LiveTV

Live

Opinion

അന്നപൂര്‍ണ ബെഹ്റ അഥവ സോനം ഗുപ്ത; ഒരു വെറൈറ്റി ഡിജിറ്റല്‍ കോള്‍ വീഡിയോ തട്ടിപ്പിന്‍റെ കഥ

ബാങ്കിൽ നിന്നുള്ള ധനനഷ്ടം മൊബൈൽ വഴിയുള്ള സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പുകൾ എന്നിവയൊക്കെ ഒരുപാട് നടക്കുന്നുണ്ട്

അന്നപൂര്‍ണ ബെഹ്റ അഥവ സോനം ഗുപ്ത; ഒരു വെറൈറ്റി ഡിജിറ്റല്‍ കോള്‍ വീഡിയോ തട്ടിപ്പിന്‍റെ കഥ

ഈയിടെയായി ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചുള്ള പരിചയക്കാരുടെ ഫോൺ വിളികൾ കൂടുതലാണ്. ബാങ്കിൽ നിന്നുള്ള ധനനഷ്ടം മൊബൈൽ വഴിയുള്ള സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പുകൾ എന്നിവയൊക്കെ ഒരുപാട് നടക്കുന്നുണ്ട്. ഇന്നു രാവിലെ ഉണർത്തിയത് ഒരു സുഹൃത്തിന്റെ ഫോൺകോളാണ്. വിഷയം അല്പം വെറൈറ്റി ആയതിനാൽ ഈ കഥ ആ വ്യക്തിയുടെ സമ്മതത്തോടെ പങ്കുവെക്കുന്നു.

വാട്ട്സാപ്പിൽ പരിചയമില്ലാത്ത നമ്പറിൽ നിന്ന് വീഡിയോ കോൾ വരുന്നു. അറ്റന്‍റ് ചെയ്ത് അപ് പുറത്തു നിന്ന് മറുപടി ഇല്ലാത്തതിനാൽ സെക്കന്റുകൾക്കുള്ളിൽ കട്ട് ചെയ്യുന്നു. അടുത്ത ദിവസം ആ നമ്പറിൽ നിന്ന് ഒരു പോൺ വീഡിയോ ലഭിക്കുന്നു. കോൾ അറ്റന്‍റ് ചെയ്യുന്ന സമയത്തെ‌ മുഖവും ഹലോയും തുടക്കത്തിൽ ചേർത്ത മുഖം വ്യക്തമാക്കാത്ത പോൺ. ഒപ്പം ഒരു ഭീഷണിയും. ഉടനെ‌ ഈ യുപിഐ നമ്പറിലോട്ട് 500 രൂപ (എന്തു ദാരിദ്ര്യ ഡിമാന്‍റ്) നൽകിയില്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ഈ വീഡിയോ അയക്കും എന്ന്. ഭീഷണി അവഗണിക്കുന്നു. അവർ ആർക്കൊക്കെയോ അയക്കുന്നു ചില സുഹൃത്തുക്കൾ ഇതെപ്പറ്റി വിളിച്ചന്വേഷിക്കുക്കുന്നു. തുകയുടെ ഡിമാന്‍റ് കൂടുന്നു. ഇതിൽ എന്തു ചെയ്യണമെന്നറിയാനാണ് സുഹൃത്ത് വിളിച്ചത്.

ഒരു സുഹൃത്ത് നേരിടേണ്ടിവന്ന ഡിജിറ്റൽ തട്ടിപ്പ് കഥയാണ്. ഈയിടെയായി ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചുള്ള പരിചയക്കാരുടെ ഫോൺ...

Posted by Anivar Aravind on Tuesday, December 22, 2020

സോഷ്യൽ എഞ്ചിനീയറിംഗ് വഴിയുള്ള ഹണിട്രാപ്പിങ് ആണ് ഇത്. പണം ഒരിക്കൽ നിങ്ങൾ നൽകിയാൽ ഒരു പൊട്ടെൻഷ്യൽ ടാർഗറ്റ് ആകുന്നതോടെ കൂടുതൽ ഭീഷണികൾ മാത്രമേ ഇതിൽ ഉണ്ടാവുകയുള്ളൂ എന്നതിനാൽ അവഗണിച്ച് മുന്നോട്ട് പോകാൻ പറഞ്ഞു. വേണമെങ്കിൽ പോലീസ് പരാതി നൽകാമെന്നും പറഞ്ഞു.

ഒപ്പം വിളിച്ചതും പണമയക്കാന്‍ പറഞ്ഞതുമായ നമ്പറുകൾ കണ്ടപ്പോഴാണ് ഇതൊരു തട്ടിപ്പ് നെറ്റ്‌വർക്ക് തന്നെയാണെന്ന് മനസ്സിലായത്. പണമയക്കാന്‍ പറഞ്ഞ നമ്പർ ഫോൺപേയിൽ നോക്കിയാൽ ആ നമ്പർ ബന്ധിപ്പിച്ച KYC ചെയ്ത അക്കൗണ്ടിന്റെ പേര് 'അന്നപൂർണ്ണ ബെഹ്റ' . ഗൂഗിൾ പേയിൽ പേര് 'സോനം ഗുപ്ത'. അതായത് ഈ നമ്പർ ബന്ധിപ്പിച്ചിരിയ്ക്കുന്ന വ്യത്യസ്ത അക്കൗണ്ടുകളുകളിലെ പേരാണിവ. ആദ്യം വന്ന ചിന്ത ലോക്‌നാഥ് ബെഹ്റയുടെ നാട്ടുകാരാണോ ഈ അന്നപൂർണ്ണ ബെഹ്റ എന്നാണ്.

ഒപ്പം ഈ‌ വർഷം തന്നെ ബാംഗ്ലൂരിൽ ബാംഗ്ലൂർ പോലീസ്‌കമ്മീഷണറായിരുന്ന ഭാസ്കർ റാവു ഐ.എ.എസ്സിന്‍റെ പേരും വച്ച് അക്കൗണ്ട് ഉണ്ടാക്കി വലിയ തോതിലുള്ള യു.പി.ഐ തട്ടിപ്പുകൾ നടത്തിയ വാർത്ത ഓർമ്മയിൽ വന്നു. സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പുകാർ മലയാളിയുടെ മൊറാലിറ്റിയെ ആക്രമിക്കല്‍ ആരുമറിയാതെ എളുപ്പത്തിൽ പണം കവരാനുള്ള വഴിയായി കണ്ടെത്തിയിട്ടുണ്ടെന്ന് തീർച്ച. അതിനാൽ ഇതിന് ഇര ഒരാൾ മാത്രമാവാനും വഴിയില്ല. അതിനാൽ

1. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കാതിരിക്കുക.

2. മെസ്സേജുകളിലെ ലിങ്കുകൾ ഡിവൈസിൽ തന്നെ തുറക്കാതിരിക്കുക. ഇനി തുറക്കണമെങ്കിൽ ഡീഫോൾട്ട് ബ്രൗസറായി ക്രോം അല്ലാത്ത ഏതെങ്കിലും ഉപയോഗിക്കുക.

3. ഇനി ഇങ്ങനെ കുടുങ്ങി ഒരു വീഡിയോ വന്നാൽ അതിനെ അവഗണിക്കാൻ പഠിക്കുക. അതൊഴിവാക്കാനെന്ന പേരിൽ പണം കൊടുക്കാതിരിക്കുക.

4. നിങ്ങളുടെ ഫേസ്ബുക്ക് സൗഹൃദപ്പട്ടിക പ്രൈവറ്റ് ആക്കുക. സോഷ്യൽ എഞ്ചിനീയറിങ് സ്കാമുകൾ ഒരു പരിധി വരെ കുറക്കാൻ‌ അതു സഹായിക്കും.

5. മൊബൈൽ കോണ്ടാക്റ്റ് ലിസ്റ്റ് പെർമ്മിഷൻ ഒരു ആപ്പിനും പരമാവധി നൽകാതിരിക്കുക. (Bouncer പോലുള്ള ആപ്പുകൾ നിലവിലെ ആപ്പുകളുടെ പെർമ്മിഷൻ അതുപയോഗിക്കാത്തപ്പോൾ എടുത്തുകളയാനായി ഉപയോഗിക്കാം )

6. ഇനി നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെ മെസേജ് എന്തെങ്കിലും വന്നാൽ അവർക്ക്‌ മാനസിക‌മായി ഇതതിജീവിക്കാൻ ധൈര്യം നൽകുക.