പ്രണയപ്പേടിക്ക് പിന്നിലെ സംഘപരിവാര്‍ അജണ്ട
ഗോവധ നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം, പിന്നാലെ ലവ് ജിഹാദ് തടയാനെന്ന പേരില്‍ നിയമം.. സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തങ്ങള്‍ക്ക് അവര്‍ തന്നെ നിയമത്തിന്റെ പിന്‍ബലം നല്‍കുകയാണ്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താനും ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനും നമ്മുടെ രാജ്യത്ത് അവകാശമുണ്ട്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും നമ്മുടെ രാജ്യത്ത് അവകാശമുണ്ട്. വിവാഹം, മതവിശ്വാസം എന്നിവയെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നിരിക്കെ ലവ് ജിഹാദ് തടയാന്‍ എന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമ നിര്‍മാണങ്ങളുടെ യഥാര്‍ഥ ലക്ഷ്യം വേറെ പലതുമാണ്. പ്രണയപ്പേടി പരത്തി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നീക്കം.
ലവ് ജിഹാദിനെതിരായ നിഴല്‍യുദ്ധം

2007 - 2009 കാലത്താണ് ലവ് ജിഹാദ് എന്ന വാക്ക് ഹിന്ദുജനജാഗ്രതി, ശ്രീറാം സേന തുടങ്ങിയ തീവ്രഹിന്ദു സംഘടനകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കേരളത്തിലും കർണാടകയിലും ഹിന്ദു യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാന്‍ സംഘടിതശ്രമം നടക്കുന്നുണ്ടെന്നും അതിനായി വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും പിന്നില്‍ തീവ്രവാദ ശക്തികളാണെന്നുമായിരുന്നു ആരോപണം. ലവ് ജിഹാദ് വഴി കര്‍ണാടകയില്‍ 30000 ഹിന്ദു പെണ്‍കുട്ടികളെ കാണാതായി എന്ന് ഹിന്ദുജനജാഗ്രതി സമിതി ആരോപിച്ചു. കേരള കാത്തോലിക് ബിഷപ്പ് കൌണ്‍സിലും 2009ല്‍ കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ആരോപിച്ചു. പിന്നാലെ കേരളത്തിലെയും കര്‍ണാടകയിലെയും ഹൈക്കോടതികള്‍ ആരോപണത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ കേരളത്തിലെ മിശ്രവിവാഹങ്ങൾക്ക് പിന്നില്‍ സംഘടിത തീവ്രവാദ ശക്തികളാണെന്നതിന് ഒരു തെളിവും ഇല്ലെന്നാണ് അന്നത്തെ ഡിജിപി ജേക്കബ്ബ് പുന്നൂസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള അന്വേഷണം ശരിയല്ലെന്നും മിശ്രവിവാഹങ്ങളെ കുറ്റമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണാടകയിലാകട്ടെ 30000 പെണ്‍കുട്ടികളെ കാണാതായി എന്ന ആരോപണം വ്യാജമാണെന്ന് കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 2009ൽ 404 പെൺകുട്ടികളെയാണ് കാണാതായതെന്നും അതിൽ 332 പേരെ കണ്ടെത്തിയതാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
2013ലെ മുസഫര്‍ കലാപം
2010ന് ശേഷം ബിജെപി ലവ് ജിഹാദ് ആരോപണം ഒരു രാഷ്ട്രീയ അജണ്ടയായി ഏറ്റെടുത്തു. അതിന്റെ ഏറ്റവും ഭീതിദമായ പ്രത്യാഘാതമാണ് 2013ല്‍ മുസഫര്‍നഗറില്‍ കണ്ടത്. 62 പേർ കൊല്ലപ്പെട്ട, 50000ത്തോളം പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്ന ഉത്തര്‍ പ്രദേശിലെ മുസഫര്‍ കലാപം ആളിക്കത്തിച്ചതില്‍ ഒരു വ്യാജവീഡിയോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സഹോദരിമാരെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയത് ചോദ്യംചെയ്തതിന് രണ്ട് ജാട്ട് യുവാക്കളെ മുസ്ലിംകള് തല്ലിക്കൊന്നു എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വീഡിയോ പ്രചരിപ്പിച്ചത്. യഥാര്‍ഥത്തില്‍ അത് താലിബാന് ഭീകരവാദികളുടെ രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോ ആയിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും കുത്തിവെച്ച വിഷം, ഉത്തര്‍പ്രദേശില്‍ സാഹോദര്യത്തോടെ ജീവിച്ചിരുന്ന ജാട്ടുകളെയും മുസ്ലിംകളെയും തമ്മില്‍ അകറ്റുന്നതാണ് പിന്നീട് കണ്ടത്. 1970 മുതൽ മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ നേതൃത്വത്തിൽ ഒരു കാർഷിക സമൂഹമായി സാഹോദര്യത്തോടെ ജീവിച്ചിരുന്നവര്‍ ബദ്ധവൈരികളായി. ഈ മതധ്രുവീകരണത്തെ പടിഞ്ഞാറന്‍ യുപിയില്‍ 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞു. ചരൺ സിങിന്റെ മകൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ തുടച്ചുമാറ്റപ്പെട്ടു.

ഖാപ് പഞ്ചായത്തുകളും മഹാപഞ്ചായത്തുകളും വഴി ലവ് ജിഹാദ് എന്ന പേരില്‍ ഇസ്ലാമോഫോബിയയുടെ വിത്തുകള്‍ വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ മുസഫര്‍ കലാപത്തിന് മുന്‍പേ വിതച്ചുതുടങ്ങിയിരുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുന്നതിനായി ചില മദ്രസകൾക്ക് തീവ്രവാദ സംഘടനകള്‍ ധനസഹായം നൽകുന്നതായി ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. പടിഞ്ഞാറൻ യു.പിയിലെ ഒരു ഖാപ് പഞ്ചായത്ത് സ്ത്രീകളെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതും ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. പിന്നാലെ പല ഖാപ് പഞ്ചായത്തുകളും ഈ തീരുമാനം എടുത്തു.
ഉത്തര്‍പ്രദേശില്‍ ബിജെപി ഇതിനകം പരീക്ഷിച്ച ലവ് ജിഹാദ് അജണ്ടക്ക് വിവിധ സംസ്ഥാനങ്ങള്‍ നിയമപരമായ പിന്‍ബലം നല്‍കുകയാണ് പുതിയ നിയമ നിര്‍മാണങ്ങളിലൂടെ. ലവ് ജിഹാദ് തടയാനെന്ന പേരില്‍ യോഗി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍, ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍ എന്ന പേരില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ഹരിയാന, കര്‍ണാടക സര്‍ക്കാരുകളും സമാനമായ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് അറിയുന്നതിന് മുന്‍പ് അടുത്ത കാലത്ത് ഒരേ കോടതിയില്‍ നിന്നുണ്ടായ രണ്ട് വിധികള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
അലഹബാദ് ഹൈക്കോടതിയുടെ രണ്ട് വിധികള്‍

വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ വർഷം ഒക്ടോബറിൽ വിധിക്കുകയുണ്ടായി. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാനായി മുസ്ലിം യുവതി മതം മാറിയ കേസിലായിരുന്നു ഈ വിധി. ദമ്പതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ഉദ്ധരിച്ചാണ് ദമ്പതികളുടെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കിയത്.
എന്നാല്‍ ഇതേ കോടതിയുടെ ഡിവിഷന് ബെഞ്ച് ഈ മാസം ഈ ഉത്തരവ് റദ്ദാക്കി. സല്‍മത് അന്‍സാരി - പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് തിരുത്തിയത്. പ്രിയങ്കയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്നായിരുന്നു പിതാവിന്റെ പരാതി. എന്നാല്‍ ജസ്റ്റിസുമാരായ പങ്കജ് നഖ്വിയും വിവേക് അഗർവാളും വ്യക്തമാക്കിയത് ഇങ്ങനെയാണ്- രണ്ട് വ്യക്തികളെ, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ മറ്റ് വ്യക്തികൾക്കോ കുടുംബത്തിനോ സര്‍ക്കാരിനോ അവകാശമില്ല.

ഉത്തർപ്രദേശ് സർക്കാരിന്റെ ലവ് ജിഹാദ് ആരോപണം അവരുടെ പോലീസ് തന്നെ അന്വേഷിച്ച് തള്ളിയതുമാണ്. ലവ് ജിഹാദ് പരാതിയെ തുടർന്ന് കാണ്‍പൂര്‍ പൊലീസ് 14 വിവാഹങ്ങളെ കുറിച്ചാണ് അന്വേഷിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന മതംമാറ്റങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന, വിദേശ ഫണ്ട്, തീവ്രവാദ ബന്ധം തുടങ്ങിയ ആരോപണങ്ങൾ തെളിയിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഹാദിയ - ഷഫിന്‍ ജഹാന് വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ 2018ല്‍ കേരളത്തില്‍ എന്‍ഐഎയുടെ അന്വേഷണമുണ്ടായി. ആരോപണങ്ങളില്‍ ഒരു തുമ്പും കണ്ടെത്താന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ല.
മതവും ജാതിയും പരിഗണിക്കാതെയുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാത്ത, അത്തരം വിവാഹങ്ങളുടെ പേരില്‍ ദുരഭിമാന കൊലകള്‍ വരെ നടക്കുന്ന നാടാണിത്. അങ്ങനെയൊരിടത്ത് ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ സംഘടിത നീക്കമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിലൂടെ, ലവ് ജിഹാദ് തടയാനെന്ന പേരില്‍ നിയമം കൊണ്ടുവരുന്നതിലൂടെ ഇസ്ലാമോഫോബിയയുടെ വിഷവിത്താണ് ബിജെപി വിതയ്ക്കുന്നത്. ഒപ്പം മിശ്രവിവാഹിതര്‍ നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട്, വര്‍ഷങ്ങള്‍ കോടതി കയറിയിറങ്ങേണ്ട സാഹചര്യവും ഈ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകും.
യോഗിയുടെ ലവ് ജിഹാദ് തടയല്‍ ഓര്‍ഡിനന്‍സ്

ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ യോഗി ആദിത്യനാഥിന്റെ അജണ്ടയിൽ ലവ് ജിഹാദ് ഉണ്ടായിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ മതപരിവർത്തനങ്ങള്‍ പരിശോധിക്കാനായി ഹിന്ദു യുവ വാഹിനി എന്ന സംഘടനയെ യോഗി നിയോഗിച്ചിരുന്നു. 2017ൽ കേരളത്തിൽ ഒരു റാലിയിൽ പങ്കെടുത്ത് അപകടകരമായ പ്രവണത എന്നാണ് ലവ് ജിഹാദിനെ വിശേഷിപ്പിച്ചത്. ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷം ഈ പ്രവണതക്കെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്നാല്‍ ലവ് ജിഹാദ് തടയാനെന്ന് അവകാശപ്പെട്ട് യോഗി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഓര്‍ഡിനന്‍സില്‍ ലവ് ജിഹാദ് എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് കൌതുകകരമായ കാര്യം. പകരം ബലപ്രയോഗത്തിലൂടെയോ സ്വാധീനിച്ചോ ആകര്ഷിച്ചോ വേറെ എന്തെങ്കിലും ചതി പ്രയോഗിച്ചോ മതംമാറ്റി വിവാഹം ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നാണ് നിയമത്തില്‍ പറയുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള നിയമം എന്നാണ് പുതിയ നിയമത്തിന്റെ പേര്.
ഉത്തര്‍പ്രദേശിലെ ഓര്‍ഡിനന്‍സ് പ്രകാരം മതംമാറി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം അപേക്ഷ നല്‍കണം. മധ്യപ്രദേശിലാകട്ടെ ഒരു മാസം മുന്‍പും. അങ്ങനെയല്ലാതെ നടത്തുന്ന വിവാഹങ്ങള്‍ അസാധുവാകും. നിര്‍ബന്ധിച്ചാണ് മതംമാറ്റിയതെന്ന് തെളിയിക്കാനായാല്‍ 5 വര്‍ഷം വരെ തടവും 15000 രൂപ പിഴയുമാണ് യുപി ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

മധ്യപ്രദേശിലാകട്ടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പാക്കാനാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അനുമതി കിട്ടാതെയുള്ള വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ മധ്യപ്രദേശില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ വിവാഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് റദ്ദാക്കും. മതവും ജാതിയും മാറിയുള്ള വിവാഹങ്ങള്‍ പലതും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് നടക്കുന്നത് എന്നതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ മജിസ്ട്രേറ്റ് എന്ത് തീരുമാനം എടുക്കും എന്നതുള്‍പ്പെടെ ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ഏത് മിശ്രവിവാഹത്തിനെതിരെയും ആര് പരാതി നല്കിയാലും അന്വേഷിക്കേണ്ട സാഹചര്യവും ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകും. പെണ്മക്കളെ രക്ഷിക്കൂ, മരുമക്കളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം സ്ത്രീകളെ ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്തവരായി ചിത്രീകരിക്കുന്ന ആണത്ത മേല്‍ക്കോയ്മയുടെ തുടർച്ചയാണെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു.
ലവ് ജിഹാദും സിനിമയും
സിനിമകളിലെ ഹിന്ദു - മുസ്ലിം പ്രണയങ്ങള്‍ പോലും കണ്ടുനില്ക്കാന് കഴിയാത്ത വിധം അസഹിഷ്ണുത സമൂഹത്തില്‍ വളരുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മിക്കെതിരെ സിനിമ റിലീസ് ആവും മുന്‍പേ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നു. സിനിമയിലെ നായകന് മുസ്ലിമും നായിക ഹിന്ദുവും ആണെന്നതായിരുന്നു കാരണം. നേരത്തെ കേദാര്‍നാഥ് എന്ന സുശാന്ത്സിങ് രാജ്പുതിന്റെ സിനിമ ഇറങ്ങിയപ്പോഴും സമാന പ്രതിഷേധം ഉണ്ടായി.

ഇതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2013ല്‍ 'മുസ്ലിം പുരുഷന്, ഹിന്ദു സ്ത്രീ- ചില വസ്തുതകള്‍' എന്ന പേരില്‍ ആര്‍എസ്എസ് 73 സെലിബ്രിറ്റികളുടെ പട്ടിക മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തു. ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത മുസ്ലിം പുരുഷന്മാരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ഷാരുഖ് ഖാന്, ആമിര്‍ ഖാന്, ഉസ്താദ് അലി അക്ബര്‍ ഖാന് തുടങ്ങിയവര്‍ ആ ലിസ്റ്റിലുണ്ടായിരുന്നു. വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി 2015ല്‍ കരീന കപൂറിനെ ചൂണ്ടിക്കാട്ടിയാണ് ലവ് ജിഹാദ് പ്രചരണം അഴിച്ചുവിട്ടത്. കരീനയുടെ മുഖത്തിന്റെ പകുതി നിഖാബ് കൊണ്ടുമൂടിയ വിധത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് ദുര്‍ഗാവാഹിനിയുടെ പ്രസിദ്ധീകരണമായ ഹിമാലയ് ധ്വനി പ്രസിദ്ധീകരിച്ചത്. രണ്ട് മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രണയമാണ് തനിക്കും സെയ്ഫ് അലിഖാനുമിടയില് എന്നാണ് കരീന അന്ന് മറുപടി നല്‍കിയത്.
കോവിഡ് വ്യാപനം, ജിഡിപി തകര്‍ച്ച, തൊഴിലില്ലായ്മ, കര്‍ഷക പ്രതിഷേധം.. മോദി സര്‍ക്കാര്‍ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന കാലത്ത് തന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ ലവ് ജിഹാദ് ആരോപണം വീണ്ടും സജീവമാക്കുന്നതും നിയമനിര്‍മാണം നടത്തുന്നതും. ലവ് ജിഹാദ് എന്ന പദം നിലവിലുള്ള നിയമ പ്രകാരം നിർവചിക്കപ്പെട്ടിട്ടില്ല, ലവ് ജിഹാദ് കേസുകളൊന്നും കേന്ദ്ര ഏജൻസികള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് കേരളത്തില്‍ നിന്നുള്ള എംപി ബെന്നി ബെഹ്നന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഈ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്ന വിവാഹങ്ങളുടെ ഒരു ശതമാനം പോലും ഇല്ല ഹിന്ദു - മുസ്ലിം വിവാഹങ്ങള്‍. ഈ വിവാഹങ്ങളിൽ കുറ്റകരമായി എന്തെങ്കിലും നടന്നാൽ ശിക്ഷിക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. എന്നിട്ടും പുതിയ നിയമ നിർമാണം എന്തിനെന്ന് ചോദിച്ചാൽ പശു, പൌരത്വം, ലവ് ജിഹാദ്.. സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തങ്ങള്‍ക്ക് അവര്‍ തന്നെ നിയമത്തിന്റെ പിന്‍ബലം നല്‍കുകയാണ്.