LiveTV

Live

Opinion

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

കേരളത്തിലെ പരമ്പരാഗത രാഷ്ടീയ മേഖല പ്രതിസന്ധിയിലാണ്. അവിടെ സ്ഥിരംപണി എടുക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഏത് പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പു വരുമ്പോൾ പെരുംപണക്കാർക്കാണ് സംവരണം.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

തെരഞ്ഞെടുപ്പുകളാണല്ലോ വരാൻ പോകുന്നത് (നവകേരളമലയാളത്തിൽ പറഞ്ഞാൽ, വരാൻവേണ്ടി പോകുന്നത്). അങ്ങനെ വരുമ്പോൾ പ്രകടനപത്രികകളും വരുമല്ലോ. വരും. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് കൊറോണയും പഠിപ്പിച്ചതാണല്ലോ. പ്രകടനപത്രികകൾ വരും. പാർട്ടികളുടേതും മുന്നണികളുടേതും വരിവരിയായി വരും.

ഇക്കുറി തെരഞ്ഞെടുപ്പിന് പ്രകടനപത്രിക മാത്രമേ ഉണ്ടാകാനിടയുള്ളു. പ്രകടനം ഉണ്ടാകില്ല. അതിന് രാഷ്ടീയ പ്രവർത്തകർ അണിനിരക്കണമല്ലോ. കൊറോണ അവരെ അതിനനുവദിക്കില്ല. പിന്നെ, അന്യസംസ്ഥാന പ്രകടനത്തൊഴിലാളികൾ കുറവാണുതാനും.

പ്രകടനം പോലെയല്ല പ്രകടനപത്രിക. പത്രികയുണ്ടാക്കാൻ അത്ര പണിയില്ല. അണികൾക്ക് അതിൽ പണിയേയില്ല. പുറംകരാർ കൊടുത്തോ കൺസൾട്ടൻസിയെ വെച്ചോ നേതൃത്വങ്ങൾക്ക് ചെയ്യിക്കാവുന്നതേയുള്ളൂ.

അത്രയും ബുദ്ധിമുട്ടണമെന്നുമില്ല. അഞ്ചുവർഷം മുമ്പ് തയ്യാറാക്കിയ പ്രകടനപത്രിക എടുത്താലും മതി. അതങ്ങനെതന്നെ എടുക്കുകയല്ല. അവസാനത്തെ നൂറുദിന കർമപരിപാടിയുടെ ചേരുവകൾ അതിൽ നിന്നങ്ങ് ഹരിച്ചേക്കണം. എന്നിട്ട് ബാക്കി വരുന്നതിന്‍റെ മുൻഭാഗത്ത് നവംനവങ്ങളായ ഇച്ചിരിയെണ്ണം ചേർത്തേക്കണം. അതൊക്കെ ചെയ്യാൻ ത്രാണിയുള്ള വിദഗ്‍ധർ പാർട്ടികളിലുണ്ടല്ലോ. സി.പി.എമ്മിൽ തോമസൈസക്കുണ്ട്. കോൺഗ്രസിൽ വി.ഡി സതീശനുണ്ട്. സതീശനാണല്ലോ കോൺഗ്രസ്‍കാരുടെ തോമസൈസക്ക്.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

ഇവരെയൊന്നും മുതിർന്ന നേതാക്കൾക്ക് ബോധിക്കുന്നില്ലെങ്കിൽ കൺസൾട്ടൻസിയേയോ ഉപദേശികളേയോ വെച്ചുകൊള്ളട്ടെ. നമ്മുടെ വിഷയം അതൊന്നുമല്ല. രാഷ്ട്രീയത്തൊഴിലാളികളാണ്. അവരുടെ ജീവിതപ്രശ്നമാണ്.

കേരളത്തിലെ പരമ്പരാഗത രാഷ്ടീയ മേഖല പ്രതിസന്ധിയിലാണ്. അവിടെ സ്ഥിരംപണി എടുക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

കൗമാരകാലത്ത് പൊതുരംഗത്തേക്കിറങ്ങിയാൽ, ഇടറിപ്പോകാതെ പിടിച്ചുനിന്നാൽ, ഒരു ശരാശരി രാഷ്ട്രീയക്കാരൻ കാൽനൂറ്റാണ്ടെങ്കിലും അധ്വാനിക്കണം ഒന്ന് തെളിഞ്ഞു വരാൻ. എങ്കിലും നല്ലൊരു ഭാവി തെളിയുന്നത് പാർലമെന്‍ററി പാതയിലേക്ക് കയറുമ്പോഴാണ്. അതായത് എം.പി.യോ എം.എൽ.എ യോ ആകാനായി മത്സരിക്കാൻ അവസരം കിട്ടുമ്പോൾ. നിയമസഭാ സാമാജികനാകുക എന്നത് അത്ര മോശം സ്വപ്നമൊന്നുമല്ല. മരിക്കും മുമ്പ് ബിഷപ്പാകണം എന്ന് ഏത് ശെമ്മച്ചനും കിനാക്കാണുന്നതാണേ.

അതൊന്നും കിനാവ് കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ കേരളത്തിലെ മഹാഭൂരിപക്ഷം രാഷ്ടീയ പ്രവർത്തകരും. ആ മേഖലയിൽ മടിശ്ശീലക്കാണിപ്പോൾ മാർക്കറ്റ്. ഏതു മുന്നണിയാണെങ്കിലും ഏത് പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പു വരുമ്പോൾ പെരുംപണക്കാർക്ക് സംവരണമുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഓർമയുണ്ടല്ലോ. ചവറ, കുട്ടനാട്, എന്നീ നാടുകൾ ചുറ്റി താനൂര്‍, തിരൂര്‍, നിലമ്പൂര്‍ തുടങ്ങിയ ഊരുകൾ കടന്ന് തിരൂരങ്ങാടി പോലുള്ള അങ്ങാടികളിലൊക്കെ ഒന്ന് നോക്കൂ. അവിടെയൊക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ചത് കിടിലൻപണക്കാരോ, പണോൽപ്പാദന വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരോ ആയിരുന്നു. ചിലരൊക്കെ ജയിച്ചു. ചിലരൊക്കെ തോറ്റു. ജയിച്ചവരും തോറ്റവരും അടുത്ത തവണയും മത്സരിക്കാൻ റെഡിയായി നിൽക്കുകയാണ്.

ജയിച്ചാലും തോറ്റാലും ശരി. ആ മണ്ഡലങ്ങളിൽ ഇനി അവർക്കോ അത്തരക്കാർക്കോ അല്ലാതെ ആർക്കും മത്സരിക്കാനാകില്ല. മത്സരത്തിന്‍റെ വിലനിലവാരം വല്ലാതെ ഉയർത്തിയിട്ടുണ്ട് അവർ. സാധാരണക്കാരനായ ഒരു രാഷ്ട്രീയക്കാരന് സങ്കൽപ്പിക്കാനാകാത്ത നിലയിലുള്ള ഇവന്‍റാണ് അവിടങ്ങളിലിപ്പോൾ തെരഞ്ഞെടുപ്പ് മത്സരം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തിൽ മുസ്‍ലിം ലീഗുകാരനായ സിറ്റിംഗ് എം.എൽ.എയെ തോൽപ്പിച്ച ഇടതു സ്വതന്ത്രൻ ചെലവിട്ടത് 32 കോടി രൂപയാണ്. ജയിച്ച എം.എൽ.എ തന്നെ പറഞ്ഞ കണക്കാണിത്.

തോറ്റ എം.എൽ.എക്ക് ഇക്കുറിയും അദ്ദേഹത്തിന്‍റെ പാർട്ടി അതേ മണ്ഡലം കൊടുക്കുമായിരിക്കും. പക്ഷേ, "ഞാൻ എന്ത് കണ്ടിട്ടാ അത് ഏറ്റെടുക്കുക" - എന്നാണ് ആ രാഷ്ട്രീയക്കാരൻ അടുത്ത സുഹൃത്തുക്കളോട് ചോദിക്കുന്നത്.

അഞ്ചുവർഷം മുൻപ് 32 കോടി രൂപ ഒരു നിയമസഭാ മണ്ഡലത്തിൽ ചെലവാക്കിയ ഒരാളോട്, അത്രയും ഇനിയും ചെലവാക്കാൻ ഒരുക്കി വെച്ചിട്ടുള്ള ആളോട്, ആ പരമ്പരാഗത രാഷ്ട്രീയക്കാരൻ എങ്ങനെ മുട്ടാൻ?

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

ഇത്തരം പണോൽപ്പാദകർ എങ്ങനെ രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ പരിഗണനയിൽ വരുന്നൂ എന്നല്ലേ. അത് അന്വേഷിച്ചാലും എത്തിപ്പെടുക തെരഞ്ഞെടുപ്പ് ചെലവിൽ തന്നെയാണ്. ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാക്കി കൊടുക്കുന്നതിനേക്കാൾ പാർട്ടികൾക്ക് ലാഭം, ഒരാളിൽ നിന്ന് രണ്ടു മണ്ഡലത്തിലേക്ക് ചെലവിനുള്ളത് ഒപ്പിക്കുന്നതാണല്ലോ. അതായത്, ഒരു കൊടുംപണക്കാരന് ഒരു മണ്ഡലം കൊടുത്താൽ ആ മണ്ഡലത്തിലെ ചെലവ് മാത്രമല്ല അടുത്ത മണ്ഡലത്തിലേതും അയാൾ നോക്കും. അതാണീ ബിസിനസിലെ നടപ്പുരീതി. എന്നുവെച്ച് അയാൾക്ക് കൊടുത്ത സീറ്റ് പേമെന്‍റ് സീറ്റാണെന്ന് പറയാനാകില്ല.

ഇത് ഇടതുമുന്നണിയുടെ കണ്ടുപിടുത്തമാണ് എന്നും പറയാനാകില്ല. കൊല്ലത്തെ കശുവണ്ടി മുതലാളി മലപ്പുറത്ത് മത്സരിച്ച്, എം.എൽ.എയായി ജീവിത സാഫല്യം നേടിയത് സി.പി.എം സീറ്റ് കൊടുത്തിട്ടല്ല. കോണി കയറിയിട്ടാണ്. സി.പി.എം സീറ്റു കൊടുത്തിട്ട് എം.എൽ.എയായ മറ്റൊരു മുതലാളി തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ലീഗ് സീറ്റു കൊടുത്തപ്പോൾ മന്ത്രിയായിട്ടുണ്ട്. അതാണ് പണത്തിന്‍റെ കുത്റത്ത്.

ലീഗിന്‍റെ ആ തന്ത്രം ആ ജില്ലയിൽ സി.പി.എം ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പ്രയോഗിക്കുന്നു എന്നേയുള്ളൂ.

രാഷ്ട്രീയക്കാരല്ലേ, മത്സരിക്കാൻ പണം പിരിച്ചുകൂടേ എന്നൊക്കെ ചോദിക്കാം. ആ വ്യവസായത്തിനു പുറത്തു നിൽക്കുന്നവർക്ക് അങ്ങനെയൊക്കെ തോന്നാം. പക്ഷേ, അകത്തെ കാര്യം അങ്ങനെയല്ല. പിരിവും ഇപ്പോൾ സ്പെഷ്യലിസ്റ്റ് ഏരിയയാണ്. എല്ലാവരും അതിൽ ജയിക്കണമെന്നില്ല.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പേ ചിലയാളുകൾ 'തെരഞ്ഞെടുപ്പ് ചുമതല' പാർട്ടികളോട് ചോദിച്ചു വാങ്ങുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അത്തരം ചുമതലക്കാരാണ് വിഭവശേഖരണ വിദഗ്ദ്ധർ. രാഷ്ടീയത്തിൽ നിക്ഷേപമിറക്കുന്നവർ ഇടപാടുകൾ ഇവർ മുഖേന നടത്തിയാലേ കാര്യമുള്ളൂ. ഇക്കാര്യം സംഭാവന കൊടുക്കാൻ ഒരുങ്ങിയിരിക്കുന്നവർ അറിഞ്ഞിരിക്കണം. അതോർമിപ്പിക്കാനാണീ ചുമതലാ പ്രഖ്യാപനം. സ്ഥാനാർത്ഥിയാകാൻ വിധിക്കപ്പെട്ടവന്‍റെ വിധി ആരറിഞ്ഞു!

മലപ്പുറം പോലൊരു ജില്ലയിൽ കുത്തകപ്പാർട്ടികളോട് പതിറ്റാണ്ടുകൾ പൊരുതിയിട്ടാണ് സി.പി.എം നാലഞ്ചു മണ്ഡലങ്ങളിൽ " ആഞ്ഞു പിടിച്ചാൽ ജയിക്കാം" എന്ന അവസ്ഥയിൽ എത്തിയത്. ആ പോരാട്ടത്തിന് ജീവിതംതന്നെ മാറ്റിവെച്ച അനേകം രാഷ്ട്രീയ പ്രവർത്തകരുണ്ടാവും. അവരെ പ്രചാരണത്തൊഴിലാളികളാക്കി നിലനിർത്തിക്കൊണ്ടാണ് ആ സീറ്റുകൾ പുത്തൻകൂറ്റുകാർക്ക് നൽകുന്നത്. അങ്ങനെ പരമ്പരാഗത രാഷ്ട്രീയപ്രവർത്തകർ അരുക്കാകുകയാണ്. നല്ല മലയാളത്തിൽ പറഞ്ഞാൽ, സൈഡാവുകയാണ്.

ഇത് ഒരു ജില്ലയുടേയോ ഒരു മുന്നണിയുടേയോ മാത്രം അവസ്ഥയല്ല. എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ ലോക്‍സഭാ തെരഞ്ഞെടുപ്പുകളിൽ എന്തൊക്കെ കണ്ടു! സ്ഥാനാർത്ഥി പട്ടികയിലൂടെ പ്രത്യക്ഷപ്പെട്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മാഞ്ഞുപോയ എത്രയെത്ര മായാജാലക്കാർ. വിദ്യാഭ്യാസക്കച്ചവടക്കാരന് സീറ്റ് മറിച്ചുകൊടുത്തിട്ട് സി.പി.ഐവരെ പ്രാപ്തി തെളിയിച്ചതാണ് ഈ കച്ചവടത്തിൽ. പാലക്കാട് ബി.ജെ.പി ജയിച്ചേക്കുമെന്നൊരു പ്രവചനമുണ്ടായപ്പോൾ മധ്യപ്രദേശിൽ നിന്നാണ് ഒരിക്കലൊരു ഖനി മുതലാളി വന്നത്.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരുമെന്നത് പഴഞ്ചൊല്ലല്ല. അതിൽ പതിരുമില്ല.

പാർലിമെന്‍ററി പാത വിടാം. അഞ്ചുവർഷം കൂടുമ്പോൾ 140 ഒഴിവല്ലേ വരുന്നുള്ളൂ എന്ന് വാദിക്കാം. വാദത്തിനുവേണ്ടി അത് സമ്മതിക്കാം. എല്ലാവരും എം.എൽ.എയും മന്ത്രിയുമാകാനല്ലല്ലോ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്നും വാദിക്കാം. വാദത്തിനു വേണ്ടി അതുമങ്ങ് സമ്മതിച്ചു കൊടുക്കാം.

പക്ഷേ, ഒന്നുണ്ട്. സന്യസിക്കാനല്ല ആരും രാഷ്ട്രീയത്തിലിറങ്ങുന്നത്. യോഗിമാര് പോലും മുഖ്യമന്ത്രിമാരാകുന്ന കാലമാണ്. സാധുവും സ്വാധിയുമൊക്കെ എം.പി.മാരും മന്ത്രിമാരുമാണ്. സ്ഥാനമാനങ്ങൾ ആർക്കും ചതുർത്ഥിയല്ല. മാനവസേവ തന്നെയാണ് മാധവസേവ എന്ന വാദവും സമ്മതിക്കാം. പക്ഷേ, ഇതൊക്കെ ജനത്തെ ബോധിപ്പിക്കണമെങ്കിൽ സ്ഥാനമാനങ്ങൾ വേണം.

ഏറ്റവും ചുരുങ്ങിയത്, ഇന്ന പാർട്ടിയിലെ ഇന്നവനാണ് എന്നു പറയാനൊരു വിലാസം വേണം. അതിനുള്ള അവസരം വരുന്നത് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോഴാണ്. തെരഞ്ഞെടുപ്പ് എന്നത് ആ രംഗത്ത് പഴയൊരു പ്രയോഗം എന്നേയുള്ളൂ. പുനഃസംഘടന എന്ന ഏർപ്പാടാണ് നടക്കുന്നത്. ശരിക്കും സംഭവിക്കുന്നത് അക്കമഡേഷൻ ആന്‍റ് അഡ്ജസ്റ്റ്മെന്‍റ് ആണ്. അങ്ങ് തട്ടിയൊപ്പിച്ചു കൊണ്ടുപോവുക. അത്രതന്നെ.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകളെ അംഗങ്ങളാക്കി, അംഗത്വപക്ഷം ആചരിച്ച്, അതിൻപടി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെടുത്ത ബി.ജെ.പിയിൽ നടക്കുന്ന അടി കണ്ടില്ലേ? ദേശീയ ഭാരവാഹിപ്പട്ടിക വന്നപ്പോൾ മുൻ കോൺഗ്രസ്സുകാർ മുന്നിൽ. മഹാരാഷ്ട്രയിലാകമാനം മെമ്പർഷിപ്പുണ്ടാക്കിയതിന് പട്ടുംവളയും വാങ്ങിയ ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രന്‍റെയും പിന്നിൽ. നാണം കൊണ്ട് വാടിയ ആ താമരമുഖം പിന്നെ വിടർന്നിട്ടില്ല. മഹിളാമോർച്ച സംഘടിപ്പിച്ചപ്പോൾ പി.ആർ മേഖലയിലെ ഒരു വമ്പത്തി കൊമ്പത്ത്. "ഈ ജാതി പെണ്ണുങ്ങൾ പാർട്ടീലുണ്ടോ " എന്ന പാട്ടുംപാടി വീട്ടിലിരിപ്പാണ് പഴയ സേവികമാർ.

മറ്റു പാർട്ടികളിലെ കഥ വിസ്തരിക്കാൻ നിന്നാൽ അടുത്തൊന്നും തീരില്ല. നഷ്ടയൗവനത്തിന്‍റെ കണ്ണീർ കഥകൾ ഒത്തിരി പറയാനുണ്ട് ഓരോ രാഷ്ടീയ പ്രവർത്തകനും. എം.എൽ.എ ഹോസ്റ്റലിലെ സ്ഥിരം അന്തേവാസികൾ സംസാരിച്ചാൽ ആടുജീവിതത്തേക്കാൾ കണ്ണീരുപ്പുള്ള നോവലുകളുണ്ടാകും.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

പത്തിരുപത്തഞ്ചു കൊല്ലം രാവും പകലുമില്ലാതെ നാട്ടിലെങ്ങും പരക്കം പാഞ്ഞിട്ട് പറയാനൊരു സ്ഥാനപേരുപോലും ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തകന് വീട്ടിൽ എന്തായിരിക്കും വില?

അതംഗീകരിച്ചു കൊടുത്ത ഒരേയൊരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ കോൺഗ്രസ്സാണ്. ഒരു മണ്ഡലത്തിലെ പത്തു കോൺഗ്രസുകാരെ എണ്ണിയാൽ അതിൽ രണ്ടാൾ കെ.പി.സി.സി ഭാരവാഹിയായിരിക്കും. അല്ലെങ്കിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗമോ എ.ഐ.സി.സി അംഗമോ ആയിരിക്കും. അല്ലെന്ന് ഭൂമിയിലാർക്കും തെളിയിക്കാനുമാകില്ല. അതിനു താഴേക്ക് ഡി.സി.സിയുടെ കണ്ടാലറിയാവുന്ന സെക്രട്ടറിമാർകൂടി അണിനിരന്നാൽ കോൺഗ്രസ്സിൽ അഡ്രസ്സില്ലാത്തവർ ആരുമുണ്ടാകില്ല.

എന്നുവെച്ച്, നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരെയെല്ലാം കോൺഗ്രസ്സിലെടുത്ത് പ്രശ്നം പരിഹരിക്കാനാകില്ലല്ലോ.

കേരളത്തിലെ വിവിധ പാർട്ടികളിൽ പണിയെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകർ കക്ഷിഭേദമില്ലാതെ ഒരുമിച്ച് നിൽക്കുക മാത്രമാണ് പോംവഴി. അസംഘടിത രാഷ്ട്രീയപ്പണിക്കാർ സംഘടിക്കണം.

തെരഞ്ഞെടുപ്പിനു മുമ്പേ പരിഗണിക്കേണ്ട ഒരു തൊഴില്‍പ്രശ്നം!

തത്വംപറഞ്ഞ് കാലം കളയരുത്. രാഷ്ട്രീയം ഒരു ബിഗ് ബിസിനസ്സാണ്. ഏതൊരു വ്യവസായത്തിന്‍റെയും സാധ്യതകൾ ആദ്യം തിരിച്ചറിയുക പണക്കാരും പി.ആർ പണിക്കാരുമാണ്. അവർ രാഷ്ടീയ പാർട്ടികളിൽ നേരിട്ടിടപെടുന്നതാണീ കാണുന്നത്. പരമ്പരാഗത രാഷ്ട്രീയ പ്രവർത്തകരുടെ പഴയ ടൂളുകൾകൊണ്ട് അവരോട് ഉരസാൻ നിന്നിട്ട് കാര്യമില്ല. ഓരോ പാർട്ടിയും ഓരോ സ്ഥാപനമായിക്കഴിഞ്ഞു. കോർപ്പറേറ്റ് സ്വഭാവം പുറത്തെടുക്കും മുമ്പ് രാഷ്ട്രീയ പാർട്ടികളിലെ സ്ഥിരം പണിക്കാർ സംഘടിക്കണം.

സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും കഞ്ഞികുടിച്ച് പോകണമല്ലോ. വേറൊരു പണി ഇനി കണ്ടുപിടിക്കുക എളുപ്പമല്ല. ഇത്രയും കാലത്തെ അധ്വാനം പാഴാകരുതല്ലോ. സേവനത്തിന് യോജിച്ച വേതനം, പെൻഷൻ, ക്ഷേമനിധി അങ്ങനെ പല അടിസ്ഥാനാവശ്യങ്ങളും നേടാനുണ്ട്. അതിനായി അവകാശപത്രിക തയ്യാറാക്കേണ്ടതുണ്ട്.

സർവ്വരാഷ്ട്രീയ തൊഴിലാളികളേ സംഘടിക്കുവിൻ!