LiveTV

Live

Opinion

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

സാമ്പത്തിക സംവരണത്തിൽ എന്തിന് അസ്വസ്ഥത എന്നാണ് തലക്കെട്ട്. ഭരണഘടനാ നിർമാണഘട്ടത്തിൽ തന്നെ ആ അസ്വസ്ഥത രാജ്യം ഏറ്റെടുത്തത് കൊണ്ടാണ് അന്നേ അത് വേണ്ടെന്ന് വെച്ചത്.

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

കേന്ദ്ര നിയമത്തിൻ്റെ മറപിടിച്ച് കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയ ഉദാര സവർണ സംവരണത്തിനനുകൂലമായി അതിൻ്റെ ഗുണഫലം അനുഭവിക്കുന്നവർ രംഗത്ത് വരിക സ്വാഭാവികമാണ്. ഒരു പാട് കാലം തങ്ങൾ മാത്രം അനുഭവിച്ചിരുന്ന അധികാരസ്ഥാനങ്ങൾ പിന്നാക്കക്കാർ കൂടി അനുഭവിക്കുന്നതിൻ്റെ ഈർഷ്യ ഗതികേട് കൊണ്ട് മാത്രം മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു അവർ ഇതുവരെ. അവയെല്ലാം ഹിന്ദുത്വ രാഷ്ട്രീയം കൊണ്ടുവന്ന അനുകൂല സാഹചര്യത്തിൽ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണവർ. പുതിയ നിയമത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ഗൗരവതരമായ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതിനാൽ, ഇവ്വിഷയകമായി ഇടപെടാൻ സാധ്യതയുള്ള മുസ്‌ലിം ലീഗിനെ മൗനികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഉദ്യോഗ, വിദ്യാഭ്യാസത്തിലെ സവർണാധിപത്യം നിലനിർത്താനുള്ള ശ്രമങ്ങളെ എതിർക്കുന്നവരൊക്കെ വർഗീയ ശക്തികളാണെന്ന് വരുത്തലാണ് അതിനുള്ള മാർഗം. രാഷ്ട്രീയക്കാർ വഴി മാത്രമായി അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ മതമേധാവികളാണ് ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. അതിലെ ഏറ്റവും പുതിയതാണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദീപികയിലെഴുതിയ ലേഖനം.

വായിൽ തോന്നുന്നത് വിളിച്ച് പറയുന്ന രാഷ്ട്രീയക്കാരിൽ നിന്ന് ഭിന്നമായി മതാധ്യക്ഷൻമാരുടെ പ്രസ്താവനകളിൽ സത്യസന്ധതയും ആധികാരികതയുമുണ്ടാവും എന്നാണ് നാം കരുതുക. എന്നാൽ, സോഷ്യൽ മീഡിയയിലെ മുസ്‌ലിം വിരുദ്ധ പ്രൊഫൈലുകളിലെ അസത്യങ്ങളും അർധസത്യങ്ങളും നിരത്തിവെച്ച് ഞെട്ടിച്ച് കളഞ്ഞിരിക്കുന്നു, അഭിവന്ദ്യ പിതാവ്. സമൂഹത്തിൽ മുസ്‌ലിം ദ്വേഷം ജനിപ്പിക്കുന്ന അസത്യങ്ങളുടെ ഘോഷയാത്രയാണ് ആ ലേഖനം.

തുടക്കം തന്നെ അബദ്ധത്തിൽ

സാമ്പത്തിക സംവരണത്തിൽ എന്തിന് അസ്വസ്ഥത എന്നാണ് തലക്കെട്ട്. ഭരണഘടനാ നിർമാണഘട്ടത്തിൽ തന്നെ ആ അസ്വസ്ഥത രാജ്യം ഏറ്റെടുത്തത് കൊണ്ടാണ് അന്നേ അത് വേണ്ടെന്ന് വെച്ചത്. അത് ബോധിക്കാത്തത് കൊണ്ടാണ് ഏറ്റവും അവസാനം ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതി അത് തള്ളിക്കളഞ്ഞത്. അൻപത് കൊല്ലത്തിന് ശേഷം ബിഷപ്പ്‌ തന്നെ പറയുന്നപോലെ, ഹിന്ദുത്വ രാഷ്ട്രീയ പ്രൊജക്ടിൻ്റെ ഭാഗമായി ബി.ജെ.പി നടപ്പിലാക്കുന്നതിലെ ലക്ഷ്യം തിരിയുന്നത് കൊണ്ടു കൂടിയാണ് ഈ അസ്വസ്ഥത.

ചില സംഘടിത സമുദായ ശക്തികൾ ആണ് എതിർപ്പുകാർ എന്ന് പറയുന്നത് മുസ്‌ലിംകളെ ഉന്നം വെച്ചാണല്ലോ. ഈഴവ, പിന്നാക്ക ഹിന്ദു, ധീവര, വിശ്വകർമ മുതൽ സ്വന്തം കൂട്ടത്തിലെ ലത്തീൻ, ആംഗ്ലോ ഇന്ത്യൻ, പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രതിഷേധത്തെ കാണാതെ മുസ്‌ലിംകളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതല്ലേ വർഗീയത?

എന്തെങ്കിലും ആദർശത്തിൻ്റെ പേരിലല്ല എതിർപ്പുകളെന്നാണ് അടുത്ത ആരോപണം. അല്ല; കൃത്യതയാർന്ന ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എതിർപ്പ്. കേരളത്തിലെ സംവരണേതരരുടെ ശതമാനവും അവരിലെ തന്നെ ദരിദ്രരുടെ എണ്ണവും ഏത് പഠനത്തിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കി? എങ്ങനെയാണ് 10 എന്ന ശതമാനത്തിലെത്തിയത്? എങ്ങനെയാണ് വരുമാന പരിധി നിശ്ചയിച്ചത്? കേന്ദ്ര മാനദണ്ഡങ്ങളിൽ ഉദാരമായ വെള്ളം ചേർക്കൽ നടത്തി പുതിയ നിയമം നിർമിച്ച് കേരളത്തിലെന്തിന് ദരിദ്ര താൽപര്യത്തിനെതിര് നിന്നു? ഇങ്ങിനെ പോകുന്നു ആ ചോദ്യങ്ങൾ.

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

പിന്നാക്ക വിഭാഗങ്ങൾക്ക് കൂടി അർഹതപ്പെട്ട ജനറൽ ക്വാട്ടയിലെ 10% സീറ്റുകൾ സവർണർക്കായി സംവരണം ചെയ്യുമ്പോൾ പിന്നാക്കക്കാർക്ക് ജനറലിൽ ഇതുവരെയുണ്ടായിരുന്ന 50% എന്നത് 40% ആകുന്നു എന്നത് യാഥാർഥ്യമല്ലേ? അപ്പോൾ പിന്നെ സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവൻ്റെ പാത്രത്തിൽ ഒന്നും വിളമ്പരുതെന്ന ശാഠ്യക്കാരാണ് എതിരാളികൾ എന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സ്വസമുദായത്തിലെയടക്കം പിന്നാക്കക്കാരനുള്ളതല്ല ജനറൽ ക്വാട്ട എന്ന ആഢ്യ മനസ്സല്ലാതെ മറ്റൊരു കാരണവും ഇതിന് കാണുന്നില്ല.

ബിജെപിയെ കെട്ടിപ്പിടിച്ചും സിപിഎമ്മിനെ തലോടിയും കോൺഗ്രസിനെ ശാസിച്ചും മുന്നോട്ട് നീങ്ങുന്ന ലേഖനം മുസ്‌ലിം ലീഗിലെത്തുമ്പോൾ സകല നിയന്ത്രണങ്ങളും വിട്ട് മനസ്സിലൊളിപ്പിച്ച വൈരം പുറത്ത് വരികയാണ്. ലീഗ് വിരോധമെന്ന പേരിൽ മുസ്‌ലിം വിദ്വേഷത്തിനായി അതിഗുരുതരമായ തെറ്റിദ്ധരിപ്പിക്കലുകൾ നടത്തിയിരിക്കുന്നു ആർച്ച് ബിഷപ്പ്.

കൊളോണിയൽ ബ്രാഹ്മിണിക്കൽ യുക്തികളാൽ നിർണയിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ അംഗീകരിക്കപ്പെടാൻ മുസ്‌ലിം രാഷ്ട്രീയം നടത്തേണ്ടി വരുന്ന വീട്ടുവീഴ്ചകളുടെ മാതൃകയാണ് മുസ്‌ലിം ലീഗ്. ഇതിൻ്റെ പേരിൽ ലീഗിനെ വാഴ്ത്തുകയും അവർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ വേണ്ടുവോളം ആനുകൂല്യങ്ങൾ പറ്റുകയും ചെയ്ത ആളുകളാണിപ്പോൾ ലീഗിൻ്റെ വർഗീയതയുടെ മുഖം മൂടി നീങ്ങുന്നതായി ആരോപിക്കുന്നത്. കാരണമോ; ലീഗ് അവരുടെ നിലനിൽപിൻ്റെ തന്നെ അടിത്തറയായ പിന്നാക്കാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്നതും.

ഒരു മതത്തിനാകെ എന്ന നിലയിൽ 12% സംവരണം അനുഭവിച്ചു പോരുന്ന സംഘടിത മത വിഭാഗം എന്ന അവാസ്തവം ഒരു മതാധ്യക്ഷന് ചേർന്നതായില്ല. കേരളത്തിലെ മുസ്‌ലിംകൾക്കാകെ സംവരണമില്ല. മറ്റ് പിന്നാക്ക സമുദായങ്ങളെ പോലെ ക്രിമിലേയറിനെ ഒഴിവാക്കി മുസ്‌ലിംകളിലെ ദരിദ്രർക്കാണ് സംവരണമുള്ളത്. സംവരണ സമുദായങ്ങളിലെ മതം നോക്കുമ്പോൾ മുസ്‌ലിംകൾക്കുള്ള 12% കഴിച്ചാൽ 23% ഹിന്ദുക്കൾക്കും 5% ക്രിസ്ത്യാനികൾക്കുമാണ്. പട്ടികജാതി വർഗ വിഭാഗങ്ങൾക്കുള്ള 10% സംവരണം പൂർണമായും ഹിന്ദുക്കൾക്കുമാണ്. ഇതല്ലേ യാഥാർഥ്യം?

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി നടത്തുന്ന പദ്ധതികൾ ഏതാണ്ട് പൂർണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമാണ് എന്നൊരു അതി ഗുരുതരമായ വർഗീയ വെടി അന്തരീക്ഷത്തിലേക്കുതിർക്കുന്നു ലേഖനം. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ഏത് പദ്ധതിയാണ് ഇപ്രകാരം നടപ്പിലാക്കിയത് എന്ന് പറയേണ്ട ബാധ്യത ലേഖകനുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ഓരോരോ പദ്ധതികളെടുത്ത് ഓരോന്നിൻ്റെയും ഗുണഭോക്താക്കളുടെ എണ്ണമെടുത്ത് മറുപടി പറയട്ടെ. അതിന് കഴിയില്ലെങ്കിൽ ആരോപണം പിൻവലിക്കേണ്ടതുണ്ട്.

ആകയാൽ ഭോഷ്ക്കുപേക്ഷിച്ച് ഓരോരുത്തൻ താന്താൻ്റെ കൂട്ടുകാരനോട് സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ (എഫേസ്യർ 4:25)

സ്കോളര്‍ഷിപ്പുകളെ പറ്റി പറയാം

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഓരോ സാമൂഹ്യ വിഭാഗങ്ങൾക്കായി വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പാക്കപ്പെട്ടിട്ടുണ്ട്. ചിലത് എല്ലാവർക്കും പൊതുവായുള്ളതാണെങ്കിൽ ചിലത് ടാർഗറ്റഡ് പദ്ധതികളാണ്. ഇതിനെ കുറിച്ചൊന്നും വർഗീയാരോപണം ആരും നടത്താറില്ല.

സ്കോളര്‍ഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളിൽ 80% വും മുസ്‌ലിംകൾക്ക് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ആരോപണം. അതിൽ പകുതി ശരിയുണ്ട്. എന്ത് കൊണ്ട്? വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിൽക്കുന്ന സാമൂഹ്യ വിഭാഗമായ മുസ്‌ലിംകളിലെയും ക്രിസ്ത്യാനികളിലെ പിന്നാക്ക വിഭാഗങ്ങളിലെയും (മൊത്തം ക്രിസ്ത്യാനികളുടെയല്ല) ജനസംഖ്യയുടെ ഏകദേശ അനുപാതം എന്ന നിലയിലാണ് ഈ 80 :20. സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിൽ അത് കൃത്യമായി ലത്തീൻ- പരിവർത്തിത ക്രിസ്ത്യന്‍ എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് സച്ചാർ പാലൊളി കമ്മറ്റികളെ തുടർന്ന് വന്ന ഐ.ടി.സി, സിഎ, സിവിൽ സർവീസ്, പി.ജെ.എം.എസ് , മദർ തെരേസ, എ.പി.ജെ.എ.കെ എന്നീ സ്കോളർഷിപ്പുകളിലൊക്കെ ഈ അനുപാതം തുടരുകയായിരുന്നു.

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

ക്രിസ്ത്യാനികളിലടക്കമുള്ള മുന്നാക്കക്കാർക്ക് മുന്നാക്ക വികസന കോർപറേഷൻ നൽകി വരുന്ന വിദ്യാ സമുന്നതി സ്ക്കോളർഷിപ്പുണ്ട്. അതിൻ്റെ തുകയും എണ്ണവും സ്കോപ്പും ന്യൂനപക്ഷ വകുപ്പിൻ്റെ സ്കോളർഷിപ്പുകളുമായി താരതമ്യപ്പെടുത്തുന്നത് നന്നാവും. അപ്പോഴാണ് ലാഭ നഷ്ടത്തിൻ്റെ കണക്കുകൾ കിട്ടുക. പക്ഷെ, കേരളത്തിലാരെങ്കിലും അതെ കുറിച്ച് ബഹളം വെച്ചിട്ടുണ്ടോ? ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ, മുന്നാക്ക ക്രിസ്ത്യാനികൾക്ക് മുന്നാക്കമെന്ന നിലയിൽ വിദ്യാ സമുന്നതി സ്കോളർഷിപ്പിനും ന്യൂനപക്ഷമെന്ന നിലയിൽ ആ വകുപ്പിൻ്റെ ഒന്നൊഴികെയുള്ള ആറ് സ്ക്കോളർഷിപ്പുകൾക്കും അപേക്ഷിക്കാമെന്ന ഇരട്ട നേട്ടമുണ്ട്. അതെ സമയം പിന്നാക്ക ക്രിസ്ത്യാനിക്ക് വിദ്യാസമുന്നതി സ്ക്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ല. അപ്പോൾ ന്യൂനപക്ഷ വകുപ്പിൻ്റെ പദ്ധതികളിൽ പിന്നാക്ക ക്രിസ്ത്യാനികൾക്ക് മാത്രം അവകാശമാക്കിയാൽ യഥാർഥ അർഹരിലേക്ക് പദ്ധതി എത്തുകയും കൃത്യമായ സാമൂഹ്യനീതി നടപ്പിലാവുകയും ചെയ്യും.

ദലിത് വിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മാറിയവർക്കായി ഒരു കോർപറേഷനുമില്ല; അതേസമയം നമുക്ക് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ എന്ന സംവിധാനവും കോടികളുടെ പദ്ധതികളുമുണ്ട്. എന്ന് കരുതി ഞങ്ങൾക്കും വേണം പരിവർത്തിതർക്കായി ഒരു കോർപറേഷൻ എന്ന് പറഞ്ഞ് മുസ്ലിംകൾ ബഹളം വെക്കാമോ? പാടില്ല, കാരണം ദലിത് ക്രിസ്ത്യാനികൾ പ്രത്യേകമായനുഭവിക്കുന്ന സാമൂഹ്യ വിവേചനങ്ങൾ എല്ലാവർക്കും ബോധ്യമുള്ളതാണ്.

മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും നിയോഗിതമായ സച്ചാർ കമ്മറ്റിയുടെ നിർദേശങ്ങളുടെയും അതുപ്രകാരം പുന:ക്രമീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതിയുടെയും അടിസ്ഥാനത്തിലാണ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്ക്കോളർഷിപ്പുകളും മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പും ഉണ്ടാകുന്നത്. പക്ഷെ, പദ്ധതിയുടെ നടപ്പിലാക്കൽ ഘട്ടത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുണ്ടാക്കിയ ഓരോ പദ്ധതിയും ന്യൂനപക്ഷ പദ്ധതികളാക്കി മാറ്റി ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്കാനുപാതികമായി വിഭജിക്കുകയാണ് ചെയ്തത്.

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

അങ്ങനെയാണ് പട്ടിക ജാതിക്കാരെക്കാൾ ഏറെ പിന്നിൽ നിൽക്കുന്നു എന്ന് സച്ചാർ കണ്ടെത്തിയ മുസ്ലിംകളോടൊപ്പം വിദ്യാഭ്യാസ പരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന കൃസ്ത്യൻ സമുദായം ആനുപാതികമായി ആനുകൂല്യം നേടിയത്. ഇത് അന്യായമാണെന്ന് പറയുന്നതിന് പകരം, ക്ഷേമപദ്ധതികൾ മുസ്ലിംകൾക്കായി നടപ്പിലാക്കാനുള്ള ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൻ്റെ പ്രയാസമായി മനസ്സിലാക്കി തൃപ്തരാവുകയാണ് മുസ്ലിംകൾ ചെയ്തത്. ആ ആനുകൂല്യം അനുഭവിച്ചു വരുന്നവർ മുസ്ലിംകൾ എല്ലാം കൊണ്ടു പോകുന്നേ എന്ന അസത്യ പ്രസ്താവന വഴി സാമൂഹ്യ രംഗം വഷളാക്കുമ്പോൾ ഞെട്ടലാണുണ്ടാകുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികൾ പോലും സംസ്ഥാന ന്യൂനപക്ഷ വകുപ്പിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു എന്നാണ് അടുത്ത പരാതി. ഏത് പദ്ധതിയിലാണ് ഇത് സംഭവിച്ചത് എന്ന് വ്യക്തമാക്കണമായിരുന്നു. പ്രധാനമന്ത്രി ജൻവികാസ് കാര്യക്രമിൻ്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലേക്കുള്ള പദ്ധതിയാണല്ലോ ഒന്ന്. സച്ചാർ കമ്മറ്റി മുസ്ലിം കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന് പറഞ്ഞതാണ് നടപ്പിലാക്കൽ ഘട്ടത്തിലെത്തിയപ്പോൾ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നായത്. എന്നിട്ടും കേരളത്തിൽ മലപ്പുറത്തെ ഒഴിവാക്കി വയനാട് ജില്ലയെയാണ് തെരഞ്ഞെടുത്തത്. അവിടുത്തെ മുഴുവൻ ജനങ്ങളും ഗുണഭോക്താക്കളാകുന്നതാണ് പദ്ധതി എന്നിരിക്കെ ഇതിലെവിടെയാണ് ഒരു പുറന്തള്ളൽ?

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

അടുത്ത പദ്ധതി ഉർദു ഭാഷാ വികസനമാണ്. 15 ഇന പരിപാടിയുടെ ഭാഗമായ ഇതിൽ ജാതിമത ഭേദമന്യേ ഉർദു ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർക്കും ഗുണഭോക്താവാകാമെന്നിരിക്കെ ഇതിലെവിടെയാണ് വിവേചനം ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല.

മതപഠനത്തിന് സർക്കാർ പണമോ?

കേരളത്തിൽ മതപഠനത്തിന് സർക്കാർ പണം നൽകുന്ന ഏക വിഭാഗം മുസ്‌ലിംകളാണെന്ന് പറയുന്നു ബിഷപ്. മദ്രസാധ്യാപക ക്ഷേമനിധിയെ വെച്ചാണ് ഈ അസത്യ പ്രസ്താവന. സമൂഹത്തിലെ ദാരിദ്ര്യമനുഭവിക്കുന്ന ഒരു വിഭാഗത്തിനുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇത്. ഫുൾ ടൈം മദ്രസാധ്യാപകരും കമ്മറ്റിയും മാസം 50 രൂപ വീതം 5 വർഷമെങ്കിലും അംശാദായമടച്ചാലാണ് 60 വയസ്സിന് ശേഷം അയാൾ അടച്ച മാസത്തിന് ആനുപാതികമായി മാസം 1000 രൂപ പെൻഷൻ കിട്ടിയിരുന്നത്. ഇതിൽ ഗവൺമെൻ്റ് വിഹിതവും ചേരും എന്നത് ശരി തന്നെ. ഇതാകട്ടെ, ഇതു വരെ 381 പേർക്കാണ് കൊടുത്തിട്ടുള്ളത്. അതിനെയാണ് മതപഠനത്തിനുള്ള സർക്കാർ സഹായമായി ചിത്രീകരിക്കുന്നത്.

രസമതല്ല, ബിഷപ്പ് പ്രകീർത്തിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ 2018-19 ൽ 18.25 കോടി രൂപ 8562 മദ്രസകൾക്കും 24507 അധ്യാപകർക്കുമായി നൽകിയതായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിൻ്റെ വെബ് സൈറ്റിൽ കാണാം. അത് ഇസ്ലാം മത പഠനത്തിനുള്ള കേന്ദ്ര സഹായമാണോ? മദ്രസാധ്യാപക ക്ഷേമനിധിയിൽ നിന്നുള്ള മറ്റു ആനുകൂല്യങ്ങൾ ഭവനനിർമാണം, മക്കളുടെ വിവാഹം, ചികിത്സ- വിദ്യാഭ്യാസ സഹായം. എന്നിവയാണ്. സമാനമായ പദ്ധതികൾ മുന്നാക്ക വികസന കോർപറേഷൻ്റെയും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ്റെയുമൊക്കെ കീഴിൽ നടക്കുന്നുണ്ട്.

ഇടതുപക്ഷ സർക്കാർ 2010ൽ 2006 മാർച്ച് 31 വരെയുള്ള പരിവർത്തിത ക്രൈസ്തവരുടെ 25000 രൂപ വരെയുള്ള ലോണുകൾ എഴുതിത്തള്ളിയതായി വാർത്തയുണ്ടായിരുന്നു.( https://www.thehindu.com/news/national/kerala/Loan-Waiver-Scheme-for-Christian-converts/article16242457.ece). 1 ലക്ഷം ആളുകൾക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതി വഴി 159 കോടി രൂപയാണ് എഴുതിത്തള്ളുന്നത് എന്നാണ് അന്ന് മന്ത്രി AK ബാലൻ പറഞ്ഞത്. പക്ഷെ, മതപരിവർത്തനത്തിന് സർക്കാർ പ്രോത്സാഹനം നൽകുന്നു എന്ന് പറയുന്ന അവിവേകം അന്ന് നാട്ടിലാരും കാണിച്ചിട്ടില്ല.

പെരുന്തോട്ടം പിതാവ് പറയുന്നതെന്ത്?

ഗവ. പോളിസികളും നോട്ടിഫിക്കേഷനുകളും മഹല്ലു നിവാസികൾക്കെത്തിക്കാനായി വഖഫ് ബോർഡുണ്ടാക്കിയ ഒരു സംവിധാനം മാത്രമാണ് മഹൽ സോഫ്റ്റ്. മഹലുകളിൽ നിന്ന് നിശ്ചിത സംഖ്യ ഈടാക്കുന്ന ബോർഡ് തിരിച്ചു ചെയ്തു കൊടുക്കുന്ന ഒരു സേവനം മാത്രമാണിത്. ഇതെങ്ങനെ ബിഷപ്പിൻ്റെ ലേഖനത്തിൽ ഇടം പിടിച്ചു എന്ന് അൽഭുതം തോന്നുന്നു. സർക്കാർ സർവീസിലെ മുസ്ലിംകളുടെ ദയനീയ പ്രാതിനിധ്യം പരിഹരിക്കാൻ അവർക്ക് പരിശീലനം നൽകാനായി കോച്ചിംഗ് സെൻററുകൾ വേണമെന്ന സച്ചാർ പാലൊളി കമ്മറ്റികളുടെ ശുപാർശയെ തുടർന്നാണ് അവ തുടങ്ങുന്നത് തന്നെ. ഈ കഥയറിയാതെ കോച്ചിംഗ് സെൻറർ ഫോർ മുസ്ലിം യൂത്ത് എന്ന പേര് പലരും പ്രശ്നമാക്കിയതിനെ തുടർന്നാണ് ഫോർ മൈനോറിറ്റീസ് എന്ന പേര് മാറ്റം ഉണ്ടായത്. ഇതിലും പ്രായോഗിക തലത്തിൽ എന്താണ് വിവേചനം എന്ന് പിതാവ് വിശദീകരിക്കണമായിരുന്നു.

കേൾക്കുന്നവർക്കും കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മിക വർദ്ധനക്കായി നല്ല വാക്കല്ലാതെ ആകാത്തതൊന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത് (എഫേസ്യർ 4:29)

ഹഗിയാ സോഫിയയും മറ്റും

ഹഗിയ സോഫിയാ വിഷയം ബിഷപ്പ് പരാമർശിച്ചു കണ്ടു . മധ്യകാലത്തെ പ്രശ്നങ്ങളിലൊക്കെ മതവും രാഷ്ട്രീയവും കൂടിക്കലർന്ന ഒരു പാട് വശങ്ങളുണ്ട്. ഇതിലൊക്കെ വ്യത്യസ്ത മത-രാഷ്ട്രീയ പക്ഷക്കാർക്ക് യോജിപ്പിലെത്താനാവാത്ത അഭിപ്രായാന്തരങ്ങളുണ്ട്. ഇവയിലൊക്കെ തങ്ങളുടെ നിലപാട് മാത്രം ശരിയും മറ്റുള്ളവരുടെത് വർഗീയതയുമെന്ന നിലപാട് പക്വതയാർന്ന മതനേതൃത്വം പൊതു സമൂഹത്തിന് മുന്നിലെടുത്ത് കൂടാത്തതാണ്. മറവിയുടെ കരിമ്പടം പുതച്ച് കിടക്കുന്ന മധ്യകാല യൂറോപ്പിലെ സംഭവങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വലിച്ചു പുറത്തിടാതിരിക്കുന്നതാവും നല്ലതെന്ന് മാത്രം പറയുന്നു.

വർഗീയതയെ പിന്തുണക്കുന്ന മുന്നണികളുടെ കൂടെ മതേതര ചിന്താഗതിക്കാരെങ്ങനെ കൂടും എന്നൊരു ചോദ്യമുണ്ട് ലേഖനത്തിൽ. ക്രിസ്ത്യാനികൾ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആര്‍.എസ്.എസിൻ്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയോട് സഖ്യമാകുന്നത് എങ്ങനെയാണ് മതേതര ചിന്താഗതിക്കാർക്ക് ചേരുക എന്ന് ലേഖനം മുഴുവൻ വായിച്ചതിന് ശേഷവും മനസ്സിലാകുന്നില്ല.

ഭാരതത്തിൻ്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും രാഷ്ട്രീയ പാർട്ടികൾക്കില്ല എന്ന് പറഞ്ഞാണ് ആർച്ച് ബിഷപ്പ് ലേഖനം അവസാനിപ്പിക്കുന്നത്. ഇത് സമൂഹത്തിലെ ഉത്തരവാദപ്പെട്ട മുഴുവൻ ആളുകൾക്കും ബാധകമാണ്. നിർഭാഗ്യവശാൽ നിരവധി അവാസ്തവങ്ങൾ കുത്തി നിറച്ച പെരുന്തോട്ടത്തിലച്ചൻ്റെ ലേഖനം കേരളത്തിലെ സാമൂഹ്യ സഹവർത്തിത്വത്തിന് ഗുരുതര പരിക്കേൽപിക്കുന്നതായി എന്ന് പറയാതെ വയ്യ.

നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ തൻ്റെ കൂട്ടുകാരനോട് സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടും കൂടെ ന്യായപാലനം ചെയ്വിൻ (സെഖര്യാവ് 8:16)