LiveTV

Live

Opinion

കാഞ്ഞങ്ങാട്ടെ തങ്ങള്‍ ഡിപ്ലമസി

ഔഫിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് മുസ്‌ലിം യൂത്ത്‌ലീഗ്. അതേ യൂത്ത് ‌ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി തങ്ങള്‍ ഔഫിന്റെ വീട് ‌സന്ദര്‍ശിക്കുന്നുവെന്നത് അപൂര്‍വമായ അനുഭവമാണ്

കാഞ്ഞങ്ങാട്ടെ തങ്ങള്‍ ഡിപ്ലമസി

2009ലെ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പ് കാലം. സംഘടനയുടെ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അന്ന ത്തെ കേരളാ അമീര്‍ ടി.ആരിഫലി കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം. 18 സീറ്റില്‍ എല്‍.ഡി.എഫിനും രണ്ട് സീറ്റില്‍ (വയനാട്, പൊന്നാനി) യു.ഡി.എഫിനുമാണ്‌ സംഘടനയുടെ പിന്തുണ. ഈ രണ്ട് സീറ്റുകളിലെ സവിശേഷ നിലപാടിനെ കുറിച്ച്‌ സ്വാഭാവികമായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. അതില്‍ പൊന്നാനിയുടെ കാര്യം വിശദീകരിക്കവെ ആരിഫലി പറഞ്ഞ കാര്യമിതായിരുന്നു: 'കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ പിളര്‍പ്പുകളില്‍ ആപ്പ് ഇറക്കാനുള്ള ശ്രമമാണ് പൊന്നാനിയില്‍ സി.പി.എം നടത്തുന്നത്. ആ ശ്രമം അനുവദിക്കാന്‍ കഴിയില്ല'. കാന്തപുരം ഗ്രൂപ്പിന്റെ അനുഭാവിയായ ഡോ ഹുസൈന്‍ രണ്ടത്താണിയായിരുന്നു പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മറുപുറത്ത്‌ ലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീറും. നേരത്തെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരാളെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി ഇറക്കാനുള്ള സി.പി.എം തീരുമാനത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്ന കാന്തപുരം ബന്ധം മാത്രമായിരുന്നു. സുന്നി കള്‍ക്കിടയിലെ ഇ.കെ-എ.പി സംഘര്‍ഷത്തെ തങ്ങള്‍ക്ക്‌ രാഷ്ട്രീയ നേട്ട ത്തിന് ഉപയോഗിക്കാന്‍ പറ്റുമോ എന്നതായിരുന്നു ആ ആലോചന. അത് ‌വിജയം കണ്ടില്ല.

ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍

സുന്നികള്‍ക്കിടയിലെ തര്‍ക്കത്തില്‍ ഒരു പക്ഷത്തിനൊപ്പം ചേര്‍ന്ന് ‌രാഷ്ട്രീയ ലാഭം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം എക്കാലത്തും നടത്തിയിട്ടുണ്ട്. 1989ലാണ് കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ എ.പി, ഇ.കെ വിഭാഗങ്ങളായി പിളരുന്നത്. പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ആദ്യനാളുകളില്‍ മലബാറില്‍ പലേടങ്ങളിലും എ.പി-ഇ.കെ സംഘര്‍ഷങ്ങള്‍ വ്യാപകമായി നടന്നു. മദ്‌റസകളുടെയും പള്ളികളുടെയും ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത്. പല തര്‍ക്കങ്ങളും കോടതി കയറുകയും പള്ളികളും മദ്‌റസകളും പൂട്ടി യിടേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ കൊലപാതകങ്ങളിലേക്ക് എത്തുന്ന സാഹചര്യങ്ങള്‍ വരെയുണ്ടായി. ഈ സംഘര്‍ഷങ്ങളില്‍ ഇ.കെ വിഭാഗത്തിന്റെ കൂടെയാണ് മുസ്‌ലിംലീഗ് നിലകൊണ്ടത്. പാണക്കാട് തങ്ങള്‍ ഒരേസമയം ഇ.കെ വിഭാഗം സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാവായിരുന്നു. ഇ.കെ വിഭാഗത്തിന് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം ലഭിക്കുമ്പോള്‍ എ.പി വിഭാഗം സ്വാഭാവികമായും സി.പി.എമ്മിലേക്ക് തിരിഞ്ഞു. സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്നതില്‍ സി.പി.എം നല്ലപോലെ ശ്രദ്ധിക്കുകയും ചെയ്തു. അരിവാള്‍ സുന്നി, വത്തക്ക സുന്നി തുടങ്ങിയ വിളിപ്പേരുകള്‍ എ.പി വിഭാഗത്തിന് ലഭിക്കാന്‍ കാരണം അവരുടെ ഈ ഇടതുപക്ഷ അനുകൂല സമീപനമാണ്. എ.പി വിഭാഗത്തെ ഉപയോഗപ്പെടുത്തി മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നു കയറാന്‍ പറ്റുമോ എന്നതായിരുന്നു സി.പി.എമ്മിന്റെ ആലോചന. എ.പി.-ഇ.കെ സംഘര്‍ഷത്തില്‍ എ.പി പക്ഷത്തിന് പിന്തുണ നല്‍കുകയെന്ന സമീപനവും കടന്ന് പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങളെ രൂപപ്പെടുത്തുന്നതില്‍ തന്നെ സി.പി.എം പങ്കുവഹിക്കുന്നു എന്ന വിമര്‍ശനവും അവര്‍ക്കെതിരെയുണ്ട്. മലപ്പുറത്തെ താനൂര്‍, ഉണ്യാല്‍ പ്രദേശങ്ങളില്‍ നടന്ന കലാപ സമാനമായ സംഘര്‍ഷങ്ങളെ അങ്ങിനെ നോക്കിക്കാണാവുന്നതാണ്.

എപി അബൂബക്കര്‍ മുസ്‌ലിയാര്‍
എപി അബൂബക്കര്‍ മുസ്‌ലിയാര്‍

തുടക്കത്തിലുണ്ടായിരുന്ന എ.പി-ഇ.കെ സംഘര്‍ഷം ഇപ്പോഴില്ല. അതിന് പല കാരണങ്ങളുണ്ട്. സംഘടനാപരമായും സ്ഥാപന സംവിധാനങ്ങളുടെ കാര്യത്തിലും എ.പി വിഭാഗം ഏറെ വളര്‍ന്നുവെന്നത് ഒരു ഘടകമാണ്. പിളര്‍പ്പിന്റെ തുടക്ക കാലത്തെ സംഘര്‍ഷങ്ങളിലൂടെ കടന്നുവന്ന തലമുറയല്ല ഇപ്പോള്‍ ഇരുവിഭാഗത്തിന്റെയും രണ്ടാം നിര നേതൃത്വം. പുതിയ തലമുറയും പുതിയ നേതൃത്വവും ഇരു ഗ്രൂപ്പുകളുടെയും യുവജന, വിദ്യാര്‍ഥി രംഗത്തുണ്ട്. ദേശീയതലത്തില്‍ സംഘപരിവാര്‍ പിന്തുടരുന്ന മുസ്‌ലിം ഉന്മൂലന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമുദായത്തിനകത്ത്‌ രൂപപ്പെട്ട ഐക്യബോധവും ഈ രജ്ഞിപ്പിന് കാരണമാണ്. പള്ളി, മദ്‌റസാ തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇരുകൂട്ടരും ആത്മാര്‍ഥമായി നടത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഇരുവിഭാഗത്തിനുമിടയില്‍ വലിയതോതിലുള്ള ഐക്യ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. ഐക്യ ചര്‍ച്ചകളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുകൂട്ടരും ചേര്‍ന്ന് കമ്മറ്റി വരെ രൂപീകരിച്ചിട്ടുണ്ട്. മുസ്‌ലിംലീഗും എ.പി വിഭാഗത്തോടുള്ള ശത്രുതാസമീപനത്തില്‍ മാറ്റംവരുത്തി. ഇ.കെ വിഭാഗമാവട്ടെ, മുസ്‌ലിംലീഗിന്റെ കേവലം ഉപഗ്രഹ സംഘടന എന്ന അവസ്ഥയില്‍ നിന്ന് മാറി കൂടുതല്‍ സ്വതന്ത്രവും വ്യതിരിക്തവുമായ സംഘടനാ അസ്തിത്വം രൂപപ്പെടുത്താനും ശ്രമങ്ങള്‍ ആരംഭിച്ചു. ലീഗിന് വേണ്ടി എ.പികളുമായി തല്ലുകൂടേണ്ടതില്ല എന്ന നിലയില്‍ അവര്‍ എത്തി. ചുരുക്കിപ്പറഞ്ഞാല്‍, എ.പി.-ഇ.കെ സംഘര്‍ഷം അല്ലെങ്കില്‍ എ.പി-ലീഗ്‌ സംഘര്‍ഷം എന്നത് ഏതാണ്ട് അടഞ്ഞ അധ്യായമായിക്കഴിഞ്ഞ ഘട്ടമാണിത്.

കാഞ്ഞങ്ങാട്‌ കൊലപാതകം

എ.പി-ഇ.കെ സംഘര്‍ഷത്തിലും എ.പി-ലീഗ് ബന്ധത്തിലും ഗുണപരമായ ഈ മാറ്റങ്ങള്‍ പ്രകടമായ ഘട്ടത്തലാണ് 2020 ഡിസംബര്‍ 23ന് രാത്രി കാഞ്ഞങ്ങാട് എ.പി ഗ്രൂപ്പിന്റെ സജീവ സംഘാടകനായ അബ്ദുറഹ്‌മാന്‍ ഔഫ്‌ കൊല്ലപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് ‌വ്യക്തമാണ്. അതിനാല്‍ അത്‌ രാഷ്ട്രീയ കൊലപാതകവുമാണ്. അതേസമയം, ഔഫ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകനല്ല. കാന്തപുരം വിഭാഗം സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തകനാണ് അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലാണ് അദ്ദേഹത്തിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എല്‍.ഡി. എഫ്‌ സംസ്ഥാനത്ത് ഐ.എന്‍.എല്ലിന് ഏറ്റവും കുടുതല്‍ സീറ്റ് നല്‍കുന്ന നഗരസഭയാണ് കാഞ്ഞങ്ങാട്. ഐ.എന്‍.എല്ലിനെയും ലീഗ് ‌വിമതരെയും കൂടെ നിര്‍ത്തിയാണ് അവര്‍ ആ നഗരസഭാ ഭരണം പിടിച്ചെടുക്കുന്നത്. ഔഫ് ഒരു ഇടതുപക്ഷ സംഘടനയിലും അംഗമല്ല. അതേസമയം, തന്റെ വാര്‍ഡില്‍ ലീഗ് വിരുദ്ധ മുന്നണിയുടെ ഭാഗമായി അദ്ദേഹം ഉണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

രക്തസാക്ഷിയെതേടി സി.പി.എം

കുഞ്ഞാലിക്കുട്ടി -ഹസന്‍- അമീര്‍ സഖ്യം എന്ന് യു.ഡി.എഫിനെ വിശദീകരിച്ച്, ഹിന്ദു-കൃസ്ത്യന്‍ ഏകീകരണം സൃഷ്ടിച്ചാണ് എല്‍.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൃസ്ത്യന്‍ സമുദായത്തിനകത്ത്‌ വിവിധ കാരണങ്ങളാല്‍ രൂപപ്പെടുത്തപ്പെട്ട മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ജോസ് ‌കെ മാണിയുടെ രംഗപ്രവേശവും അവര്‍ക്ക് ഗുണകരമായി. ഇതേ രാഷ്ട്രീയം അസംബ്ലി തെരഞ്ഞടുപ്പിലും തുടരാനാണ് സി.പി.എമ്മിന്റെ തീരുമാനം എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള പിണറായി വിജയന്റെ പ്രസ്താവനകളില്‍ നിന്ന് തെളിയുന്നത്. മുസ്‌ലിം സമുദായത്തെ അപരവത്കരിക്കുന്ന രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി രൂപപ്പെട്ട പോലുള്ള മുസ്‌ലിം ഏകീകരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല. അതേസമയം, സി.പി.എം മുസ്‌ലിം അപരവത്കരണ നയം തന്നെ തുടരുകയാണെങ്കില്‍ അങ്ങിനെയൊരു സാഹചര്യം രൂപപ്പെടാനിടയുണ്ട്. അങ്ങിനെയെങ്കില്‍ മുസ്‌ലിം സമുദായത്തെ സമ്പൂര്‍ണമായി മാറ്റി നിര്‍ത്തി വിജയിക്കുക എത് സി.പി.എമ്മിന് അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍ തന്നെ അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള വഴികളും അവര്‍ തേടും. അതിനിടയില്‍ അവര്‍ക്ക്‌ വീണുകിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു കാഞ്ഞങ്ങാട്ടെ കൊലപാതകം. ഔഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാക്കി അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചതും അതിന്റെ ഭാഗമായിരുന്നു. 'മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന ബഹുമതി ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും ഇരിക്കട്ടെ' എന്നാണ് ഇതെക്കുറിച്ച് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചത്. ചെങ്കൊടി പുതപ്പിച്ച നടപടി നെറികെട്ട അതിക്രമമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കൊല്ലപ്പെട്ട  അബ്ദുറഹ്‌മാന്‍ ഔഫ്‌
കൊല്ലപ്പെട്ട അബ്ദുറഹ്‌മാന്‍ ഔഫ്‌

തങ്ങള്‍ ഡിപ്ലമസി

കാഞ്ഞങ്ങാട്‌ കൊലപാതകത്തെ മുന്‍ നിര്‍ത്തി ഒരു മുസ്‌ലിം ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താന്‍ പറ്റുമോ എന്നതായിരുന്നു സി.പി.എം ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔഫിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും മന്ത്രി ജലീല്‍ വീട്‌ സന്ദര്‍ശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായി വേണം വായിക്കാന്‍. ഈ സന്ദര്‍ഭത്തിലാണ്‌ സംസ്ഥാനത്ത് തന്നെ അപൂര്‍വമായ ഒരു അനുഭവത്തിന് ഔഫിന്റെ വീട് ‌സാക്ഷ്യം വഹിക്കുന്നത്. ഔഫിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് മുസ്‌ലിം യൂത്ത്‌ലീഗ്. അതിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകരാണ് ‌കേസില്‍ പ്രതികള്‍. അതേ മുസ്‌ലിം യൂത്ത് ‌ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി തങ്ങള്‍ ഔഫിന്റെ വീട് ‌സന്ദര്‍ശിക്കുന്നുവെന്നത് അപൂര്‍വമായ അനുഭവമാണ്. മുനവറലി തങ്ങളെ സ്വീകരിച്ചിരുത്താന്‍ ഔഫിന്റെ കുടുംബം സന്നദ്ധമായി. ഔഫിന്റെ വീട്ടിലും ഖബറിടത്തിലും പ്രാര്‍ഥന നടത്തിയാണ് മുനവറലി മടങ്ങിയത്. സമുദായത്തിനകത്ത് ഇത് ‌വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അസാധാരണമായ ഈ നീക്കം സംഘടനാ സങ്കുചിതത്വങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്ന സമുദായ അംഗങ്ങളെ (അവര്‍ക്കാണ് ‌സമുദായത്തില്‍ ഭൂരിപക്ഷം) ആവേശ ഭരിതരാക്കിയിട്ടുണ്ട്. പാണക്കാട് കുടുംബത്തില്‍ നിന്ന് അടുത്ത കാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ നീക്കമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വ്യാപകമായി അഭിനന്ദിക്കപ്പെടാനുള്ള കാരണവും അതുതന്നെ.