Top

കര്‍ഷക സമരവും കുറേ പെരുംനുണകളും

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകളില്‍ ചിലത്

MediaOne Logo

Sithara S

Sithara S

  • Updated:

    2020-12-07 04:19:48.0

Published:

7 Dec 2020 4:19 AM GMT

കര്‍ഷക സമരവും കുറേ പെരുംനുണകളും
X

എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്‍റെ ഉടമ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.

അത് കൃത്രിമം.. ബിജെപി ഐടി സെല്‍ മേധാവിക്ക് മുദ്രയടിച്ച് ട്വിറ്റര്‍

ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ വൃദ്ധനായ കര്‍ഷകന് നേരെ പൊലീസ് ലാത്തിവീശുന്ന ചിത്രം കര്‍ഷക സമരത്തിന്‍റെ മുഖചിത്രം തന്നെയായി മാറി. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് വളരെ ദുഃഖകരമായ ചിത്രമാണിതെന്നാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പ്രധാനമന്ത്രി മോദിയുടെ ധാര്‍ഷ്ട്യം ജവാന്‍ കര്‍ഷകനെതിരെ നിലകൊള്ളുന്ന അവസ്ഥയിലെത്തിച്ചെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുലിനെ വിശ്വാസ്യതയില്ലാത്ത നേതാവെന്ന് വിളിച്ച അമിത് മാളവ്യ, യഥാര്‍ഥത്തില്‍ പൊലീസ് കര്‍ഷകനെ സ്പര്‍ശിച്ചിട്ട് പോലുമില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ ആൾട്ട് ന്യൂസ്, ബൂം ലൈവ് തുടങ്ങിയ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകള്‍ കര്‍ഷകന് മര്‍ദനമേറ്റതിന്‍റെ തെളിവുകള്‍ പുറത്തുവിട്ടു. പിന്നാലെയാണ് ട്വിറ്റര്‍ തന്നെ ബിജെപി നേതാവിന്‍റെ ട്വീറ്റ് കൃത്രിമം ആണെന്ന് അടയാളപ്പെടുത്തിയത്. ശരീരമാകെ ലാത്തിയടിയേറ്റെന്ന് 60കാരനായ കര്‍ഷകന്‍ സുഖ്ദേവ് സിങ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് മര്‍ദിച്ചതെന്ന് മനസിലായില്ലെന്നും കര്‍ഷകന്‍ പറഞ്ഞു.

മുസ്‍ലിംകള്‍ തലപ്പാവ് ധരിച്ച് സമരത്തിനെത്തിയോ?

ഫോട്ടോഷോപ്പ് ചെയ്യല്‍‍, മോര്‍ഫ് ചെയ്യല്‍, വേറെ ഏതൊക്കെയോ സംഭവങ്ങളുമായി ബന്ധപ്പെട്ട പഴയ ദൃശ്യങ്ങളും ചിത്രങ്ങളും കര്‍ഷക പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന വ്യാജേന പ്രചരിപ്പിക്കല്‍. വ്യാജന്മാരെ പടച്ചുവിടുന്ന കാര്യത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് സവിശേഷമായ സാമര്‍ഥ്യം തന്നെയുണ്ട്. മുസ്‍ലിംകള്‍ വേഷപ്രച്ഛന്നരായി സിക്കുകാരുടെ രൂപത്തില്‍ കര്‍ഷക സമരത്തിനെത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പല രൂപത്തില്‍ വ്യാജപ്രചരണം നടന്നു. മീശയില്ലാതെ, താടിയുള്ള ഒരാളുടെ ചിത്രം ഉഗ്ര ഹിന്ദുത്വ, ക്രാന്തികാരി ഹിന്ദു തുടങ്ങിയ ഫേസ് ബുക്ക് പേജുകളില്‍ വന്നു. പിന്നാലെ സര്‍ദാര്‍ജിയുടെ മീശ എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നു. ഈ ചിത്രത്തിലെ വസ്തുത എന്തെന്ന് ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നു.

നവംബര്‍ 29ന് സിംഘു അതിര്‍ത്തിയില്‍ നിന്നുള്ള കര്‍ഷക പ്രതിഷേധത്തിന്‍റെ ദൃശ്യത്തില്‍ ഇതേ കര്‍ഷകനുണ്ട്. കര്‍ഷകന് താടി മാത്രമല്ല, മീശയുമുണ്ട്. അതായത് സിക്കുകാരനായ കര്‍ഷകന്‍റെ ചിത്രം എഡിറ്റ് ചെയ്ത് മീശയില്ലാത്ത മുസ്‍ലിം എന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു.

കര്‍ഷക സമരത്തില്‍ സിക്കുകാരനായി വേഷം മാറിയെത്തിയെ നാസിര്‍ മുഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു മറ്റൊരു പ്രചാരണം. പൊലീസ് ഒരാളെ പിടിച്ചുകൊണ്ടുപോകുന്ന ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പ്രചാരണം. എന്നാല്‍ 2011ല്‍ നടന്ന ഫാര്‍മസിസ്റ്റുകളുടെ പ്രതിഷേധത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. അന്ന് സിക്കുകാരന്‍റെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതിന് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

ഖാലിസ്ഥാന്‍ വാദികളാണ് കര്‍ഷക റാലിയില്‍ പങ്കെടുക്കുന്നതെന്നാണ് മറ്റൊരു പ്രചാരണം. പണ്ട് അമേരിക്കയിലെ ഉള്‍പ്പെടെ ഖാലിസ്ഥാന്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളാണ് കര്‍ഷക സമരത്തില്‍ നിന്നുള്ളത് എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്.

ഞങ്ങള്‍ക്ക് ഖാലിസ്ഥാന്‍ വേണം എന്ന ബാനറുമായി വിഘടനവാദികള്‍ 2013ല്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രങ്ങളും ഇത്തരത്തില്‍ വ്യാപകമായി സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

പൗരത്വ സമരവും കര്‍ഷക പ്രക്ഷോഭവും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരാണ് കര്‍ഷക സമരത്തിന് പിന്നിലും എന്നൊരു ആരോപണം ബിജെപി അനുകൂലികള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. ദേശവിരുദ്ധ ശക്തികളാണ് ഇരു സമരങ്ങള്‍ക്കും പിന്നിലെന്ന സമവാക്യം രൂപപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ഗൂഢലക്ഷ്യം. ഷാഹിന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ കര്‍ഷക സമരത്തിലുമെത്തി എന്ന് രണ്ട് ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് പ്രചരണം നടക്കുന്നുണ്ട്.

രണ്ട് ഫോട്ടോകളിലുമുള്ള മൂന്ന് പേരെ ഹൈലൈറ്റ് ചെയ്താണ് പ്രചാരണം. ഗംഗാധറും ശക്തിമാനും ഒരാള്‍ തന്നെ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ രണ്ട് ചിത്രങ്ങളും പൌരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ നിന്നുമുള്ളതാണ്. മാസങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇപ്പോഴത്തേത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷംകെട്ടി കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നാണ് മറ്റൊരു വ്യാജ പ്രചാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ സമരം നടക്കുമ്പോഴും ഇതേ ഫോട്ടോ വെച്ച് രാവിഷ് വേഷം മാറി സമരത്തിനെത്തി എന്ന് പ്രചരിപ്പിരുന്നു. ഫെബ്രുവരിയിലായിരുന്നു അത്. ഷക്കീല ബീഗം ആണ് ഈ ചിത്രത്തിലുള്ളതെന്ന് എന്‍ഡിടിവി തന്നെ അന്ന് കണ്ടെത്തുകയുണ്ടായി. രാവിഷ് കുമാര്‍ ഫേസ് ബുക്കില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

वो शकीला बेगम हैं, रवीश कुमार नहीं आई टी सेल के मुख्य कार्यों में एक काम रवीश कुमार को लेकर अफ़वाहें फैलाना भी है। आई...

Posted by Ravish Kumar on Wednesday, February 19, 2020

ഷഹീന്‍ബാഗ് ഓഫീഷ്യല്‍ എന്ന അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രം അടിച്ചുമാറ്റിയാണ് സ്ത്രീവേഷത്തില്‍ രാവിഷ് കുമാര്‍ എന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പൌരത്വ സമരത്തിനിടെ പ്രചരിപ്പിച്ചത്. അതേ ചിത്രം ഉപയോഗിച്ച് കര്‍ഷക സമര കാലത്തും വ്യാജപ്രചാരണം നടക്കുകയാണ്.

എഎപി പണം വാഗ്ദാനം ചെയ്ത് ആളുകളെ കൊണ്ടുവന്നോ

350 രൂപ വാഗ്ദാനം ചെയ്ത് എഎപി ഹരിയാനയില്‍ നിന്നും ആളുകളെ കര്‍ഷക സമരത്തിനെത്തിച്ചെന്നും എഎപിയുടെ ജിഹാദി മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ വസ്തുത അതല്ല. കപില്‍ താക്കൂര്‍ എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഷെയര്‍ ചെയ്ത വീഡിയോ യഥാര്‍ഥത്തില്‍ 2018 മാര്‍ച്ച് 29ന് സോഷ്യല്‍ മീഡിയയില്‍ എത്തിയതാണ്. കെജ്രിവാളിന്റെ ഹരിയാനയിലെ റാലിയില്‍ പങ്കെടുക്കാന്‍ 350 രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തിട്ട് നല്‍കിയില്ല എന്ന് ഒരാള്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ആണ് പണം വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു എന്ന് തെറ്റായി പ്രചരിപ്പിച്ചത്.

അതേ വീഡിയോയിലെ അതേ ആള്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് 350 രൂപയുടെ കാര്യം പറയിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോ അന്ന് തന്നെ എഎപി പുറത്തുവിട്ടിരുന്നു എന്നതാണ് ഇതിലെ ആന്‍റിക്ലൈമാക്സ്.

കങ്കണക്ക് നിയമക്കുരുക്ക്

100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ഷാഹിന്‍ബാഗ് ദാദിയെന്നാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് ആക്ഷേപിച്ചത്. ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരില്‍ ഒരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ബില്‍കിസ് ബാനു എന്ന മുത്തശ്ശിയെയാണ് കങ്കണ ആക്ഷേപിച്ചത്. കൂലിയും ഭക്ഷണവും വസ്ത്രവും അവാര്‍ഡും നല്‍കുകയാണെങ്കില്‍ ദാദി ഏത് സമരത്തിനും വരുമെന്ന ട്വീറ്റ് ആണ് കങ്കണ പങ്കുവെച്ചത്.

കര്‍ഷക സമരത്തില്‍ ദാദി എന്ന പേരില്‍ മറ്റൊരാളുടെ ചിത്രം ട്വീറ്റ് ചെയ്തതിനും ആക്ഷേപിച്ചതിനും കങ്കണ നിയമക്കുരുക്കിലാണ്. കങ്കണ മാപ്പ് പറയണം, തുടര്‍ച്ചയായി ട്വീറ്റുകളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടണം എന്നിങ്ങനെ നിരവധി പരാതികളാണ് ഇതിനകം കോടതിയിലെത്തിയിട്ടുള്ളത്.

ഇതുകൊണ്ടൊന്നും തീരുന്നില്ല കര്‍ഷക സമരത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ അനുകൂലികളുടെ വ്യാജനിര്‍മിതികള്‍. വ്യാജ ഫോട്ടോകളും വീഡിയോകളുമെല്ലാം ഷെയര്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നും പുതിയ കാര്‍ഷിക നിയമങ്ങളില്‍ എന്തെങ്കിലും മെറിറ്റ് ഉണ്ടോയെന്ന് പറയുന്നില്ല. പകരം ഖാലിസ്ഥാന്‍ വാദികളാണ്, ജിഹാദികളാണ്, ദേശവിരുദ്ധരാണ് കര്‍ഷക സമരത്തിന് പിന്നിലെന്നാണ് നിരന്തരം പ്രചരിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ലാഗ് ചെയ്യാന്‍ ട്വിറ്റർ തീരുമാനിച്ചിറങ്ങിയാല്‍ ഇവിടെ മാനിപ്പുലേറ്റഡ് എന്ന് മുദ്ര പതിച്ചുകൊടുക്കേണ്ടിവരുന്ന ട്വീറ്റുകളുടെ എണ്ണം എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകില്ല.

TAGS :

Next Story