LiveTV

Live

Opinion

'കമ്യൂണിസ്റ്റ് കമല', സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍

അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷികം. 100 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി സ്ത്രീവോട്ടുകള്‍ മാറി.

'കമ്യൂണിസ്റ്റ് കമല', സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍

അമേരിക്കയിലെ സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന് 100 വയസ്സ് തികഞ്ഞ വര്‍ഷമാണിത്- സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷികം. 100 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി സ്ത്രീവോട്ടുകള്‍ മാറി. 1980 മുതല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യുന്നത്. ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് വൈറ്റ് ഹൗസിലെത്തുമ്പോള്‍, അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസും ഇല്‍ഹാനും അയന്നയും റാഷിദയും വീണ്ടും പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ജോര്‍ജിയയില്‍ ബൈഡന് അട്ടിമറി മുന്നേറ്റം ഉറപ്പാക്കിയതില്‍ സ്റ്റേയ്സി എബ്രാംസ് എന്ന ആഫ്രിക്കന്‍ അമേരിക്കക്കാരി നിര്‍ണായക പങ്ക് വഹിക്കുമ്പോള്‍.. ഇതെല്ലാം തുല്യതക്കായുള്ള അമേരിക്കയിലെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുടെ തുടര്‍ച്ച ആണെന്ന് കാണാം. അതുകൊണ്ടാണ് കമല ഹാരിസ് പറഞ്ഞത് 'യുഎസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിത ഞാനായിരിക്കും എന്നാല്‍ അവസാനത്തേത് അല്ലെ'ന്ന്.

സൂസന്‍, ഞാന്‍ വോട്ട് ചെയ്തു..

സൂസന്‍ ബി ആന്‍റണി
സൂസന്‍ ബി ആന്‍റണി

അമേരിക്കയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയായിരുന്ന സൂസന്‍ ബി ആന്റണിയെ സ്ത്രീവോട്ടര്‍മാര്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഓര്‍ക്കാറുണ്ട്. ന്യൂയോര്‍ക്കില്‍ സൂസന്റെ ശവകുടീരത്തിന് മുകളില്‍ 'ഐ വോട്ടഡ്' എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിക്കുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. 1800കളില്‍ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാനും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരവനിതയാണ് സൂസന്‍. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം 14ആം ഭേദഗതിയിലൂടെ കറുത്തവര്‍ഗക്കാര്‍ ഉള്‍പ്പെടെ രാജ്യത്ത് ജനിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചെങ്കിലും സ്ത്രീകള്‍ക്ക് ആ അവകാശമില്ലായിരുന്നു. 1872ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമം ലംഘിച്ച് സൂസന്‍ ന്യൂയോര്‍ക്കിലെ റോചസ്റ്ററില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. 1920 ആഗസ്തിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി അമേരിക്കന്‍ ഭരണഘടനയില്‍ 19ആം ഭേദഗതിയിലൂടെ മാറ്റം വരുത്തിയത്. അപ്പോഴേക്കും സൂസന്‍ മരിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു. അവകാശങ്ങള്‍ക്കായി നിരന്തരം പൊരുതിയ സ്ത്രീകളോടുള്ള ആദര സൂചകമായാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ് സ്ത്രീകള്‍ ഐ വോട്ടഡ് എന്ന സ്റ്റിക്കറുകള്‍ സൂസന്റെ ശവകുടീരത്തില്‍ പതിക്കുന്നത്.

'കമ്യൂണിസ്റ്റ് കമല', സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍

സൂസന്‍ തനിച്ചായിരുന്നില്ല. സ്ത്രീകള്‍ക്ക് അമേരിക്കയില്‍ വോട്ടവകാശം ലഭിക്കുന്നതിന് 50 വര്‍ഷം മുന്‍പ് തന്നെ അതായത് 1871ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച വനിതാ വിമോചന പോരാളിയാണ് വിക്ടോറിയ വുഡ്ഹള്‍. അന്ന് വിക്ടോറിയക്ക് പ്രസിഡന്‍റ് ആവാനുള്ള യോഗ്യതകളിലൊന്നായ 35 വയസ്സ് തികഞ്ഞിരുന്നില്ല. 1884ല്‍ ബെല്‍വ ലോക്ക്‍വുഡും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. നാഷണല്‍ ഈക്വല്‍ റൈറ്റ്സ് പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ബെല്‍വ മത്സരിച്ചത്. സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലാതിരുന്ന അക്കാലത്ത് വോട്ട് രേഖപ്പെടുത്തിയ 10 മില്യണ്‍ പുരുഷന്മാരില്‍ 5000 പേരുടെ വോട്ടാണ് ബെല്‍വക്ക് ലഭിച്ചത്. കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടാതിരുന്ന 1952ല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കറുത്ത വര്‍ഗക്കാരിയായി ഷെര്‍ലോട്ട ബാസ്. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ അസംഖ്യം സ്ത്രീകളുടെ പോരാട്ടവീര്യം കെടാതെ തലമുറകള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്.

വിക്ടോറിയ വുഡ്ഹള്‍
വിക്ടോറിയ വുഡ്ഹള്‍

'കമ്യൂണിസ്റ്റ് കമല'

അത്രയേറെ സ്വതന്ത്രചിന്താഗതിയും പുരോഗമനചിന്തയുമൊക്കെ അവകാശപ്പെടുന്ന അമേരിക്കയില്‍  ഒരു സ്ത്രീ ആദ്യമായി വൈസ് പ്രസിഡന്‍റാകുന്നത് പോലും 2020ല്‍ ആണ് എന്നതില്‍ വൈരുധ്യമുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആ രാജ്യത്തെ പ്രസിഡന്‍റ് തന്നെയാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്കതിരെ പരസ്യമായി സ്ത്രീവിരുദ്ധ, വംശവെറി നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ആ വൈരുധ്യത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും വ്യക്തമാകും. തന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായ ജോ ബൈഡനെ കടന്നാക്രമിക്കുന്നതിനേക്കാള്‍ കൂടുതല്‍ ട്രംപ് ലക്ഷ്യമിട്ടത് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെയാണ്. ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റായ കമല രണ്ട് മാസം കൊണ്ട് ബൈഡനെ ആ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്‍റാകും, രാജ്യത്തേക്ക് കൊലയാളികളെയും ബലാത്സംഗികളെയും ഒഴുക്കിവിടും എന്നെല്ലാമാണ് ട്രംപ് ആരോപിച്ചത്. കുടിയേറ്റക്കാരുടെ മകളായി ജനിച്ച കമലക്ക് അമേരിക്കന്‍ പൌരത്വമില്ലെന്ന പച്ചക്കള്ളം പോലും ട്രംപ് പറഞ്ഞു. അമേരിക്കക്ക് ഒരു സോഷ്യലിസ്റ്റ് പ്രസിഡന്‍റിനെ വേണ്ട, പ്രത്യേകിച്ച് വനിതാ സോഷ്യലിസ്റ്റ് പ്രസിഡന്‍റിനെ എന്നും  പറഞ്ഞു ട്രംപ്.

കമല ഹാരിസ്
കമല ഹാരിസ്

ട്രംപിന്‍റെ വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഒരു പരാമര്‍ശത്തോടും വൈകാരികമായി പ്രതികരിക്കാനോ തിരിച്ച് വ്യക്തിപരമായി ആക്രമിക്കാനോ പോയില്ല കമല ഹാരിസ്. പകരം ട്രംപിന്‍റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, വിദേശ നയത്തിലെ പാളിച്ചകള്‍, വംശീയ വിദ്വേഷം, കാലാവസ്ഥാ വ്യതിയാനം, തൊഴില്‍പ്രതിസന്ധി, കുടിയേറ്റ വിരുദ്ധത തുടങ്ങിയവയെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞു കമല ഹാരിസ്. കമലയെ അമേരിക്കന്‍ ജനത വിശ്വാസത്തിലെടുത്തു. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനും ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിനും പിറന്ന കമല ഹാരിസ് അങ്ങനെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- അമേരിക്കന്‍, ആദ്യ ആഫ്രിക്കന്‍ - അമേരിക്കന്‍ തുടങ്ങിയ അപൂര്‍വ്വ ബഹുമതികള്‍ സ്വന്തമാക്കി.

എഒസിയും സ്ക്വാഡും

ദ സ്ക്വാഡ്
ദ സ്ക്വാഡ്

ന്യൂയോര്‍ക്കിലെ 14ആം ഡിസ്ട്രിക്ടില്‍ നിന്നും 2018ല്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എഒസി എന്ന് അറിയപ്പെടുന്ന അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസിന് പ്രായം 29. യുഎസ് പ്രതിനിധി സഭയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതി എഒസിക്ക് സ്വന്തം. സജീവ രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് കുടുംബം പുലര്‍ത്താന്‍ റെസ്റ്റോറന്‍റുകളിലും ബാറുകളിലും വിളമ്പുകാരിയായി ജോലി ചെയ്തിരുന്നു എഒസി. കോര്‍പറേറ്റുകളുടെ സംഭാവന സ്വീകരിക്കാതെ താഴേത്തട്ടില്‍ ഇറങ്ങിപ്രവര്‍ത്തിച്ചാണ് എഒസി 2018ലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയായത്. ന്യൂയോര്‍ക്കിലെ 14ആം ഡിസ്ട്രിക്ടില്‍ ഭൂരിപക്ഷം കുടിയേറ്റക്കാരാണ്. വംശീയ വിദ്വേഷത്തിനെതിരെ നിരന്തരം സംസാരിച്ച്, സോഷ്യല്‍ മീഡിയയെ ക്രിയാത്മകമായി ഉപയോഗിച്ച്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ നേരില്‍ പോയി കേട്ട് പുരോഗമനപരമായി ചിന്തിക്കുന്ന യുവജനതയുടെ മുഖമായി വളരെ വേഗം എഒസി മാറി.

അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസ്
അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസ്

ഇതിനിടെ ട്രംപിന്‍റെ ജനദ്രോഹ, കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നിരന്തരം തുറന്നുകാട്ടിയ എഒസി ഉള്‍പ്പെടെ യുഎസ് കോണ്‍ഗ്രസിലെ നാല് സ്ത്രീകളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു ട്രംപ്. അമേരിക്കന്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ നില്‍ക്കാതെ അവരവരുടെ രാജ്യങ്ങളില്‍ തിരിച്ചുപോയി അവിടെയുള്ള സര്‍ക്കാരിനെ ശരിയാക്കൂ എന്നാണ് ട്രംപ് പറഞ്ഞത്. കറുത്തവംശജരായ വനിതാ ജനപ്രതിനിധികളോട് വെള്ള വംശീയതയുടെ ഭാഷയിലാണ് പ്രസിഡന്‍റ് സംസാരിച്ചതെന്ന് എഒസി മറുപടി നല്‍കി. എഒസിയുടെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് 14ആം ഡിസ്ട്രിക്ട് 2020ല്‍ വീണ്ടും എഒസിയെ പ്രതിനിധിസഭയിലേക്ക് അയച്ചു. എഒസിയുടെ സമാന നിലപാടുകളുള്ള മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു 2018ലെ യുഎസ് കോണ്‍ഗ്രസില്‍- ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അയാന പ്രസ്‌ലി. ഇവരും ഈ വര്‍ഷം പ്രതിനിധിസഭയിലേക്ക് വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.

ഇസ്‍ലാമോഫോബിയയെ തോല്‍പിച്ച ഇല്‍ഹാന്‍ ഉമര്‍

മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റില്‍ നിന്ന് 2018ല്‍ ഇല്‍ഹാന്‍ ജനപ്രതിനിധി സഭയിലെത്തിയപ്പോള്‍ നടന്നുകയറിയത് മറ്റൊരു ചരിത്രത്തിലേക്ക് കൂടിയാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‍ലിം വനിതകളില്‍ ഒരാളാണ് ഇല്‍ഹാന്‍. ഇല്‍ഹാന്‍ ജനപ്രതിനിധി സഭയില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള 181 വര്‍ഷത്തെ വിലക്കിനെ മറികടന്നും ചരിത്രം സൃഷ്ടിച്ചു. ട്രംപും അനുയായികളും അതുകൊണ്ടുതന്നെ അസ്വസ്ഥരായിരുന്നു. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവള്‍, സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കി അമേരിക്കയിലേക്ക് കുടിയേറിയവള്‍, അല്‍ഖ്വൊയ്ദയെ പിന്തുണക്കുന്നവള്‍, അമേരിക്കക്കാരി അല്ലാത്തതിനാല്‍ മത്സരിക്കാന്‍ അര്‍ഹതയില്ലാത്തവള്‍ എന്നിങ്ങനെ ഇല്‍ഹാനെ ട്രംപ് നിരന്തരം അധിക്ഷേപിക്കുകയുണ്ടായി.

ഇല്‍ഹാന്‍ ഉമര്‍
ഇല്‍ഹാന്‍ ഉമര്‍

സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ പന്ത്രണ്ടാമത്തെ വയസിലാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്ന കാരണത്താല്‍ സ്കൂള്‍ കാലത്ത് അധിക്ഷേപം നേരിടേണ്ടിവന്നു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 17ആം വയസില്‍ അമേരിക്കന്‍ പൌരത്വം ലഭിച്ചു. 2005 മുതല്‍ ഹിജാബ് ധരിച്ച് സ്വന്തം മതസ്വത്വം വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ വംശീയവാദികള്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍‌ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇല്‍ഹാന്‍ ജീവിച്ചിരുന്ന പ്രദേശത്തെ സൊമാലി വിഭാഗവും താത്പര്യം കാണിച്ചില്ല. സൊമാലി വിഭാഗത്തില്‍ നിന്നും ഏതെങ്കിലും പുരുഷ സ്ഥാനാര്‍ഥി മതി, സ്ത്രീ വേണ്ട എന്നായിരുന്നു അവരുടെ നിലപാട്. ട്രംപ് പ്രസിഡന്‍റായതിന് പിന്നാലെ സൊമാലിയ ഉള്‍പ്പെടെ 7 മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ വിലക്കിയപ്പോള്‍ ശക്തമായി പ്രതികരിച്ചതോടെ ഇല്‍ഹാന്‍ അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. രാജ്യത്തെ ഭിന്നിപ്പിന്‍റേതായ മുറിവ് ഉണക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇല്‍ഹാന്‍ പ്രതികരിച്ചു.

ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് ആവശ്യപ്പെട്ട റാഷിദ

റാഷിദ തലൈബ്
റാഷിദ തലൈബ്

യുഎസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുസ്‍ലിം സ്ത്രീ എന്ന ബഹുമതി   ഇല്‍ഹാന്‍ ഒമറിനൊപ്പം പങ്കുവെച്ച വനിതയാണ് റാഷിദ തലൈബ്. കോണ്‍ഗ്രസിലെ ആദ്യ ഫലസ്‌തീനി - അമേരിക്കന്‍ സ്ത്രീ കൂടിയാണ് റാഷിദ. 2004ലാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 2019ലെ കോണ്‍ഗ്രസിലെ സത്യപ്രതിജ്ഞക്ക് റാഷിദ എത്തിയത് പരമ്പരാഗത ഫലസ്തീനിയന്‍ വസ്ത്രം ധരിച്ചാണ്. ഖുര്‍ആന്‍ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 2019 ജനുവരി 3- കോണ്‍ഗ്രസിലെ തന്‍റെ ആദ്യ ദിവസം തന്നെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് റാഷിദ ആവശ്യപ്പെട്ടു.  ട്രംപിന്‍റെ വിദേശനയങ്ങളുടെ സ്ഥിരം വിമര്‍ശകയായിരുന്നു റാഷിദ. ഇസ്രായേലിന്‍റെ ഫലസ്തീന്‍ അധിനിവേശത്തെയും സ്ഥിരമായി എതിര്‍ത്തു. ഇതോടെ റാഷിദക്കും ഇല്‍ഹാനും ഇസ്രായേല്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. മിഷിഗണിലെ 13ആം ഡിസ്ട്രിക്ടില്‍ നിന്നുമാണ് റാഷിദ ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക പാര്‍ട്ടിയിലെ അംഗമായ റാഷിദ, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടത് ചേരിക്കൊപ്പമാണ്.

മാറ്റത്തിന് കാത്തുനില്‍ക്കാനാവില്ലെന്ന് അയന്ന

അയന്ന പ്രസ്‍ലി
അയന്ന പ്രസ്‍ലി

മസാച്യുസെറ്റ്സില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയാണ് അയന്ന പ്രസ്‍ലി. 2018ല്‍ പ്രൈമറിയില്‍ മൈക്ക് ക്യൂപുവാനോയെന്ന ശക്തനായ എതിരാളിയെയാണ് അയന്ന പരാജയപ്പെടുത്തിയത്. 2009ല്‍ ബോസ്റ്റണ്‍ സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പട്ട ആദ്യ കറുത്തവര്‍ഗ്ഗക്കാരിയും അയന്നയായിരുന്നു. 'മാറ്റത്തിന് കാത്തുനില്‍ക്കാനാവില്ല' എന്ന മുദ്രാവാക്യവുമായാണ് ട്രംപിന്‍റെ വംശീയതയെ അയന്ന വെല്ലുവിളിച്ചത്. ഈ വര്‍ഷം ഡമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ അയന്നയ്ക്ക് എതിരാളികളുണ്ടായിരുന്നില്ല. മസാച്യുസെറ്റ്സില്‍ നിന്ന് വീണ്ടും ജനപ്രതിനിധി സഭയിലേക്ക്. സ്ക്വാഡ് എന്ന് അറിയപ്പെട്ട ഈ നാല് വനിതകളുടെ വിജയം ട്രംപിന്‍റെ വെള്ള വംശീതയുടെയും സ്ത്രീവിരുദ്ധതയുടെയും മുഖത്തേറ്റ അടിയാണ്. നാല് സ്ത്രീകളില്‍ ഏറ്റവും അധികകാലം രാഷ്ട്രീയ പരിചയം ഉള്ള വ്യക്തി എന്ന നിലയില്‍ സ്ക്വാഡിന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നത് അയന്നയാണ്.

ജോര്‍ജിയയില്‍ ബൈഡന് അട്ടിമറി ഉറപ്പാക്കിയ സ്റ്റേയ്സി എബ്രാംസ്

1992ന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു ജോര്‍ജിയ. 28 വര്‍ഷത്തിന് ശേഷമാണ് ബൈഡനിലൂടെ ഡമോക്രാറ്റ് പാര്‍ട്ടി ജോര്‍ജിയ തിരിച്ചുപിടിച്ചത്. ബൈഡന് അട്ടിമറി വിജയം ഉറപ്പാക്കിയതാവട്ടെ സ്റ്റേയ്സി എബ്രഹാം എന്ന കറുത്ത വര്‍ഗക്കാരിയും. നിര്‍ണായകമായത് 2013ല്‍ സ്റ്റേയ്സി മുന്നോട്ടുവെച്ച ന്യൂ ജോര്‍ജിയ പ്രൊജക്റ്റ് ആണ്. കറുത്ത വര്‍ഗക്കാരെ പരമാവധി പോളിങ് ബൂത്തുകളില്‍ എത്തിച്ച് അവരുടെ വോട്ട് ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായകമാക്കുക എന്നതായിരുന്നു ലക്ഷ്യം. വോട്ടര്‍ രജിസ്ട്രേഷനിലെ സങ്കീര്‍ണത കാരണം മാറിനിന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നും പരമാവധി ആളുകളെ ഇത്തരത്തില്‍ വോട്ട് ചെയ്യിക്കാനായി. വോട്ടവകാശം ഉറപ്പ് വരുത്താന്‍ ഫെയർ ഫൈറ്റ് ആക്ഷൻ എന്ന സംഘടനയ്ക്കും രൂപം നല്‍കി സ്റ്റേയ്സി എബ്രാംസ്.

സ്റ്റേയ്സി എബ്രാംസ്
സ്റ്റേയ്സി എബ്രാംസ്

വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന സ്റ്റേയ്സിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. 49,52,270 പേരാണ് ഇത്തവണ പോളിങ് ബൂത്തിലെത്തിയത്. റെക്കോര്‍ഡ് ആണിത്. താഴേത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാണ് സ്റ്റെയ്സി അവരുടെ വിശ്വാസം നേടിയെടുത്തത്. ഇതോടെ റിപബ്ലിക് കോട്ട പൊളിഞ്ഞു. നിയമ ബിരുദധാരിയും സാഹിത്യകാരിയും കൂടിയാണ് 47കാരിയായ സ്റ്റെയ്സി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം നേടാന്‍ അവര്‍ക്ക് ഇതിനകം കഴിഞ്ഞു. സ്റ്റേയ്സി എബ്രാംസ് ഭാവിയില്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ആകാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മത്സരിച്ച മൂന്ന് സ്ത്രീകളെയും സഭയിലേക്ക് അയച്ച് ന്യൂ മെക്സിക്കോ

വിവിധ വംശീയ വിഭാഗങ്ങളില്‍പ്പെട്ട വനിതകളാണ് ഇത്തവണ ന്യൂ മെക്സിക്കോയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലഗൂണ പ്യൂബ്‌ളേ സമൂഹത്തില്‍ നിന്നുള്ള ഡെബ് ഹാലാന്റ്, അമേരിക്കന്‍ ഗോത്ര വിഭാഗമായി പരിഗണിക്കപ്പെടുന്ന ചെറോക്കി നാഷന്റെ ഭാഗമായ വെട്ടേ ഹെരല്‍, ലാറ്റിനോ വിഭാഗത്തിലെ തെരേസ ലെഗര്‍ ഫെര്‍ണാണ്ടസ് എന്നിവരെയാണ് കളേര്‍ഡ് വിഭാഗത്തില്‍ നിന്നും ന്യൂ മെക്‌സിക്കോ തെരഞ്ഞെടുത്തു വിട്ടത്.

'കമ്യൂണിസ്റ്റ് കമല', സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍

അമേരിക്കന്‍ ചരിത്രത്തില്‍ കളേര്‍ഡ് വിഭാഗത്തില്‍ എല്ലാവരേയും ആദ്യമായി അയച്ചത് 1990ല്‍ ഹവായ് ആയിരുന്നു. ന്യൂ മെക്‌സിക്കോയിലെ ജനങ്ങള്‍ ഭയത്തിന് മുകളില്‍ പ്രതീക്ഷയേയും വിദ്വേഷത്തിന് മുകളില്‍ സ്‌നേഹത്തേയും വിഭാഗീയതയ്ക്ക് മുകളില്‍ സമൂഹത്തെയും തെരഞ്ഞെടുത്തെന്നായിരുന്നു ഹാലാന്റ് ട്വിറ്ററില്‍ വ്യാഴാഴ്ച കുറിച്ചത്. എല്‍ജിബിടിക്യു വിഭാഗത്തില്‍ നിന്ന് 9 പേര്‍ പ്രതിനിധിസഭയിലേക്കും 2 പേര്‍ സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

യുഎസ് പ്രതിനിധിസഭയിലും സെനറ്റിലുമായി ആകെ 535 ആണ് അംഗസംഖ്യ. പ്രതിനിധി സഭയില്‍ 435 പേരും സെനറ്റില്‍ 100 പേരും. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 135 സ്ത്രീകളാണ് യുഎസ് കോണ്‍ഗ്രസിലെത്തുക. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് 103 പേരും റിപബ്ലിക് പാര്‍ട്ടിയില്‍ നിന്ന് 32 പേരും. കോണ്‍ഗ്രസിലെ 48 കറുത്ത വര്‍ഗക്കാരായ സ്ത്രീകളില്‍ 46ഉം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നാണ്. 50 സംസ്ഥാനങ്ങളില്‍ നിന്നായി 100 സെനറ്റര്‍മാരാണ് അമേരിക്കയിലുള്ളത്. നിലവിലെ കണക്ക് പ്രകാരം സെനറ്റിലെ വനിതകളുടെ എണ്ണം 26 ആണ്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് 17 പേരും റിപബ്ലിക് പാര്‍ട്ടിയില്‍ നിന്ന് 9 പേരും. ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് സ്ത്രീപ്രാതിനിധ്യത്തില്‍ അമേരിക്ക ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ടെന്നാണ്.