Top

സിറാജിന്റെ സിനിമയും സക്കരിയയുടെ സമയവും; ഹലാല്‍ ലവ് സ്റ്റോറിയിലെ ‘സ’(മയ)ക്കളികളെക്കുറിച്ച്

ഈ സിനിമ നിര്‍മിക്കുന്നതിന്‍റെ അടിസ്ഥാനകാരണം തന്നെ ഇത് മറ്റു സിനിമകളെ പോലെ ‘പൊതു’ ആവരുത് എന്നതാണ്. പക്ഷെ, സംവിധായകനാകട്ടെ സിറാജും. ഇത് പ്രതിനിധാനപരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

MediaOne Logo

  • Published:

    20 Oct 2020 3:58 PM GMT

  • Updated:

    2020-10-20 15:58:18.0

സിറാജിന്റെ സിനിമയും സക്കരിയയുടെ സമയവും; ഹലാല്‍ ലവ് സ്റ്റോറിയിലെ ‘സ’(മയ)ക്കളികളെക്കുറിച്ച്
X

ജമാഅത്തെ ഇസ്‍ലാമി പ്രവര്‍ത്തകര്‍ പൊതുവില്‍ സിനിമയെ മതപ്രബോധനത്തിനായുള്ള ഉപാധി മാത്രമായേ കണ്ടിട്ടുള്ളൂ. സിനിമ ഒരു സൗന്ദര്യശാസ്ത്ര വസ്തുവാണ് എന്ന പരിഗണന ഏതെങ്കിലും മുസ്‍ലിം വ്യവഹാരത്തില്‍ എപ്പോഴെങ്കിലും കടന്നു വന്നിട്ടുണ്ടോ എന്നറിയില്ല. മറ്റു ഭാഷകളില്‍ പറഞ്ഞാല്‍ മലയാളസിനിമയില്‍ അസാധ്യമാണെന്ന് കല്പിച്ചുവെച്ച മുസ്‍ലിം ജീവിതം ആവിഷ്കരിച്ചെടുക്കുക എന്ന തീര്‍ത്തും പ്രതിനിധാനപരവും സൗന്ദര്യശാസ്ത്രപരവുമായ ആവശ്യത്തിന് പുറത്താണ് സിനിമാപിടുത്തത്തിനെക്കുറിച്ച് മുസ്‍ലിം കൂട്ടായ്മകള്‍ ചിന്തിച്ചു തുടങ്ങിയതെന്ന് കരുതാന്‍ ഒരു ചരിത്രവും യഥാര്‍ത്ഥത്തില്‍ ചൂണ്ടിക്കാനില്ല. ഈ പ്രതിനിധാനവും സൗന്ദര്യശാസ്ത്രവുമൊക്കെ വളരെ സമീപകാലത്ത് രൂപപ്പെട്ടതും രാഷ്ട്രീയപരമായ അനിവാര്യതകളില്‍ സംഭവിച്ചതുമായ ഒരു നിര്‍മ്മിതി മാത്രമാണ്. അതല്ലെങ്കില്‍ സൗന്ദര്യശാസ്ത്രം എന്നത് അടിസ്ഥാനാവശ്യമായ മതപ്രബോധനത്തിന് കീഴൊതുക്കപ്പെട്ട ഒന്നു മാത്രമാണ് (ഫൂട്ട് നോട്ട്: പ്രത്യയശാസ്ത്രപരമായ ആവശ്യം എന്നതിനപ്പുറം നാടകത്തിനെയും സിനിമയെയും ഇടതുപക്ഷക്കാരും തങ്ങളുടെ സൈദ്ധാന്തിക സമീപനത്തിലുള്‍പ്പെടുത്തിയിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്).

അപ്പോള്‍ ഒരു സിനിമയെ ഹലാല്‍ ആക്കാറുള്ളത് പ്രാഥമികമായി മതപ്രബോധനം എന്ന അതിന്‍റെ പിറകിലെ ഉദ്ദേശ്യമാണ് എന്നതാണ് പരമ്പരാഗത മുസ്‍ലിം ധാരണ (എങ്ങനെ വര്‍ഗ്ഗസമരത്തിന് സംഭാവനയര്‍പ്പിക്കുന്നു എന്നതാണ് “ഹലാല്” സിനിമയുടെ ഇടതു മാനകം എന്നതു പോലെ). മറ്റു ഭാഷകളില്‍ പറഞ്ഞാല്‍ സൗന്ദര്യ ശാസ്ത്രം എന്ന പരിഗണന സിനിമയുടെ തന്നെ നിര്‍മ്മിതി ആണ് എന്നര്‍ത്ഥം.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, ഈ സിനിമയില്‍ കലയെക്കുറിച്ചോ സിനിമയെത്തന്നെക്കുറിച്ചോ ചില അപൂര്‍വ്വം പരാമര്‍ശങ്ങളും തുടക്കത്തില്‍ കാണിക്കുന്ന സിനിമാ പാരഡീസോയും ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ റഫറന്‍സുകളില്ല. ഞങ്ങള്‍ കുറച്ചാള്‍ക്കാര്‍ക്ക് “കാണാന്‍ പറ്റിയ” സിനിമ കാണണം/എടുക്കണം എന്ന ആവശ്യം മാത്രമേ ഹലാല്‍ കാണിക്കുന്നുള്ളൂ. എന്താവശ്യത്തിന് സിനിമ എടുക്കണം എന്നത് വ്യക്തമല്ല (ധാര്‍മ്മികമായ കാഴ്ചക്ക് വേണ്ടി എന്ന റഫറന്‍സുകളല്ലാതെ- എന്നാല്‍ പിന്നെ ഒന്നും കാണാതിരുന്നൂടെ എന്ന ചോദ്യം??). അഥവാ, മുസ്‍ലിംകള്‍ സിനിമ എടുക്കേണ്ടതിന്‍റെ അനിവാര്യത ഈ ചിത്രത്തിലെവിടെയും വ്യക്തമായി സൂചിപ്പിക്കുന്നില്ല. സെപ്തംബര്‍ പതിനൊന്ന് ഉണ്ടാക്കിയ പ്രതിനിധാന ആകുലതകള്‍ക്ക് ചിഹ്നപരമായല്ലാത്ത പരാമര്‍ശങ്ങളും കാണാന്‍ കഴിയില്ല. ഇത്രയും കാര്യങ്ങള്‍ പ്രധാനമാണ്. ഇനി നമുക്ക് ഹലാല്‍ ലവ് സ്റ്റോറിയെക്കുറിച്ചു ചിന്തിക്കാം.

പുരോഗമന ഇസ്‍ലാമിക പ്രസ്ഥാനം എന്നു സ്വയം കരുതുന്ന ഒരു മതസംഘടനയിലെ ചില പ്രവര്‍ത്തകര്‍ കുടുംബരപരമായ പ്രമേയം എന്നു തോന്നിക്കുന്ന ഒരു പ്രമേയത്തില്‍ ഒരു സിനിമ പിടിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിലെ കഥ. ഈ ചിത്രത്തെക്കുറിച്ചുള്ള ആലോചനയില്‍ പ്രധാനപ്പെട്ട കാര്യമാണ് ഈ ചിത്രത്തിനുള്ളിലെ ചിത്രം. ആ ചിത്രം ഈ ചിത്രത്തിന് ഒരേ സമയം പ്രധാനവും അതേ സമയം ഒരു വ്യക്തതയും ഇല്ലാത്ത, എന്താണ് സാധനം എന്നു പോലും തീര്‍ച്ചയില്ലാത്ത ഒന്നുമാണ്. ആ തീര്‍ച്ചയില്ലാത്ത സംഗതിയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ആ ഉപചിത്രം മാതൃത്വത്തെക്കുറിച്ചുള്ളതാണ് എന്ന സൂചന തുടക്കത്തിലെ തലക്കെട്ട്-നിര്‍ദ്ദേശം നല്കുന്നുണ്ട്. അതേസമയം ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ ലവ്സ്റ്റോറിയും ചുരുളഴിയുന്നുണ്ട്. കഥയോ മറ്റു സൂചനകളോ ലഭ്യമല്ലാത്ത ആ ഉപചിത്രത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കാം എന്നത് പ്രധാനമാണെന്ന് തോന്നുന്നു.

ആരുടേതാണ് ഈ ഉപസിനിമ? സിറാജ് എന്ന പൊതുവിന്‍റേതാണോ? അതോ തൗഫീഖിന്‍റെയും റഹീമിന്‍റെയുമോ? ഈ സിനിമ നിര്‍മിക്കുന്നതിന്‍റെ അടിസ്ഥാനകാരണം തന്നെ ഇത് മറ്റു സിനിമകളെ പോലെ ‘പൊതു’ ആവരുത് എന്നതാണ്. പക്ഷെ സംവിധാനയകന്‍ സിറാജും!. അത് പ്രതിനിധാനപരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഉപസിനിമ നമുക്ക് കാണിച്ചു തരാതെ സക്കരിയ അതിനെ മറികടക്കുന്നുണ്ടെങ്കില്‍ കൂടി. ഒരുപക്ഷേ സിറാജ് തൗഫീഖിന്‍റെ കഥയില്‍ സിനിമ ചെയ്യുന്നതിന് പകരം മുഹ്സിന് പരാരിയുടെ കഥ (ഹലാല് ലവ് സ്റ്റോറി) സിനിമ ആക്കാനാവും കൂടുതല്‍ ഇഷ്ടപ്പെടുക. സക്കരിയ ആകട്ടെ, ഒരുപക്ഷെ തൗഫീഖിന്‍റെ കഥ സിനിമ ആക്കാനും.

സിനിമക്കുള്ളിലെ സിനിമയെക്കുറിച്ച് പറയുന്ന കുറേയധികം ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഉദയനാണ് താരം, സെല്ലുലോയ്ഡ്, തിരക്കഥ, ബെസ്റ്റ്‌ ആക്ടര്‍ അങ്ങനെ നീളുന്നു. ഈ ചിത്രങ്ങളില്‍ ചിലതിലൊക്കെ ഉപസിനിമയെക്കുറിച്ച് കൃത്യമായ ചില വ്യക്തതകള്‍ ലഭ്യമാണ്. ഇതില്‍ ബെസ്റ്റ് ആക്ടറും ഹലാല്‍ ലവ് സ്റ്റോറിയും തമ്മിലൊരു പ്രമേയപരമായ താരതമ്യവും സാധ്യമാണ് എന്ന് തോന്നുന്നു. പക്ഷേ, സിനിമ അല്ലെങ്കില്‍ അഭിനയം എന്ന അഭിനിവേശത്തിന് ബെസ്റ്റ് ആക്ടറിന്റെ തിരക്കഥയില്‍ കഥാപാത്ര ജീവിതത്തിലൂടെ ന്യായീകരണം നല്കപ്പെട്ടിട്ടുണ്ട്. ഹലാല്‍ ലവ് സ്റ്റോറിയിലെ തിരക്കഥയില്‍ ആ ന്യായീകരണം മിസ്സിംഗ് ആണ് എന്നു മാത്രം. എന്നാല്‍ ഹലാല്‍ ലവ്സ്റ്റോറിക്ക് ഉപസിനിമ അത്യന്തം പ്രധാനപ്പെട്ടതായിട്ടും അതിനെക്കുറിച്ചുള്ള ധാരണകള്‍ തീര്‍ത്തും അജ്ഞമാണ്. കഥയില്ല, എന്നാല്‍ ലവ് ഉണ്ട് എന്ന് പറയാം. പക്ഷേ, ഈ ഉപസിനിമയുടെ വ്യക്തതക്കുറവ് ഹലാല്‍ ലവ് സ്റ്റോറിയെ മനസിലാക്കുന്നതില്‍ പ്രധാനമാണ് എന്നു തോന്നുന്നു. അതിലേക്ക് ഉടനെ വരാം.

സിനിമ പോലെ തന്നെ കേരള മുസ്‍ലിം സമുദായത്തിലെ മറ്റൊരു പ്രധാന ചര്‍ച്ചയാണ് പ്രണയം ഹലാലാണോ അല്ലേ എന്നത്. വിവാഹാനന്തര പ്രണയമാണ് ഹലാല്‍ എന്ന ഒരു ഒത്തുതീര്‍പ്പിലാണ് പലപ്പോഴും ഈ ചര്‍ച്ചകള്‍ ഒതുങ്ങിത്തീരാറുള്ളത്. അഥവാ സിനിമ ഹലാല്‍ ആകണമെങ്കില്‍ ഒരു വിവാഹാനന്തര പ്രണയം പോലെയാവണം അത്. എന്താണ് സിനിമയെ ഹലാല്‍ ആക്കുന്ന ആ വിവാഹാനന്തരത്വം? തിയറ്ററാനന്തരത്വം ആണോ അത്? (സിനിമ നല്ലതാണെങ്കിലും തീയറ്ററില്‍ പോയി കാണരുത് എന്ന് കല്പിക്കുന്ന മതമേധാവികളെ കണ്ടിട്ടുണ്ട്. അതിന് പറയുന്ന ന്യായം ഹലാല് ലവ് സ്റ്റോറിയില് കാണിക്കുന്നുമുണ്ട്- തിയേറ്ററില്‍ വെച്ചെങ്ങാന് മരിച്ചു പോയാലോ!). തിയറ്ററാനന്തരത്വം നിലവില്‍ സംജാതമായിട്ടുണ്ട് (ഹലാല് ലവ് സ്റ്റോറി റിലീസ് ആമസോണിലാണല്ലോ). പക്ഷെ അപ്പോഴും തീയറ്ററാനന്തര കാലത്ത് എന്തും കാണല്‍ ഹലാലുമല്ല. അപ്പോള്‍ പിന്നെ ആഖ്യാനാന്തരത്വമാണോ? (നിങ്ങള്‍ ടിവിയില്‍ സിനിമ ഒഴിച്ച് വിജ്ഞാനപ്രദമായ എന്തും കണ്ടോളൂ എന്ന് ചില മതമേധാവികള്‍ പറയുന്നതു പോലെ- ഹലാല്‍ ലവ് സ്റ്റോറിയില്‍ അതുമുണ്ട്, അതിന്‍റെ ഉപസിനിമയിലെ ആഖ്യാനശൂന്യത). എന്തൊക്കെയാണെങ്കിലും ഉപകഥ വ്യക്തമല്ല, അഥവാ, സിനിമയെ ഹലാല്‍ ആക്കുന്ന ആ വിവാഹാനന്തരത്വം എന്താണ് എന്നത് ഇപ്പോഴും വ്യക്തമല്ല. ചുരുക്കത്തില്‍ ഈ സിനിമ നിര്‍ബന്ധമായും പറയുമെന്ന് കരുതപ്പെട്ട രണ്ട് കാര്യങ്ങളും വ്യക്തമല്ല. ഒന്ന്, എന്താണീ ഹലാല്‍ സിനിമ എന്നത്, രണ്ട്, നമുക്കും സിനിമ പിടിക്കണം എന്ന ആവശ്യത്തിന്‍റെ ആവശ്യകത എന്താണ് എന്നത്. ഈ വ്യക്തമല്ലാത്ത രണ്ട് കാര്യങ്ങളുമാണ് ഈ സിനിമയുടെ ആധാരവേര് എന്ന് നമുക്ക് രസകരമായി ഓര്‍ക്കാം. (ഇവിടെ ഫൂട്ട് നോട്ടായി വായിക്കേണ്ട കാര്യം ഇതാണ്. ഇസ്‍ലാമിക കര്മ്മശാസ്ത്രത്തില്‍ ഹറാം അഥവാ വിരോധിക്കപ്പെട്ടവ മാത്രമാണ് നിര്‍വചനം അനിവാര്യമായവ. ഹലാലിന് നിര്‍വചനം ആവശ്യമല്ല. അഥവാ, എന്താണോ ഹറാമായി നിര്‍വചിക്കപ്പെട്ടത്, അതല്ലാത്തതൊക്കെ ഹലാലാണ് എന്നര്‍ത്ഥം) അപ്പോള്‍ പിന്നെ ഹലാല്‍ ലവ് സ്റ്റോറി കേരളത്തിലെ ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ചുള്ള ഒരു വിഷ്വല്‍ എത്നോഗ്രഫി മാത്രമല്ലേ എന്നൊരാള്‍ കരുതിയാല്‍ കുറ്റം പറയാനൊക്കുമോ? ഇല്ല, അതിനായിട്ടില്ല. നമുക്ക് പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ചര്‍ച്ചചെയ്യാനുണ്ട്.

അത് സമയത്തെക്കുറിച്ചാണ്. ഈ ചിത്രത്തില്‍ മൂന്ന് സമയങ്ങളാണുള്ളത്. ഒന്നാമത്തേത് ഉപകഥയിലെ സമയം, രണ്ടാമത്തേത് മുഖ്യകഥയിലെ സമയം, മൂന്നാമത്തേത് സക്കരിയ്യയുടെ സമയം (സക്കരിയയുടെ ഒക്കെ ഒരു സമയം !! - സ്മൈലി ഇട്ട് വായിക്കുക). ഈ മൂന്ന് സമയങ്ങളെ പൊതുവായി കൂട്ടിക്കെട്ടുന്നത് ആധുനികതയുടെ പുരോഗമന സമയമാണ് (progressive temporality). അഥവാ, മുസ്‍ലിം സമുദായം “ലേറ്റ്” ആണ് എന്ന ധാരണ ആണ് ഈ മൂന്ന് സമയങ്ങളെ കൂട്ടിയിണക്കുന്നത് (അത് യഥാര്‍ത്ഥത്തില്‍ ഈ സിനിമ തന്നെ ക്ലൈമാക്സില്‍ പൊളിക്കുന്നുമുണ്ട്. ഒരുപക്ഷെ ആ ‘പൊളി’ ആണ് ഈ സിനിമയുടെ യഥാര്‍ത്ഥ ക്ലൈമാക്സ്. അതീ ലേഖനത്തിന്‍റെ അവസാനം). ഹലാല്‍ ലവ് സ്റ്റോറിയെക്കുറിച്ച് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ആസ്വാദനങ്ങളും വിമര്‍ശനങ്ങളും അവയുടെ പൊതുവായ അടിവേരായി സ്വീകരിച്ചിരിക്കുന്നത് സമയത്തെക്കുറിച്ചുള്ള ആഴം കുറഞ്ഞ ഈ ധാരണ ആണ്.

അപ്പോള്‍ എന്താണ് ഹലാല് ലവ് സ്റ്റോറിയുടെ സമയം? സമയം ആപേക്ഷികമാണെന്നാവാം പെട്ടെന്നുള്ള ഉത്തരം. ഇവിടെ സമയം ആപേക്ഷികമായ ഒന്നാണെങ്കില്‍ ഏത് സമുദായത്തെ അപേക്ഷിച്ചാണ് മുസ്‍ലിം സമുദായം ലേറ്റ് എന്ന ചോദ്യമുണ്ട് (സിനിമയില്‍ മറ്റു സമുദായങ്ങളുടെ സാന്നിധ്യം വലുതായി ലഭ്യമല്ല എന്നത് പ്രത്യേകം ഓര്‍ക്കുക). നായര്‍ സമുദായമെന്ന് പൊതുവില്‍ പറയാറുണ്ട് (ഈ സിനിമയെക്കുറിച്ചുള്ള റിവ്യൂകളില്‍ ‘മന തകര്‍ത്തു’ എന്നൊക്കെയുള്ള ആവേശകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക). എന്നാല്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാണ്. ക്രിസ്ത്യാനികള്‍‌ ലേറ്റ് ആണോ? ഈഴവരോ? ദലിതരോ? ശരി നമുക്ക് ഈ ചോദ്യത്തെ ഒന്ന് പുനര്‍നിര്‍മിക്കാം. എന്തുകൊണ്ടാണ് സിനിമയില്‍ മുസ്‍ലിം സമുദായം മാത്രം ഒരു സമുദായം എന്ന അര്‍ത്ഥത്തില്‍ സമയവുമായി ബന്ധപ്പെടുത്തി കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്? സമയം ആപേക്ഷികമാണെങ്കില്‍ മറ്റു സമുദായങ്ങളുടെ സമാനമായ സംഘര്‍ഷങ്ങള്‍ കൂടെ ഈ സമയത്തിന്‍റെ ലോജിക് ഉപയോഗിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? (മലയാള സിനിമയിലെ “ആദ്യത്തെ”, നടിയും സംവിധായകനും കീഴാള സമുദായങ്ങളില്‍ നിന്നുള്ളവരാണെന്ന് ശ്രദ്ധിക്കണം). കൂടാതെ, സിനിമയുടെ “ആദ്യ” കാലം തൊട്ടേ മലയാള സിനിമയില്‍ ഏറ്റവുമധികം മൂലധന നിക്ഷേപം നടത്തിയ സമുദായങ്ങളിലൊന്ന് മുസ്‍ലിംകളാണെന്ന് കാണണം (പ്രഫ. എം.എച്ച് ഇല്യാസിന് കടപ്പാട്). ഇനിയിപ്പോള്‍ “ലേറ്റ്” എന്നത് ഒരു പൊളിറ്റിക്കല്‍ ഇക്കോണമിക് ആയ സംവര്‍ഗ്ഗമല്ല എന്നു വരുമോ? അപ്പോള്‍ പിന്നെ എന്താണ് “ലേറ്റ്”, അല്ലെങ്കില്‍ എന്താണ് “സമയം”? മലയാള സിനിമയിലെ സമയത്തെ രാഷ്ട്രീയ സമ്പത്ശാസ്ത്രവുമായി മാത്രം ബന്ധപ്പെടുത്തി മനസിലാക്കാനാവില്ലെന്നുറപ്പ്. അപ്പോള്‍ പിന്നെ, ധാര്‍മ്മികത, നിയമം, സംസ്കാരം തുടങ്ങിയവയൊക്കെ ഇതിന് അനിവാര്യമാണ് എന്നു വരുന്നു.

നമുക്കിത് ഹലാല്‍ ലവ്സ്റ്റോറിയുടെ സന്ദര്‍ഭത്തില്‍ പരിശോധിക്കാം. ഹലാല്‍ ലവ് സ്റ്റോറിയില്‍ രണ്ട് തരം ഹറാമുകള്‍ വിഷയമാണ്. ഒന്ന് സിനിമ, രണ്ട് കോള. ഈ രണ്ട് ഹറാമുകളും ഒരേഘടനയും രണ്ട് സ്വഭാവവുമുള്ള സമയത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. സിനിമ ഹറാമായത് മുസ്‍ലിം സമുദായം പ്രോഗ്രസീവ് ടെംപൊറാലിറ്റിയില്‍ പിന്നോക്കമായത് കൊണ്ടാണ് (തൗഫീകിന്‍റെ നമുക്കും പുരോഗമനം വേണ്ടേ എന്ന ഡയലോഗ്‌ ശ്രദ്ധിക്കുക- അതോടൊപ്പം സിനിമയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒന്നു രണ്ട് വിമര്‍ശനക്കുറിപ്പുകളും വേണമെങ്കില്‍ ഓര്‍ക്കുക). കോള ഹറാമായത് മുതലാളിത്തത്തോടുള്ള രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് (ഈ ഹറാമില്‍ പ്രോഗ്രസീവ് ടെംപൊറാലിറ്റിയുടെ പ്രശ്നം എവിടെയുമില്ല- മാത്രമല്ല, റെട്ടോറിക്കല്‍ സെന്‍സില്‍ ഇതൊരു “പുരോഗമന” രാഷ്ര്ടീയത്തിന്‍റെ ഭാഗം കൂടിയായി കരുതപ്പെടാം- വാള്‍ട്ടര്‍ ബെന്യാമിന്‍റെ സമയ വിമര്‍ശനത്തിന് രണ്ടാമത്തേതുമായാണ് ബന്ധം എന്ന് സാന്ദര്‍ഭികമായി ഇവിടെ ഫൂട്ട്നോട്ടിടാം). അങ്ങനെ ഇവിടെ മുസ്‍ലിം സമുദായത്തെ ഒരേ സമയഘടനകത്ത് പ്രതിഷ്ഠിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് കാണാന്‍ കഴിയും. ഇവിടെ സിനിമക്കുള്ളിലെ റഹീമും സിനിമക്ക് പുറത്തെ സക്കരിയയും രണ്ടുതരം സമയസൂചനകള്‍ (രണ്ട് തരം സമയങ്ങളല്ല) നല്കുന്നത് കാണാന്‍ സാധിക്കും. റഹീമിന്‍റെ സൂചന നമുക്കും (മതനിഷ്ഠയുള്ളവര്ക്ക്) സിനിമ കാണണ്ടേ എന്നാണെങ്കില്‍ സക്കരിയയുടെ സൂചന നമ്മളെയും (അഥവാ, ഇത്തരം മനുഷ്യ ജീവിതങ്ങളെയും) സിനിമയില്‍ കാണണ്ടേ എന്നാണ്. സക്കരിയ്യ പ്രതിനിധാനത്തില്‍ ഊന്നുന്നുവെങ്കില്‍ റഹീം പ്രേക്ഷകത്വത്തിലാണ് ഊന്നുന്നത് (അതു കൊണ്ടാവണം ഈ കേന്ദ്രപ്രമേയമായ ഉപസിനിമയെക്കുറിച്ച് അതേസമയം വലിയ സൂചനാശൂന്യത കാണാവുന്നത്). മറ്റു രീതിയില്‍ പറഞ്ഞാല്‍ ഹലാല്‍ ലവ് സ്റ്റോറിയിലെ ഉപസിനിമ ‘കാണാന്‍’ (പ്രേക്ഷകനു) വേണ്ടി ഉണ്ടാക്കുന്നതാണെങ്കില്‍ ഹലാല്‍ ലവ് സ്റ്റോറി എന്ന സക്കരിയയുടെ സിനിമ ‘കാണപ്പെടാന്‍’ വേണ്ടി ഉണ്ടാക്കിയതാണ് (“കാണാന്‍” കഷ്ടപ്പെടുന്ന ആള്‍ക്കാരെ-പുറം ലോകത്തിന് - “കാണിക്കാന്‍”). അതേസമയം കാണാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയാകട്ടെ (ഉപസിനിമ) ഒന്നും വ്യക്തമായി കാണുന്നുമില്ല (കാരണം അതാണ് ഹലാല്‍ സിനിമ. ഹലാല്‍ കാണിക്കാന്‍ കഴിയില്ലല്ലോ). ഇവിടെ സിനിമയെക്കുറിച്ചും പ്രേക്ഷകത്വത്തെയും കുറിച്ചുള്ള പരിഗണനകള്‍ തൗഫീഖിന്‍റെയും റഹീമിന്‍റെയുമാണ്, സക്കരിയയുടെതല്ല. സകരിയയുടേതാണ് പ്രതിനിധാനമാണ്. അപ്പോ പിന്നെ സിനിമ എവിടെ? അത് ശരീഫിന്‍റെയും സുഹറയുടേതുമാണ്. പക്ഷെ ആ സിനിമക്ക് കഥയില്ല, അതുകൊണ്ട് തന്നെ എന്താണ് ഹലാല്‍ സിനിമ എന്ന് വ്യക്തവുമല്ല. കെട്ടിപ്പിടിക്കാതിരിക്കലാണ് ഹലാല്‍ സിനിമയെങ്കില്‍ രണ്ടാളും ആഞ്ഞു കെട്ടിപ്പിടിക്കുന്നതാണ് ആകെയുള്ള അപൂര്‍വ്വം ഉപസിനിമാ വിഷ്വലുകളിലൊന്ന്. അപ്പോള്‍ പിന്നെ എന്താണ് ഹലാല്‍ സിനിമ? ഉസ്വൂലുല്‍ ഫിഖ്ഹിലെ ധാരണ കടമെടുക്കാം; ഹറാമെന്ന് നിര്‍വചിക്കാത്ത എന്തും !!

സമയത്തിലേക്ക് തിരികെ വരാം. ഈ സിനിമയുടെ അടിസ്ഥാന പ്രമേയവും എന്നാല്‍ അടിസ്ഥാന പ്രമേയത്തിന്‍റെ കൃത്യതയില്ലായ്മയും സമയം തന്നെയാണ്. ആ കൃത്യതയില്ലായ്മയെ സക്കരിയ മറികടക്കുന്നത് ഉപസിനിമ കാണിച്ചു തരാതെ ആണ് എന്ന ബ്രില്യന്‍സിനെ ഓര്‍ക്കാതെ വയ്യെങ്കിലും.

അപ്പോള്‍ ചോദ്യം മുസ്‍ലിം സമുദായം ലേറ്റ് ആണോ എന്നതാണ്. സിനിമയുടെ കാര്യത്തില്‍ മുസ്‍ലിം സമുദായം ആണ് ‘ആദ്യം’ എന്ന് കാണിക്കാന്‍ ചില ശ്രമങ്ങള്‍ കോഴിക്കോട്ടങ്ങാടിയില്‍ ഒക്കെ കാണാനാവും. കമുറ എന്ന് പേരിട്ടിട്ടുള്ള ചില സംരംഭങ്ങള്‍ ഈ സമയബോധവുമായി ഇടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളെ കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ ആരംഭത്തെ എങ്ങനെ നിര്‍ണയിക്കാം എന്ന ചര്‍ച്ചകളില്‍ ആ ശ്രമങ്ങള്‍ പതറിപ്പോവാറുമുണ്ട്. ഉദാഹരണം, സിനിമയുടെ ആരംഭത്തെ അഭിനയം എന്ന കലയുടെ ആരംഭ ചരിത്രവുമായി ബന്ധപ്പെട്ടാണോ മനസിലാക്കേണ്ടത്, അതോ കമുറ സൂചിപ്പിക്കുന്നതു പോലെ കാമറയുടെ ആരംഭ ചരിത്രവുമായാണോ ബന്ധപ്പെടുത്തേണ്ടത് അതൊന്നുമല്ലെങ്കില്‍ ചില പടിഞ്ഞാറന്‌ ഗവേഷകര്‍ കരുതുന്ന പോലെ പെയിന്‍റിങുമായാണോ?

എന്തായാലും സിനിമയുടെ ആരംഭം പൊതുവില്‍ കണക്കാക്കപ്പെടാറുള്ളത് ആദ്യത്തെ പ്രദര്‍ശനം എപ്പോഴായിരുന്നു എന്നിടത്താണ്. അഥവാ, പ്രേക്ഷകത്വമാണ്, സിനിമ സ്വയം തന്നെ അല്ല, സിനിമയുടെ ആരംഭത്തെ ചരിത്രപരമായി അടയാളപ്പെടുത്തിയിരുന്നത് എന്നര്‍ത്ഥം. അപ്പോള്‍ ആദ്യത്തെ സിനിമ എന്താണ് എന്ന ചോദ്യത്തിന് പൊതു ഉത്തരം ആദ്യമായി സിനിമ എന്ന് പറഞ്ഞു കൊണ്ട് ഒരു സാധനത്തിനെ എപ്പോഴാണ് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്, അല്ലെങ്കില്‍ ഈ പരിപാടിക്ക് വേണ്ടി നാട്ടുകാര്‍ ആദ്യമായി എപ്പോഴാണോ കൂട്ടം കൂടിയത് എന്നിടത്താണ്. അതു കൊണ്ട് തന്നെ സിനിമ എന്ന പദത്തിന് പ്രദര്‍ശന ശാല എന്നു കൂടി അര്‍ത്ഥമുണ്ടായത് (ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ് ആമസോണിലൂടെ ആണ് എന്നു വെറുതെ ആലോചിച്ച് വിടാം). എന്തായാലും ഇവിടത്തെ പ്രശ്നം സിനിമയുടെ സമയമല്ല, മുസ്‍ലിം സമുദായത്തിന്‍റെ സമയമാണ്. ഇനി ശ്രദ്ധിക്കേണ്ട കാര്യം ഈ ലേഖനത്തിലെ തുടക്കത്തിലെ വാദമാണ്. അതായത്, റഹീമിന്‍റെയും തൗഫീഖിന്‍റെയും പരിഗണന പ്രേക്ഷകത്വമാണ് എന്നത്. അഥവാ, ‘നമുക്ക്’ കാണാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടാക്കുക എന്നത്. (ഈ “കാണാന് പറ്റിയ” എന്നത് സൗന്ദര്യ ശാസ്ത്രപരമോ പ്രതിനിധാനപരമോ ആയ കാര്യമല്ല എന്ന് പേര്‍ത്തും പേര്‍ത്തും നമുക്കോര്‍ക്കാം- ചരിത്രത്തിലെ ആദ്യത്തെ സിനിമയും പ്രേക്ഷകത്വമാണ്, പ്രതിനിധാനമോ സൗന്ദര്യശാസ്ത്രമോ അല്ല).

കഷ്ടപ്പെട്ട് പിടിക്കുന്ന ആ സിനിമ കാണുന്നതിന് പകരം അതവഗണിച്ചു കൊണ്ട് നിസ്കാരത്തിലേക്ക് (മഗ്രിബ്?) മുഴുകുന്ന റഹീമിനെയും കുടുംബത്തെയും ശ്രദ്ധിക്കുക. എനിക്ക് തോന്നുന്നത് ഈ പടത്തിലെ ക്ലാസിക്കല്‍ രംഗം അതാണ് എന്നാണ്. റഹീം സിനിമ (വിശ്വാസികള്‍ക്ക്) ‘കാണല്‍ സാധ്യമായ’ വസ്തു എന്ന നിലയിലാണ് നിര്‍മിക്കുന്നതെങ്കില്‍, അതേസിനിമ കഷ്ടപ്പെട്ട് നിര്‍മ്മിച്ച ശേഷം കാണാതെ വിടുകയാണ് അയാളും കുടുംബവും. സമയം തന്നെയാണ് ഇവിടെ വില്ലന്‍. മതത്തിന്‍റെ സമയത്തില്‍ നിന്ന് പുരോഗമിച്ച് സിനിമയുടെ സമയത്തിലേക്ക് (ആധുനികതയുടെ progressive temporality) എത്തുന്ന മുസ്‍ലിംകള്‍ എന്ന ധാരണയുടെ അടിവസ്ത്രം കീറുകയാണോ ഇവിടെ? (അങ്ങനെയെങ്കില്‍ മുസ്‍ലിംകള്‍ ആധുനികതയുടെ പിന്നാലെ കൊതിമൂത്തു നടക്കുകയാണ് എന്ന് നിരീക്ഷിക്കുന്ന വന്‍കിട നിരീക്ഷകരെ മടലു വെട്ടി അടിക്കണ്ടേ) അതോ ആധുനികതയുടെ സമയത്തെ തന്‍റെ സമയത്തിലേക്ക് അധീനപ്പെടുത്തുകയാണോ (subordinate) റഹീമും കുടുംബവും ചെയ്യുന്നത്? കഷ്ടപ്പെട്ട് സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളയുമ്പോഴുണ്ടാകുന്ന അധികാരത്തിന്‍റെ അഹങ്കാരമാണോ ഇത്? അതോ, ഹെഗല്‍ പറഞ്ഞ പോലെ, ഭൂമിയില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കാത്ത ഒരു മണ്ഡലവുമുണ്ടാവരുത് എന്ന മുസ്‍ലിം അറഗന്സ് ആണോ?

ഉപസിനിമ കാണിക്കാതെ വിടുന്നതിലൂടെ സക്കരിയ ചെയ്തതും ഉദ്ദേശിച്ചതും അതു തന്നെയാവണം. ചുരുക്കത്തില്‍ സമയം എന്നത് പ്രതിനിധാനപരവും സൗന്ദര്യശാസ്ത്രപരവുമാണെങ്കില്‍, മുസ്‍ലിം സമുദായം ലേറ്റ് ആണ് എന്ന ബോധം, ഹലാല്‍ ലവ് സ്റ്റോറിയുടെ പശ്ചാത്തലത്തിലെങ്കിലും, യാഥാര്‍ത്ഥ്യമല്ല എന്നു സമ്മതിക്കേണ്ടി വരും. അപ്പോള്‍ പിന്നെ എന്താണ് മുസ്‍ലിം സമുദായത്തിന്‍റെ സമയം എന്ന ചോദ്യത്തിന് വേറെ ലേഖനം എഴുതേണ്ടി വരുമെന്നതിനാല്‍ ഇവിടെ ചുരുക്കുന്നു.

TAGS :
Next Story