LiveTV

Live

Opinion

ടി.പീറ്റർ: കടൽ പോലെ ഒരു ജീവിതം

മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് 40 വർഷത്തിലധികമായി ധീര നേതൃത്വം നൽകിയിരുന്ന നായകനാണ് കോവിഡിന് മുന്നിൽ കീഴടങ്ങി യാത്രയാകുന്നത്.

ടി.പീറ്റർ: കടൽ പോലെ ഒരു ജീവിതം

ടി. പീറ്റർ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സമുന്നതനായ നേതാവാണ്. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് , നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിറവേറ്റി മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് 40 വർഷത്തിലധികമായി ധീര നേതൃത്വം നൽകിയിരുന്ന നായകനാണ് കോവിഡിന് മുന്നിൽ കീഴടങ്ങി യാത്രയാകുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ അരക്ഷിതമായ അവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. തൊഴിലിലെ അനിശ്ചിതത്വം, പ്രതികൂല കാലവസ്ഥ, ഭരണകൂടങ്ങളുടെ അവഗണന, കോർപ്പറേറ്റ് ചൂഷകരുടെ കടൽ കൊള്ള, കാലവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, മത്സ്യബന്ധന മേഖലയിൽ സർക്കാർ നടപ്പാക്കുന്ന നയങ്ങൾ തുടങ്ങി അനവധി പ്രശ്നങ്ങളിലൂടെയാണ് മത്സ്യത്തൊഴിലാളികൾ ഓരോ ദിവസവും കടന്നു പോകുന്നത്. ഈ പ്രശ്നങ്ങളെയെല്ലാം സത്യസന്ധമായി അഭിമുഖീകരിച്ച് മത്സ്യത്തൊഴിലാളികളുടെ പക്ഷത്ത് നിന്ന് പോരാട്ടം നയിച്ചതിൽ പീറ്ററിനെ പോലെ മറ്റൊരു നേതാവുണ്ടാകില്ല. മത്സ്യമേഖലയിലെ പ്രതിസന്ധികളെയും പരിഹാരത്തെയും കുറിച്ച് കടലാഴമുള്ള പരിജ്ഞാനം പീറ്ററിനുണ്ടായിരുന്നു. അതെല്ലാം ഉപയോഗിച്ച് അവസാന നിമിഷം വരെ അദ്ദേഹം അവർക്കായി പോരാടി. ഒക്ടോബർ 15 ന് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന്റെ സംഘാടനത്തിനിടയിലാണ് അദ്ദേഹം രോഗബാധിതനായത്.

ഉദാരവൽക്കരണ നയങ്ങൾ പ്രതിസന്ധികൾ സൃഷ്ടിച്ച മത്സ്യമേഖലയിൽ അത്തരം ദ്രോഹ നയങ്ങൾക്കെതിരെ സാധാരണ മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ പിറ്ററിന്റെയത്ര വിജയിച്ച നേതാക്കൾ വേറെയില്ല എന്ന് തന്നെ പറയാം. അതിനായി അദ്ദേഹം ആവിഷ്ക്കരിച്ച സമര രീതികൾ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.

വളളങ്ങൾ കടലിൽ നിരത്തി നടത്തിയ സമരങ്ങൾ, മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കടൽ യാത്ര, സെക്രട്ടറിയേറ്റിന് മുമ്പിൽ പങ്കായങ്ങളും വലയും മറ്റുമായി നടത്തിയ സമരങ്ങൾ, മത്സ്യ വിൽപ്പന നടത്തിയ സമരങ്ങൾ അങ്ങനെ എത്രയെത്ര സമരങ്ങൾക്കാണ് അദ്ദേഹം നേതൃത്വം കൊടുത്തത്.

ഗുജറാത്ത് മുതൽ കന്യാകുമാരി വരെയും ഒറീസ മുതൽ കന്യാകുമാരി വരെയുമുള്ള മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിൽ പീറ്റർ നിറ സാന്നിദ്ധ്യമായിരുന്നു. ദേശീയാടിസ്ഥാനത്തിൽ രൂപീകൃതമായ ഐക്യ വേദികളിൽ അദ്ദേഹം പങ്കാളിയായിരുന്നു. കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിൽ ഫിഷറീസ് വകുപ്പിനെ പരിമിതപ്പെടുത്തിയ സമീപനത്തിനെതിരെ എത്ര സമരമാണ് അദ്ദേഹം നടത്തിയിട്ടുളളത്. കക്ഷി രാഷ്ട്രീയത്തിന്റെ പരിമിതികളില്ലാതെ ഏത് ഭരണകൂടത്തിന് മുമ്പിലും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ ധീരമായി ചോദിക്കാൻ പീറ്റർ മുന്നിൽ ഉണ്ടായിരുന്നു. കേരളത്തിലെ ഫിഷറീസ് മന്ത്രിമാർക്ക് പീറ്റർ ഒരിക്കലും സ്വസ്ഥത നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ഓരോരോ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം അവരെ നിരന്തരം പിന്തുടരുമായിരുന്നു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി അദേഹം ഒറ്റക്കിറക്കിയ അലകൾ എന്ന മാസിക ആ രംഗത്തെ ആധികാരിക ശബ്ദമായിരുന്നു.

സാധാരണ തൊഴിലാളികൾക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം . അവർക്കെന്ത് പ്രശ്നമുണ്ടായാലും അവർക്കൊപ്പമുണ്ടാകും അദ്ദേഹം. ആ ആത്മ ബന്ധത്തിന്റെ പ്രതിഫലനമായിരുന്നു പീറ്റർ വിളിച്ചാൽ ഓടിയെത്തുന്ന തൊഴിലാളികൾ . അവരെ ഒരിക്കലും ചതിക്കാത്ത വിശ്വസ്ത നേതൃത്വമാണ് അദ്ദേഹം നൽകിയത്. എപ്പോൾ കണ്ടാലും ആരുടെ എങ്കിലും ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള ഓട്ടപാച്ചിലിലാവും അദ്ദേഹം. ഉച്ഛഭക്ഷണം പോലും ഒഴിവാക്കി സംഘടനാ പ്രവർത്തനത്തിൽ മുഴുകിയിയ പീറ്ററെ നിരവധി തവണ കണ്ടിട്ടുണ്ട്. ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ലാളിത്യം പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു.

കടൽ എന്റെ ജീവനാണ് അതിനെ നശിപ്പിക്കുന്ന ഒരു പ്രവർത്തനത്തെയും അംഗീകരിക്കില്ല
ടി. പീറ്റര്‍

മത്സ്യത്തൊഴിലാളി രംഗത്ത് പരിമിതനായ വ്യക്തി ആയിരുന്നില്ല പീറ്റർ. കേരളത്തിലെ ജനകീയ സമരങ്ങളുടെ രക്ഷാധികാരിയായിരുന്നു അദേഹം. എൻഡോ സൾഫാൻ സമരം മുതൽ കൂടംകുളം സമരം വരെ ചെറുതും വലുതുമായ നൂറുക്കണക്കിന് സമരങ്ങളുടെ നിത്യ സഹയാത്രികനായിരുന്നു അദ്ദേഹം. ദലിത് - ആദിവാസി, മുസ്ലിം ജനവിഭാഗങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ സ്വാഭാവിക പങ്കാളിയിയിരുന്നു പീറ്റർ , പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിൽ ഉറച്ച നിലപാട് സ്വീകരിച്ച അപൂർവ്വം ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഞാൻ മത്സ്യ തൊഴിലാളിയാണ്. കടൽ എന്റെ ജീവനാണ് അതിനെ നശിപ്പിക്കുന്ന ഒരു പ്രവർത്തനത്തെയും അംഗീകരിക്കില്ല എന്ന പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ പീറ്റർ മുറുകെ പിടിച്ചിരുന്നു.

കടലിനെയും കടലിന്റെ മക്കളെയും തകർക്കുന്നതാണ് വിഴിഞ്ഞം പദ്ധതി എന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്തത്. ഒത്തുതീർപ്പുകൾക്ക് വിധേയമാകാത്ത അദ്ദേഹത്തിന്റെ സമര ജീവിതം അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരുടെ കരുത്തായിരുന്നു. ഇരകളാക്കപ്പെടുന്ന ജനങ്ങൾക്ക് എപ്പോഴും ഉറപ്പുള്ള ജനകീയ സമര നായകനായിരുന്നു അദ്ദേഹം. പീറ്റർ ഉണ്ട് എന്ന ധൈര്യത്തിലാണ് അധികം സമര പ്രവർത്തകരും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. സമരത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി പീറ്റർ മുന്നിൽ തന്നെ ഉണ്ടാകും. പീറ്ററിന്റെ വിളി കേട്ട് എത്തുന്ന മത്സ്യത്തൊഴിലാളികൾ ജനകീയ സമരങ്ങളുടെ ശക്തിയായിരുന്നു.

ടി.പീറ്റർ: കടൽ പോലെ ഒരു ജീവിതം

സംഘ്പരിവാർ ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും പരസ്യമായി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിക്കുകയും ചെയ്ത തൊഴിലാളി നേതാവായിരുന്നു പീറ്റർ. പൗരത്വ പ്രക്ഷോഭത്തിന്റെ മുൻ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി പ്രഖ്യാപിച്ച ജനകീയ ഹർത്താലിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു പീറ്ററേട്ടൻ.

വിപുലമായ ബന്ധങ്ങളാൽ സമ്പന്നനായിരുന്നു അദ്ദേഹം. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത ഹൃദയ ബന്ധവും അടുപ്പവും ആർക്കും ഉണ്ടാകുന്ന അസാധാരണ സഹൃദയനായിരുന്നു. രാഷ്ട്രീയ-മത- സാംസ്കാരിക- രംഗത്തെ പ്രഗൽഭരായ അനവധി വ്യക്തികളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. അദ്ദേഹത്തോട് ഇടപഴകുന്ന ആർക്കും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വ്യക്തി താനാണ് എന്ന് തോന്നും വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

17 വർഷത്തെ അഗാധബന്ധമാണ് എനിക്ക് പീറ്ററേട്ടനുമായുള്ളത്. സിആര്‍ഇസഡ് നിയമവുമായി ബന്ധപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ യാത്രക്ക് അദ്ദേഹം നൽകിയ സഹായങ്ങൾ ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഏത് പ്രശ്നത്തിലും എപ്പോൾ ചോദിച്ചാലും ആധികാരിക ഉത്തരം അദേഹത്തിൽ നിന്ന് ലഭിക്കും. അനവധി സമര മുഖങ്ങളിൽ, പ്രഭാഷണ വേദികളിൽ, പൊതു സമര മുന്നണികളിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഒരു രക്ഷിതാവിന്റെ കരുതലും സ്നേഹവും അനവധി തവണ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സമര പ്രവർത്തകർക്ക് പീറ്ററേട്ടനും സഹധർമ്മണി മാഗ്ലിൻ ചേച്ചിയും കുടുംബാംഗങ്ങളെ പോലെയായിരുന്നു. ആ സ്നേഹം പലപ്പോഴും അനുഭവിക്കാൻ വ്യക്തിപരമായി അവസരം ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് അർഹതപ്പെട്ട ഒരു യാത്രയയപ്പ് പോലും നൽകാൻ കഴിയാത്ത ദുഖകരമായ സ്ഥിതിയാണ് കോവിഡ് ഉണ്ടാക്കിയത്. അവസാന കാഴ്ചക്ക് പോലും നിൽക്കാതെ പ്രിയപ്പെട്ട പീറ്ററേട്ടൻ യാത്രയാവുകയാണ്.

ഭരണകൂടവും കോർപ്പറേറ്റ് ശക്തികളും സംഘ്പരിവാർ ഫാഷിസവും ചേർന്ന് ജനജീവിതം അതീവ ദുസ്സഹമാക്കുന്ന കാലത്ത് പീറ്ററിനെ പോലെ നിഷ്കളങ്കനും സമർപ്പിതനുമായി ജനകീയ സമര നേതാവിന്റെ അഭാവം വിവരണാതീതമായ വിടവാണ് . സൃഷ്ടിക്കുന്നത്. തലസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായ ഒരു തണൽ മരമാണ് അപ്രത്യക്ഷമാക്കുന്നത്.

അദ്ദേഹത്തിന് അർഹതപ്പെട്ട ഒരു യാത്രയയപ്പ് പോലും നൽകാൻ കഴിയാത്ത ദുഖകരമായ സ്ഥിതിയാണ് കോവിഡ് ഉണ്ടാക്കിയത്. അവസാന കാഴ്ചക്ക് പോലും നിൽക്കാതെ പ്രിയപ്പെട്ട പീറ്ററേട്ടൻ യാത്രയാവുകയാണ്. കടൽ ജലത്തിന്റെ കളറുള്ള ഷർട്ടും ധരിച്ച് അവകാശ സമരങ്ങൾക്ക് മുമ്പിൽ ഗാംഭീര്യമുള്ള ശബ്ദവുമായി പീറ്ററേട്ടൻ എവിടെയൊക്കെയോ ഉണ്ട് എന്ന് തന്നെയാണ് മനസ്സ് പറയുന്നത്. പീറ്റർ ഇല്ലാത്ത തിരുവനന്തപുരത്തെ കുറിച്ച് ഓർക്കാനാവുന്നില്ല. മത്സ്യത്തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവിന് ജനകീയ സമരങ്ങളുടെ നായകന് യാത്രാ മൊഴി.

(വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)