LiveTV

Live

Opinion

കിരണ്‍ ആരോഗ്യ സര്‍വേ: വിവാദം ആസൂത്രിതം, ദൈനംദിന വിവര‌ങ്ങള്‍ പി.എച്ച്.ആര്‍.ഐക്ക് ലഭിച്ചിട്ടില്ല; ഡോ സലീം യൂസഫ് |Exclusive Interview

വിവാദത്തിനിടെ കനേഡിയന്‍ ഗവേഷക സ്ഥാപനത്തിന്‍റെ ആദ്യ അഭിമുഖം മീഡിയവണിന്

കിരണ്‍ ആരോഗ്യ സര്‍വേ: വിവാദം ആസൂത്രിതം, ദൈനംദിന വിവര‌ങ്ങള്‍ പി.എച്ച്.ആര്‍.ഐക്ക് ലഭിച്ചിട്ടില്ല; ഡോ സലീം യൂസഫ് |Exclusive Interview

കിരണ്‍ ആരോഗ്യ സര്‍വേയിലെ ഡേറ്റാ ചോര്‍ച്ചാ വിവാദം ആസൂത്രിതമാണെന്ന് കനേഡിയന്‍ ഗവേഷക സ്ഥാപനമായ പോപുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഡോ. സലീം യൂസഫ്. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സലീം യൂസഫിന്‍റെ പരാമര്‍ശങ്ങള്‍. കാനഡയിലെ മാ‌ക് ‌മാസ്റ്റര്‍ ‌ സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. സലീം യൂസഫിന്‍റെ പ്രതികരണം, കേരളത്തിലെ കിരണ്‍ ആരോഗ്യ സര്‍വേയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഇ മെയില്‍ സന്ദേശങ്ങ‌ള്‍ ഉപയോഗിച്ച് ചിലര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. കിരണ്‍ സര്‍വേയുടെ ദൈനംദിന വിശദാംശങ്ങള്‍ തങ്ങളുടെ സ്ഥാപനമായ പി.എച്ച്.ആര്‍.ഐക്ക് ലഭിച്ചിട്ടില്ലെന്നും സര്‍വേ വിവരങ്ങ‌ള്‍ ഉപയോഗപ്പെടുത്തി മരുന്ന് പരീക്ഷണം നടത്താന്‍ ആലോചിച്ചിട്ടില്ലെന്നും ഡോ. സലീം യൂസഫ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സഹായം തേടുകയായിരുന്നുവെന്ന വെളിപ്പെടുത്തലും അഭിമുഖത്തില്‍ സലീം യുസഫ് പങ്ക് വെച്ചു.

കേരളത്തിലെ കിരണ്‍ ആരോഗ്യ സര്‍വേയില്‍ താങ്കളുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ ഗവേഷക സ്ഥാപനമായ പോപുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പങ്കാളിത്വം എന്താണ്?

ഒരു പതിറ്റാണ്ട് മുമ്പുതന്നെ കേരളത്തിലെ സാംക്രമികേതര രോഗങ്ങളുടെ തോത് എങ്ങനെ കുറയ്ക്കാമെന്ന് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിനിടയിലാണ് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നെ ബന്ധപ്പെടുന്നത്. സഹായത്തിനും ഉപദേശം തേടുന്നതിനുമായിരുന്നു അദ്ദേഹം ബന്ധപ്പെട്ടത്. ഹൃദയസംബന്ധമായ രോഗങ്ങളുടേയും മറ്റ് സാംക്രമികേതര രോഗങ്ങളേയും കുറിച്ച് പഠിക്കുന്ന ലോകത്തിലെ പ്രമുഖരില്‍ ഒരാള്‍ എന്ന നിലയിലും കേരളത്തില്‍ വേരുകള്‍ ഉള്ള വ്യക്തിയും എന്ന നിലയിലും കേരളത്തിലെ ജനങ്ങളുമായി സഹകരിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അതിനാല്‍ സര്‍ക്കാരുമായി എന്‍റെ സ്ഥാപനമായ പി.എച്ച്.ആര്‍.ഐ ഒരു ധാരണാപത്രം ഒപ്പിട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ സാംക്രമികേതര രോഗങ്ങളെ നിയന്ത്രിക്കാനായി കേരള സര്‍ക്കാരിനെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തിന് രോഗികളുടെ എണ്ണം, ജില്ലകള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍, അതിന്‍റെ കാരണങ്ങള്‍ എന്നിവയില്‍ കൃത്യമായ ഡേറ്റ വേണമായിരുന്നു. അതിനായുളള ചര്‍ച്ചകള്‍ കിരണ്‍ സര്‍വേയിലേക്ക് പരിണമിച്ചു. ഇതിലേക്ക് കേരളത്തിലെ പ്രമുഖ എപ്പിഡെമോളജിസ്റ്റുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സ്പെഷ്യലിസ്റ്റുകള്‍, കാര്‍ഡിയോളജി‌സ്റ്റുകള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്ത് കൊണ്ട് താങ്കളും പി.എച്ച്.ആര്‍.ഐയും കിരണ്‍ സര്‍വേയുടെ ഭാഗമായി ?

ഞങ്ങളുടെ ഗ്രൂപ്പ് 102 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 50 ലധികം പ്രധാന പഠനങ്ങളും സര്‍വേകളും നടത്തി കഴിഞ്ഞു, ലോകാരോഗ്യ സംഘടന, വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍, വിവിധ രാജ്യങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഞങ്ങള്‍ ഉപദേശം നല്‍കുകയും സഹായിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിലൊന്നും വിമര്‍ശനങ്ങളോ ആശങ്കകളോ ഞങ്ങള്‍ക്കില്ല. എന്‍റെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വേയുടെ ഭാഗമായത്.

സര്‍വേയുടെ ദൈനംദിന വിവരങ്ങള്‍ പി.എച്ച്.ആര്‍.ഐയ്ക്ക് ലഭിച്ചിരുന്നോ ?

ഇല്ല

കിരണ്‍ ആരോഗ്യ സര്‍വേ: മരുന്ന് പരീക്ഷണം നടത്തിയിട്ടില്ലെന്ന് ഡോ. രാമന്‍കുട്ടി
Also Read

കിരണ്‍ ആരോഗ്യ സര്‍വേ: മരുന്ന് പരീക്ഷണം നടത്തിയിട്ടില്ലെന്ന് ഡോ. രാമന്‍കുട്ടി

സര്‍വേ ഡേറ്റ ഉപയോഗിച്ച് മരുന്ന് പരീക്ഷണം നടക്കുന്നുണ്ടോ ?

ഇല്ല

പി.എച്ച്.ആര്‍.ഐ സ്വന്തം നിലയ്ക്ക് ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പരീക്ഷിക്കുന്നുണ്ടോ ?

നിങ്ങള്‍ ഞങ്ങളുടെ വെബ് സൈറ്റ് പരിശോധിക്കുക. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് പുറമേ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും ആരോഗ്യം മെച്ചപ്പെടുത്താനായി നിരവധി പഠനങ്ങള്‍ ഞങ്ങള്‍ നടത്തി വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ദശലക്ഷകണക്കിന് ആളുകളെ സഹായിച്ചു. ഇതിന് പുറമേ ഇന്ത്യയടക്കം 50 രാജ്യങ്ങളിലെ എപ്പി‌ഡെമിയോളജിസ്റ്റുകള്‍ക്കും കാര്‍ഡിയോളജിസ്റ്റുകള്‍ക്കും ഞങ്ങള്‍ പരിശീലനം നല്‍കി.

സര്‍വേക‌ള്‍, ഭക്ഷണ ക്രമം, വ്യായാമം, സാമൂഹിക ഘടകങ്ങള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന രീതികളും ഉചിതമായ സാഹചര്യങ്ങളില്‍ ഉചിതമായ മരുന്നുകള്‍ നല്‍കുന്നതും ഞങ്ങളും ജോലിയില്‍ പെടുന്നു. സുരക്ഷിതമായാണ് മരുന്നുകള്‍ നല്‍കുന്നത്. ഞങ്ങളുടെ കണ്ടെത്തലുകള്‍ ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ചികിത്സയിലേക്ക് നയിച്ചു. ഈ കണ്ടെത്തലുകള്‍ രണ്ടായിരത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങളില്‍ പ്രസിദ്ധമായ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവര ചോര്‍ച്ചയെ കുറിച്ചുള്ള വിവാദത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

ഈ വിവാദം കൃത്രിമവും ആസൂത്രിതവുമാണ്. ഇത് സ്വയം തിരിച്ചറിയാത്ത ആളുകള്‍ ചെയ്യുന്ന ക്ഷുദ്ര പ്രവൃത്തിയാണ്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തെറ്റിദ്ധാരണകള്‍ പരത്തുന്നതിനായി തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. നല്ല ഉദ്ദേശമില്ലാത്ത ഇത്തരക്കാരെ മാധ്യമങ്ങള്‍ വിശ്വസിക്കരുത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള രണ്ട് സര്‍ക്കാരുകള്‍ സര്‍വേയെ പിന്തുണച്ചു. ആരോഗ്യ പ്രവര്‍ത്തകരാണ് സര്‍വേ നടത്തിയത്. ഇതിനര്‍ത്ഥം ഈ ശ്രമത്തില്‍ കേരള സര്‍ക്കാരുകള്‍ മൂല്യം കണ്ടുവെന്നാണ്. കേരളത്തിന്‍റെ ആരോഗ്യ മേഖലയെ വികസിപ്പിക്കുന്നതിന് അത് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാരുകള്‍ മനസിലാക്കി. ഈ സര്‍വേയുടെ പ്രയോജനം ഭാവിയില്‍ ജനങ്ങള്‍ക്ക് ലഭിക്കും. ഒരു നല്ല ഉദ്ദേശത്തോടെ നടത്തിയ സൃഷ്ടിപരമായ ശ്രമങ്ങളെ തടയുന്നത് നിരുത്തരവാദപരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തിയാണ്. അത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കും. ഈ അഭ്യൂഹങ്ങള്‍ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. പരാജിതര്‍ കേരളത്തിലെ ജനമായിരിക്കും. വിവ‌ാദങ്ങള്‍ സൃഷ്ടിച്ച വ്യക്തികളെ തിരിച്ചറിഞ്ഞ് അവര്‍ സൃഷ്ടിച്ച പൊതു നാശത്തിന് ഉത്തരവാദികളായിരിക്കണം.

വിവാദ കിരണ്‍ ആരോഗ്യ സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ട്
Also Read

വിവാദ കിരണ്‍ ആരോഗ്യ സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ട്

താങ്കളും മുന്‍ ഹെല്‍ത്ത് സെക്രട്ടറി രാജീവ് സന്ദാനന്ദനും തമ്മിലുള്ള ഇ മെയിലുകള്‍ പുറത്ത് വന്നിരുന്നു. അതേ കുറിച്ചുള്ള പ്രതികരണം എന്താണ്?

ഒന്നാമത്, തിരഞ്ഞെടുത്ത ഇ മെയിലുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്തതാണ്. ഒരു പ്രോഗ്രാം വികസിക്കുമ്പോള്‍ നിരവധി ആശയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ കാര്യങ്ങളും പിന്തുടരുന്നില്ല. പരിഗണനയ്ക്ക് ശേഷം കുറച്ച് മാത്രമേ നടപ്പാക്കൂ. ചര്‍ച്ചകളില്‍ പുതിയ ആശയങ്ങള്‍ ഉയര്‍ന്ന് വരും.
രണ്ടാമതായി, ഇ മെയിലുകള്‍ ചോര്‍ത്തിയവര്‍ ഇന്ത്യയിലെ ആളുകളുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്തേക്കാം. ഇത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഔപചാരിക നിയമനടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നത് പരിശോധിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എറ്റ പ്രതികരണം സങ്കടകരമെന്നാണ്. ആളുകള്‍ പൊതുനന്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, സ്വാര്‍ത്ഥരും ക്ഷുദ്രകരവുമായ ആളുകള്‍ അവരെ തുരങ്കം വെയ്ക്കുന്നു. ഇത് പൊതുനന്മയ്ക്ക് എതിരാണ്. മാധ്യമങ്ങള്‍ ഇത്തരം വ്യക്തികളെ തുറന്നുകാട്ടണമെന്നാണ് എന്‍റെ അഭിപ്രായം.