LiveTV

Live

Opinion

ഒരേയൊരു അഹമ്മദ് ഭായ്... ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

പാർലിമെന്‍ററി അധികാരസ്ഥാനങ്ങൾ കൈയ്യാളാതെ അണിയറയിൽ പാർട്ടി തന്ത്രങ്ങൾ മെനഞ്ഞ മറ്റൊരു കിംഗ് മേക്കറെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോൺഗ്രസിൽ കണ്ടു കിട്ടാനിടയില്ല.

ഒരേയൊരു അഹമ്മദ് ഭായ്... ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

അപരിഹാര്യമായ നഷ്ടം എന്ന വാചകം പലപ്പോഴും അനുശോചന സന്ദേശങ്ങളിലെ പതിവു വാക്കായി മാറാറുണ്ട്. എന്നാൽ അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോൺഗ്രസിനും, ഇന്ത്യയിലെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിനും ഉണ്ടാക്കുന്ന നഷ്ടം അക്ഷരാർത്ഥത്തിൽ അപരിഹാര്യമാണ്. ഏവരുടെയും പ്രശ്ന പരിഹാരകനായ അഹമ്മദ് ഭായിയില്ലാതെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ആർക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. പാർലിമെന്‍ററി അധികാരസ്ഥാനങ്ങൾ കൈയ്യാളാതെ അണിയറയിൽ പാർട്ടി തന്ത്രങ്ങൾ മെനഞ്ഞ മറ്റൊരു കിംഗ് മേക്കറെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോൺഗ്രസിൽ കണ്ടു കിട്ടാനിടയില്ല. അതീവ പ്രാധാന്യമുള്ള വ്യക്തിയായിരുന്നതിനോടൊപ്പം തന്നെ അജാത ശത്രുവായിരിക്കാനും അഹമ്മദ് പട്ടേലിന് സാധിച്ചു.

അധികാരം വിട്ട്, ആളും ആരവവുമൊഴിഞ്ഞ് പ്രതിപക്ഷ നേതൃ നിരയുടെ വസതികൾ സ്വച്ഛമായപ്പോഴും മദർ തരേസ ക്രസന്‍റിലെ 23-ാം നമ്പർ വസതിയിൽ അർദ്ധരാത്രിയിൽ പോലും പാർക്കിംഗിന് ഇടം തേടി പാതയോരം കയ്യടക്കിയ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. രാജീവ് ഗാന്ധിയുടെ വിയോഗശേഷം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന സോണിയാ ഗാന്ധി കോൺഗ്രസ് മുന്നണിയെ അധികാരത്തിലെത്തിക്കുകയും, ഏവരാലും ആദരിക്കപ്പെടുന്ന രാജ്യത്തിന്‍റെ മുഖമായി മാറുകയും ചെയ്തതിനു പിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അഹമദ് പട്ടേലിന്‍റെ പങ്ക് നിസ്സീമമാണ്. വ്യത്യസ്ത രാഷ്ട്രീയ സമവാക്യങ്ങളെ നീതിപൂർവ്വം തുലനം ചെയ്ത് പട്ടേൽ നടത്തിയ കിടയറ്റ ഏകോപനം കോൺഗ്രസിന് വലിയ ഭദ്രത നൽകി.

തീവ്രവർഗ്ഗീയ ധ്രുവീകരണവും, വെറുപ്പും പടർത്തി അഹമ്മദ് മിയാ പട്ടേൽ എന്ന് ഗുജറാത്തിലെ നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി ആർത്തു വിളിച്ചപ്പോഴും അഹമ്മദ് പട്ടേൽ അചഞ്ചലനായിരുന്നു. ഹൂഡയെ അനുനയിപ്പിച്ച് ഹരിയാനയിൽ കോൺഗ്രസിനെ മാന്യമായ പ്രകടനത്തിന് സജ്ജമാക്കിയതിലും, മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സാധ്യമാക്കിയതിലുമൊക്കെ അഹമ്മദ് പട്ടേലിന്‍റെ മാന്ത്രിക സ്പർശമുണ്ട്. ഇന്ദിരാഗാന്ധി യുഗത്തിൽ ആരംഭിച്ച് രാജീവിന്‍റെ വിശ്വസ്തനായി മാറി, സോണിയാ ഗാന്ധിയുടെ നിഴലായി ബഹളങ്ങളിൽ നിന്നകന്ന് പാർട്ടിയെ സേവിച്ച പട്ടേലിന്‍റെ വിശ്വസ്ത കരങ്ങളിലാണ് എ.ഐ.സി.സി പ്രസിഡന്‍റായപ്പോൾ രാഹുൽ ഗാന്ധി സാമ്പത്തിക കാര്യങ്ങളേൽപ്പിച്ചത്.

ഒരേയൊരു അഹമ്മദ് ഭായ്... ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

ആരാധകനും, അനുയായിയുമായി അഹമ്മദ് ഭായിയിൽ ഞാൻ കണ്ടത് തിരക്കുകളുടെ മുൾമുനകളിലും ക്ഷമ കൈവിടാത്ത, ചെറിയ മനുഷ്യരുടെ നിസ്സാര പ്രശ്നങ്ങൾക്ക് പോലും ചെവികൊടുക്കുന്ന അസാധാരണ മനുഷ്യനെയാണ്. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള സന്തുമാർക്കും, സൂഫികൾക്കും, മൗലാനമാർക്കും എപ്പോഴും പ്രവേശനമുള്ള വീടായിരുന്നുവത്. അർദ്ധരാത്രികളിൽ അപ്പോയ്മെന്‍റ് ലഭിച്ച സന്ദർശകക്കൂട്ടം ക്ഷമയോടെ കാത്തിരിക്കുന്ന സ്വീകരണമുറിയും, ദിവസത്തിൽ ഇരുപത് മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസും കാണാൻ കഴിയുന്ന ഡല്‍ഹിയിലെ അപൂർവ്വ ഇടമായിരുന്നു ആ ഭവനം. കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയും, മലയാളികളെക്കുറിച്ച് വലിയ മതിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെയും തിരുവിതാംകൂറിലെയും വോട്ടിങ് ഘടനയും, സമുദായ ശതമാനക്കണക്കും വരെ പട്ടേലിന് ഹൃദിസ്ഥമായിരുന്നു.

വിശ്വാസ കാര്യങ്ങളിൽ നിഷ്ടയുള്ള സുന്നി മുസ്‍ലിമായിരുന്ന അഹമ്മദ് ഭായിയുടെ കൂടെ 2018 ലെ റമദാനിലെ അവസാന രാത്രികൾ പിന്നിടാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് ഞാൻ എണ്ണുന്നത്. നിസാമുദ്ദീനിൽ നിന്നും ഇമാമുമാർ വന്നായിരുന്നു അദ്ദേഹത്തിന്‍റെ വീട്ടിലെ തറാവീഹിന് നേതൃത്വം നൽകിയിരുന്നത്. ലൈലത്തുൽ ഖദ്ർ രാവിൽ തറാവീഹിനു ശേഷം എന്നെ ചേർത്ത് നിർത്തി "തുമാരാ കാം ഹോ ജായേഗാ ബേട്ടാ, ഫികർ മത് കരോ" എന്ന് കാതിൽ മന്ത്രിച്ചത് ഒരു പ്രതിധ്വനിയായി ഇന്നും കൂടെയുണ്ട്. ആ മഹാമനീഷിയുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു. രാജ്യത്തിനും, കോൺഗ്രസിനും ഈ അഭാവം നികത്താനുള്ള കരുത്ത് ദൈവം പ്രദാനം ചെയ്യട്ടെ!!