Top

ബിഹാറിലെ മുസ്‍ലിംകള്‍ ബുദ്ധി ഉപയോഗിച്ചാണ് വോട്ട് ചെയ്തത്

അറുപതുകളുടെ അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നണി രാഷ്ട്രീയത്തിൽ ഇടം നൽകുന്നത് വരെ ഐഡൻറ്റിറ്റി പൊളിറ്റിക്‌സിൽ മുസ്ലിം ലീഗനുഭവിച്ച പ്രതിസന്ധി മാത്രമാണ് എ.ഐ.എം.ഐ.എം ഇപ്പോൾ അനുഭവിക്കുന്നത്.

MediaOne Logo

  • Updated:

    2020-11-11 11:44:58.0

Published:

11 Nov 2020 11:44 AM GMT

ബിഹാറിലെ മുസ്‍ലിംകള്‍ ബുദ്ധി ഉപയോഗിച്ചാണ് വോട്ട് ചെയ്തത്
X

അസദുദ്ദീന്‍ ഒവൈസി ബി.ജെ.പി യുടെ ബി ടീം ആണെന്നോ, അദ്ദേഹം സെക്യൂലർ പാർട്ടികളുടെ അവസരം ഇല്ലാതാക്കി എന്നോ ഒരിക്കലും വിശ്വസിക്കുന്നില്ല. അറുപതുകളുടെ അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളോടൊപ്പം മുന്നണി രാഷ്ട്രീയത്തിൽ ഇടം നൽകുന്നത് വരെ ഐഡൻറ്റിറ്റി പൊളിറ്റിക്‌സിൽ മുസ്ലിം ലീഗനുഭവിച്ച പ്രതിസന്ധി മാത്രമാണ് ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) ഇപ്പോൾ അനുഭവിക്കുന്നത്. ഐഡൻറ്റിറ്റി + അലയൻസ് പൊളിറ്റിക്‌സിലേക്കുള്ള ഏറ്റവും വലിയ രാഷ്ട്രീയ മൂലധനമാണ് എം.ഐ.എം ബിഹാറിൽ നേടിയത്. അഞ്ച് വർഷം മുമ്പെങ്കിലും കളമറിഞ്ഞ് ദീർഘവീക്ഷണത്തോടെ 'രാഷ്ട്രീയത്തിൽ ശരിയായ' വ്യക്തികളെ ഉപയോഗപ്പെടുത്തി കളിച്ചിരുന്നെങ്കിൽ ഇതേ മുന്നേറ്റം ലീഗിനും ഉണ്ടാക്കാമായിരുന്നു. ഇനിയും അങ്ങിനെ തന്നെ.

രണ്ട് മൂന്ന് വർഷത്തെ കിഷൻഗഞ്ച് - സീമാഞ്ചൽ മേഖലയിലെ ഗ്രാസ്‌റൂട്ട് ലെവൽ അനുഭവം വെച്ച് പറഞ്ഞാൽ നിവൃത്തികേട് കൊണ്ട് കൂടിയാണ് ജനം മജ്‌ലിസിനെ ജയിപ്പിച്ചത്. വളരെ കൃത്യമായ ബോധത്തോടെയും രാഷ്ട്രീയ തിരിച്ചറിവോടും കൂടിയാണ് ബീഹാറിലെ ദലിത് പിന്നാക്ക വിഭാഗങ്ങൾ, പ്രത്യേകിച്ചും മുസ്ലിംകൾ, വിശിഷ്യാ മലബാറിന് സമാനമായ സീമാഞ്ചൽ മേഖലയിൽ വോട്ട് ചെയ്തത്. ഉവൈസിക്ക് ബി.ജെ.പി ചാപ്പയും ഇ.വി.എം അട്ടിമറിയും ഉന്നയിക്കും മുന്നെ അതൊന്ന് അറിയുന്നത് നല്ലതാണ്.

കിഷൻഗഞ്ച് മണ്ഡലത്തിൽ 2015 ൽ ജയിച്ചത് കോൺഗ്രസിന്റെ ജാവേദ് ആലം. 2019 ൽ അദ്ദേഹം കോൺഗ്രസിന്റെ ബിഹാറിലെ ഏക എം.പി ആയി കേന്ദ്രത്തിൽ പോയി. ഉപതെരഞ്ഞെടുപ്പിൽ വാശിപിടിച്ച് എൺപത് കഴിഞ്ഞ തൻറെ ഉമ്മക്ക് സീറ്റ് കൊടുത്തു അയാൾ. ജനങ്ങൾ മനോഹരമായി തോൽപ്പിച്ചു. എം.ഐ.എമ്മിന്റെ ഖമറുൽ ഇസ്ലാമിനെ ജയിപ്പിച്ചു. ഇപ്രാവശ്യം കോൺഗ്രസ് യുവാവായ നല്ല സ്ഥാനാർഥിയെ നിർത്തി. നേരിയ ഭൂരിപക്ഷത്തിനാണ് എങ്കിലും അദ്ദേഹം ജയിച്ചു. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. സിറ്റിങ് എം.എൽ.എ മൂന്നാം സ്ഥാനത്ത്. കിഷൻഗഞ്ച് ടൗണിൽ ബി.ജെ.പിക്ക് അത്യാവശ്യം നല്ല വോട്ടും ഉണ്ട് .

കോച്ചദമൻ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എം.എൽ.എ ആയി കഴിഞ്ഞ അഞ്ച് വർഷവും നന്നായി പണിയെടുത്ത മാസ്റ്റർ മുജാഹിദ് ആലം തോറ്റത് ജെ.ഡി.യുക്കാരനായത് കൊണ്ട് മാത്രം. മഹാ ഗഡ്ബന്ധൻ ചെറുപ്പക്കാരനും ജാമിഅ മില്ലിയ അലുമ്‌നിയുമായ സർവർ ആലമിനെ നിർത്തുന്നതിന് പകരം അദ്ദേഹത്തിന്റെ പിതാവ് ശാഹിദ് ആലമിന്റെ മത്സരിക്കാനുളള മോഹം തീർക്കാൻ നിന്നു. അവിടെയാണ് വലിയ ധനാഡ്യനും പാരമ്പര്യ കോൺഗ്രസ് കുടുംബാംഗവുമായ ഇസ്ഹാർ അസ്ഫിയെ നിറുത്തി ഉവൈസിയുടെ പാർട്ടി ജയിച്ചത്.

ഹിന്ദു മുസ്ലിം വോട്ടുകൾ സമാസമമായ ഠാക്കൂർഗഞ്ചിൽ ജെ.ഡി.യു സിറ്റിങ്ങ് എം.എൽ.എ നൗഷാദ് ആലം തോറ്റു. അവിടെ ആർ.ജെ.ഡി ചെറുപ്പക്കാനും പഴയ കോൺഗ്രസ് എം.പി മർഹൂം അസ്‌റാറുൽ ഹഖ് ഖാസ്മിയുടെ മകനുമായ സുഊദ് ആലമിനെ നിർത്തി ജയിച്ചു. മജ്‌ലിസ് മൂന്നാം സ്ഥാനത്തേക്കു പോയി.

ബഹാദൂർഗഞ്ചിൽ കോൺഗ്രസ് എല്ലാ ജനകീയ ആവശ്യങ്ങളും അവഗണിച്ച്, ജനങ്ങൾ ആകെ വെറുത്ത സിറ്റിങ് എം.എൽ.എ തൗസീഫ് ആലമിന് അഞ്ചാമതും മത്സരിക്കാൻ സീറ്റ് നൽകിയതോടെ തോൽവി ഉറപ്പിച്ചു. 2010 ൽ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിച്ച, ഒരു ഘട്ടത്തിൽ ജെ.ഡി.യു ടിക്കറ്റ് കിട്ടുമോ എന്നുവരെ അന്വേഷിച്ച അൻസാർ നഈമി എന്ന ധനാഡ്യനെ നിറുത്തി എം.ഐ.എം ആ സീറ്റ് കൂളായി ജയിച്ചു.

കിഷൻഗഞ്ച് പൂർണിയ ജില്ലകൾ പങ്ക് വെക്കുന്ന അമോർ മണ്ഡലത്തിൽ ജയിച്ചത് എം.ഐ.എം സ്റ്റേറ്റ് പ്രസിഡണ്ടും മുൻ ആർ.ജെ.ഡി എം.എൽ.എയും മുൻ ജെ.ഡി.യുക്കാരനും ഉജ്വല പ്രഭാഷകനുമായ അക്തറുൽ ഈമാൻ. മുപ്പത് വർഷത്തിലധികം എം.എൽ.എയായി തഴമ്പ് വന്നിട്ടും പൂതി തീരാത്ത അബ്ദുൽ ജലീൽ മസ്താനെ വീണ്ടും നിർത്തി പുതിയ കാലത്തെ വിളികൾ കേൾക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് കാരണം.

പൂർണിയയിലെ ബായ്‌സിയാണ് ഉവൈസിയുടെ പാർട്ടി ജയിച്ച മറ്റൊരു മണ്ഡലം . ജയിച്ചത് ജെ.ഡി.യുവിന്റെ മുൻ എം.എൽ.എ റുക്‌നുദ്ദീൻ. 30 കൊല്ലത്തിലേറെ എം.എൽ.എ ആയിരുന്നിട്ടും ആഗ്രഹം തീരാത്ത അബ്ദുസ്സുബ്ഹാനെയാണ് ജനങ്ങൾ തോൽപിച്ച് വിട്ടത്. നിവൃത്തികേട് കൊണ്ട് എന്നേ പറയൂ. കഴിവുള്ള നല്ല ചെറുപ്പക്കാരെ നിറുത്തിയിരുന്നെങ്കിൽ ആ സീറ്റ് ആർ.ജെ.ഡിക്ക് കിട്ടുമായിരുന്നു. സീറ്റ് തേടി ഉവൈസിക്കൊപ്പം പോയ പഴയ ജെ.ഡി.യുക്കാരനെ ജനം ജയിപ്പിക്കുമായിരുന്നില്ല. നിതീഷ് കുമാറിന്റെ പാർട്ടി ഇപ്രാവശ്യം മർഹൂം മഹ്മൂദ് അഷ്‌റഫിൻറെ ഭാര്യക്ക് ആണ് സീറ്റ് കൊടുത്തത്. അവരും റുക്‌നുദ്ദീനും അടുത്ത കുടുംബക്കാരും.

ജോക്കിഹട്ട് ആണ് എം.ഐ.എം ജയിച്ച മറ്റൊരു മണ്ഡലം. ഇവിടെ ജയിച്ചത് പഴയ ആർജെഡി പടക്കുതിര തസ്ലീമുദ്ദീന്റെ ചെറിയ മകനും മുൻ ആർ.ജെ.ഡി എം.എൽ.എയുമായ ഷാനവാസാണ്. ഷാനവാസ് തോൽപ്പിച്ചത് സ്വന്തം സഹോദരനായ സർഫറാസിനെ. തസ്ലീമുദീന്റെ കാലത്തേ പൊളിറ്റിക്‌സിൽ ഉള്ള സർഫറാസ് പത്തുവർഷം എം.എൽ.എയും ഒരു പ്രാവശ്യം എം.പിയും ആയിരുന്നു. സർഫറാസ് എംപ.ി ആയ വർഷം ബൈ ഇലക്ഷനിൽ സഹോദരൻ ഷാനവാസ് എം.എൽ.എ ആയി. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർഫറാസ് തോറ്റു. തിരികെ വന്ന് സർഫറാസ് ആർ.ജെ.ഡി എം.എൽ.എ സീറ്റ് സഹോദരനിൽ നിന്ന് കൈക്കലാക്കി. ജനകീയനായ ഷാനവാസ് മജ്‌ലിസിൽ നിന്ന് ടിക്കറ്റ് വാങ്ങി മത്സരിച്ചു ജയിച്ചു.

ഏറ്റവും ചിന്തിച്ചാണ് ആണ് സീമാഞ്ചലിലെ മുസ്ലീങ്ങൾ വോട്ട് ചെയ്തത്. കഴിയുന്നത്ര ആർ.ജെ.ഡി - കോൺഗ്രസ് മഹാസഖ്യത്തെ സഹായിക്കാൻ അവർ ശ്രമിച്ചു. എന്നാൽ അവരെ തോൽപിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പാർട്ടികളോടും വ്യക്തികളോടും അവർ കണക്ക് ചോദിച്ചു. അതിനിടയിൽ ഏതു പാർട്ടിയുടെ ടിക്കറ്റിലും മത്സരിക്കാൻ തയ്യാറുള്ള സ്ഥാനാർത്ഥികൾ വിവിധ ഇടങ്ങളിൽ നിന്ന് ജയിച്ചു കയറി.

സ്വത്വ രാഷ്ട്രീയവും സെക്യുലർ മുന്നണി രാഷ്ട്രീയവും നല്ല സ്ഥാനാർത്ഥികളും ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പുകളിൽ ജയിക്കും. നല്ല രാഷ്ട്രീയം കളിച്ചാൽ ഇനിയും സുഖമായി കോൺഗ്രസിനും ആർ.ജെ.ഡിക്കും തിരിച്ചു വരാവുന്നതാണ് സീമാഞ്ചൽ മേഖല. എന്നാൽ ശാക്തികരണവും വിദ്യാഭ്യാസവും ഡവലപ്‌മെന്റും അജണ്ടകളാക്കി എം.ഐ.എം വർക്ക് ചെയ്താൽ പിന്നെ അവർക്ക് തിരിഞ്ഞു നോക്കേണ്ടിവരില്ല. പ്രസംഗങ്ങൾക്കപ്പുറം ഉവൈസിയുടെ പാർട്ടി ആ തലത്തിലേക്ക് പോകുമെന്ന് ഇപ്പോൾ പ്രതീക്ഷയില്ല. പക്ഷെ ഇനി, അലയൻസുകളിൽ അവരോടുളള അലർജിയും തൊട്ടുകൂടായ്മയും കുറയും. ഇപ്പോൾ പപ്പു യാദവ് നീട്ടിയ കരം നാളെ തേജസ്വിയോ നിതീഷോ ചിരാഗ് പാസ്വാനോ നീട്ടാതിരിക്കില്ല.

തീവ്ര ഇടതുപക്ഷം ആയ, നെക്‌സൽ സമരങ്ങളുടെ പിന്നിലെ ശക്തിയായ, മുഖ്യധാരാ ഇടതുപക്ഷം പോലും കൂടെക്കൂട്ടാത്ത സിപിഐ എംഎൽ മഹാഗഡ്ബന്ധനിൽ ചേർന്ന് വലിയ വിജയം വരിച്ചത് കൂടി കാണണം. സി.പി.എമ്മും സി.പി.ഐയും മഹാസഖ്യത്തിൽ ഈർക്കിൽ സാന്നിധ്യം മാത്രമാണ് എന്നും ഓർക്കണം.

TAGS :

Next Story