Top

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാന്‍ കഴിയുമോ; എന്താണ് വാസ്തവം?

സര്‍ജറി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിന് എന്തിനാണ് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍മാരോട് ഇത്ര ശത്രുത? എന്തിനാണ് ഐഎംഎ പണിമുടക്കും മെഡിക്കല്‍ ബന്ദും ഒക്കെ പ്രഖ്യാപിച്ചത്?

MediaOne Logo

khasida kalam

khasida kalam

  • Published:

    18 Dec 2020 6:46 AM GMT

  • Updated:

    2020-12-18 06:46:28.0

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാന്‍ കഴിയുമോ; എന്താണ് വാസ്തവം?
X

വീഴ്ചയിലോ അപകടത്തിലോ മറ്റോ കാലിന്‍റെയോ കയ്യിന്‍റെയോ എല്ലിന് ചതവോ ഒടിവോ പറ്റിയാല്‍, കുറച്ചുകാലം മുമ്പുവരെ, ചിലയിടങ്ങളില്‍ ഇപ്പോഴും- പെട്ടെന്നുള്ള നാട്ടു പ്രതിവിധി, ഗുരുക്കളുടെ അടുത്ത് കൊണ്ടുപോകുക, പരിക്കേറ്റ ഭാഗം ഉഴിഞ്ഞു കെട്ടിക്കുക എന്നതായിരുന്നു...

പാമ്പോ, വിഷജന്തുക്കളോ കടിച്ചാല്‍ വിഷമിറക്കണമെങ്കില്‍ വൈദ്യന്‍, പ്രസവമെടുക്കാന്‍ വയറ്റാട്ടി തുടങ്ങി നമ്മുടെ പാരമ്പര്യ ചികിത്സാ രീതിയില്‍ തന്നെ നിരവധി പ്രതിവിധികള്‍ ഉണ്ടായിരുന്നു.. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടുകൂടി ചികിത്സാരംഗം അഭിവൃദ്ധിപ്പെടുകയും, അലോപ്പതി- ചികിത്സയുടെ അവസാന വാക്കായി ഉയര്‍ന്നുവരികയും ചെയ്തു... മാറില്ലെന്ന് ഉറപ്പുള്ള പല അസുഖവും ഒരു ശസ്ത്രക്രിയ വഴി മാറ്റിയെടുക്കാമെന്നായി.. ഇപ്പോഴിതാ, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി ചെയ്യാം എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തീരുമാനവും അതിനെ ചൊല്ലിയുള്ള വിവാദവും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്..

എന്താണ് യഥാര്‍ത്ഥത്തില്‍ പ്രശ്നം?

സര്‍ജറി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിന് എന്തിനാണ് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍മാരോട് ഇത്ര ശത്രുത?

എന്തിനാണ് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും ഒക്കെ പ്രഖ്യാപിച്ച് രോഗികളോട് തന്നെ നീതികേട് കാണിക്കുന്നത്.

ആയുര്‍വേദത്തില്‍ സര്‍ജറി ഉണ്ടോ?

സര്‍ജറി ഉണ്ടെങ്കില്‍ പിന്നെ ആ വൈദ്യശാസ്ത്രത്തെ ആയുര്‍വേദമെന്ന് പറയാന്‍ സാധിക്കുമോ?

ആയുര്‍വേദ ഡോക്ടര്‍മാര്‍ സര്‍ജറി പഠിക്കുന്നുണ്ടോ?

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സത്യത്തില്‍ സര്‍ജറി ചെയ്യാന്‍ അറിയാമോ?

പാഠപുസ്തകത്തില്‍ സര്‍ജറിയുടെ തിയറി മാത്രം പഠിച്ചാല്‍ ഒരു ഡോക്ടര്‍ക്ക് സര്‍ജറി ചെയ്യാന്‍ സാധിക്കുമോ?

ശസ്ത്രക്രിയയുടെ പിതാവ് എന്ന് പറയുന്ന സുശ്രുതൻ പണ്ട് ശസ്ത്രക്രിയ ചെയ്തതത് പൂർണമായും ആയുർവേദ പ്രകാരം ആണ്... പക്ഷേ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സഹായമില്ലാതെ, പണ്ട് സുശ്രുതൻ ചെയ്തത് പോലെ ഒരു സര്‍ജറി ചെയ്യാന്‍ ഇന്നത്തെ എത്ര ആയുര്‍വേദ ഡോക്ടര്‍മാര്‍ തയ്യാറാകും. ആരും അതിന് തയ്യാറാകില്ലെന്നതാണ് വാസ്തവം.

സർജറി എന്നത് കുട്ടിക്കളിയല്ല.

സർജറി എന്നത് ഒരു സംഘം വിദഗ്ധരായ വ്യക്തികളുടെ, അതിസൂക്ഷ്മത വേണ്ട, വളരെ ഉത്തരവാദിത്വമുള്ള ഒരു പ്രവൃത്തിയാണ്. ഓപ്പറേഷൻ ചെയ്യുന്ന സർജൻ ആ സംഘത്തിലെ ഒരു കണ്ണി മാത്രമാണ്. രോഗി ഓപ്പറേഷൻ ചെയ്യാൻ തക്ക ആരോഗ്യസ്ഥിതിയിലാണോ എന്ന് വിലയിരുത്തുന്ന എല്ലാ മേഖലകളിലെയും വിദഗ്ധരായ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിലെ പ്രധാന കണ്ണി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം, പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയിഡ്, അലര്‍ജി തുടങ്ങിയവയെല്ലാം സാധാരണ നിലയിലാണോ എന്ന് പരിശോധിച്ചുറപ്പു വരുത്തേണ്ട വിദഗ്ധ ഡോക്ടര്‍മാര്‍ ആ സംഘത്തില്‍ ഉണ്ടാവേണ്ടതുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഈ ഡോക്ടര്‍മാരുടെ സംഘത്തിന്‍റെ എണ്ണം കൂടിയും കുറഞ്ഞും ഇരുന്നേക്കാം. നിര്‍ബന്ധമായും ഒരു അനസ്തേഷ്യനിസ്റ്റിന്‍റെ സഹായവും ആവശ്യമായി വരും. കൂടാതെ സര്‍ജറിക്ക് മുമ്പ് നിരവധി അനവധി ടെസ്റ്റുകള്‍, സ്കാനിംഗുകള്‍ എല്ലാം വേണ്ടി വന്നേക്കും.. ആ രംഗത്തെ വിദഗ്ധരുടെ സഹായവും അപ്പോള്‍ വേണ്ടി വരും. സര്‍ജറിയില്‍ പെട്ടെന്നുണ്ടാവുന്ന സങ്കീര്‍ണതകളെ തരണം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളും ഉപകരണങ്ങളും വേണം. ഓപ്പറേഷൻ ചെയ്ത ഭാഗത്തെ മുറിവുണങ്ങാൻ ആന്‍റി ബയോട്ടിക്കുകള്‍ വേണം. അങ്ങനെ നോക്കുമ്പോള്‍ പൂര്‍ണമായും ആയുര്‍വേദത്തിന്‍റെ മാത്രം ബലത്തില്‍ ഒരു സര്‍ജറിയും ഇന്നത്തെ കാലത്ത് നടക്കില്ലെന്ന് ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാകും.

ശസ്ത്രക്രിയ നടത്താനായി എന്തിന് ഒരു രോഗി ആയുര്‍വേദ ഡോക്ടറുടെ സഹായം തേടണം?

മോഡേണ്‍ മെഡിസിനില്‍ തന്നെ ആ സര്‍‌ജറി ചെയ്താല്‍ പോരെ. എന്തിനാണ് ആ ഡോക്ടര്‍ ആയുര്‍വേദ ബിരുദം നേടി ഡോക്ടറായത്? ആ ഡോക്ടര്‍ക്ക് എംബിബിഎസ് പഠിച്ച് അലോപ്പതി ഡോക്ടറാകാമായിരുന്നില്ലേ.

ആയുര്‍വേദ ഡോക്ടര്‍മാര്‍ സര്‍ജറി പഠിച്ചു എന്ന് പറയുന്നതോ?

ആയുര്‍വേദ ബിരുദപഠനത്തിന്‍റെ ഭാഗമായി ഒരു പേപ്പര്‍ തിയറി മാത്രം പഠിച്ചാല്‍ സര്‍ജറി ചെയ്യാന്‍ കഴിയുമോ?

കേരളത്തില്‍ ആയുര്‍വേദത്തില്‍ മാസ്റ്റേഴ്സ് സര്‍ജറി പഠിപ്പിക്കുന്ന കോളേജുകള്‍ ഇല്ല തന്നെ. കേരളത്തിന് പുറത്താകട്ടെ ഇത്തരം പിജികള്‍ പലതും പ്രാക്ടിക്കല്‍ ക്ലാസുകളില്ലാതെ ഓണ്‍പേപ്പര്‍ പിജി മാത്രമായി തീരുകയാണ്. സര്‍ജറി പഠിപ്പിക്കാനുള്ളതാകട്ടെ വെറും ഓണ്‍ പേപ്പര്‍ ടീച്ചേഴ്സും മാത്രമാണ്. മാത്രമല്ല, മോഡേണ്‍ മെഡിസിനില്‍ സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ 12-ഉം, 15-ഉം വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം മാത്രം ചെയ്യുന്ന കാര്യങ്ങള്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദ കാലത്ത് കണ്ടു പഠിച്ചും പാഠപുസ്തകങ്ങളില്‍ വായിച്ചും ചെയ്യാമെന്നുള്ള സര്‍ക്കാര്‍ തീരുമാനം പെട്ടെന്നുള്ള എടുത്തു ചാട്ടമായി പോയി എന്ന് വേണം പറയാന്‍.

സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന 'ജനറൽ സർജൻ' MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന എംബിബിഎസ് പഠനം. പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചും പരിശീലിച്ചുമാണ് ഒരു ഡോക്ടര്‍ സര്‍ജന്‍ ആയി മാറുന്നത്. എംബിബിഎസിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി തന്‍റെ പഠനത്തിന്‍റെ രണ്ടാം വർഷം മുതൽ സർജറി പഠിത്തവും പരിശീലനവും തുടങ്ങുന്നുണ്ട്. പിന്നെ ഒരു വർഷം നീളുന്ന ഹൌസ് സർജൻസി കാലയളവിൽ പകുതിയും സർജറി വാർഡുകളിലും ഓപ്പറേഷൻ തിയേറ്ററുകളിലുമായുള്ള പരിശീലനം. അതിനിടയില്‍ ചെറിയ ഓപ്പറേഷനുകൾ, വലിയ ഓപ്പറേഷനുകളിൽ അസിസ്റ്റന്‍റ്. ഇത് വെറും എംബിബിഎസ് ഡോക്ടറുടെ കാര്യമാണെങ്കില്‍, മൂന്നു വർഷം കൂടി ശസ്ത്രക്രിയ മാത്രം പരിശീലിച്ചും പഠിച്ചുമാണ് ഒരാള്‍ ജനറൽ സർജൻ ആകുന്നത്. അതിനും ശേഷം വീണ്ടും ഒരു മൂന്ന് വർഷം കൂടി പഠിച്ചും പരിശീലിച്ചാണ് MCh ഡിഗ്രി കരസ്ഥമാക്കിയ പ്ലാസ്റ്റിക് സർജനും, തൊറാസിക് സർജനും, ന്യൂറോ സർജനും, യൂറോളജിസ്റ്റും ഒക്കെ ഉണ്ടാകുന്നത്. നീണ്ട പന്ത്രണ്ടും അതിലധികം വർഷവും പഠിച്ച ശേഷമാണ് ഒരു അലോപ്പതി ഡോക്ടര്‍ സർജറി ചെയ്യുന്നത് എന്ന് സാരം.

അവിടെയാണ്, തിയറി മാത്രം പഠിച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാനുള്ള അനുവാദം എത്രമാത്രം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് തിരിച്ചറിയേണ്ടത്. വെറും ബിഎഎം മാത്രമായിരുന്ന ആയുര്‍വേദ ബിരുദത്തിന്‍റെ കൂടെ സര്‍ജറി കൂടി കൂട്ടിച്ചേര്‍ത്ത് ബിഎഎംസ് ബിരുദമാക്കി മാറ്റിയത് ആരുടെ ബുദ്ധിയാണ് എന്ന ചോദ്യമാണ് ഉയരുന്നത്? വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടക്കണ്ണ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള താത്പര്യത്തിന് സര്‍ക്കാരും വഴങ്ങുകയായിരുന്നു എന്ന് വേണം കരുതാന്‍. ബിഎഎംഎസ് എന്ന് പേരും നല്‍കി, സര്‍ജറി എന്ന പാഠ്യപദ്ധതി പാഠപുസ്തകങ്ങളില്‍ മാത്രം രേഖപ്പെടുത്തി ഒരു ഓപ്പറേഷന്‍ തീയേറ്ററില്‍ നടക്കുന്നതെന്ത് എന്ന് ഒരു തവണ പോലും നേരിട്ട് കാണാതെ, തങ്ങളും സര്‍ജനാണെന്നും, സര്‍ജറി ചെയ്യാന്‍ തങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി തന്നുവെന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ വാദിക്കുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്?

ഐഎംഎക്കൊപ്പം ശസ്ത്രക്രിയാ അനുമതിയെ പാരമ്പര്യ വൈദ്യന്മാരും എതിര്‍‌ക്കുന്നതെന്തിന്?

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെതിരെ രംഗത്തുവന്നിരിക്കുന്നത് അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമല്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. പാരമ്പര്യ വൈദന്മാരുടെ സംഘടനകളും നിശിതമായ വിമര്‍ശനമാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ത്തുന്നത്. കാരണം ആയുര്‍വേദത്തില്‍ ശസ്ത്രക്രിയ ഉണ്ടായിരുന്നു എന്ന ആയുര്‍വേദ സംഘടനയുടെ വാദം ശരിയല്ലെന്ന് ഇവര്‍ പറയുന്നു. കാരണം അന്ന് ആ ഓപ്പറേഷൻ നടത്തിയിരുന്നത് പാരമ്പര്യ വൈദ്യൻമാരായിരുന്നു. അല്ലാതെ ബിഎഎംഎസ് കഴിഞ്ഞ ആയുര്‍വേദഡോക്ടർമാരായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ബിഎഎംഎസ് ഡിഗ്രി ഇല്ലാത്തവരെല്ലാം വ്യാജ വൈദ്യൻമാരാണ് എന്ന് നേരത്തെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചിരുന്നു. അതിനാൽ 2500 വർഷം മുമ്പ് ആയുർവേദത്തിൽ ശസ്ത്രക്രിയ നടത്തിയവര്‍ വ്യാജ വൈദ്യൻമാരല്ലേ. അവരെങ്ങനെയാണ് ആയുര്‍വേദത്തിന്‍റെ പിതാമഹന്‍മാര്‍ ആകുകയെന്നും പാരമ്പര്യ വൈദ്യന്മാരുടെ സംഘടനായ വൈദ്യമഹാസഭ ചോദിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് ആയുർവേദത്തിൽ ഓപ്പറേഷൻ ചെയ്തിട്ടുണ്ട് എന്ന് പറയുന്നവർ ആ രംഗത്തു പിന്നെ പുരോഗതി ഉണ്ടാകാത്തതിന്‍റെ കാരണം കൂടി കണ്ടുപിടിക്കണമെന്ന മറുപടിയാണ് ഈ വിഷയത്തില്‍ അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കുന്ന മറുപടി.

എത്രയെത്ര അലോപ്പതി ഡോക്ടര്‍മാര്‍ ആയുര്‍വേദ ചികിത്സ തേടാറുണ്ടെന്നും ആയുർവേദത്തിൽ സർജറി ഉൾപ്പെടുത്തിയാൽ അലോപ്പതി ചികിത്സാ രംഗത്ത് ഇന്ന് നിലനിൽക്കുന്ന സർജറി വ്യവസായം അവസാനിക്കുമെന്ന ഭയമാണ് അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പിന് പിന്നിലെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്. അലോപ്പതി ഡോക്ടര്‍മാര്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത് എങ്കിലും അക്കാര്യം അലോപ്പതി ഡോക്ടര്‍മാര്‍ നിഷേധിച്ചു കഴിഞ്ഞു. അതിനാല്‍ തങ്ങള്‍ക്ക് സര്‍‌ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ ഇതിനാവശ്യമായ പരിശീലനം നല്‍കണമെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നു

ഒരുപാട് മാറ്റങ്ങളാണ് ഈ അടുത്ത കാലത്ത് മെഡിക്കല്‍ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ- MCI പിരിച്ചുവിട്ടു. പകരം നാഷണന്‍ മെഡിക്കല്‍ കമ്മീഷന്‍- NMC രൂപീകരിച്ചു. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ -IMA നേതൃത്വത്തില്‍ അന്നും ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉണ്ടായത്. പക്ഷേ എല്ലാം അവഗണിക്കപ്പെട്ടു. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി (NEP) നടപ്പാക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതുപ്രകാരം വെറും MBBS സിലബസ്സ് മാത്രമല്ലാതെയായി ആധുനിക മെഡിക്കല്‍ പഠനം. MBBS പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ 2 വര്‍ഷം ആയുഷ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഒരു സംയുക്ത പഠനമാണ് വിഭാവന ചെയ്യുന്നത്. അതോടെ 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നും മോഡേണ്‍ മെഡിസിന്‍ മാത്രം പഠിച്ച് ഒരു ഡോക്ടറും പുറത്തിറങ്ങില്ല എന്നാവും. പകരം സങ്കരവൈദ്യം പഠിച്ചവര്‍ മാത്രമേയുള്ളു (Mixopathy). രാജ്യം ഒരു ഇന്‍ററഗ്രേറ്റഡ് മെഡിക്കല്‍ സിസ്റ്റത്തിലേക്ക് മാറും.

ഇതിന്‍റെ ഭാഗമാണ് ഇക്കഴിഞ്ഞ നവംബര്‍ 19-ന് Central Council of Indian Medicine (CCIM) പുറത്തിറക്കിയ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ പുതിയ അനുമതി പ്രകാരം ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന ഉത്തരവ്. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സാസൌകര്യം ഏര്‍പ്പെടുത്തുക എന്നൊരു വാദവും ഇത്തരമൊരു അനുമതി നല്‍കിയതിന് പിന്നിലുള്ള കാരണമായി സര്‍ക്കാര്‍ എടുത്ത് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ പണക്കാരനും പാവപ്പെട്ടവനും രണ്ടുതരം ചികിത്സയെന്നത് ഒരു ജനാധിപത്യ രാജ്യത്ത് ഒട്ടും നടപ്പാക്കാന്‍ പാടില്ലാത്ത ഒന്നാണെന്നേ ഓര്‍മപ്പെടുത്താന്‍ കഴിയൂ..

TAGS :
Next Story