LiveTV

Live

Opinion

വിടരും മുൻപേ കൊഴിയാതിരിക്കട്ടെ...

കോവിഡ് കാലഘട്ടം കുട്ടികളിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല..

വിടരും മുൻപേ കൊഴിയാതിരിക്കട്ടെ...

മനുഷ്യന്‍റെ ജീവിതരീതിയെ തകിടം മറിച്ചാണ് കോവിഡ് വ്യാപനം തുടരുന്നത്. ആദ്യ ഘട്ടത്തിൽ പകച്ചു പോയെങ്കിലും പതിയെ പതിയെ ജാഗ്രത കൈവിടാതെ കോവിഡിനൊപ്പം ജീവിക്കാൻ മനുഷ്യൻ ശീലിച്ച് കൊണ്ടിരിക്കുന്നു. കോവിഡ് കാലഘട്ടം സകലരിലുമെന്നപോലെ കുട്ടികളിലും ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. പുറത്ത് പറന്ന് നടന്നിരുന്നവര്‍ വീടകങ്ങളിൽ തളയ്ക്കപ്പെട്ട് മാസങ്ങൾ പിന്നിടുന്നു. അവരുടെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് ഇനി എന്ന് പോകാൻ കഴിയും എന്ന് ഇതുവരെ വ്യക്തമല്ല. ഇത്തരത്തിൽ പുതുമയുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുന്ന കുട്ടികൾ പലവിധ പ്രശ്നങ്ങളിലാണ് ചെന്ന് വീഴുന്നത്.

ഞെട്ടിക്കുന്ന കണക്കുകൾ

ഈ ലോക്ഡൗൺ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി 173 കുട്ടികൾ (10നും 18നും ഇടയിൽ പ്രായമുള്ള ) ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് പുറത്ത് വിട്ട ഞെട്ടിക്കുന്ന കണക്ക്. മിക്കപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ചെറിയ കാരണങ്ങളാണ് കുട്ടികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയും കണ്ടെത്തി.

ലോക് ഡൗൺ സമയത്തെ സവിശേഷ സാഹചര്യം ഇതിന് പ്രധാന കാരണമെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പല കാരണങ്ങളാലും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾ വിഷാദ രോഗത്തിന് അടിമപ്പെടുകയും തുടർന്നാണ് ആത്മഹത്യയെന്ന അപകടകരമായ വഴി തെരഞ്ഞടുക്കുന്നതും. സ്കൂളുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഇന്നത്തെ വിദ്യാഭ്യാസo. കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടി വരുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നുമെന്ന് വിദഗ്ധർ പറയുന്നു. പല പരിമിതികൾ മൂലവും ആഗ്രഹിച്ച കാര്യങ്ങൾ പൂർണമായി ചെയ്യാൻ കഴിയാത്തത് ഈ ഘട്ടത്തിൽ കുട്ടികളെ തളർത്തുന്നു. പഠനത്തിന്റെ ഭാഗമായി ഓൺലൈനിൽ ദീർഘനേരം ചെലവിടുന്ന കുട്ടികളെ വലയിലാക്കാന്‍ പല തരത്തിലുള്ള ഓൺലൈൻ ഗെയിമുകളും സുലഭമാണ്. ഇതിന് അടിമകളാകുന്ന കുട്ടികളും പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നു.

വിടരും മുൻപേ കൊഴിയാതിരിക്കട്ടെ...

എങ്ങനെ തിരിച്ചറിയാം

വിഷാദത്തിന് അടിമകളാകുന്ന പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും പലപ്പോഴും കുട്ടികളിലെ പ്രയാസങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പ്രധാന പ്രതിസന്ധി.

നമ്മുടെ കുട്ടികൾ വിഷാദത്തിന്റെ വക്കിലാണോയെന്ന് തിരിച്ചറിയാൻ 9 ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് വിദഗ്ധർ പറയുന്നു

1 കാരണമില്ലാതെ ദീർഘനേരം സങ്കടപ്പെട്ടിരിക്കുക

2. ആസ്വദിച്ച് ചെയ്ത കാര്യങ്ങളിൽ പോലും താൽപര്യമില്ലായ്മ

3. അകാരണമായ ക്ഷീണം

4. ഉറക്കക്കുറവ്

5. ഭക്ഷണത്തോട് താൽപര്യമില്ലായ്മ

6. ഏകാഗ്രതക്കുറവ്

7. പ്രവർത്തികളിലും ചിന്തകളിലും വേഗതക്കുറവ്

8. നിരാശയും പ്രതീക്ഷയില്ലായ്മയും

9. ആത്മഹത്യാപ്രവണത.

9 ൽ 5 ലക്ഷണങ്ങൾ രണ്ടാഴ്ച തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം കുട്ടികൾക്ക് സവിശേഷ കരുതൽ വേണം.

വിടരും മുൻപേ കൊഴിയാതിരിക്കട്ടെ...

വേണം കൈത്താങ്ങ്

വിഷാദരോഗത്തിലേക്ക് വഴുതി വീഴുന്ന കുട്ടികൾക്ക് ആദ്യ കൈത്താങ്ങ് വേണ്ടത് അവരുടെ പ്രിയപ്പെട്ടവരുടെ പക്കൽ നിന്ന് തന്നെയാണെന്ന് മാനസികരോഗ്യ വിദഗ്ധർ പറയുന്നു.

1 കുട്ടികളുടെ പ്രയാസങ്ങളെ അവരുടെ സമീപത്തിരുന്ന് മനസിലാക്കുക

2. കുട്ടികളെ പൂർണ്ണമായും കേൾക്കണം

3. പ്രശ്നങ്ങളെ നിസാരവൽക്കരിച്ച് തളിക്കളയരുത്

4. പറയുന്ന കാര്യങ്ങൾ വെച്ച് കളിയാക്കരുത്

5. അനാവശ്യമായി വഴക്ക് പറയരുത്

ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും മാറ്റം പ്രകടമല്ലെങ്കിൽ വിദഗ്ധ സഹായം തേടാം. കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സർക്കാറും പൊലീസും ഒക്കെ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ച് അറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്. പ്രയാസമനുഭവിക്കുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ അവരെയും ചേർത്ത് പിടിച്ചാൽ മാത്രമെ ഈ കെട്ട കാലത്തെ അതിജീവിക്കാൻ കഴിയൂ.

നമ്മുടെ കുട്ടികൾ വിടരും മുമ്പെ കൊഴിയാതിരിക്കട്ടെ..

(കടപ്പാട്: ഡോ. അരുൺ ബി നായർ)