LiveTV

Live

Opinion

രാഹുലിന്റെ ട്രാക്ടറിലേറുന്ന ശുഭസൂചനകള്‍

രാഹുലിനും പ്രിയങ്കയ്ക്കും ഡി.കെ ശിവകുമാറിനും അപ്പുറത്തുള്ളവർക്ക്, കത്തുന്ന കോൺഗ്രസ്സ് പുരയുടെ കിട്ടാവുന്ന കഴുക്കോൽ ഊരാനാണ് താല്പര്യം.

രാഹുലിന്റെ ട്രാക്ടറിലേറുന്ന ശുഭസൂചനകള്‍

2019 ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയ നൈരാശ്യത്തിൽ നിന്നും കരകയറി ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ പുതുരാഷ്ട്രീയത്തിന്റെ ട്രാക്റ്റർ ഓടിച്ചുവരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ചില ശുഭസൂചനകൾ നൽകുന്നതാണ്. ഒന്നിന് പിറകെ ഒന്നായി വരുന്ന സംഘപരിവാർ പേക്കൂത്തുകളിൽ മനം മടുത്താണ് അദ്ദേഹം ഒരു വർഷത്തോളം നീണ്ട തന്റെ ഹിബർനേഷൻ കാലയളവിൽ നിന്ന് പുറത്തുചാടുന്നത്. ജാതിയും വർഗ്ഗവും വർണ്ണവും വിത്താക്കി ആർ എസ് എസ് രാഷ്ട്രീയലാഭം കൊയ്ത, മതേതരത്വ മൂല്യങ്ങൾ മരിച്ചു മണ്ണടിഞ്ഞ ഭൂമിയെ ഉഴുതുമറിച്ചുകൊണ്ടാണ് രാഹുൽ വീണ്ടുമൊരു താളക്രമം തീർക്കുന്നത്.

രാജ്യത്തെ ത്രേതാ യുഗത്തിലേക്ക് തിരിച്ചുനടത്താൻ കച്ചകെട്ടിയ സവർണ്ണ ഭരണകൂടത്തിന് ഇനിയും മൂക്കുകയറിട്ടില്ലെങ്കിൽ ഇന്ത്യ എന്നത്‌ ചരിത്ര പുസ്തകത്തിലെ ഒരു അധ്യായം മാത്രമായി മാറും. ദൗർഭാഗ്യവശാൽ രാഹുലിനും പ്രിയങ്കയ്ക്കും ഡി.കെ ശിവകുമാറിനും അപ്പുറത്തുള്ള കോൺഗ്രസ്സുകാർക്ക്, കത്തുന്ന കോൺഗ്രസ്സ് പുരയുടെ കിട്ടാവുന്ന കഴുക്കോൽ ഊരാനാണ് താല്പര്യം. അതുകൊണ്ടാണ് സന്ധ്യ മയങ്ങുമ്പോഴേക്കും പലയിടങ്ങളിലും കോൺഗ്രസ്സിന്റെ യാത്രാ വിമാനത്തിന് പൈലറ്റില്ലാതെ പോവുന്നത്.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ യു.പി.എ യ്ക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച കേരളത്തിലെ കോൺഗ്രസ്സിന്റെ പടല തീരാത്ത പിണക്കവും അമ്മായിയമ്മ പോരും ദിനേന അനുഭവിച്ചറിയുന്ന മലയാളിക്ക് ദേശീയ തലത്തിൽ കോൺഗ്രസ്സിനെ കണ്ണടച്ച് നമ്പുക എളുപ്പമല്ല. കണ്ണ് തുറന്നെങ്കിലും കോൺഗ്രസ്സിനെ നമ്പിയാലേ നമ്മളും ഇന്ത്യയും ബാക്കിയുള്ളൂ എന്ന തീർപ്പിലേക്കെത്താൻ പ്രധാനമായും മൂന്ന് കാരണങ്ങൾ ഉണ്ട്.

ഒന്ന്: ദേശീയ തലത്തിൽ ബി.ജെ.പിയോട് മല്ലിടാൻ തന്ത്രവും മന്ത്രവും കായികക്ഷമതയും ഉള്ള മറ്റൊരു ബദലില്ല.

രണ്ട്: കർഷക-ദളിത്-ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിച്ചു രാഹുലും പ്രിയങ്കയും മുന്നോട്ടുവെക്കുന്ന നിലവാരമുള്ള രാഷ്ട്രീയം.

മൂന്ന്: സി.പി.എം, എസ്.പി, ബി.എസ്.പി അടക്കമുള്ള പാർട്ടികൾക്ക് ദേശീയതലത്തിൽ ഐക്യപ്പെടുന്നതിലെ അപസ്വരങ്ങളും അപ്രായോഗികതയും.

കേരളമെന്ന കുഞ്ഞു സംസ്ഥാനം ഭരിക്കുകയും ഇന്ത്യയുടെ അവിടിവിടെയായി ചെറുസ്വധീനം ചെലുത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ വലിയ പങ്കുണ്ടെന്നുള്ളത് ചരിത്ര യാഥാർഥ്യമാണ്. യു.പി.എ സർക്കാറിനെ വലിച്ചു താഴെയിറക്കുന്നതിൽ ബി.ജെ.പി നടത്തിയ കുതിരക്കച്ചവടത്തേക്കാൾ ഇടതുപക്ഷം ദേശീയ തലത്തിൽ നടത്തിയ രാഷ്ട്രീയ കാമ്പയിനുകൾക്ക് സാധിച്ചുവെന്നുള്ളത് സമകാലിക രാഷ്ട്രീയം അപഗ്രഥിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അങ്ങിങ്ങായി ചിതറിക്കിടന്ന സംഘപരിവാർ ശക്തികൾക്ക് പടിപടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ചെങ്കോലും കിരീടവും കൈമാറുന്നതിൽ അറിഞ്ഞും അറിയാതെയും സി.പി.എം വഹിച്ചിട്ടുള്ള പങ്ക് അവിതർക്കമാണ്. ചരിത്രപരമായ ഈ തെറ്റിന് പ്രായശ്ചിത്തം ചെയ്യേണ്ടത് രാഷ്ട്രീയ ധാർമികതയ്ക്കപ്പുറത്ത് കാലം അവരിൽ നിന്ന് തേടുന്ന നീതിയാണ്. സീതാറാം യെച്ചൂരി അടക്കമുള്ള ദേശീയ കമ്യൂണിസ്റ്റുകൾ യു.പി.എ യെ അകത്തുനിന്നും പുറത്തുനിന്നും പിന്താങ്ങുന്നത് ഇതിന്റെ ശുഭസൂചനായി കാണാം. ബീഹാറിലും ബംഗാളിലും തമിഴ്നാട്ടിലുമടക്കം സമീപകാലത്ത് ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ നീക്കുപോക്കുകൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

എങ്കിലും കേരളത്തിലെ സഖാക്കൾക്ക് ഇപ്പൊഴും രാഹുൽ ഗാന്ധി അമുൽ ബേബിയും കോൺഗ്രസ്സ് തൊട്ടുകൂടാത്തവരുമാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് രാഹുലിനെയും കോൺഗ്രസിനെയും കരിവാരിത്തേക്കുന്നത് നിലനിൽപ്പിന്റെ രാഷ്ട്രീയം മാത്രമാണ്. പക്ഷെ കേരളം പോലെ രാഷ്ട്രീയ വരേണ്യ നാട്ടിൽ നിന്ന് കോൺഗ്രസിനെതിരെ പടച്ചുവിടുന്ന അസത്യങ്ങളും അർദ്ധ സത്യങ്ങളും സംഘപരിവാറിന് ദേശീയ തലത്തിൽ കാമ്പയിൻ നടത്താനുള്ള ക്യാപ്സൂളുകളാണെന്നുള്ളത് ഓർക്കുന്നത് നന്ന്.

(ഹരിത മുന്‍ ഭാരവാഹിയാണ് ലേഖിക)