Top

സവര്‍ണ സംവരണം: യൂത്ത് ലീഗ് മൗനത്തിലോ?

മുസ്‌ലിം യൂത്ത് ലീഗ് എന്തുകൊണ്ടാണ് സംവരണസമരത്തിൽ നിന്ന് മറഞ്ഞുനിൽക്കുന്നത്?

MediaOne Logo

  • Published:

    5 Nov 2020 11:37 AM GMT

  • Updated:

    2020-11-05 11:37:58.0

സവര്‍ണ സംവരണം: യൂത്ത് ലീഗ് മൗനത്തിലോ?
X

കേരളത്തിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധസമരങ്ങൾ തെരുവിലേക്കിറങ്ങുന്നതിന്റെ തുടക്കത്തിൽ തന്നെയാണ്, 2019 ഡിസംബർ രണ്ടാം വാരത്തിൽ മലപ്പുറത്തെ പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് മുസ്‌ലിം യൂത്ത് ലീഗ് നയിച്ച ഡേ നൈറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നത്. ഈ മാർച്ചിന് ശേഷമാണ് ഏതാണ്ട് ഇതേ മാതൃകയിൽ തിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ജാഥ നയിക്കാൻ ഡി.വൈ.എഫ്.ഐ മുന്നോട്ടുവരുന്നത്. മത സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ-രാഷ്ട്രീയേതര കൂട്ടായ്മകളുടേയും നേതൃത്വത്തിൽ പൗരത്വനിയമത്തിനെതിരെ പതിനായിരങ്ങൾ അണിനിരന്ന പടുകൂറ്റൻ സമരങ്ങൾക്കാണ് കേരളത്തിലെ തെരുവുകൾ പിന്നീട് സാക്ഷ്യം വഹിച്ചത്. ദേശീയശ്രദ്ധ നേടിയ ഡൽഹിയിലെ ഷഹീൻബാഗ് സമരത്തെ കോഴിക്കോട് കടപ്പുറത്ത് പ്രതീകാത്മകമായി പുന:സൃഷ്ടിച്ചൂകൊണ്ടാണ് പൗരത്വ സമരത്തിൽ യൂത്ത് ലീഗ് അടുത്ത സമരനീക്കം നടത്തിയത്.

മുസ്‍ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഷഹീൻബാഗ് സമരം

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും യൂത്ത് ലീഗിന്റെ സമരപ്പോരാളികൾ ദിവസങ്ങൾ നീണ്ട കാൽനടയാത്രയിലൂടെ കിലോമീറ്ററുകൾ താണ്ടി സമരപ്പന്തലിലെത്തിയ ആവേശം നിറഞ്ഞ കാഴ്ചകൾക്ക് കേരളം സാക്ഷിയായി.

ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന മുന്നാക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ യൂത്ത് ലീഗ് മടിക്കുന്നതെന്തുകൊണ്ടായിരിക്കും?

കോവിഡ് വ്യാപനഭീതിയെ തുടർന്ന് താൽക്കാലികമായി നിർത്തിവെക്കുമ്പോൾ ആ സമരം നാൽപത് ദിവസം പിന്നിട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോഴിക്കോട് സന്ദർശനവേളയിൽ വെസ്റ്റ്ഹിൽ മുതൽ കരിപ്പൂർ എയർപ്പോർട്ട് വരെയുള്ള ദേശീയ പാതയിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ വളണ്ടിയർമാരെ അണിനിരത്തി 'ബ്ലാക്ക് വാൾ' തീർത്ത് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിക്കാൻ വരെ പൗരത്വസമര പരമ്പരയുടെ ഒരു ഘട്ടത്തിൽ യൂത്ത് ലീഗ് നേതാക്കൾ തയ്യാറായി. 'ദേശീയ' നേതാവിന്റെ ഉഗ്രശാസനക്ക് വഴങ്ങി അതിൽ നിന്നും പിൻമാറിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മുസ്‌ലിം യൂത്ത് ലീഗിന്റെ ചരിത്രത്തിലെ വലിയൊരു സമരമായി അത് മാറുമായിരുന്നു. പറഞ്ഞു വരുന്നത്, സമരം ചെയ്യാനറിയാത്ത സംഘടനയല്ല മുസ്‍ലിം യൂത്ത് ലീഗ് എന്നാണ്. അതിന്റെ നേതാവായ പി.കെ ഫിറോസാവട്ടെ, പലതരം ഇടപെടലുകളിലൂടെ കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ആളാണ്.

പൊതു'സ്വീകാര്യത കിട്ടുന്ന ഇടപെടലുകൾക്ക് മാത്രമേ സംഘടന മുന്നിട്ടിറങ്ങൂ എന്ന മാനസികാവസ്ഥയിൽ ആ സംഘടന എത്തിയിരിക്കുന്നു.

ആ മുസ്‌ലിം യൂത്ത് ലീഗ് എന്തുകൊണ്ടാണ് സംവരണസമരത്തിൽ നിന്ന് മറഞ്ഞുനിൽക്കുന്നത്? പൗരത്വം പോലെത്തന്നെ പ്രധാനമായ പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും പ്രശ്നത്തിൽ സമരരംഗത്തുനിന്ന് ഉൾവലിഞ്ഞുനിൽക്കുന്നു എന്നുമാത്രമല്ല, സംസ്ഥാന നേതാക്കളുടെ സോഷ്യൽ മീഡിയാ പ്രതികരണങ്ങളിൽ പോലും സവർണ സംവരണം കടന്നുവരാതിരിക്കാനുള്ള ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്. യൂത്ത് ലീഗ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നിരീക്ഷിക്കുന്ന ആർക്കും ഇത് മനസ്സിലാക്കാം. കെ.ടി. ജലീൽ, ബിനീഷ് കോടിയേരി വിഷയങ്ങളിൽ പി.കെ ഫിറോസ് നടത്തിയ പത്രസമ്മേളന പരമ്പരകൾ കേരളം ഏറെ ശ്രദ്ധിച്ചതാണ്. എന്നാൽ, സംവരണം എന്ന ആശയത്തെ അടിമേൽ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ഫിറോസ് ഇതുവരെ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടതല്ലാതെ വിഷയത്തിൽ മറ്റൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

''എറണാകുളത്ത് പാവപ്പെട്ട അതിഥിത്തൊഴിലാളികളെ ഭീകരബന്ധം ആരോപിച്ച് എൻ.ഐ.എ പിടിച്ചുകൊണ്ടുപോയ സംഭവം, ഹഥ്റാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ ആ സംഘടന അഭിപ്രായം പോലും പറഞ്ഞില്ല''

മുസ്‌ലിം ലീഗിന്റെ സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ ആണിക്കല്ലായ സാമുദായിക സംവരണവ്യവസ്ഥയും ഗുണഫലങ്ങളും മൂച്ചൂടും തകർത്തുകളയുന്ന തരത്തിൽ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന മുന്നാക്ക സംവരണത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ യൂത്ത് ലീഗ് മടിക്കുന്നതെന്തുകൊണ്ടായിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം, സമീപകാലത്ത് യൂത്ത് ലീഗ് ഏറ്റെടുത്ത രാഷ്ട്രീയ സമരങ്ങളിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. 'പൊതു'സ്വീകാര്യത കിട്ടുന്ന ഇടപെടലുകൾക്ക് മാത്രമേ സംഘടന മുന്നിട്ടിറങ്ങൂ എന്ന മാനസികാവസ്ഥയിൽ ആ സംഘടന എത്തിയിരിക്കുന്നു എന്നതാണ് കാരണം. ആർക്കും എതിരഭിപ്രായമില്ലാത്ത സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സൽപ്പേര് സമ്പാദിക്കുക എന്നതിനാണ് സംഘടന പലപ്പോഴും മുൻതൂക്കം നൽകുന്നത്. ലീഗിന്റെ യുവജന സംഘടന എന്നതിലുപരി യു.ഡി.എഫിന്റെ ആകെ പോഷക സംഘടനയായി മാറാനാണ് അവർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിനെ പലപ്പോഴും യൂത്ത് ലീഗ് മറികടന്നു.

മുസ്‌ലിംകൾ ഇരകളാവുന്ന പ്രശ്നങ്ങളിൽ മൗനം പാലിക്കുന്നതാണ് അഭികാമ്യമെന്ന നിലയിലേക്ക് മുസ്‌ലിം യൂത്ത് ലീഗിന്റെ മതേതര ആശങ്കകൾ വളർന്നിരിക്കുന്നു

മുസ്‌ലിംകൾ ഇരകളാകുന്ന പ്രശ്നങ്ങളിൽ തന്ത്രപരമായ മൗനം പാലിക്കുകയും 'മതേതര' പ്രതിഛായക്ക് മങ്ങലേൽക്കാതെ സൂക്ഷിക്കുകയുമാണ് മറ്റൊരു രീതി. എറണാകുളത്ത് പാവപ്പെട്ട അതിഥിത്തൊഴിലാളികളെ ഭീകരബന്ധം ആരോപിച്ച് എൻ.ഐ.എ പിടിച്ചുകൊണ്ടുപോയ സംഭവം, ഹഥ്റാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ ആ സംഘടന അഭിപ്രായം പോലും പറഞ്ഞില്ല. സിദ്ദിഖ് കാപ്പൻ വിഷയത്തിൽ മലപ്പുറത്തെ കോൺഗ്രസുപോലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു എന്നോർക്കണം. മുന്നോക്ക സംവരണത്തെ എതിർക്കുന്നതിന്റെ പേരിൽ മുസ്‌ലിം ലീഗിനെതിരെ പ്രകോപനപരമായ പ്രസ്താവനയിറക്കി കോടിയേരി ബാലകൃഷ്ണൻ. ലീഗ് നടത്തുന്നത് 'ജിഹാദ്' ആണ് എന്ന് വ്യാഖ്യാനിക്കുക പോലും ചെയ്തു അദ്ദേഹം. എൽ.ഡി.എഫ് കൺവീനറായ വിജയ രാഘവനാകട്ടെ, സവർണ സംവരണത്തെ എതിർക്കുന്നവരെ മുഴുവൻ വർഗീയ വാദികളായി ചാപ്പ കുത്തി. സംസ്ഥാനത്തെ 80 ശതമാനം വരുന്ന പിന്നാക്ക ജനതയെയാകെ അവഹേളിക്കുന്ന സി.പി.എം സമീപനത്തിനെതിരെ യൂത്ത് ലീഗിന്റെ പ്രതികരണം ഒന്നും വന്നില്ല.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി ദല്‍ഹി ജന്തര്‍മന്തറില്‍ കെ.യു.ഡബ്ല്യു.ജെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു.

മുസ്‌ലിംകൾ ഇരകളാവുന്ന പ്രശ്നങ്ങളിൽ മൗനം പാലിക്കുന്നതാണ് അഭികാമ്യമെന്ന നിലയിലേക്ക് മുസ്‌ലിം യൂത്ത് ലീഗിന്റെ മതേതര ആശങ്കകൾ വളർന്നിരിക്കുന്നു. സമുദായത്തിന്റെ പൊതുതാൽപര്യങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളേക്കാൾ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഇടപെടലാണ് തങ്ങളുടെ പ്രതിഛായാ നിർമ്മിതിക്ക് നല്ലതെന്ന തോന്നലാണ് യൂത്ത് ലീഗ് നേതാക്കളെ നയിക്കുന്നത്. സംഘടന സ്വന്തം നിലയിൽ നടത്തിയ പരിപാടികളിലും ഇതേ 'മതേതരത്വബാധ' പ്രകടമാവുന്നത് കാണാം. സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യുജനയാത്രയുടെ കണ്ണൂരിലെ പ്രഖ്യാപന വേദിയിൽ പച്ചനിറത്തിന്റെയും പച്ചക്കൊടിയുടെയും അസാന്നിധ്യം പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കത്വയിൽ കശ്മീരി ബാലിക പീഢനമേറ്റു മരിച്ചതിനെതിരെ കോഴിക്കോട് നടന്ന റാലിയിൽ നേതാക്കളും അണികളും തോളിലേന്തിയത് ദേശീയപതാകയായിരുന്നു. പിന്നീട് പൗരത്വസമര വേദികളിലും റാലികളിലും ദേശീയപതാകയോടുള്ള 'അഭിനിവേശം' കൂടുതൽ പ്രകടമാവുന്നതും കണ്ടു. ദേശീയ പതാക വേണ്ടന്നല്ല പറയുന്നത്. മറിച്ച്, സ്വന്തം പതാക അപകർഷതയായി തോന്നുന്നുവെങ്കിൽ അത് നല്ല സൂചനകളല്ല. മോദി ഭരണകൂടം അന്യായമായി തടവിലിട്ട സഞ്ജീവ് ഭട്ടിന്റെ മോചനത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ട് നടത്തുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോഴിക്കോട് നടന്ന റാലിയുടെ പേര് 'അംബ്രല്ലാ മാർച്ച്' എന്നായിരുന്നു. പലവർണത്തിൽ കുടകളുമായി അണിനിരന്ന ആ റാലിയിലും പേരിനുപോലും ഒരു പച്ചക്കൊടി ഉണ്ടായിരുന്നില്ല.

സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി മുസ്‍ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അംബ്രല്ലാ മാർച്ച്

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോക്ക സംവരണത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ് സി.പി.ഐ.എം നടപ്പിലാക്കുന്നത്. കോൺഗ്രസ് അതിനെ പിന്തുണക്കുന്നു. കേരള കോൺഗ്രസുകളടക്കം ഇരുമുന്നണികളിലും പെട്ട പല പാർട്ടികളും മുന്നോക്ക സംവരണത്തിന് അനുകൂലമാണ്. എതിർക്കുന്നത് മുസ്‌ലിം ലീഗ് മാത്രമാണ്. മുന്നോക്ക സംവരണത്തിനെതിരായ സമരങ്ങളെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയവൽക്കരണ സമരമായി സി.പി.ഐ.എം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ പൊതുവെ സംവരണ സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കോൺഗ്രസിന്റെ പിന്തുണയില്ലാതെ, മുസ്‌ലിം ലീഗ് ഒറ്റക്ക് നയിക്കേണ്ടിവരുന്ന ഒരു സമരത്തിന്റെ മുന്നണിയിൽ ചെന്നുനിൽക്കുന്നത് തങ്ങളുടെ പൊതുസ്വീകാര്യതക്കും മതേതര പ്രതിഛായക്കും മാത്രമല്ല, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതക്കും മങ്ങലേൽപ്പിക്കുമെന്ന ആശങ്കയാണ് യൂത്ത് ലീഗ് നേതാക്കളെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത്. ബി.ജെ.പി ഒഴികെ മുഴുവൻ രാഷ്ട്രീയകക്ഷികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ടായിരുന്ന പൗരത്വസമരത്തിന്റെ മുന്നണിയിൽ നിലയുറപ്പിക്കാൻ യൂത്ത് ലീഗിന് എളുപ്പമായിരുന്നു. എന്നാൽ, വരേണ്യ മാധ്യമങ്ങളും മുന്നോക്ക സവർണവിഭാഗങ്ങളും ഇടതുപക്ഷവും ലിബറലുകളും ഒരുപോലെ വർഗീയമുദ്ര ചാർത്തിയ സംവരണസമരം അങ്ങനെയല്ല. അതിനാൽ സംവരണ അട്ടിമറിക്കെതിരെ തെരുവിൽ പോരാടാൻ യൂത്ത് ലീഗ് തയ്യാറല്ല.

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും കേരള പാർട്ടിയുടെ പ്രത്യേക ചുമതലക്കാരനുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണങ്ങളിലെ അവ്യക്തതയും അസ്വസ്ഥമായ ശരീരഭാഷയും നൽകുന്ന സൂചന, പാർട്ടിയുടെ സംവരണസമരത്തെ, കിട്ടുന്ന ഏറ്റവും ആദ്യത്തെ അവസരത്തിൽ തന്നെ അദ്ദേഹം അട്ടിമറിക്കുമെന്നാണ്.

ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്‌ ശേഷം മാധ്യമങ്ങളെ കാണുന്നു.

സവർണ സംവരണത്തിനെതിരായ മുസ്‌ലിം ലീഗിന്റെ സമരത്തിന്റെ ഗതിയും ഭാവിയും എന്തായിരിക്കുമെന്ന വ്യക്തമായ സന്ദേശം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും കേരള പാർട്ടിയുടെ പ്രത്യേക ചുമതലക്കാരനുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇതിനകം നൽകി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹത്തിന്റെ വിശദീകരണങ്ങളിലെ അവ്യക്തതയും അസ്വസ്ഥമായ ശരീരഭാഷയും നൽകുന്ന സൂചന, പാർട്ടിയുടെ സംവരണസമരത്തെ, കിട്ടുന്ന ഏറ്റവും ആദ്യത്തെ അവസരത്തിൽ തന്നെ അദ്ദേഹം അട്ടിമറിക്കുമെന്നാണ്. പത്രസമ്മേളനത്തിൽ സന്നിഹിതനായ ഇ.ടി മുഹമ്മദ് ബഷീർ എം.പി സംവരണ അട്ടിമറിയുടെ പ്രത്യാഘാതം ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നിലപാടിലെ വഞ്ചന മറച്ചുവെക്കാനും സമരത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുമാണ് പത്രസമ്മേളനത്തിലുടനീളം കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായും അസഹിഷ്ണുത പ്രകടിപ്പിച്ചും പലപ്പോഴും എഴുന്നേറ്റുപോകാൻ ശ്രമിച്ചും കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടും ശരീരഭാഷ കൊണ്ടും പറയാൻ ശ്രമിച്ചത്, കോൺഗ്രസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി മുസ്‌ലിം ലീഗിന്റെ സംവരണ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല എന്നാണ്. അതോടെ, 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്' എന്ന നിലയിലായി യൂത്ത് ലീഗ്.

പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലയുറപ്പിച്ചിട്ടുള്ള മുസ്‌ലിം ലീഗിന്റെ യുവജന സംഘടന പാലിക്കുന്ന നിസ്സംഗതയും നിശബ്ദതയും കുറ്റകരമാണ്. അതിന് വില നൽകേണ്ടി വരിക ആ സംഘടനയും അതിന്റെ നേതാക്കളുമല്ല, സമുദായമാണ്; പിന്നോക്ക സമുദായങ്ങളാണ്.

അധ:സ്ഥിത പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളുടെ അതിജീവനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ചാലകശക്തിയാണ് സാമുദായിക സംവരണം. ചരിത്രത്തിലെ നിരവധി അട്ടിമറിശ്രമങ്ങളെ അതിജീവിച്ചുകൊണ്ടാണ് അതിന്നും നിലനിൽക്കുന്നത്. അതിനുപിന്നിൽ മുസ്‌ലിം ലീഗിന്റെ സമുന്നതരായ നേതാക്കളുടെ ചെറുത്തുനിൽപ്പുകളുണ്ട്. പിണറായി വിജയൻ സർക്കാർ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സവർണസംവരണം, സംവരണതത്വത്തിന്റെ അന്തസത്തക്ക് നിരക്കാത്തതും സാമുദായിക സംവരണത്തെ ഇല്ലാതാക്കാനുമുള്ള ദീർഘകാല പദ്ധതിയുമാണ്. ഇതിന്റെ പ്രത്യാഘാതം വരും വർഷങ്ങളിൽ തന്നെ സംവരണീയ സമുദായങ്ങൾ നേരിടാൻ പോവുകയാണ്. ഈ സന്നിഗ്ദഘട്ടത്തിൽ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലയുറപ്പിച്ചിട്ടുള്ള മുസ്‌ലിം ലീഗിന്റെ യുവജന സംഘടന പാലിക്കുന്ന നിസ്സംഗതയും നിശബ്ദതയും കുറ്റകരമാണ്. അതിന് വില നൽകേണ്ടി വരിക ആ സംഘടനയും അതിന്റെ നേതാക്കളുമല്ല, സമുദായമാണ്; പിന്നോക്ക സമുദായങ്ങളാണ്.

TAGS :
Next Story