LiveTV

Live

Opinion

വിഎസ് നിശബ്‍ദമായ കേരളവും വിഎസ് 'ഇല്ലാത്ത' പാർട്ടിയും

പാർട്ടി ഭരണം അന്വേഷണ ഏജൻസികൾക്കു മുന്നിൽ നിന്ന് കിതക്കുകയും കോടതി മുറികളിൽ കിടന്ന് ഞെരിയുകയും ചെയ്യുമ്പോൾ വിഎസ് എന്ന രണ്ടക്ഷര തിരുത്ത് ആരൊക്കെയോ പ്രതീക്ഷിക്കുന്നില്ലേ?

വിഎസ് നിശബ്‍ദമായ കേരളവും വിഎസ് 'ഇല്ലാത്ത' പാർട്ടിയും

ഒരു ആശയാദർശം നൂറ് ആണ്ട് പിന്നിടുമ്പോൾ അതിന്‍റെ നേതൃനിരയിൽ 97 കഴിഞ്ഞ ഒരാൾ ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. നേതാവും ഭരണാധികാരിയും ഒക്കെയായിരുന്ന വി എസ് അച്യുതാനന്ദൻ ആകുമ്പോൾ ചില്ലറ കാര്യവുമല്ല. പാർട്ടിയിലുണ്ടായ പിണക്കവും പ്രതിപക്ഷത്തിരുന്ന് നടത്തിയ മല കയറ്റവും വിഎസും ഇന്ന് ചെറിയ ചില്ലറ കാര്യമായി. 97 വർഷാചരണം പാർട്ടി യൗവനങ്ങളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ മാത്രമാകുമ്പോൾ അതേ സ്റ്റാറ്റസിൽ തന്നെ വി എസിന്‍റെ അസാന്നിദ്ധ്യവും അറിയാതെ പോകുന്നു. പാർട്ടി ഭരണം അന്വേഷണ ഏജൻസികൾക്കു മുന്നിൽ നിന്ന് കിതക്കുകയും കോടതി മുറികളിൽ കിടന്ന് ഞെരിയുകയും ചെയ്യുമ്പോൾ വി എസ് എന്ന രണ്ടക്ഷര തിരുത്ത് ആരൊക്കെയോ പ്രതീക്ഷിക്കുന്നില്ലേ. ആലോചനകളുടെ പാർട്ടി പാരമ്പര്യത്തെ മാറ്റി വച്ച് മുന്നണിയിലേക്ക് നിരുപാധികം വിസ നൽകുന്ന പാർട്ടിക്കാലത്ത് വി എസ് 97 പിന്നിടുകയാണ്.

ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവെന്ന വി എസിന്‍റെ ജൻമദിനം നിശബ്ദമാകുന്നതിൽ കൊറോണയെന്ന കുഞ്ഞ് വൈറസ് മാത്രമല്ലല്ലോ കുറ്റക്കാരൻ. കൊറോണയെ ചാരി പലരും പലതിൽ നിന്നും പല വിധത്തിൽ രക്ഷപ്പെടുമ്പോൾ അങ്ങനെ വി എസിന്‍റെ കാര്യത്തിൽ രക്ഷപെടാനാകുമോ. തെരഞ്ഞെടുപ്പുകളിൽ പട നയിക്കാൻ വി എസ് വേണമെന്ന് പാർട്ടിയെ ബോധ്യപ്പെടുത്താൻ കൃഷ്ണയ്യറെ പോലുള്ളവർ ഇറങ്ങി വന്നപ്പോൾ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ തിരികെ വന്നതും അതിന്‍റെ സുഖസൗകര്യങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ വി എസും തൃപ്തിപ്പെട്ടു എന്നു വേണം കരുതാൻ. അല്ലെങ്കില്‍ ക്യാബിനറ്റ് സൗകര്യങ്ങളോടെ ഒരു പരിഷ്കരണ സാധ്യതയുമില്ലാത്ത കമ്മീഷന്‍റെ തലപ്പത്ത് എത്തിക്കുകയിരുന്നു. ഖജനാവിലെ ചോർച്ചക്ക് ഒരു വഴി മാത്രമാക്കി ആ സംവിധാനം ശരിക്കും 'കമ്മീഷനായി' തുടരുകയാണ്.

വിഎസ് നിശബ്‍ദമായ കേരളവും വിഎസ് 'ഇല്ലാത്ത' പാർട്ടിയും

ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതി വിട്ട് ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. അസുഖവും പ്രായത്തിന്‍റെ ക്ഷീണവും ഒരു ഘടകമാണ്. കോവിഡ് കാലത്ത് പ്രത്യേകിച്ച്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് വിഎസിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദർശകരെ സ്വീകരിക്കുന്നില്ല. ചിട്ടയായ ജീവിത രീതികൾ കൊണ്ട് പതിവ് ജീവിതത്തിലേക്ക് അദ്ദേഹം ഏറെക്കുറെ മടങ്ങിവന്നെങ്കിലും നടക്കുന്നതിന് പരസഹായം വേണ്ടിവരുന്നു. പത്രങ്ങൾ വായിച്ചാണ് കേൾക്കുന്നത്. രാഷ്ട്രീയ രംഗത്തെ ഓരോ ചലനങ്ങളും കൃത്യമായി മനസിലാക്കുന്നു എന്നാണറിവ്. എങ്കിലും കേരള രാഷ്ട്രീയത്തിൽ കലഹം തീര്‍ക്കുന്ന ഇടപെടലുകൾ മാത്രം ഇല്ല. പൂർണ നിശബ്ദത. ഒരു വരി പ്രസ്താവനയുടെ പേരിലുള്ള വി എസ് മോഡൽ ധിക്കാരമില്ല.

സമരങ്ങളുടെ ചൂട് പകർന്ന ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ച വി എസിന് എന്നും കൂട്ട് സമരങ്ങൾ തന്നെയാണ്. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി വന്ന അച്യുതാനന്ദൻ അങ്ങനെ കലഹപ്രിയനായി വളർന്നു. വിദ്യാഭ്യാസം ഏഴാം തരത്തിൽ അവസാനിപ്പിച്ച് തൊഴിലാളികൾക്കായി കൊടി പിടിച്ചു. അറസ്റ്റ്, ജയിൽവാസം, മർദ്ദനം ഇങ്ങനെ കമ്യൂണിസ്റ്റ് ജീവിതത്തെ വളർത്തി. പാർട്ടി ബാലറ്റിലൂടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോൾ വി എസ് പാർട്ടി തലപ്പത്ത് എത്തിയിരുന്നു. അങ്ങനെ വളർന്ന വി എസ് പരമോന്നത പദവിയായ പൊളിറ്റ് ബ്യൂറോയിൽ എത്തിയെങ്കിലും കലഹം പാർട്ടി വിരുദ്ധ പ്രവർത്തനമാകുന്ന കാലമായതോടെ വി എസ് പുറത്ത്. ഇന്ന് കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവിന്‍റെ കസേരയിലാണ് വിഎസ്.

വിഎസ് നിശബ്‍ദമായ കേരളവും വിഎസ് 'ഇല്ലാത്ത' പാർട്ടിയും

1996ൽ പാർട്ടി ശക്തികേന്ദ്രമായ മാരാരിക്കുളത്ത് വി എസ് നിലംപതിച്ചു. തീർത്തും അപ്രതീക്ഷിത പരാജയം. പാർട്ടി നേതാവ് ഭരണാധിപനാകുമെന്ന് കരുതിയ കാലത്താണ് ഈ തോൽവി. ഈ തോൽവിയുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും വിഭാഗീയത എന്നതിൽ എത്തി. പിന്നീടങ്ങോട്ട് വി എസ് പാർട്ടി വിരുദ്ധനായ ജനകീയനായി മാറി. ഒടുവിൽ സുരക്ഷിത താവളം തേടി മലമ്പുഴക്ക് പിടിച്ചാണ് ഭരണാധിപനാകാനായത്. ധിക്കാരിയായ ഭരണാധികാരിയെ പാർട്ടി താഴിട്ട് നയിച്ചു. പൂട്ട് പൊട്ടിക്കാൻ ശ്രമിച്ചപ്പോഴാക്കെ കൂടെ നിന്നവരെ കൂടി പാർട്ടി പൂട്ടി. അന്നത്തെ മുഖ്യമന്ത്രി വി എസ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി പലപ്പോഴും കൊമ്പുകോർത്തു. പക്ഷേ ഇന്ന് തുടർ ഭരണം തേടുന്ന പാർട്ടി അന്ന് ആഗ്രഹിച്ചില്ല. എന്നിട്ടും വി എസ് നായകത്വത്തിൽ മുന്നണി 2011 ൽ മികച്ച പ്രകടനം തെരഞ്ഞെടുപ്പിൽ നടത്തി.

വി എസ് ക്ലിഫ് ഹൗസിൽ ആയതോടെ പാർട്ടി തന്നെ നേരിട്ടിറങ്ങി 2007 മേയ് 26ന് വിഎസിനെ പോളിറ്റ്ബ്യൂറോയിൽ നിന്ന് തെറുപ്പിച്ചു. പല തരത്തിൽ പാർട്ടി ശാസിച്ചു നോക്കിയിട്ട് അങ്ങനെ വഴങ്ങില്ലെന്ന് കണ്ടതോടെ പരസ്യ ശാസനക്കും വിഎസിനെ വിധേയനാക്കി. പിന്നീട് വി എസും പരസ്യ കലഹങ്ങൾ ആരംഭിച്ചു.

വിഎസ് നിശബ്‍ദമായ കേരളവും വിഎസ് 'ഇല്ലാത്ത' പാർട്ടിയും

ടി പി ചന്ദ്രശേഖരനെ വെട്ടി കൊന്ന സംഭവത്തോടെ വി എസ് അടങ്ങിയിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് വടകരയിലെ വീട്ടിലെത്തി ടി.പിയുടെ ഭാര്യ രമയെ ആശ്വസിപ്പിച്ചു. കൊലപാതകത്തിൽ പ്രതിസ്ഥാനത്തുള്ള പാർട്ടിക്ക് കൃത്യമായ സൂചന നൽകുന്നതായിരുന്നു ഈ ആശ്വാസ സന്ദർശനം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ അതിനായി തെരഞ്ഞെടുത്തത് ബോധപൂർവമായിരുന്നു. ഇതോടെ വി എസ് എന്ന രണ്ടക്ഷരം കേരള രാഷട്രീയത്തിലെ കമ്യൂണിസ്റ്റ് തിരുത്തലിന്‍റെ പേരായി മാറി.

ഇന്ന് തൊണ്ണൂറ്റി ഏഴാം പിറന്നാളിൽ വി എസ് നിശബ്ദനാണ്. പാർട്ടിയും മുന്നണിയും അധികാരത്തിനായി നടത്തുന്ന എല്ലാ നീക്കങ്ങളെയും നല്ലതായി വി എസ് കണ്ടിരുന്നില്ല. പാർട്ടിയോ പാർട്ടി ഭരണമോ എന്ത് കാര്യമായ നീക്കം നടത്തിയാലും വി എസിന്‍റെ പ്രതികരണത്തിന് കേരളം കാതോർത്തിരുന്നു. അപ്പോഴും വി എസിനെ ഉന്നമിട്ട് പാർട്ടി നീങ്ങി. ഈ ഉന്നം കൃത്യമായി മനസിലാക്കിയപ്പോഴൊക്കെ വി എസ് തന്‍റെ തനത് ശൈലിയിൽ പ്രതികരിച്ചു. പാർട്ടിയുടെ ആലപ്പുഴ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയപ്പോയതും അങ്ങനെയാണ്.

ഇന്ന് എല്ലാം നിശബ്ദമാണ്. കെ എം മാണിയുടെ കേരള കോൺഗ്രസ് പലപ്പോഴും എകെജി സെന്‍ററിന് അപേക്ഷ കൊടുക്കുമ്പോഴെല്ലാം വി എസ് എന്ന പരിചയെ മറികടക്കാൻ ആവാതെ വന്നു. ഇന്ന് എത്ര വേഗം അവർ പ്രവേശനം സാധ്യമാക്കി. പലപ്പോഴും കാർക്കശ്യ നിലപാടു കൊണ്ടു പാർട്ടിയെ തിരിച്ചു ശാസിച്ച വി എസ് ഇന്ന് നിശബ്ദമായി കഴിഞ്ഞു. അതോടെ മറ്റെല്ലാം ആരവങ്ങളോടെ പാർട്ടി നടത്തുന്നു എന്ന് വിമർശകർ പറഞ്ഞാൽ ഒരതിശയവും ഇല്ല. ഇതോടെ വി എസ് നിശബ്ദമായ കേരളത്തിൽ എല്ലാം 'വികസനമായി ' നടത്തുന്നു. വി എസ് ഇല്ലാത്ത പാർട്ടി എല്ലാം 'നന്നായി ' നടത്തുന്നു.