വേഷണം നടത്തുന്ന കാലത്ത് ഹലീമാബീവി കടന്നു പോയിരിക്കാം. അവരുടെ ജീവിത കാലം കഴിഞ്ഞിരിക്കാം. എങ്കിലും ആ നിരയിൽ വരേണ്ടിയിരുന്ന ഒരാൾ മുമ്പേ കടന്നു പോയിട്ടുണ്ട് എന്ന് സൂചിപ്പിക്കാൻ പോലും ആ വനിതാ പത്രപ്രവർത്തകർക്ക് കഴിഞ്ഞില്ല. അതിന് അവരെ പഴിക്കാനാവില്ല. അത്രമേൽ മറവിയിലേക്ക് ആണ്ട് പോയിരിക്കുന്നു ആ പത്രാധിപ.

അതെന്തുകൊണ്ട് സംഭവിച്ചു എന്നാണ് ദേവിക പല വിധത്തിൽ ആരായുന്നത്. " കേരളത്തിലെ നവോത്ഥാന വനിതയ്ക്ക് എന്തു സംഭവിച്ചു?" എന്നു തന്നെ ദേവിക ചോദിക്കുന്നുണ്ട്.

"നവോത്ഥാനവനിതകൾ, പ്രത്യേകിച്ച് അവരിൽ ഇവിടുത്തെ സാമൂഹ്യ മുഖ്യധാരയിൽ ഉൾപ്പെടാത്തവർ, മലയാളികളുടെ ആധുനിക ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയപ്പെട്ടതിൻ്റെ കഥയാണിത്" - എന്ന് ദേവിക സാക്ഷ്യപ്പെടുത്തുന്നു.

അതു കൊണ്ടു തന്നെയാണ് ഈ ജീവചരിത്രത്തിൻ്റെ അത്രയുംതന്നെ പ്രസക്തി അതിൻ്റെ അവതാരികക്കും വകവെച്ച് കൊടുക്കേണ്ടിവരുന്നത്.

പിന്നെ ബാക്കിയുള്ളത്, ദേവിക സൂചിപ്പിക്കുന്ന വേറൊരു കൂട്ടരാണ്. 'മുസ്ലിംപുരുഷബുദ്ധിജീവികൾ' - അവരെ വേറെതന്നെ സമീപിക്കേണ്ടതാണ്. അത് മറ്റൊരിക്കലാകാം.

മനേകാ ഗാന്ധിയെന്ന പത്രാധിപയും വീരൻ ഹാജരാക്കിയ തെളിവും
Also Read

മനേകാ ഗാന്ധിയെന്ന പത്രാധിപയും വീരൻ ഹാജരാക്കിയ തെളിവും

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?
Also Read

ഇസ്‍ലാമിന്റെ ചരിത്രപരമായ പങ്കിൽ പിണറായിക്കും അവകാശമില്ലേ?