LiveTV

Live

Opinion

മുസ്‍ലിം ലീഗിനും പറയാനുണ്ട് ചിലതൊക്കെ, തീരുമാനിക്കാനും...

'ഗ്രൂപ്പ് നോക്കി ഇഷ്ട്ടം നോക്കി പാർട്ടി പദവികൾ വീതം വെക്കുന്നത് മുതൽ അടിമുടി മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ കൂടെ നടക്കുന്ന കാര്യത്തിൽ ഗൗരവമായ ചർച്ച മുസ്‍ലിം ലീഗ് നേതൃത്വവും നടത്തണം'

മുസ്‍ലിം ലീഗിനും പറയാനുണ്ട് ചിലതൊക്കെ, തീരുമാനിക്കാനും...

മുല്ല വാടിയതാണേൽ സുഗന്ധമല്ല ദുർഗന്ധമാണ് എന്ന് തിരിച്ചറിയാൻ കോണ്‍ഗ്രസ് നേതൃത്വം ഇനിയും വൈകരുത്. അതല്ല ആ മുല്ല തന്നെയാണ് ചൂടാൻ തീരുമാനിക്കുന്നതെങ്കിൽ നാറ്റം സഹിച്ചു കൂടെ നടക്കാൻ ഒപ്പമുള്ളവർ തയ്യാറായെന്നു വരില്ല.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ കാലിടറുന്നത് സന്തോഷത്തോടെയല്ല, ആശങ്കയോടെയാണ് ജനാധിപത്യ വിശ്വാസികൾ കാണുന്നത്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാൻ നേതൃത്വം കൊടുക്കാൻ എല്ലാവരും ഇപ്പോഴും ഉറ്റു നോക്കുന്നത് കോൺഗ്രസിനെ തന്നെയാണ്. മുസ്‍ലിം ലീഗിനെതിരെ ഏറ്റവും വലിയ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും എതിരാളികൾ നടത്തിയത് ലീഗ് തുടരുന്ന കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചാണ്. എന്നാൽ രാജ്യത്തെ ന്യൂനപക്ഷത്തെ മാന്യമായി കേൾക്കാൻ കോണ്‍ഗ്രസ് സംസ്കാരത്തിനു മാത്രമേ കഴിയൂ എന്ന് ഇപ്പോഴും മുസ്‍ലിം ലീഗ് വിശ്വസിക്കുന്നു. അത് അനുഭവങ്ങളുടെ വെളിച്ചത്തിൽ മുസ്‍ലിം ലീഗ് തിരിച്ചറിഞ്ഞതാണ്. ആ വിശ്വാസം നിലനിർത്താൻ ശ്രമിക്കേണ്ടവർ ഐക്യത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ തയ്യാറാകാത്ത കാലത്തോളം ജനങ്ങൾ പുതിയ വഴികൾ കണ്ടെത്തി കൊണ്ടിരിക്കും.

'വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ നീക്ക്പോക്ക് എന്ന അടവ് നയം കൃത്യമായി വിശദീകരിക്കാൻ കഴിയണമായിരുന്നു. വിജയമായാലും പരാജയമായാലും നേതൃത്വം എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിനു പകരം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാൻ നിരന്തരം ശ്രമിച്ചത് കെ.പി.സി.സി പ്രസിഡന്‍റ് തന്നെയായിരുന്നു'

മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്‍ലിം ലീഗിനെന്ത് കാര്യം എന്ന് ചോദിച്ചേക്കാം. തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിവിധ പാർട്ടികളായിട്ടല്ല ഒരു മുന്നണിയായിട്ടാണ്. ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുമ്പോൾ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാർട്ടി ഗ്രൂപ്പ് കളിയും പരസ്പര പോർവിളിയും കൊണ്ട് നടക്കുകയായിരുന്നു. മുതിർന്ന നേതാക്കൾ വരെ വോട്ടെടുപ്പ് ദിവസം പോലും അഭിപ്രായ സമന്വയം പാലിച്ചില്ല. കാസർഗോഡ് മുതൽ പാറശാല വരെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്ക് വെവ്വേറെ നിലപാടുകളായിരുന്നു. അബദ്ധ ജടിലമായ വാക്ക് പ്രയോഗങ്ങൾ നടത്തി സാധാരണക്കാരെ ആശങ്കയിലാക്കിയ മുന്നണി കൺവീനർ മുതൽ ബ്ലോക്ക് കമ്മിറ്റി നേതാവ് വരെ പല വഴിക്കായിരുന്നു. കെ.പി.സി.സിയെ നയിക്കുന്ന നേതാവ് ഒരു പഞ്ചായത്തിനെ നയിക്കാൻ പോലുമുള്ള നേതൃഗുണം പ്രകടിപ്പിച്ചില്ല. വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ നീക്ക്പോക്ക് എന്ന അടവ് നയം കൃത്യമായി വിശദീകരിക്കാൻ കഴിയണമായിരുന്നു. വിജയമായാലും പരാജയമായാലും നേതൃത്വം എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിനു പകരം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാൻ നിരന്തരം ശ്രമിച്ചത് കെ.പി.സി.സി പ്രസിഡന്‍റ് തന്നെയായിരുന്നു. ഇടതു മുന്നണിയെ പരാജയപ്പെടുത്താൻ കിട്ടിയ സുവർണാവസരം മുതലെടുക്കാതെ സ്വന്തം പാർട്ടിയിലെ എതിരഭിപ്രായക്കാരെ ഒതുക്കാൻ സമയം കണ്ടെത്തി. എല്‍.ഡി.എഫിനെതിരെ ഉയർന്ന ആരോപണങ്ങൾ കേവലം ചാനൽ ചർച്ചയിൽ മാത്രം ഒതുങ്ങുകയായിരുന്നു.

മുസ്‍ലിം ലീഗിനും പറയാനുണ്ട് ചിലതൊക്കെ, തീരുമാനിക്കാനും...

പണ്ടെങ്ങോ ഇന്ദിരാ ഗാന്ധിയുടെ പ്രിയം നേടി എന്ന അംഗീകാരത്തിനപ്പുറം ജനങ്ങളുടെ മനസ്സിൽ ഇടം നേടാനുള്ള നേതൃഗുണം വേണം. കഴിവുള്ള എത്രയോ നേതാക്കന്മാരെ ഇരുട്ടിൽ നിർത്തി ഗ്രൂപ്പ് നോക്കി ഇഷ്ട്ടം നോക്കി പാർട്ടി പദവികൾ വീതം വെക്കുന്നത് മുതൽ അടിമുടി മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ കൂടെ നടക്കുന്ന കാര്യത്തിൽ ഗൗരവമായ ചർച്ച മുസ്‍ലിം ലീഗ് നേതൃത്വവും നടത്തണം. മുസ്‍ലിം ലീഗിന്‍റെ ആബാലവൃദ്ധം പ്രവർത്തകർ ഈ തെരഞ്ഞെടുപ്പിന് കഷ്ടപ്പെട്ടതിന്‍റെ കാൽ ശതമാനം ഗൗരവത്തോടെ കോണ്‍ഗ്രസ് നേതാക്കളും കണ്ടിരുന്നെങ്കിൽ വിധി ഇതാകുമായിരുന്നില്ല. സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർ ആത്മാർത്ഥതയോടെ രംഗത്തുണ്ടെങ്കിലും നേതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ അവരെയും തടസ്സപ്പെടുത്തി. സംഘടനാപരമായ ദൌർബല്യം മാത്രമാണ് യു.ഡി.എഫിന് മികച്ച വിജയം നഷ്ടപ്പെടുത്തിയത്. മുന്നണി മര്യാദകൾ കാറ്റിൽ പറത്തി കൊണ്ട് കെ.പി.സി.സി പ്രസിഡന്‍റിന് വോട്ട് ചെയ്യാൻ സ്വന്തം വാർഡിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുന്ന നാണം കെട്ട തീരുമാനങ്ങൾ ജനം അംഗീകരിക്കില്ല. അവസാന നിമിഷം വരെ ചിന്നത്തിനു വേണ്ടി കാത്തിരിക്കേണ്ടി വന്ന സ്ഥാനാർഥികൾ ഉണ്ടായിരുന്നു.

'ഇപ്പോൾ ജനം നൽകിയത് ഒരു മുന്നറിയിപ്പ് മാത്രമാണ്. ഇനിയും ഈ നില തുടർന്നാൽ അവരുടെ പ്രതികരണം താങ്ങാൻ സാധിച്ചെന്നു വരില്ല'

ഇപ്പോൾ ജനം നൽകിയത് ഒരു മുന്നറിയിപ്പ് മാത്രമാണ്. ഇനിയും ഈ നില തുടർന്നാൽ അവരുടെ പ്രതികരണം താങ്ങാൻ സാധിച്ചെന്നു വരില്ല. മുസ്‍ലിം ലീഗിന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ഉത്തരവാദിത്വമുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് ഒപ്പം ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്ന ആത്മാർത്ഥതയുള്ള പാർട്ടിയുടെ അണികൾ ഈ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാണ്. അവരുടെ ആത്മാർത്ഥതക്ക് വില കൽപിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ മുന്നണി സജ്ജമാകണമെങ്കിൽ കാതലായ മാറ്റങ്ങൾക്ക് എല്ലാവരും തയാറാകണം. കൃത്യമായ നിലപാടുകൾ കെട്ടുറപ്പോടെ അവതരിപ്പിക്കാൻ കഴിയണം. മുന്നണിയുടെ നേതൃത്വം പക്വമായ കൈകളിൽ ഏൽപ്പിക്കണം. എന്നേ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന മനോഭാവമാണെങ്കിൽ നല്ല നമസ്ക്കാരം പറയാൻ നിർബന്ധിതരാവേണ്ടി വരും എന്ന് മാത്രം ഓർമപ്പെടുത്തുന്നു.

(കെ.എം.സി.സി സലാല സെക്രട്ടറിയാണ് ലേഖകന്‍)